വിളക്കുകൾ

അങ്ങനെയൊരു കാലമുണ്ടായിരുന്നു;
വിളക്കിന് പ്രാധാന്യമുള്ള കാലം.
റാന്തൽവിളക്കും മണ്ണെണ്ണവിളക്കും
ചിമ്മിനിവിളക്കും ഓട്ടുവിളക്കുമൊന്നുമില്ലാത്ത വീടുകളേ ഇല്ലായിരുന്നു.

പണ്ടൊരിക്കൽ വീട്ടിൽ കള്ളൻ
കയറിയപ്പോൾ കൊണ്ടുപോയതെന്താണെന്നോ?
ഓട്ടു വിളക്കുകൾ!
പിന്നീടങ്ങോട്ട് വീട്ടിൽ കുപ്പി വിളക്കുകളായിരുന്നു.

വിളക്കിൻ്റെ ഒളിയിൽ പഠിച്ചതും കത്തെഴുതിയതും കാത്തിരുന്നതും
അത്താഴം കഴിച്ചതുമെല്ലാം ഇന്നും ഓർമയിലുണ്ട്.

രാത്രികാലങ്ങളിൽ കനാലിൽ നിന്നെത്തുന്ന വെള്ളമുപയോഗിച്ച് പറമ്പു നനയ്ക്കുമ്പോൾ വിളക്കുമായ് അപ്പച്ചനോടൊപ്പം നടന്നതും ഇന്നലെയെന്നവണ്ണം മനസിൽ തെളിയുന്നു.

അതുപോലെ തന്നെ,
പുതുമഴയത്ത് പറന്നുയരുന്ന
ഈയലിനെ പിടിക്കാൻ,
വെള്ളം നിറച്ച പാത്രത്തിൽ
വിളക്ക് കത്തിച്ചു വച്ചതും, വിളക്കിലൊഴിക്കാനുള്ള മണ്ണെണ്ണയ്ക്കായ് റേഷൻ കടലിലേക്കോടിയതും
തലയിണയോട് ചേർന്ന് വിളക്ക് തെളിക്കാനുള്ള തീപ്പെട്ടി സൂക്ഷിച്ചതുമെല്ലാം
എങ്ങനെ മറക്കാനാകും?

വിളക്കിനെക്കുറിച്ചെഴുതുവാൻ കാരണം ക്രിസ്തുവിൻ്റെ ഈ വചനമാണ്:
”നിങ്ങള്‍ അരമുറുക്കിയും
വിളക്കുകത്തിച്ചും ഇരിക്കുവിന്‍”
(ലൂക്കാ 12:35).

എല്ലാവരുടെ ജീവിതത്തിലും
ഒരു വിളക്കിൻ്റെ ആവശ്യമുണ്ട്.
അകതാരിൽ തെളിഞ്ഞിരിക്കേണ്ട വിളക്കുകൾ
അണഞ്ഞുപോകുന്നതു കൊണ്ടല്ലെ
നമ്മളിൽ പലരും വീണുപോകുന്നത്?

ഒന്നുറപ്പാണ്;
ക്രിസ്തുവാക്കുന്ന വിളക്കിന്
പ്രകാശിക്കാൻ അവസരം
നഷ്ടപ്പെടുത്തിയാൽ
പിന്നീട് വലിയ വില കൊടുക്കേണ്ടിവരും
.

ഫാദർ ജെൻസൺ ലാസലെറ്റ്
ജനുവരി 02 – 2021.

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം