Let your steadfast love, O Lord, be upon us, even as we hope in you. (Psalm 33:22)

കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ വച്ചു തന്നെ ഉപേക്ഷിച്ചുപോയ ആദത്തിനും ഹവ്വയ്ക്കും തോലുകൊണ്ട് ഉടയാട ഉണ്ടാക്കിക്കൊടുത്തു കൊണ്ട് അവിടുന്നു പ്രദർശിപ്പിച്ച കാരുണ്യം നോഹയിലൂടെ, അബ്രാഹത്തിലൂടെ, ഇസഹാക്കിലൂടെ, യാക്കോബിലൂടെ, മോശയിലൂടെ, ദാവീദിലൂടെ, പ്രവാചകന്മാരിലൂടെ ഒക്കെ അവിടുന്നു തുടർന്നുകൊണ്ടേയിരുന്നു.

കർത്താവിൻ്റെ കരുണ നിസ്സീമമാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ല. ഒന്നാം മണിക്കൂറിൽ ജോലി തുടങ്ങിയവനു നൽകിയ അതേ വേതനം പതിനൊന്നാം മണിക്കൂറിൽ വന്നവനും നല്കുന്നവനാണവിടുന്ന്. വിളിക്കപ്പെട്ടവർ വരാൻ മടിച്ചപ്പോൾ വഴിക്കവലകളിൽ കണ്ടുമുട്ടുന്ന എല്ലാവരെയും തൻ്റെ വിരുന്നിലേക്കു ക്ഷണിച്ചു കൊണ്ടുവന്നവനാണ് കർത്താവ് . പന്നിക്കൂട്ടിൽ നിന്നു കയറിവരുന്ന ധൂർത്തപുത്രനെ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ ആശ്ലേഷിച്ചു സ്വീകരിക്കുന്ന കരുണാമയനാണ് നമ്മുടെ കർത്താവ്. ‘അവളെ കല്ലെറിയുക’ എന്നു ജനക്കൂട്ടം ആർത്തുവിളിക്കുമ്പോഴും അവളെ വിധിക്കാതെ നിലത്തെഴുതിക്കൊണ്ടിരുന്ന യേശുവാണ് നമ്മുടെ ദൈവം. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കില്ല എന്നു പറഞ്ഞതും അവിടുന്നു തന്നെ. രോഗിയോടു കരുണ കാണിക്കാൻ അവിടുത്തേക്കു സാബത്തു തടസമായിരുന്നില്ല. അനുതപിച്ച കള്ളനു സ്വർഗം വാഗ്ദാനം ചെയ്യുന്നിടത്തോളം കരുണ കാണിക്കാൻ കുരിശുമരണത്തിൻ്റെ ഭീകരവേദന അവിടുത്തെ തടഞ്ഞതുമില്ല.

കാരുണ്യത്തിന്റെ പരകോടിയിലാണ് അവിടുന്നു തൻ്റെ സ്വപുത്രനെ നമുക്കുവേണ്ടി മോചനദ്രവ്യമായി തന്നത്. അനുതപിക്കുന്ന പാപിയോടു ദൈവം കരുണ കാണിക്കും എന്നതിൽ സംശയമില്ല. ദൈവം കരുണ കാണിക്കും എന്നു കരുതിക്കൊണ്ട് അനുതപിക്കാതെ പാപത്തിൽ തുടരുന്നവർക്കു ദൈവത്തിൻ്റെ കരുണ അനുഭവിക്കാൻ കഴിയുകയുമില്ല. യേശുവിൻ്റെ കാൽവരിബലി വഴി മനുഷ്യകുലത്തിനു തുറന്നുകിട്ടിയ രക്ഷയുടെ മാർഗമാണു കരുണയുടെ വാതിൽ. ദൈവത്തിന്റെ കരുണ എല്ലാവരുടെയും മേൽ ചൊരിയട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്