അസ്വസ്ഥമായി വേദനിക്കുന്ന ഹൃദയങ്ങളിൽ ദൈവകരുണയുടെ ശാന്തി പകരാൻ ഒരു മാലാഖയെപ്പോലെ കടന്നു ചെന്നിരുന്ന കേരളത്തിലെ കരുണയുടെ അപ്പസ്തോലൻ ബ്രദർ. ജോയി സഖറിയ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടു.
ദൈവപുത്രനായ ക്രിസ്തു അന്നും ഇന്നും എന്നും മനുഷ്യമക്കളിലേക്ക് തന്റെ കരുണ ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു.
ഈ സത്യം വിശുദ്ധ ഫൗസ്റ്റീനയിലൂടെ കർത്താവ് ലോകത്തിന് വെളിപ്പെടുത്തിയതാണ്..ദൈവകരുണയിലേക്ക് തിരിയേണ്ട സമയം ഇതാണെന്ന് പരിശുദ്ധ ഫ്രാൻസിസ് പാപ്പ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നു.
കേരളത്തിലെ കരുണയുടെ പ്രചാരകനായിരുന്നു ദൈവദാസൻ ജോയി സഖറിയ.കാവി ജുബ്ബയും മുണ്ടും തേഞ്ഞു തീരാറായ ചെരുപ്പും, പഴയനിയമത്തിലെ മോശയെ ഓർമ്മപ്പെടുത്തുന്നദൈവീക ചൈതന്യം തുളുമ്പുന്ന മുഖവുമെല്ലാം.
.ഇനി ഈ ദൈവദാസി നെ കുറിച്ചുള്ള ഓർമ്മ മാത്രംദൈവ വിളിക്കനുസരിച്ച് ജീവിച്ച ഒരു വിശുദ്ധനായിരുന്നു ബ്രദർ ജോയി സഖറിയ.ഉയർന്ന വിദ്യാഭ്യാസ യോഗ്യത, ഇംഗ്ലീഷ് ഭാഷയിലുള്ള പാണ്ഡിത്യം വിവിധ വിദ്യാലയങ്ങളിൽ ജോലിചെയ്തിട്ടുള്ള ഒരു നല്ല അധ്യാപകൻ… ഇങ്ങനെ യോഗ്യതകൾ ഏറെയുണ്ട് ..

എന്നാൽ മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി കാൽവരി ക്രൂശിൽ യാഗമായി തീർന്ന ക്രിസ്തുവിന്റെ കരുണയുടെ പ്രചാരകൻ ആവുക എന്നതാണ് തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതി എന്ന് ബ്രദർ ജോയി സഖറിയ നേരത്തെ തന്നെ തിരിച്ചറിഞ്ഞു.
അവിവാഹിതനായി ജീവിതാവസാനം വരെ ഈ ഭൂമിയിൽ കർത്താവിനു വേണ്ടി കരുണയുടെ പ്രചാരകനായി ജീവിച്ചു.മനുഷ്യരാൽ തിരഞ്ഞെടുക്കപ്പെട്ട അനേക വിശുദ്ധർ ഭൂമിയിലുണ്ട്..എന്നാൽ സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് മനുഷ്യ മക്കളെ നോക്കുന്ന ദൈവം…
ഈ ഭൂമിയിൽ ചിലരെ തിരഞ്ഞെടുക്കും…
.അങ്ങനെ ദൈവം തിരഞ്ഞെടുത്തിട്ടുള്ളവരിൽ ഒരാളാണ് ബ്രദർ ജോയി സഖറിയ എന്ന് അദ്ദേഹത്തിന്റെ ആത്മാർത്ഥമായ ശുശ്രൂഷകളിൽ നിന്നും ആർക്കും മനസ്സിലാക്കാൻ സാധിക്കും.
തന്നെത്തന്നെ പൂർണ്ണമായും കർത്താവിന് സമർപ്പിച്ചിട്ടുള്ള ജോയി ബ്രദർ ദൈവനാമം മഹത്വപ്പെടുത്താൻ തനിക്ക് ലഭിച്ചിരുന്ന ഒരവസരവും പാഴാക്കിയിരുന്നില്ല..നിരവധി ക്രിസ്തീയ ആൽബങ്ങളിലും നന്മയുടെ സന്ദേശം നല്കുന്ന അനേകം ഷോർട്ട് ഫിലിമുകളിലും അഭിനയിച്ച ജോയി ബ്രദർ തന്റെ കലാപരമായ കഴിവിലൂടെയും കർത്താവിനെ മഹത്വപ്പെടുത്തി.

ഞാൻ രചനയും സംവിധാനവും ചെയ്ത നിരവധി പ്രോഗ്രാമുകളിൽ കരുണയുടെ ഈ പ്രചാരകൻ ദൈവസ്നേഹാനുഭവത്തിന്റെ ഭാവവും രൂപവും പകർന്നിട്ടുണ്ട്ഞങ്ങൾ തമ്മിൽ 20 വർഷത്തെ പരിചയ പരിചയമാണ്.
എന്റെ മനസ്സിൽ ഒരു ആത്മീയ ഗുരുനാഥന്റെ സ്ഥാനമാണ് ജോയ് ബ്രദറിന്…
. 2017 ൽ ഞാൻ കോതമംഗലത്ത് ജോലി ചെയ്യുമ്പോൾ, അവിടെ കത്തീഡ്രൽ പള്ളിയിൽ ശുശ്രൂഷയ്ക്കായി വന്ന ജോയി ബ്രദർ,ശുശ്രൂഷ കഴിഞ്ഞ് ആളുകളുമായി പള്ളിമുറ്റത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു .
. പെട്ടെന്ന് എന്നെ കണ്ടപ്പോൾ ഒത്തിരി സന്തോഷത്തോടെ ബ്രദർ എന്റെ അടുത്ത് വന്നു..ഒരുപാട് നാളുകൾക്കുശേഷം കാണുകയായിരുന്നു ഞങ്ങൾ..അങ്ങനെ കോതമംഗലത്ത് ഞാൻ താമസിക്കുന്ന ചെറിയ വാടക വീട്ടിൽ അന്ന് ദൈവദാസൻ വന്നു..കുട്ടികളോട് ഏറെ വാത്സല്യമുള്ള ബ്രദർ എന്റെ മക്കളെ സ്നേഹത്തോടെ എടുത്തതും, അവരുടെ ശിരസ്സിൽ കരങ്ങൾ വച്ച്പ്രാർത്ഥിച്ച് അനുഗ്രഹിച്ചതും,ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും എല്ലാം മറക്കാനാവാത്ത ഓർമ്മ..എന്റെ ഇളയമോൻ അഭിഷേകിനെ ദൈവദാസൻ എടുത്തുനിൽക്കുന്ന ഫോട്ടോ ആ നല്ല ഓർമ്മക്കായി ഇന്നും ഞാൻ സൂക്ഷിക്കുന്നു.

ജീവിതത്തിലെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും കർത്താവിൽ ആനന്ദിച്ച് ദൈവകരുണയെ കുറിച്ച് പ്രകീർത്തിക്കുക മാത്രമായിരുന്നില്ല അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക കൂടിയായിരുന്നു ദൈവ വിളിക്ക് അനുസരിച്ച് ജീവിച്ച ജോയി സഖറിയ എന്ന ഈ ദൈവദാസൻമുരിങ്ങൂർ ഡിവൈൻ ധ്യാന മന്ദിരത്തിൽ വർഷങ്ങളോളം താമസിച്ച്ശുശ്രൂഷ ചെയ്തിരുന്ന ജോയി ബ്രദർ, പിന്നീട് ധ്യാന മന്ദിരത്തിനടുത്ത് ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് അവിടെ താമസിച്ച് വിവിധ സ്ഥലങ്ങളിൽ പോയി കർത്താവിനായി തളരാതെ ശുശ്രൂഷ ചെയ്തു…ശുശ്രൂഷയ്ക്ക് ക്ഷണിക്കപ്പെട്ട് ചെല്ലുകയും,ശുശ്രൂഷ കഴിഞ്ഞ് വണ്ടിക്കൂലിക്ക് കാശില്ലാതെ നടന്നു തളർന്നു പോരേണ്ടി വന്ന അനുഭവങ്ങളും ഈ ദൈവദാസന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ..എങ്കിലും ആരോടും പരിഭവമോ പരാതിയോ ഒന്നുമില്ലാതെ കർത്താവിൽ ആനന്ദിച്ച് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക മാത്രമായിരുന്നു ഈ സാധു മനുഷ്യൻ.
ഈ ലോകത്ത് മനുഷ്യരുടെ അല്ല കർത്താവിന്റെ അംഗീകാരം മാത്രമാണ് ബ്രദർ ജോയ് സഖറിയ ആഗ്രഹിച്ചിരുന്നത്..അതുകൊണ്ടുതന്നെ തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള സകല സഹനങ്ങളേയും വളരെ സന്തോഷത്തോടെ ഏറ്റെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്..കർത്താവിന്റെ കരുണ യിൽ മാത്രം ആശ്രയിച്ച്..കേരളത്തിലെ കരുണയുടെ പ്രചാരകനായി ജീവിച്ച ജോയി ബ്രദറിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം…

സാബു ആരക്കുഴ
