ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ സ്നേഹം, ദൈവത്തിന്റെ സ്നേഹം പോലെ മാറ്റമില്ലാത്തത് ആയിരിക്കണം എന്നാണ്. സഹോദരങ്ങൾ തമ്മിൽ സ്നേഹം സ്വീകരിക്കുന്നതിനേക്കാൾ, പരസ്പരം സ്നേഹം പങ്കുവെയ്ക്കാൻ തയാറുള്ളവരായിരിക്കണം. സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട് എന്ന യേശുവിന്റെ വാക്കുകൾ സ്നേഹത്തിന്റെ പൂർണ്ണതയ്ക്ക് അടിവരയിടുന്നു. സ്നേഹം സ്വീകരിക്കുന്നത് വളരെയധികം സന്തോഷം നൽകുമെങ്കിലും മറ്റുള്ളവർക്കു സ്നേഹം കൊടുക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരോടു സ്നേഹം പ്രകടമാക്കുന്നത് അതിലും സന്തോഷം കൈവരുത്തും. മാനുഷിക സ്നേഹത്താൽ അല്ല സഹോദരനെ സ്നേഹിക്കേണ്ടത്, മറിച്ച് ജീവൻ കൊടുക്കുവാൻ പോലും തയാറാകുന്ന ദൈവിക സ്നേഹത്താൽ ആയിരിക്കണം സഹോദരനെ സ്നേഹിക്കേണ്ടത്.

ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ് ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്. നമ്മൾ സ്നേഹം മറ്റുള്ളവരുമായി കൈമാറ്റം ചെയ്യുകയാണ്, കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. 1 കോറിന്തോസ് 13:4ൽ പറയുന്നു, സ്നേഹം ദീര്ഘക്ഷമയും ദയയുമുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല. ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല. അതിരുകളില്ലാത്ത സ്നേഹമാണ് സൃഷ്ടികർമ്മത്തിന് ദൈവത്തെ പ്രേരിപ്പിച്ചതും, സ്വന്തം പുത്രനെപ്പോലും നമ്മുടെ പാപങ്ങൾക്കുവേണ്ടി ക്രൂശിൽ യാഗമായി നൽകിയതും.

ദൈവകൃപയിലൂടെയും പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെയും വചന ധ്യാനത്തിലൂടെയും മാത്രമേ ദൈവസ്നേഹം നാം ഒരോരുത്തരിലും വളരുകയുള്ളൂ. ഇന്ന് കുടുംബബന്ധങ്ങളിൽ പോലും സ്നേഹം പ്രദർശന വസ്തുവായി കഴിഞ്ഞു. മനുഷ്യൻ സ്നേഹം പ്രദർശിപ്പിക്കുയല്ല വേണ്ടത് ആത്യന്തികമായി സ്നേഹം ഹൃദയത്തിൽ നിന്ന് പ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിലും എല്ലാം ക്ഷമിക്കുന്ന കൃപയിലും, ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ആശ്രയിച്ചുകൊണ്ട്, ദൈവ വിശ്വാസത്തിന്റെ ഇത്തിരി വെട്ടത്തിൽ സഹോദര സ്നേഹത്തോടെ യാത്ര ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








