ന്യൂഡൽഹി: കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആസാം, പുതുച്ചേരി എന്നിവടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഫെബ്രുവരി 15നുശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെക്കൻ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയായശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക.
ഫെബ്രുവരി 15നാണ് കമ്മീഷന്റെ പര്യടനം അവസാനിക്കുന്നത്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ തീയതി പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആറ് മുതൽ എട്ട് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത. ആസാമിൽ രണ്ട് മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താൻ സാധ്യതയുണ്ട്. ഈ സംസ്ഥാനങ്ങളിലെല്ലാം ഒരേ ദിവസം വോട്ടുകൾ എണ്ണപ്പെടും.
പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസിനും സിബിഎസ്ഇ ബോർഡ് പരീക്ഷ നടാക്കാനുള്ളതിനാൽ മേയ് ഒന്നിന് മുന്പ് എല്ലാ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.