കൊട്ടേക്കാട്: മൂന്നു ഭാഷകളിലായി വിശ്വാസികള്‍ പകര്‍ത്തിയെഴുതിയ 90 ബൈബിളുകള്‍ ദേവാലയത്തിനു സമര്‍പ്പിച്ചു. മലയാളത്തിനു പുറമേ, ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ബൈബിളുകള്‍ പകര്‍ത്തിയെഴുതി സമര്‍പ്പിച്ചിട്ടുണ്ട്.
സഹസ്രാബ്ദ രജത ജൂബിലി ആഘോഷിക്കുന്ന സെന്റ് മേരിസ് അസംപ്ഷന്‍ ഫൊറോന ഇടവകയിലെ 90 വിശ്വാസികളാണ് ബൈബിള്‍ സമര്‍പ്പണത്തിലൂടെ ശ്രദ്ധേയരായത്. ചിലര്‍ പഴയ നിയമവും പുതിയ നിയമവും പകര്‍ത്തിയെഴുതി സമര്‍പ്പിച്ചിട്ടുണ്ട്. ഏതാനും പേര്‍ പഴയ നിയമമാണു പകര്‍ത്തിയെഴുതിയതെങ്കില്‍ മറ്റു ചിലര്‍ പുതിയ നിയമം മാത്രം എഴുതി. പ്രായമായവരും ചെറുപ്പക്കാരും പുരുഷന്മാരും ഉന്നത പദവികളില്‍നിന്നു വിരമിച്ചവരും പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവരുമെല്ലാം ബൈബിള്‍ പകര്‍ത്തിയെഴുതി സമര്‍പ്പിച്ച മഹായജ്ഞത്തില്‍ പങ്കെടുത്തു.
തൃശൂര്‍ അതിരൂപത ബൈബിള്‍ പ്രേഷിതത്വം ഡയറക്ടര്‍ റവ. ഡോ. ദിജോ ഒലക്കേങ്കില്‍ അര്‍പ്പിച്ച ദിവ്യബലിക്കു മുന്നോടിയായി കാഴ്ചയര്‍പ്പണമായാണ് ഓരോരുത്തരും ബൈബിള്‍ പള്ളിയുടെ അള്‍ത്താരയില്‍ സമര്‍പ്പിച്ചത്. ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ. മിഥുന്‍ ചുങ്കത്ത്, സെന്റ് മേരീസ് സിബിപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീജ തെരേസ സിഎംസി, ഗ്രേസ് ഹോമിലെ സിസ്റ്റര്‍ സെലിന്‍ എസ്‌കെഡി എന്നിവര്‍ സന്നിഹിതരായിരുന്നു. റെജി ജോഷി, റീന വിന്‍സെന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
— -ഫോട്ടോ അടിക്കുറിപ്പ് —-
മൂന്നു ഭാഷകളിലായി പകര്‍ത്തിയെഴുതിയ ബൈബിളുമായി കൊട്ടേക്കാട് ഇടവകാംഗങ്ങള്‍ അള്‍ത്താരയ്ക്കു മുന്നില്‍.
