കോട്ടയം: വിശുദ്ധ ചാവറയച്ചന്റെ ജീവിതത്തെ ആസ്പദമാക്കി അജി കെ. ജോസ് സംവിധാനം ചെയ്യുന്ന ‘കർമസാഗരം: വിശുദ്ധ ചാവറയച്ചൻ’ എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു.
ചാവറയച്ചന്റെ ചെറുപ്പം മുതൽ മരണംവരെയുള്ള ജീവിതവും അതിനിടയിലെ വിപ്ലവകരവും വിശുദ്ധവുമായ പ്രവർത്തനങ്ങളുമാണ് സിനിമയിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ചാവറയച്ചന്റെ ജിവിതത്തെ ആസ്പദമാക്കി ഒരു സിനിമയുണ്ടാകുന്നത്.
സിഎംഐ തിരുവനന്തപുരം പ്രൊവിൻസിന്റെ നേതൃത്വത്തിൽ അൻസാരി പുക്കടശേരിയാണു ചിത്രം നിർമിക്കുന്നത്. രാഘവൻ, മക്ബുൽ സൽമാൻ, കോട്ടയം രമേശ്, ഹാഷിം, കോട്ടയം പുരുഷൻ, പദ്മൻ, പൂജിതാ മേനോൻ, പ്രഭ തുടങ്ങിയവരാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനിൽ ചേർത്തല തിരക്കഥയും രജിത് പുന്നപ്ര ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
അനിൽ നാരായണന്റേതാണ് സംഗീതം. സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് എഡ്യുക്കേഷൻ ആൻഡ് കൾചർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണു ചിത്രം പുറത്തിറങ്ങുന്നത്. പി.ജെ. ജോസഫ് എംഎൽഎയുടെ മകൻ അപു ജോണ് ജോസഫ് ആദ്യമായി പിന്നണി ഗായകനായ ചിത്രംകൂടിയാണിത്.
കൈനകരി, അർത്തുങ്കൽ, പള്ളിപ്പുറം, വെച്ചൂർ, മാന്നാനം, ചീപ്പുങ്കൽ, കുമരകം, കൈപ്പുഴ, ചന്പക്കുളം, ആലപ്പുഴ, കൂനമ്മാവ് എന്നീ പ്രദേശങ്ങളിലായി ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു.