സ്വയം ബലിയാകുന്നതിലും ബലി വസ്തുവാകുന്നതിലും ആനന്ദം കണ്ടെത്തിയ പിതാവായിരുന്നു യൗസേപ്പ്. ആ ബലിയർപ്പണങ്ങളിൽ നാം ഒരിക്കലും നിരാശ കാണുന്നില്ല. പ്രത്യാശയിൽ പുഷ്പിച്ച ആ ജീവിതത്തിൽ തൻ്റെ പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിതം സമർപ്പിക്കാൻ തെല്ലും വൈമനസ്യം ഉണ്ടായിരുന്നില്ല . ക്ഷമയോടെയുള്ള അവൻ്റെ നിശബ്ദതയിൽ ദൈവാശ്രയ ബോധത്തിൻ്റെ പ്രകടമായ മുഖവുര തെളിഞ്ഞു വന്നു. നമ്മുടെ ലോകത്തിന് ഇന്ന് നല്ല അപ്പന്മാരെ ആവശ്യമുണ്ട്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റുവാനുള്ള മാർഗമായി മാത്രം മറ്റുള്ളവരെ കാണുന്ന അപ്പൻമാർ സ്വേച്ഛാധിപതികൾക്കു തുല്യമാണ്. ആധിപത്യം പുലർത്തുന്നവരെയല്ല ആർദ്രതയോടെ മാറോടു ചേർക്കുന്ന അപ്പന്മാരെയാണു ഈ കാലഘട്ടത്തിൻ്റെ ആവശ്യം.
അധികാരത്തെ ആധിപത്യമായും ശുശ്രൂഷയെ പാദസേവനമായും ചർച്ചയെ അടിച്ചമർത്തലായും പരസ്നേഹത്തെ ക്ഷേമ മനോഭാവമായും ശക്തിയെ സംഹാരമായും മാത്രം കാണുമ്പോൾ ആത്മദാനത്തിൻ്റെ അർപ്പണ മനോഭാവങ്ങൾ നമ്മളിൽ നിന്നു പടിയിറങ്ങി പോവുകയാണ്.
ശരിയായ എല്ലാ ദൈവവിളികളിലും തന്നെത്തന്നെ ബലിയായി സമർപ്പിക്കേണ്ട ഒരു അൾത്താര ഒരുക്കി വച്ചിട്ടുണ്ട്. പൗരോഹിത്യ സമർപ്പണ ജീവിതങ്ങളിൽ പക്വത പുലർത്തിയാലേ ഈ ബലിയർപ്പണങ്ങൾ അർത്ഥപൂർണ്ണമാകു എന്നു യൗസേപ്പിതാവിൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു നമ്മുടെ ജീവിതാവസ്ഥ അത് ഏതു തന്നെയായാലും, -കുടുംബ ജീവിതമോ, സമർപ്പണ ജീവിതമോ, ഏകസ്ഥ ജീവിതമോ – നമ്മുടെ അഹം കീഴടക്കിയില്ലങ്കിൽ ബലിയർപ്പണം അർത്ഥശൂന്യമാകും.
യൗസേപ്പിതാവിനെപ്പോലെ സ്വയം ബലിയാകുന്നതിൽ ആനന്ദം കണ്ടെത്തുന്ന ക്രിസ്തീയ പക്വതയിലേക്കു നമുക്കു വളരാം.
ഫാ. ജയ്സൺ കുന്നേൽ mcbs