യേശു പൊതുജീവിതം ആരംഭിച്ചതിനുശേഷം, യേശുവിന്റെ കീർത്തി വളരെപ്പെട്ടെന്നാണ് പലസ്തീനായിലും പ്രാന്തപ്രദേശങ്ങളിലും വ്യാപിച്ചത്. യേശുവിന്റെ പ്രബോധങ്ങൾ ശ്രവിക്കുവാനും അത്ഭുതപ്രവർത്തികൾ കാണുന്നതിനുമായി വലിയ ഒരു ജനക്കൂട്ടം യേശുവിനെ സദാ അനുഗമിച്ചിരുന്നു. അതിനാൽ, അവിടെക്കൂടിയിരുന്ന ജനത്തിനു വ്യക്തമായി കാണുന്നതിനും കേൾക്കുന്നതുമായി ശിമയോൻ പത്രോസിന്റെ വള്ളത്തിലാണ് ഈശോ കയറിയത്. രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും യാതൊന്നും ലഭിക്കാത്തതിനാൽ ശിമയോൻ പത്രോസ് തീർച്ചയായും അസ്വസ്ഥനും നിരാശനും ആയിരുന്നിരിക്കണം.
യേശു പ്രഭാഷണത്തിനുശേഷം ആഴത്തിലേക്ക് നീക്കി വലയിറക്കാൻ പത്രോസിനോട് ആവശ്യപ്പെട്ടപ്പോൾ, വ്യർത്ഥ പ്രയത്നമെന്നു കരുതിയെങ്കിലും യേശുവിന്റെ വാക്കുകൾ അനുസരിച്ചതുവഴി രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം മീൻ ശേഖരിക്കാൻ ശിമയോൻ പത്രോസിനും കൂട്ടുകാർക്കും സാധിച്ചു. ഈ സംഭവത്തിൽനിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമുണ്ട്, നമ്മുടെ കഠിനാധ്വാനം പലപ്പോഴും നമ്മൾ ഉദ്ദേശിക്കുന്ന ഫലം പുറപ്പെടുവിക്കാറില്ല. എന്നാൽ, ദൈവത്തോട് ചേർന്നുനിന്ന് നമ്മൾ അധ്വാനിക്കുമ്പോൾ നമ്മുടെ പ്രതീക്ഷകൾക്കും സങ്കൽപ്പങ്ങൾക്കും ഒക്കെ ഉപരിയായ ഫലം പുറപ്പെടുവിക്കാൻ നമുക്കാകും. എങ്ങിനെ ദൈവത്തെ കൂടെ നിറുത്തി എല്ലാ ദിവസവും വള്ളം നിറയെ മീൻപിടിക്കാം എന്ന് ചിന്തിക്കുന്ന ഒട്ടേറെപ്പേർ ഇന്നത്തെ ലോകത്തിലുണ്ട്. ഇങ്ങനെയുള്ളവർ ദൈവ വചനത്തിൽ മായംചേർത്ത് കച്ചവടം ചെയ്യുന്നു (2 കോറിന്തോസ് 2:17).
ഒരു മീൻപിടുത്തക്കാരനായ ശിമയോൻ പത്രോസിനെ, യേശു സുവിശേഷകനാക്കി മാറ്റി. അതുപോലെ ദൈവം ഇന്ന് നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച് അനേകരെ അതുവഴിയായി വിശ്വാസത്തിലേക്ക് ആനയിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ദൈവവചനം വിശ്വാസത്തോടെ ഏറ്റുപറയുമ്പോൾ അവിടുത്തെ ശക്തി പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഇടയിൽ പ്രവർത്തിക്കും. ആ ശക്തിക്ക് സാക്ഷികളായി, ദൈവ വചനം ഒട്ടനേകം പേർക്ക് വെളിപ്പെടുത്തി കൊടുക്കുന്ന ഉപകരണങ്ങളായി മാറാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ