ജീവിതത്തിലെ ഏത് സാഹചര്യങ്ങളിലും, യേശുവിനെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാൻ സാധിക്കുന്നുണ്ടോ എന്നാണ് ഇന്നത്തെ വചനഭാഗം നമ്മോടു വ്യക്തമായി ചോദിക്കുന്ന ഒരു കാര്യം. ഈശോ നമ്മുടെ ഹൃദയങ്ങളിൽ വന്നു വസിക്കാൻ ആഗ്രഹിക്കുന്നത്, നമ്മുടെ സാമർത്ഥ്യങ്ങൾക്ക് പ്രതിഫലമായല്ല; മറിച്ച്, നമ്മുടെ ബലഹീനതകൾ പരിഹരിക്കുന്നതിനാണ്. രക്ഷകനായ യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ നമ്മിൽ പലർക്കും സാധിക്കുന്നില്ല. പാപത്താൽ വിരൂപമാക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ ഹൃദയം.

ഭൃത്യന്റെ രോഗശാന്തിക്കായി ഈശോയെ സമീപിച്ച ശതാധിപനിൽ വളരെ എളുപ്പത്തിൽ കണ്ടെടുക്കാവുന്ന ഒരു പുണ്യമാണ് എളിമ. വലിയ ഭൂപ്രദേശങ്ങളെ ചെറിയ പ്രവിശ്യകളായി തിരിച്ചുള്ള റോമാസാമ്രാജ്യത്തിന്റെ ഭരണക്രമത്തിൽ ഒരു ശതാധിപന്റെ സ്ഥാനം നിസ്സാരം അല്ലായിരുന്നു. പ്രത്യക്ഷത്തിൽ രണ്ടു കാര്യങ്ങളാണ് ഈ ശതാധിപനെ മറ്റു റോമാക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒന്നാമതായി, അയാൾ തന്റെ ഭൃത്യനോടു കാണിക്കുന്ന അനുകമ്പ. റോമാക്കാർ പൊതുവേ തങ്ങൾക്ക് ദാസ്യവേല ചെയ്തിരുന്ന അടിമകളോട് വളരെ മോശമായാണ് പെരുമാറിയിരുന്നത്. രണ്ടാമതായി, അയാൾ യേശുവിനോടു കാണിക്കുന്ന ആദരവ്. യഹൂദരും റോമാക്കാരും തമ്മിൽ വളരെ ശക്തമായ ശത്രുതയാണ് നിലവിൽ ഉണ്ടായിരുന്നത്. തന്റെ മേലധികാരികളിൽ നിന്നും ലഭിച്ചേകാവുന്ന ശിക്ഷയോ, തന്റെ കീഴിലുള്ളവരുടെ ഇടയിൽ ഉണ്ടായേക്കാവുന്ന അപകീർത്തിയോ, തന്റെ സുഹൃത്തുക്കളിൽ നിന്നും കേൾക്കേണ്ടിവരുന്ന പരിഹാസമോ ഒന്നും ശതാധിപനെ യേശുവിനെ സമീപിക്കുന്നതിൽനിന്നും തടഞ്ഞില്ല.

നാമെത്രയൊക്കെ ശ്രമിച്ചാലും ഈശോയെ സ്വീകരിക്കാനുള്ള യോഗ്യത നമ്മുടെ ഹൃദയങ്ങൾക്ക്‌ ഒരിക്കലും ഉണ്ടാകുകയില്ല. ദൈവത്തിന്റെ കൃപ ഒന്നിനുമാത്രമേ നമ്മെ അതിനു യോഗ്യരാക്കാൻ കഴിയുകയുള്ളൂ. നമ്മുടെ പാപങ്ങൾ ഏറ്റ് പറഞ്ഞ്, മാനസാന്തരപ്പെട്ട് യേശുവിനെ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കാൻ ആകണം. ഞായാഴ്ചകളിൽ മാത്രം ക്രിസ്തുവിന്റെ അനുയായി ആകാതെ, ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ക്രിസ്തുവിന്റെ അനുയായി മാറണം. നമ്മുടെ ഹൃദയത്തിൽ നിന്ന് പാപസാഹചര്യത്തെ വിട്ടകന്ന്, യേശുവിന്റെ വാസത്തിന് നമ്മുടെ ഹൃദയങ്ങളെ യോഗ്യമാക്കുക. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്