ഭാരതത്തിലെ ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ മനസ്സിലാക്കി പ്രതികരിക്കാൻ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് തിരിച്ചറിവുണ്ട്. -കെഎൽസിഎ.

കൊച്ചി: വിവിധ രാഷ്ട്രീയകക്ഷികളുടെ നയങ്ങളും അതിൻറെ അടിസ്ഥാനത്തിൽ അവർ ക്രൈസ്തവരോട് പൊതുവെ എടുക്കുന്ന നിലപാടുകളും മനസ്സിലാക്കാനുളള തിരിച്ചറിവ് കേരളത്തിലെ ക്രൈസ്തവർക്ക് ഉണ്ട് എന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മതമേലധ്യക്ഷന്മാരെ കാണുന്ന സംഭവങ്ങൾ സ്വാഭാവികമാണ്. അതിലപ്പുറം വലിയ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും അതിന് കാണേണ്ടതില്ല.

ഇന്ത്യയിലെ പലസംസ്ഥാനങ്ങളിലും ക്രൈസ്തവർ നേരിടുന്ന വിഷയങ്ങൾ, സ്റ്റാൻ സ്വാമി വിഷയം, ദലിത് ക്രൈസ്തവർക്ക് ലഭിക്കേണ്ട പട്ടികജാതി പദവി അന്യായമായി നിഷേധിക്കപ്പെടുന്ന നിലപാട്, വിഴിഞ്ഞം സമരത്തിനെതിരെ കൈക്കൊണ്ട നിലപാട്, ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം സഭകളിൽ ഇല്ലാതാക്കിയ വിഷയം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ഭരണകേന്ദ്രങ്ങളിലുള്ള ജനസംഖ്യാനുപാതികമായ പങ്കാളിത്തം എന്നിവയൊക്കെ ചർച്ചകൾക്ക് വിധേയമാക്കപ്പെടേണ്ട കാര്യങ്ങളാണ്. അത്തരം വിഷയങ്ങളോടുള്ള ക്രിയാത്മക പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും രാഷ്ട്രീയ നിലപാടുകൾ ഉണ്ടാവുക. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പാർട്ടി ഭാരവാഹിത്വത്തിൽ ഉൾപ്പെടെ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും നൽകുന്നുണ്ടോ എന്ന് പുനപരിശോധിക്കാൻ കൂടി കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ അവസരത്തിൽ തയ്യാറാകണം.

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡൽഹി കത്തീഡ്രലിൽ നടത്തിയ സന്ദർശനം ശുഭസൂചനയെങ്കിലും തുടർച്ചയായി കൈസ്തവർക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കാനുള്ള അടിയന്തിര നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും കെ എൽ സി എ പ്രസിഡൻറ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്