പലായന പാതയിലെ പച്ചവെളിച്ചം

ജർമൻ എഴുത്തുകാരനായ ഫ്രാൻസ് കാഫ്ക തന്റെ The Trial എന്ന കൃതിയിൽ ഒരു കഥ പറയുന്നുണ്ട്. ഗ്രാമത്തിൽനിന്നും ഒരു മനുഷ്യൻ നിയമത്തെ തേടി വരുന്ന കഥ. അയാൾ നിയമത്തിന്റെ തുറന്ന കവാടത്തിലൂടെ അകത്തു പ്രവേശിക്കാൻ ശ്രമിക്കുന്നു. പക്ഷേ കാവൽക്കാരൻ പറയുന്നു അയാൾക്ക് അതിലൂടെ കടന്നു പോകാൻ കഴിയില്ലെന്ന്. തനിക്ക് എപ്പോഴെങ്കിലും കടന്നുപോകാൻ കഴിയുമോ എന്ന് ആ മനുഷ്യൻ ചോദിക്കുന്നു. അത് സാധ്യമാണെന്നും പക്ഷേ ഇപ്പോഴല്ല എന്നും കാവൽക്കാരൻ പറയുന്നു. ആ മനുഷ്യൻ വർഷങ്ങളോളം വാതിൽക്കൽ കാത്തുനിൽക്കുന്നു. തന്റെ കൈവശമുള്ളതെല്ലാം ആ കാവൽക്കാരന് കൈക്കൂലിയായി കൊടുത്തു. അയാൾ അതു സ്വീകരിക്കുകയും ചെയ്യുന്നു. അത് സ്വീകരിക്കുന്നതിന് കാവൽക്കാരന് ഒരു ന്യായവാദവുമുണ്ട്; “ഞാനിത് സ്വീകരിക്കുന്നത് അകത്തു പ്രവേശിക്കാൻ നിങ്ങൾ ഒന്നും ചെയ്തില്ല എന്ന് കരുതാതിരിക്കാൻ വേണ്ടിയാണ്.” ആ നിയമകവാടം തുറക്കുന്നതിന് വേണ്ടി കാവൽക്കാരനെ ഗ്രാമവാസി കൊലപ്പെടുത്താനോ ഉപദ്രവിക്കാനോ ശ്രമിക്കുന്നുമില്ല. മറിച്ച് മരിക്കുന്നതുവരെ അയാൾ അവിടെ തന്നെ നിന്നു. മരിക്കുന്നതിനു തൊട്ടു മുമ്പ് അയാൾ കാവൽക്കാരനോട് ചോദിക്കുന്നു; “എല്ലാവരും നിയമം അന്വേഷിക്കുന്നുണ്ടെങ്കിലും ഞാൻ ഇവിടെ ഉണ്ടായിരുന്ന വർഷങ്ങളിൽ മറ്റാരും വന്നില്ലല്ലോ?” കാവൽക്കാരൻ മറുപടി പറഞ്ഞു; “മറ്റാരെയും ഇവിടെ പ്രവേശിപ്പിക്കാൻ കഴിയില്ല, കാരണം ഈ കവാടം നിങ്ങൾക്കായി മാത്രം നിർമ്മിച്ചതാണ്. ഞാനിപ്പോൾ ഇത് അടയ്ക്കാൻ പോകുന്നു.”

വാതിലിൽ മുട്ടുന്നവർ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിയമത്തിന്റെ മാത്രമല്ല, മനുഷ്യത്വത്തിന്റെയും കവാടങ്ങൾ അടഞ്ഞു തന്നെ കിടക്കുന്നു. പലായനത്തിന്റെ കഥകൾക്ക് വ്യത്യസ്ത മാനവും തലവും ലഭിക്കുന്നു. അഭയം തേടി വരുന്നവരെ അക്രമിയായി കാണുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ദേശീയവാദവും മതഭ്രാന്തും ജനിതകത്തിന്റെ ഘടനയിൽ പോലും കുത്തി നിറക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇടം തേടി അലയുന്നവരെ കുറിച്ചുള്ള ചിന്ത മാനവികതയെ സ്നേഹിക്കുന്നവർ ഹൃദയത്തോട് ചേർത്തുവയ്ക്കേണ്ട കാര്യമാണ്.

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ സ്വയം ഒരു അവാന്തരവിഭാഗമായി ചുരുങ്ങി കൊണ്ടിരിക്കുന്ന നമ്മൾ പുറത്തുനിന്നും വരുന്നവരെ ശത്രുവായി കരുതുവാൻ തുടങ്ങിയിരിക്കുന്നു. നമ്മൾ സ്വയം സൃഷ്ടിച്ചെടുത്ത സ്വർഗ്ഗത്തിലേക്ക് കയറികൂടുന്ന ഒരു ശല്യമായി അപരനെ നമ്മൾ കരുതുന്നു. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഗ്ഗ-വർണ്ണങ്ങളുടെയും കൽകൂടാരങ്ങളിൽ ഇരുന്നുകൊണ്ട് അപര തനിമകളുടെ മേൽ നമ്മൾ വെറുപ്പിന്റെ നിറം ചാർത്തിക്കൊടുക്കുന്നു. യേശുവിന്റെ വചനങ്ങളെ ഹൃദയസ്പന്ദനമായി കൊണ്ടുനടക്കുന്നവർക്ക് അന്യമായി തീരേണ്ട കാര്യങ്ങളാണിത്. എന്നിട്ടും അഭയാർത്ഥികളുടെ മുമ്പിൽ അടഞ്ഞു കിടക്കുന്ന വാതിലുകളെ കാണുമ്പോൾ നമ്മളും നിശബ്ദരാകുന്നു. ആരൊക്കെയോ വിശുദ്ധഗ്രന്ഥം കയ്യിലെടുത്തു പ്രഘോഷിക്കുന്നു നമ്മുടെ ഇടയിലേക്ക് കടന്നു വരുന്നവർ നമ്മുടെ നിലനിൽപ്പിന് അപകടമാണെന്ന്. അവരൊക്കെ പാടി പഠിപ്പിച്ച അപരവിദ്വേഷത്തിന്റെ ഈണത്തിനൊപ്പം നമ്മളും മൂളുന്നു വരികളറിയാതെ.

കൂടുവിട്ടുള്ള പലായനവും നിസ്സഹായാവസ്ഥയും പ്രത്യാശയും കലർന്ന പച്ച യാഥാർത്ഥ്യത്തിന്റെ മജ്ജയും മാംസവുമാണ് അഭയാർത്ഥി എന്ന പദം. പരദേശി, പ്രവാസി, കുടിയേറ്റക്കാരൻ എന്നീ പദങ്ങൾ അതിന്റെ അർത്ഥവിചാരങ്ങളിലുണ്ട്. അഭയാർത്ഥിജീവിതത്തെ ഒരു വിചാരം മാത്രമായി ചുരുക്കി നിർത്തുകയെന്നത് എളുപ്പമുള്ള കാര്യമാണ്. ഫ്രെഡറിക് നീഷേയെ പോലെ പാരമ്പര്യത്തിനോടുള്ള നമ്മുടെ അസ്വസ്ഥതയുടെ പ്രതിഫലനമാണ് പ്രവാസമെന്നു വേണമെങ്കിൽ നമുക്കും പറയാം. പക്ഷേ, പ്രവാസം ഒരു അനുഭവമാകുമ്പോഴാണ് അത് പൊള്ളുന്ന ഒരു അവസ്ഥയാണെന്ന് മനസ്സിലാകൂ. മനുഷ്യനും ജന്മസ്ഥലത്തിനും ഇടയിൽ വലിയൊരു വിള്ളൽ ഉണ്ടാക്കുന്ന അവസ്ഥയാണത്. ഉണങ്ങാത്ത ഒരു മുറിവാണത്. അതുകൊണ്ടായിരിക്കണം മരുഭൂമിയിൽ വച്ച് ഇസ്രായേൽ ജനതയ്ക്ക് ഉടമ്പടിപ്പത്രിക നൽകിയതിനുശേഷം മോശ നടത്തുന്ന പ്രഭാഷണത്തിൽ ദൈവസ്നേഹത്തിന്റെ തനിമയെ കുറിച്ച് പറയുമ്പോൾ പരദേശികളെ സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്നത് (നിയമാ 10:19). അതിനൊരു കാരണം കൂടി അവൻ പറയുന്നുണ്ട്; “ഈജിപ്തിൽ നിങ്ങൾ പരദേശികളായിരുന്നല്ലോ”.

പരദേശി അഥവാ അഭയാർത്ഥി എന്ന അവസ്ഥ ഒരു അനുഭവം ആകാത്തവർക്ക് അത് വെറും ആശയം മാത്രമാകാം. ദുരിതാശ്വാസവും ആതിഥ്യമര്യാദയും ആശയപ്രേമമായി തന്നെ അവർക്ക് നിലനിർത്താൻ സാധിക്കും. അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്ന അശരണരെ നോക്കി “ഞങ്ങളും അവരും” എന്ന യുക്തിയുടെ മുള്ളുവേലികൾ ഇന്നും കെട്ടുന്നുണ്ട് ചിലർ. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കുന്ന ഭയത്തിൽ നിന്നും സ്വന്തം വേരുകളുടെയും സ്വത്വതനിമയുടെയും നഷ്ടത്തിൽ നിന്നും ഉളവാകുന്ന മൂല്യ ശോഷണത്തിൽ നിന്നുമാണ് അപ്പുറത്ത് നിൽക്കുന്നവൻ എതിരാളിയാണെന്ന ചിന്ത നമ്മളിൽ വളരുന്നത്. എംബാം ചെയ്ത ദേശീയവാദവും സ്വാർത്ഥതയും നമ്മെ ഹ്രസ്വദൃഷ്ടിയുള്ള അപരവിദ്വേഷികളായി മാറ്റിക്കൊണ്ടിരിക്കുന്നു. അഭയാർത്ഥികൾ എന്ന ഇരകളെ ആരാച്ചാരാക്കി ചിത്രീകരിക്കുന്ന ചില വെറുപ്പുൽപാദക ഫാക്ടറികൾ എന്നും ഉണ്ടായിരുന്നു എന്നതും ചരിത്രമാണ്.

വിശുദ്ധ ഗ്രന്ഥത്തിലെ താളുകൾ പരദേശാനുഭവത്തിന്റെ വിഹ്വലതകളുടെയും നൊമ്പരങ്ങളുടെയും വെളിപ്പെടുത്തലുകൾ കൂടിയാണെന്ന തിരിച്ചറിവിൽ നിന്നും മാത്രമേ പരദേശിയായി അനുരൂപപ്പെടുന്ന ക്രിസ്തുവിനെയും തിരിച്ചറിയാൻ നമുക്ക് സാധിക്കു (മത്താ 25:35). ഈജിപ്ഷ്യൻ അടിമത്തവും ബാബിലോണിയൻ വിപ്രവാസവും കൂടി ചരിത്രത്തിൽ വാർത്തെടുത്തത് ഒരു ജനതയെ മാത്രമല്ല, ഒരു ദൈവസങ്കല്പവും കൂടിയാണ്; പരദേശികളുടെ സ്നേഹിതൻ. വരൾച്ചയുടെ കാലഘട്ടത്തിൽ അഭയം അർത്ഥിച്ചുകൊണ്ട് ഈജിപ്തിലേക്ക് കുടിയേറിപ്പാർത്ത ഒരു ജനത പിന്നീടെങ്ങനെ അടിമത്തത്തിന്റെ നിലയില്ലാകയത്തിൽ അകപ്പെട്ടുവെന്നും അവിടെ നിന്നും ദൈവം അവരെ വാഗ്ദത്ത നാട്ടിലേക്കു നയിച്ചുവെന്നതിന്റെയും ചരിത്രമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യതാളുകളെങ്കിൽ, ചരിത്രത്തിന്റെ തനിയാവർത്തനമെന്നതുപോലെ വീണ്ടും അടിമകളാക്കപ്പെട്ട് ബാബിലോണിയയിലേക്ക് അയക്കപ്പെട്ട അവരുടെ വിഹ്വലതകളും പ്രതീക്ഷകളും നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും ചിത്രീകരിക്കുന്നതാണ് അതിന്റെ മറ്റുതാളുകൾ. ഇടം നഷ്ടപ്പെട്ടവരുടെ പ്രാർത്ഥനകളും നൊമ്പരങ്ങളും വിചാര വികാരങ്ങളും അതിന്റെ തനിമയോടു കൂടി നിലനിർത്തിയിരിക്കുന്ന ഏക ഗ്രന്ഥം ബൈബിൾ മാത്രമാണ്. അഭയാർത്ഥികളുടെ മാഗ്നകാർട്ടയാണത്. എല്ലാം അവസാനിച്ചു എന്ന ചിന്ത ആരംഭിക്കുന്ന നിമിഷത്തിൽ പുതിയ വാതിൽ തുറക്കുന്ന ദൈവത്തിന്റെ ചിത്രം ഓരോ അഭയാർത്ഥികൾക്കും നൽകുന്ന പ്രതീക്ഷ അനിർവചനീയം തന്നെയാണ്.

അഭയാർത്ഥി എന്ന സ്വത്വത്തിൽ അടങ്ങിയിരിക്കുന്ന അനിവാര്യമായ ദുഃഖം ഒരിക്കലും മറികടക്കാൻ സാധിക്കില്ല എന്നത് സത്യമാണ്. പ്രവാസ ജീവിതത്തിലെ വിജയകരവും വീരോചിതവും കാല്പനികവുമായ എപ്പിസോഡുകൾ ചരിത്രത്തിലും സാഹിത്യത്തിലുമുണ്ടെങ്കിലും ജന്മ ദേശത്തിൽ നിന്നുള്ള അകൽച്ചയുടെ വികലമായ ദുഃഖത്തെ അത് ഒരിക്കലും മാറി കടന്നിട്ടില്ല. കാരണം, അവർ അവരുടെ വേരുകളിൽ നിന്നും ദേശത്തു നിന്നും ഭൂതകാലത്തിൽ നിന്നും ഛേദിക്കപ്പെട്ടവരാണ്. ദേശീയതയിൽ ഊറ്റം കൊള്ളുന്ന ഒരു രാജ്യത്തിലേക്ക് അവർ കടന്നു വരുമ്പോൾ അവർ തിരയുന്നത് അവരെ തന്നെയാണ്. ആ രാജ്യത്തിന്റെ നിയമവും പ്രത്യയശാസ്ത്രവുമനുസരിച്ചു തകർന്നടിഞ്ഞ അവരുടെ ജീവിതം പുനർനിർമ്മിക്കുക എന്നത് മാത്രമാണ് അവരുടെ ഏക സ്വപ്നം. ആ സ്വപ്നങ്ങളെയാണ് ഇന്നത്തെ രാഷ്ട്രീയ-മാധ്യമ സംസ്കാരങ്ങൾ രാക്ഷസന്മാരായി ചിത്രീകരിക്കുന്നത്.

അഭയാർത്ഥി എന്നത് എല്ലാം നഷ്ടപ്പെട്ടവന്റെ പ്രതിരൂപമാണ്. അങ്ങനെയുള്ളവർക്ക് മതപരമായ ചിഹ്നങ്ങൾ ചാർത്തിക്കൊടുക്കുകയും അവരോട് നിഷേധാത്മകമായ നിലപാടുകൾ എടുക്കുകയും ചെയ്യുന്നത് മാനവികതയോട് ചെയ്യുന്ന ഒരു പാതകമാണെന്നേ പറയാൻ പറ്റൂ. ഒരു കാര്യം നമ്മൾ മനസ്സിലാക്കണം, പ്രവാസമെന്നത് പരിഹരിക്കാനാവാത്തവിധം മതേതരവും അസഹനീയമായ ചരിത്രപരതയുമാണ്. മനുഷ്യർ മറ്റ് മനുഷ്യർക്കായി ഉണ്ടാക്കിയെടുത്ത ഒരു യാഥാർത്ഥ്യമാണത്. പലരുടെയും ജീവിതത്തിലേക്ക് മരണം പോലെ കടന്നു വന്ന യാഥാർത്ഥ്യം. അത് ദശലക്ഷക്കണക്കിന് ആളുകളെ അവരുടെ പാരമ്പര്യത്തിൽ നിന്നും കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും ഒരു കാരുണ്യവുമില്ലാതെ കീറിമുറിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അപ്പോഴും ഓർക്കുക, ആധുനിക സംസ്കാരത്തിന്റെ വലിയൊരുഭാഗം പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കഠിനാധ്വാനമാണെന്ന കാര്യം. ഉദാഹരണത്തിന്, ഫാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും മതഭ്രാന്തിന്റെയും യുദ്ധവെറിയുടെയും പ്രകൃതിക്ഷോഭങ്ങളുടെയും പേരിൽ അമേരിക്കയിൽ എത്തിപ്പെട്ട അഭയാർത്ഥികളാണ് അവിടെ അക്കാദമികവും ബൗദ്ധികവും സൗന്ദര്യാത്മകവുമായ ചിന്തകൾക്ക് അടിത്തറയിട്ടത്.

അഭയാർത്ഥികളെ തടയുന്നതിനായി പോളണ്ടിന്റെ അതിരുകളിൽ മതിലുകൾ പണിയാൻ പോകുന്നു എന്ന വാർത്തയോടൊപ്പം മനുഷ്യത്വത്തിന്റെ മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നുണ്ട്. പോളണ്ടിന്റെ കിഴക്കൻ അതിർത്തികളിലുള്ള വീടുകളിൽ പച്ച വിളക്കുകൾ തെളിയാൻ തുടങ്ങിയിരിക്കുന്നു.

പച്ച വെളിച്ചമുള്ള വീടുകൾ ഒരടയാളമാണ്. അഭയാർത്ഥികളെ സ്വീകരിക്കാൻ ഞങ്ങൾ സന്നദ്ധരാണ് എന്നതിന്റെ അടയാളം. അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള മൂർച്ചയുള്ള മുള്ളുവേലികളിൽ ക്രൂശിക്കപ്പെടാനുള്ളതല്ല ക്രൈസ്തവ ആത്മീയത എന്നതിന്റെ ഉത്തമ പ്രഘോഷണമാണ് ആ പച്ച വെളിച്ചമുള്ള ഭവനങ്ങൾ. ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു എന്ന് പറയേണ്ടവൻ തന്നെയാണ് നമ്മുടെയും ഭവനങ്ങളുടെ വേലിക്കപ്പുറത്തുവന്നു നിൽക്കുന്നത്. നൊമ്പരം പേറുന്നവർ വേലിക്കരികിൽ വന്നു നിൽക്കുമ്പോൾ അവരെ കണ്ടില്ല എന്ന് നടിച്ചു നിൽക്കുന്നവർ ക്രിസ്തുവിന്റെ അനുയായികളല്ല. അഭയാർത്ഥികളെ ശത്രുവായി കരുതുന്നവരെ ക്രിസ്ത്യാനികളെന്ന് വിളിക്കാനാവില്ല. അങ്ങനെയുള്ളവർ ക്രിസ്തുവിന്റെ ശിഷ്യരേയല്ല.

/// ഫാ . മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്