മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് കൂവക്കാട്ട്
കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക്
ആമുഖം
1973 ആഗസ്റ്റ് 11-ാം തീയതി ചങ്ങനാശ്ശേരിക്കടുത്ത് മാമ്മൂട് ജനിച്ച, ചങ്ങനാശ്ശേരി അതിരൂപതാംഗമായ, മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ജെയ്ക്കബ് കൂവക്കാട്, 2024 ഡിസംബര്‍ 7-ാം തീയതി വത്തിക്കാനില്‍ വച്ച് നടക്കുന്ന കണ്‍സിസ്റ്ററിയില്‍ വച്ച്, മറ്റ് ഇരുപത് പേരോടൊപ്പം കത്തോലിക്കാസഭയിലെ അത്യുന്നത കര്‍ദ്ദിനാള്‍ പദവിയിലേക്ക് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയാല്‍ ഉയര്‍ത്തപ്പെടുവാന്‍ പോകുന്ന വിവരം 2024 ഒക്ടോബര്‍ 6-ാം തീയതി പ്രഖ്യാപിച്ചത് ഭാരത സഭ ആകമാനം, പ്രത്യേകിച്ച് കേരള കത്തോലിക്കര്‍, ഏറ്റവും പ്രത്യേകമായി സിറോ-മലബാര്‍ സഭ, വലിയ ഹര്‍ഷാരവത്തോടുകൂടിയാണ് സ്വീകരിച്ചത്.
ചങ്ങനാശ്ശേരി SB കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയശേഷം വൈദിക പഠനത്തിനായി കുറിച്ചിയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം ആലുവയിലെ സെന്‍റ്ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലെ തത്വശാസ്ത്ര പഠനത്തിനുശേഷം റോമില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി 2004 ജൂലൈ 24-ാം തീയതി അഭിവന്ദ്യ ജോസഫ് പൗവ്വത്തില്‍ പിതാവില്‍നിന്നും പൗരോഹിത്യപട്ടം സ്വീകരിക്കുകയും ചുരുങ്ങിയ കാലഘട്ടത്തിലെ പാറേല്‍ പള്ളിയിലെ പൗരോഹിത്യ ശുശ്രൂഷയ്ക്കുശേഷം റോമിലേക്ക് ഉപരിപഠനത്തിനായും ജോലിക്കായും മടങ്ങുകയുമായിരുന്നു. റോമിലെ ഹോളിക്രോസ് യൂണിവേഴ്സിറ്റിയില്‍നിന്നും കാനന്‍ നിയമത്തില്‍ 2006 ല്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധം “രൂപതാവൈദികരുടെ ദാരിദ്ര്യത്തില്‍ ജീവിക്കുവാനുള്ള ഉത്തരവാദിത്വം” (The Obligation of Poverty for Secular Clerics in the Codes of Canon Law) എന്നതായിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്‍റെ ജീവിതാഭിമുഖ്യത്തിന്‍റെ സൂചന തന്നെയാണ്.
2006 ല്‍ വത്തിക്കാനിലെ Secretariat of State ന്‍റെ കീഴിലുള്ള diplomatic service ല്‍ ചേര്‍ന്ന അദ്ദേഹം അള്‍ജേറിയ, സൗത്ത് കൊറിയ, ഇറാന്‍, കോസ്റ്ററിക്ക, വെനെസ്വല തുടങ്ങിയ രാജ്യങ്ങളിലെ വത്തിക്കാന്‍ ന്യൂണ്‍സിയേച്ചറുകളിലെ സേവനത്തിനുശേഷം 2020 ല്‍ വത്തിക്കാനില്‍ തിരിച്ചെത്തുകയും സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ ജോലി ആരംഭിക്കുകയും ചെയ്തു.
2021 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്താരാഷ്ട്ര യാത്രകളുടെ ഉത്തരവാദിത്വമായിരുന്നു മോണ്‍സിഞ്ഞോര്‍ കൂവക്കാട്ടിന്. ഭാരതത്തില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ തത്സംബന്ധിയായി ഉയരുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനുള്ള ശ്രമമാണ് ഈ ലേഖനം.
- കര്‍ദ്ദിനാള്‍ പദവി കത്തോലിക്കാ സഭയില്‍
കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക എന്നതാണ് കര്‍ദ്ദിനാളന്മാരില്‍ നിക്ഷിപ്തമായിരിക്കുന്ന ഏറ്റവും പ്രധാനമായ ദൗത്യം. 80 വയസ്സ് പൂര്‍ത്തിയായ കര്‍ദ്ദിനാളന്മാര്‍ക്ക് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ (conclave) വോട്ടവകാശത്തോടെ പങ്കെടുക്കുവാനാവില്ല. അതോടൊപ്പം തന്നെ മാര്‍പാപ്പയെ സാര്‍വത്രികസഭയെ ഭരിക്കുന്നതില്‍ സഹായിക്കുകയെന്നതാണ് കര്‍ദ്ദിനാളന്മാരില്‍ നിക്ഷിപ്തമായിരിക്കുന്ന രണ്ടാമത്തെ കടമ.
മാര്‍പാപ്പയെ ഭരണത്തില്‍ സഹായിക്കുന്ന റോമന്‍ കൂരിയായിലെ പല ഡിക്കാസ്റ്ററികളിലെയും തലവന്മാര്‍ കര്‍ദ്ദിനാളന്മാരാണ്. ചരിത്രപരമായി പറഞ്ഞാല്‍ റോമാ രൂപതയിലെ ഡീക്കന്മാരായിരുന്നു കര്‍ദ്ദിനാളന്മാര്‍. പിന്നീട് റോമാ മാര്‍പാപ്പമാര്‍ ചക്രവര്‍ത്തിമാര്‍ക്ക് തുല്യമായ ഭൗതികാധികാരംകൂടി കൈയ്യാളി ത്തുടങ്ങിയപ്പോള്‍ കര്‍ദ്ദിനാള്‍ പദവി രാജകുമാരന്മാരുടേതിന് തുല്യമായി കരുതപ്പെട്ടു തുടങ്ങി. പദവികൊണ്ട് കത്തോലിക്കാസഭയില്‍ മാര്‍പാപ്പയ്ക്ക് തൊട്ടുതാഴെയാണ് കര്‍ദ്ദിനാളന്മാര്‍ വരിക. എന്നിരുന്നാലും, അധികാരസംബന്ധിയായി പറഞ്ഞാല്‍, അവരെ ഏത് ദൗത്യമാണ് മാര്‍പാപ്പ ഏല്‍പ്പിച്ചിരിക്കുന്നത് എന്നതിനനുസരിച്ചായിരിക്കും അവരുടെ അധികാരം.
- കര്‍ദ്ദിനാള്‍ പദവിയും മെത്രാന്‍പട്ടവും
കര്‍ദ്ദിനാള്‍ മെത്രാന്‍പട്ടം സ്വീകരിച്ചിരിക്കണമെന്ന് നൈയാമികമായി നിഷ്കര്‍ഷയില്ലെങ്കിലും സാധാരണഗതിയില്‍ മെത്രാന്‍പട്ടം സ്വീകരിച്ചവരെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുക. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരു വൈദികനെ മാര്‍പാപ്പ നേരിട്ട് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. വൈദികരെ കര്‍ദ്ദിനാളന്മാരായി ഉയര്‍ത്തുവാനായി നിശ്ചയിക്കുമ്പോള്‍, സാമാന്യഗതിയില്‍ പ്രസ്തുത കണ്‍സിസ്റ്ററിക്ക് മുമ്പായി അവര്‍ക്ക് മെത്രാന്‍പട്ടം നല്‍കും. മോണ്‍സിഞ്ഞോര്‍ കൂവക്കാട്ട് അതനുസരിച്ച് 2024 നവംബര്‍ 24-ാം തീയതി ചങ്ങനാശ്ശേരിയില്‍ വച്ച് മെത്രാന്‍പട്ടം സ്വീകരിക്കുന്നതാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ ഇത്തവണ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നവരില്‍ 44 വയസ്സ് മുതല്‍ 99 വയസ്സ് വരെയുള്ളവരുണ്ട്. തങ്ങളുടെ പ്രശംസനീയമായ സഭാസേവനത്തെയോ ദൈവശാസ്ത്ര സംഭാവനകളെയോ പരിഗണിച്ച് 80 വയസ്സിന് മുകളില്‍ പ്രായമായ വൈദികരെ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തുമ്പോള്‍, അവര്‍ മെത്രാന്‍പട്ടം സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതില്‍ നിന്ന് അവര്‍ക്ക് മാര്‍പാപ്പമാര്‍ ഒഴിവുകൊടുക്കാറുമുണ്ട്. അങ്ങനെ മെത്രാന്‍ പട്ടത്തില്‍ നിന്നും ഒഴിവു വാങ്ങി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍നിന്നും 2001 ജനുവരി 21-ാം തീയതി കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ച പ്രശസ്ത അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനാണ് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ജോണ്‍ ഫോസ്റ്റര്‍ ഡള്ളസ്സിന്‍റെ പുത്രന്‍ ആവ്രി ഡള്ളസ് (Avery Dulles SJ). അതിനുമുമ്പ് 1977 ല്‍ മാരിയോ ലൂയിജി ചാപ്പി (1909-1996) എന്ന ഡൊമിനിക്കന്‍ സന്യാസവൈദികനെ മാര്‍പാപ്പ കര്‍ദ്ദിനാളായിട്ട് ഉയര്‍ത്തിയെങ്കിലും കര്‍ദ്ദിനാളായി ഉയര്‍ത്തുന്ന കണ്‍സിസ്റ്ററിക്ക് മുമ്പായി 1977 ജൂണ്‍ പത്താം തീയതി അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിച്ചു. 1945 ആഗസ്റ്റ് 22-ാം തീയതി ലണ്ടനില്‍ ജനിച്ച, ഡൊമിനിക്കന്‍ സന്യാസസഭയുടെ മുന്‍ ജനറാളായിരുന്ന തിമോത്തി പീറ്റര്‍ ജോസഫ് റാഡ്ക്ലിഫ് ഇത്തവണ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുന്ന വൈദികരിലൊരാളാണ്. അദ്ദേഹം മെത്രാന്‍പട്ടം സ്വീകരിക്കുമോ എന്നത് വ്യക്തമല്ല. ചെക്കോസ്ലോവാക്യന്‍ ജെസ്വീറ്റ് വൈദികനായിരുന്ന തോമസ് സ്പിഡ്ലിക്കിനെ 2003 ല്‍ മാര്‍പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രായം 83 വയസ്സായിരുന്നു. അദ്ദേഹവും മെത്രാന്‍പട്ടം സ്വീകരിച്ചില്ല.
- കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ട് സിറോ-മലബാര്‍ സിനഡംഗമോ?
സിറോ-മലബാര്‍ സഭാംഗങ്ങളായ മെത്രാന്മാരെല്ലാം സിറോ-മലബാര്‍ സിനഡിലെ അംഗങ്ങളല്ല. സിറോ-മലബാര്‍ രൂപതാമെത്രാന്മാരും, സഹായമെത്രാന്മാരും, പിന്‍തുടര്‍ച്ചാവകാശികളായ മെത്രാന്മാരും, കൂരിയാമെത്രാനും പുറമേ വിരമിച്ച മെത്രാന്മാര്‍ക്കും സിനഡില്‍ അംഗത്വമുണ്ടെങ്കിലും, സിറോ-മലബാര്‍ സഭയില്‍പെട്ടവര്‍ ലത്തീന്‍ സഭയിലോ വത്തിക്കാന്‍ കാര്യാലയത്തിലോ സേവനമനുഷ്ഠിക്കുന്നവര്‍ സിറോ-മലബാര്‍ സിനഡില്‍ അംഗമാകില്ല. അതിനാല്‍ത്തന്നെ, കര്‍ദ്ദിനാള്‍ കൂവക്കാട്ട് പിതാവ് സിറോ- മലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുവാനായി നിയമിക്കപ്പെടുന്നതുവരെ, ഈ സഭയുടെ സിനഡില്‍ അംഗമാവില്ല (cf. CCEO c. 102 §1).
കൂവക്കാട്ട് പിതാവ് കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ചതിനുശേഷവും വത്തിക്കാനില്‍ മാര്‍പാപ്പയെ തന്‍റെ ജോലിയില്‍ സഹായിക്കുന്നതില്‍ തുടര്‍ന്നും നിലകൊള്ളുമെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. എന്നാല്‍, അദ്ദേഹം കര്‍ദ്ദിനാള്‍ പദവിയിലെത്തിക്കഴിയുമ്പോള്‍ റോമന്‍ കൂരിയായിലെ ഏതെങ്കിലും ഒരു കാര്യാലയത്തിന്‍റെ തലവനായി നിയമിക്കപ്പെടുമെന്നത് ഏകദേശം തീര്‍ച്ചയായ കാര്യമാണ്.
പൗരസ്ത്യ കാര്യാലയത്തിന് അടുത്തകാലത്ത് പുതിയ തലവനെ ലഭിച്ചിരിക്കുന്നതിനാല്‍ അവിടെ ഒരു മാറ്റം ഉടനെ സാധ്യതയില്ല എന്നതും വ്യക്തം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്ന സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിന്റെ തലവന്‍ എന്ന വത്തിക്കാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുപോലും അദ്ദേഹം എത്തിച്ചേരുവാനുള്ള സാധ്യത പ്രവചിക്കുവാന്‍ സാധിക്കും.
ഇപ്പോള്‍ ആ സ്ഥാനത്തുള്ള കര്‍ദ്ദിനാള്‍ പീറ്റര്‍ പരോളിന് 70 വയസ്സ് മാത്രമേ ആയിട്ടുള്ളൂ എന്നതുകൊണ്ട് പ്രായാധിക്യമൊന്നും ആയിട്ടില്ലെങ്കിലും അദ്ദേഹം 2013 ഒക്ടോബര്‍ 15-ാം തീയതി മുതല്‍ ആ സ്ഥാനം അലങ്കരിക്കുകയും അങ്ങനെ കത്തോലിക്കാസഭയിലെ രണ്ടാംസ്ഥാനത്ത് അധികാര ശുശ്രൂഷ ചെയ്യുകയുമാണ്. റോമന്‍ കൂരിയായുടെ പരിഷ്കരിച്ച നിയമമനുസരിച്ച് പത്ത് വര്‍ഷത്തെ ശുശ്രൂഷയ്ക്ക് ശേഷം സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോകണമെന്നുള്ള നിര്‍ദ്ദേശം കണക്കിലെടുത്തും കത്തോലിക്കാ സഭയുടെ ഭരണരംഗത്ത് അകലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഭാദര്‍ശനമനുസരിച്ചും കത്തോലിക്കാസഭയില്‍ പൗരസ്ത്യ സഭാംഗങ്ങളുടെ പ്രാമുഖ്യം ഭരണരംഗത്ത് കൂടുതലായി കൊണ്ടുവരണമെന്ന് അദ്ദേഹത്തിന് തോന്നിയാല്‍, തീര്‍ച്ചയായും അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനെ തേടിയെത്തുന്നത് വളരെ വലിയ സ്ഥാനവും ദൗത്യങ്ങളുമാകും, തീര്‍ച്ച.
സിറോ-മലബാര്‍ സഭയുടെ തീക്ഷ്ണതയും പ്രേക്ഷിതചൈതന്യവും വ്യക്തമായിട്ടറിയാവുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, തന്‍റെ കര്‍ദ്ദിനാള്‍ സംഘത്തിലേക്ക് മോണ്‍സിഞ്ഞോര്‍ കൂവക്കാട്ടിനെ തെരഞ്ഞെടുത്തത്, അദ്ദേഹത്തിന്‍റെ കഠിനാധ്വാനശീലവും സഭാസ്നേഹവും നേരിട്ടുകണ്ട് അടുത്തറിഞ്ഞ് അനുഭവിച്ചതുകൊണ്ട് മാത്രമല്ല, പ്രത്യുത, മറ്റ് പല കണക്കുകൂട്ടലുകള്‍കൂടി അതിന് പുറകിലുണ്ട് എന്നത് വ്യക്തം.
ഉപസംഹാരം
ജോസഫ് പാറേക്കാട്ടില്‍, ആന്‍റണി പടിയറ, വര്‍ക്കി വിതയത്തില്‍, ജോര്‍ജ്ജ് ആലഞ്ചേരി എന്നിവര്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് സിറോ-മലബാര്‍ സഭയില്‍നിന്ന് ഉയര്‍ത്തപ്പെട്ടപ്പോള്‍ അവര്‍ ആ സഭയുടെ നെടുനായകത്വം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരേസമയം രണ്ട് കര്‍ദിനാളന്മാര്‍ സിറോ-മലബാര്‍ സഭയില്‍ ഇത് നടാടെയാണ് താനും.
ഇന്ത്യയില്‍ നിന്നും 6 കര്‍ദ്ദിനാളന്മാര്‍ ഒരേസമയം കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളവരാകുവാന്‍ പോകുന്നു; അതില്‍ മൂന്നുപേര്‍ കേരളത്തില്‍നിന്നും. കത്തോലിക്കാ സഭയുടെ മൂത്ത പുത്രി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഫ്രാന്‍സില്‍നിന്നും വോട്ടവകാശമുള്ള വെറുമൊരു കര്‍ദ്ദിനാള്‍ മാത്രമായി തീര്‍ന്നിരിക്കുന്ന കാലഘട്ടത്തിലാണിത് എന്നതും ശ്രദ്ധേയം.
അതുപോലെ ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാളന്മാരില്‍ മൂന്നുപേര്‍ ലത്തീന്‍സഭയില്‍നിന്നും മൂന്നുപേര്‍ പൗരസ്ത്യസഭകളില്‍നിന്നും. പലവിധ പുതുമകള്‍ക്കിടയില്‍ കര്‍ദ്ദിനാള്‍സ്ഥാനം കിട്ടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന ചിലര്‍ക്ക് കിട്ടാതിരുന്നതിന് കാരണം ഉല്‍പ്പത്തി പുസ്തകത്തിലെ മൂന്നാം അദ്ധ്യായത്തിലെ ഏഴാം വചനമാണോ എന്ന ആത്മശോധന അര്‍ത്ഥവത്താണെന്ന് തോന്നുന്നു; “ഉചിതമായ പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകാര്യനാവുകയില്ലേ? നല്ലത് ചെയ്യുന്നില്ലെങ്കില്‍ പാപം വാതില്‍ക്കല്‍ത്തന്നെ പതിയിരുപ്പുണ്ടെന്ന് ഓര്‍ക്കണം. അതുനിന്നില്‍ താല്‍പ്പര്യം വച്ചിരിക്കുന്നു. നീ അതിനെ കീഴടക്കണം.” എന്നിരുന്നാലും, കത്തോലിക്കാസഭയുടെ പഠനമനുസരിച്ച്, കര്‍ദ്ദിനാള്‍ സ്ഥാനമോ മാര്‍പാപ്പയുടെ പദവിയോ അല്ല, പ്രത്യുത വിശുദ്ധിയാണ് ഏറ്റവും വലുതായി പരിഗണിക്കപ്പെടേണ്ടതെ ന്നതും അനുസ്മരണീയമാണ് .
ഈ സാഹചര്യത്തില്‍. സിറോ-മലബാര്‍ സഭയിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി സംബന്ധമായ പ്രശ്നങ്ങള്‍ മാര്‍പാപ്പ ആഗ്രഹിക്കുന്ന രീതിയില്‍ പരിഹരിച്ച് കഴിയുമ്പോള്‍ ആ സഭാതലവനേയും കര്‍ദ്ദിനാള്‍ പദവി തേടിയെത്തും എന്നുതന്നെയാണ് ഈയുള്ളവന്‍റെ പ്രത്യാശ. സഭാതലവനെ ഇക്കാര്യത്തില്‍ സഹായിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്ടിനെ തന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കുവാനുള്ള സാധ്യതകളും തള്ളിക്കളയുവാനാകില്ല. ആദ്യത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായ ആന്‍റണി പടിയറ പിതാവിനെ ഭരണകാര്യത്തില്‍ സഹായിക്കുവാന്‍ ഒരു അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ വത്തിക്കാന്‍ നിയമിച്ച ചരിത്രം സിറോ-മലബാര്‍ സഭയ്ക്കുണ്ടുതാനും.
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ