യഹൂദജനത വാഗ്ദത്ത ദേശമായ ഇസ്രായേലിൽ “യഥാസ്ഥാനപ്പെടുന്നതു” (The Restoration of Israel) സംബന്ധിച്ചു ചില പരാമര്‍ശങ്ങൾ ആദിമസഭയുടെ കാലഘട്ടത്തില്‍ ഏതാനും പിതാക്കന്മാരില്‍നിന്നും ഉണ്ടായി എന്നതൊഴിച്ചാല്‍ ഈ വിഷയം 12-ാം നൂറ്റാണ്ടുവരെ ക്രൈസ്തവലോകത്ത് നിശ്ശബ്ദമായിരുന്നു എന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നത്. എന്നാല്‍ മധ്യകാലഘട്ടത്തിന്‍റെ ഒടുവിലേക്കു വരുമ്പോള്‍ “സയണിസം” (Zionism) എന്ന ചിന്തയ്ക്ക് വീണ്ടും ജീവന്‍ വയ്ക്കുന്നതു കാണാം. ഇതില്‍ രണ്ട് കത്തോലിക്കാ സന്യാസി വൈദികർക്കുള്ള പങ്ക് വളരെ വലുതാണ് എന്നു പറയപ്പെടുന്നു.

♦️🇮🇱 സയണിസവും മധ്യകാല

കത്തോലിക്കാ ചിന്തകരും

യഹൂദ വംശത്തില്‍ ജനിച്ച് കത്തോലിക്കാ സഭയില്‍ വൈദികനായി, പിന്നീട് സന്യാസജീവിതം തെരഞ്ഞെടുത്ത ഫാദര്‍ ജൊവാക്കിം ഓഫ് ഫിയോറിയാണ് (Joachim of Fiore or Joachim of Flora or Gioacchino da Fiore 1135-1202) സയണിസം എന്ന ചിന്ത ഈ സഹസ്രാബ്ദത്തില്‍ ആദ്യമായി പങ്കുവച്ചത്. കത്തോലിക്കാ ദൈവശാസ്ത്രജ്ഞനായ ബര്‍നാര്‍ഡ് മക്ഗിന്‍ (Bernard McGinn) പറയുന്നത്, “മധ്യകാലഘട്ടത്തില്‍ അന്ത്യകാല ദര്‍ശനങ്ങളില്‍ ഏറെ അറിയപ്പെടുന്ന തിയോളജിയന്‍ ആയിരുന്നു ഫാ ജൊവാക്കിം ഓഫ് ഫിയോറി” എന്നാണ്. ഇദ്ദേഹത്തിന്‍റെ പഠനങ്ങളിലൂടെ യഹൂദന്‍റെ യഥാസ്ഥാപനം എന്ന ചിന്തകള്‍ യൂറോപ്പില്‍ വീണ്ടും ജീവന്‍ വച്ചു. എന്നാല്‍, അന്ത്യകാല ദര്‍ശനങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാടുകളോടു വിയോജിക്കാതിരിക്കാൻ സയണിസം എന്ന ആശയത്തിന് മധ്യകാലത്ത് വലിയ വളര്‍ച്ചയൊന്നും ഉണ്ടായില്ല. എങ്കിലും ജൊവാക്കിം ഓഫ് ഫിയോറിയുടെ ചിന്തകളുടെ അടിസ്ഥാനത്തില്‍ “റോമിനെ ലോകത്തിന്‍റെ താല്‍ക്കാലിക തലസ്ഥാനവും ജെറുസലേമിനെ ലോകത്തിന്‍റെ ആത്മീയ തലസ്ഥാനവുമായി” പരാമര്‍ശിക്കുന്ന ചിന്തകള്‍ രൂപംകൊണ്ടു എന്നാണ് ബാപ്റ്റിസ്റ്റ് സഭാ വിശ്വാസിയും ബ്രിട്ടീഷ് ചരിത്രകാരിയും ഫാദർ ജൊവാക്കിമിൻ്റെ പഠനങ്ങളിൽ ഏറെ അറിവുമള്ള (ജൊവാക്കിമിസ്റ്റ് ) ഡോ മാര്‍ജോറി റീവ്സ് (1905-2003) Influence of Prophecy എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.

സയണിസം പതിനാലാം നൂറ്റാണ്ടു മുതൽ വളരെ ഗൗരവമായി യൂറോപ്പില്‍ ചര്‍ച്ച ചെയ്യുന്നതിനു ഫ്രഞ്ച് ഫ്രാന്‍സിസ്കന്‍ സന്യാസി ഫാ ജോണ്‍ ഓഫ് റൂപെസ്കിസ്സ (John of Rupescissa 1310-1366)യാണു തുടക്കമിടുന്നത്. ആധുനിക ലോകചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യത്തെ “ക്രിസ്റ്റ്യന്‍ സയണിസ്റ്റ്” എന്നാണ് ഫാ ജോണ്‍ ഓഫ് റൂപെസ്കിസ്സ അറിയപ്പെടുന്നത്. ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവരുന്ന യഹൂദരെ ഉള്‍പ്പെടുത്തി ജെറുസലേം പുനഃര്‍നിര്‍മ്മിക്കപ്പെടുമെന്നും സംശുദ്ധമായ ക്രിസ്തീയ വിശ്വാസ കേന്ദ്രമായി ഇവിടം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്റ്റ്യന്‍ സയോണിസം എന്ന ആശയം വളരെ അവ്യക്തമായിട്ടായിരുന്നുവെങ്കിലും ആദ്യമായി രൂപപ്പെട്ടത് റോമാസഭയില്‍നിന്നും ആയിരുന്നു എന്നാണ് മില്ലേനിയലിസം എന്ന വിഷയത്തിന്‍റെ ചരിത്രവും ദൈവശാസ്ത്രവും എറെ പഠനവിധേയമാക്കിയിട്ടുള്ള റോബര്‍ട്ട് ഈ ലേര്‍ണര്‍ (Robert E Lerner) വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ സഭയുടെ ഔദ്യോഗിക പഠനങ്ങൾ ഇപ്രകാരം അല്ലാത്തതിനാൽ ഫാ. ജൊവാക്കാമിൻ്റെയോ ഫാ.ജോണിൻ്റെയോ പഠനങ്ങൾക്കു വേണ്ട പ്രചാരം ലഭിച്ചില്ല.

♦️🇮🇱സയണിസവും

പ്രൊട്ടസ്റ്റന്‍റ് ദര്‍ശനങ്ങളും

പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റം യൂറോപ്പില്‍ ശക്തമായതോടെയാണ് ”യഹൂദന്‍റെ യഥാസ്ഥാപനവും യേശുക്രിസ്തുവിൻ്റെ ആയിരമാണ്ട് വാഴ്ചയും” എന്ന അന്ത്യകാല ദൈവശാസ്ത്ര ആശയങ്ങൾ ക്രൈസ്തവലോകത്ത് ശക്തമായി പ്രചരിക്കപ്പെട്ടത്. എന്നാല്‍ പ്രൊട്ടസ്റ്റന്‍റ് മൂവ്മെന്‍ററിന് തുടക്കക്കാരായിരുന്ന മാർട്ടിൻ ലൂഥറോ ജോൺ കാല്‍വിനോ ഉൾറിച്ച് സ്വിംഗ്ലിയോ ഒന്നും ഈ വിഷയത്തില്‍ യാതൊരു താല്‍പര്യവും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇവരുടെ സമകാലികരായിരുന്ന പല പ്രൊട്ടസ്റ്റൻ്റു പണ്ഡിതന്മാരും ഈ വിഷയം ഗൗരവമായി പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

പ്രൊട്ടസ്റ്റന്‍റ് ബൈബിള്‍ പരിഭാഷയായി ആറിയപ്പെടുന്ന ജെനീവാ ബൈബിളിൽ (1557) റോമാ ലേഖനം 11:15, 26 തുടങ്ങിയ വാക്യങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനത്തില്‍ പറയുന്നത് അന്ത്യകാലത്ത് യഹൂദര്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമെന്നായിരുന്നു. കൂടാതെ പീറ്റര്‍ മാര്‍ട്ടയര്‍ (Peter Martyr Vermigli) എന്ന പ്രമുഖ പ്രൊട്ടസ്റ്റന്‍റ് പണ്ഡിതന്‍ റോമാ ലേഖനത്തിന് നല്‍കിയ കമന്‍ററിയില്‍ ഇസ്രായേലിന്‍റെ യഥാസ്ഥാപനം യാഥാര്‍ത്ഥ്യമാകും എന്നു വാദം ഉന്നയിച്ചു.

♦️🇮🇱 ബ്രിട്ടീഷ് പ്യൂരിറ്റൻസും

സയണിസവും

16, 17 നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മത, രാഷ്ട്രീയ, ചരിത്ര രൂപീകരണങ്ങളിൽ മുഖ്യസ്ഥാനത്തു നിന്ന പ്രൊട്ടസ്റ്റൻ്റു പ്രസ്ഥാനമായിരുന്നു പ്യൂരിറ്റ്സ് (Puritans). പീറ്റർ മാര്‍ട്ടയറുടെ ബൈബിൾ കമൻ്ററിയുടെ അടിസ്ഥാനത്തില്‍ വില്യം പെര്‍ക്കിന്‍സ്, റിച്ചാര്‍ഡ് സിബസ്, തോമസ് ഗോഡ്വിന്‍, വില്യം സ്ട്രോംഗ്, വില്യം ബ്രിഡ്ജ്… തുടങ്ങിയ ബ്രിട്ടീഷ് പ്യൂരിറ്റന്‍ ദൈവശാസ്ത്രജ്ഞരാണ് ക്രിസ്ത്യന്‍ സയണിസമെന്ന മധ്യകാല ചിന്തകളെ ആധുനിക ലോകത്തില്‍ വിശാലമായ പഠനത്തിനും ചര്‍ച്ചകള്‍ക്കുമായി വഴിതുറന്നത്.

പഴയനിയമ പഠനങ്ങളെ ഏറെ ഇഷ്ടപ്പെട്ടവരായിരുന്ന പ്യൂരിറ്റന്‍ വിഭാഗം. ഹീബ്രൂ, ഗ്രീക്ക് ഭാഷാ പഠനവും തങ്ങളുടെ മക്കള്‍ക്ക് പഴയനിയമത്തിലെ പ്രമുഖരുടെ പേരുകള്‍ നല്‍കുന്നതും ഞായറാഴ്ചയ്ക്കു പകരം യഹൂദരുടെ സാബത്ത് ദിനത്തില്‍ തങ്ങളുടെ സഭായോഗം ചേരുന്നതുമെല്ലാം പ്യൂരിറ്റന്‍ വിഭാഗത്തിന്‍റെ പ്രത്യേകതകളായിരുന്നു. പ്രൊട്ടസ്റ്റന്‍റ് നേതാക്കളായ മാര്‍ട്ടിന്‍ ലൂഥറോ ജോണ്‍ കാല്‍വിനോ താല്‍പര്യപ്പെട്ടില്ലെങ്കിലും ബൈബിള്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനമാണ് സയണിസമെന്നും അതിനാല്‍ ഈ ദര്‍ശനത്തെ പിന്തുണയ്ക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പ്യൂരിറ്റന്‍സ് കരുതി. ഇവരുടെ സ്വാധീനം ശക്തമായിരുന്നതിനാല്‍ ഇംഗ്ലണ്ടിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലുമുള്ള മൂന്നും നാലും തലമുറകളിലെ പ്രൊട്ടസ്റ്റന്‍റുകളും ഈ നിലയില്‍ തങ്ങളുടെ മില്ലേനിയം വിശ്വസത്തെ മനസ്സിലാക്കുകയും പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും അതിന് വേണ്ട പ്രചാരണങ്ങള്‍ നല്‍കുകയും ചെയ്തു.

♦️🇮🇱 ആംഗ്ലിക്കന്‍ സഭയും

സയണിസവും

യഹൂദര്‍ക്ക് തങ്ങളുടെ വാഗ്ദത്ത ഭൂമിയായ ഇസ്രായേല്‍ വീണ്ടെടുത്ത് നല്‍കണമെന്ന ആവശ്യം ആധുനിക ലോകത്ത് ആദ്യമായി ഉയരുന്നത് 1585ല്‍ റവ. ഫ്രാന്‍സിസ് കെറ്റ് (Rev Francis Kett 15471589) എന്ന ആംഗ്ലിക്കന്‍ പുരോഹിതനില്‍ നിന്നാണ്. എന്നാല്‍ അക്കാലത്ത് യഹൂദനെ സംബന്ധിച്ച് ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന നിയമങ്ങൾ വ്യത്യസ്തമായിരുന്നതിനാല്‍ സയണിസം എന്ന ആശയം ഉള്‍പ്പെടെ മറ്റു ചില ദുരുപദേശങ്ങൾ പ്രചരിപ്പിച്ചു എന്ന പേരില്‍ അദ്ദേഹത്തെ പ്രൊട്ടസ്റ്റന്‍റ് ഭരണാധികാരികള്‍ കൊന്നുകളഞ്ഞു. എന്നാല്‍ റവ കെറ്റിന്‍റെ കൊലപാതകം ഇംഗ്ലണ്ടിലെ ക്രിസ്റ്റ്യന്‍ സയണിസം പ്രവര്‍ത്തനങ്ങളെ ഒരു വിധത്തിലും തടസപ്പെടുത്തിയില്ല. തോസ് ഡ്രാക്സ്, തോമസ് ബ്രൈറ്റ്മാന്‍, ജോസഫ് മീദെ, ഗൈല്‍സ് ഫ്ളെച്ചര്‍, ഹെന്‍റി ഫിന്‍ച്, തുടങ്ങിയവരുടെ എഴുത്തുകളും പ്രസംഗങ്ങളും ഇംഗ്ലീഷ് സമൂഹത്തില്‍ സയണിസ്റ്റ് ചിന്തകളും യഹൂദസ്നേഹവും ഇരട്ടിയാക്കി. ഇക്കൂട്ടത്തില്‍ അറിയപ്പെടുന്ന ജോസഫ് മീദെ (Joseph Mede) ഇംഗ്ലീഷ് പ്രീമില്ലേനിയസിത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നു. യഹൂദരുടെ യഥാസ്ഥാപനം ഒരിക്കൽ യാഥാര്‍ത്ഥ്യമാകും എന്ന വിശ്വാസം ഏറെ പ്രചരിപ്പിച്ചതു ജോസഫ് മീദെ ആയിരുന്നു.

യൂറോപ്പില്‍ പ്രൊട്ടസ്റ്റന്‍റ് മുന്നേറ്റം ശക്തമായതോടെ, യൂറോപ്പിലുള്ള യഹൂദരെല്ലാം അതിവേഗം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുമെന്നൊരു ചിന്തയും പ്രൊട്ടസ്റ്റന്‍റ് സമൂഹത്തില്‍ രൂപപ്പെട്ടു. ഇപ്രകാരം പരിവര്‍ത്തനം ചെയ്യപ്പെടുന്ന യഹൂദരിലൂടെ റോമാ ലേഖനം 11:26 നിവൃത്തിയാകും എന്നായിരുന്നു വിശ്വാസം. മധ്യകാലത്ത് ഇംഗ്ലണ്ടില്‍ നിലനിന്ന ശക്തമായ യഹൂദവിദ്വേഷത്തിന്‍റെ ഫലമായി എഡ്വേര്‍ഡ് ഒന്നാമന്‍റെ കാലത്ത് ഏതാണ്ട് മൂവായിരം യഹൂദരെ AD 1290-ല്‍ ഇംഗ്ലണ്ടില്‍നിന്നു നാടുകടത്തിയിരുന്നു. എന്നാൽ സയണിസ്റ്റ് ചിന്തകൾ ഏറെ ശക്തമായ 17-ാം നൂറ്റാണ്ടിൽ, പണ്ട് നാടുകടത്തപ്പെട്ട യഹൂദരുടെ പിന്‍തലമുറകളെ 1655-ല്‍ ഒലിവര്‍ ക്രോംവെല്‍ ഇംഗ്ലണ്ടിലേക്ക് തിരികെ സ്വാഗതം ചെയ്തുകൊണ്ട് കല്‍പ്പനയിറക്കുകയും ചെയ്തു. 17-ാം നൂറ്റാണ്ടില്‍ പ്രമുഖരായ പല ബ്രിട്ടീഷ് സാഹിത്യകാരന്മാരും യഹൂദര്‍ക്കു വേണ്ടി രംഗത്തുവന്നു. ഇവരില്‍ പ്രധാനികള്‍ ജോണ്‍ മില്‍ട്ടന്‍, ജോണ്‍ ബനിയന്‍, റോജര്‍ വില്യംസ്, ജോണ്‍ സാഡ്ലര്‍, ഒലിവര്‍ ക്രോംവെല്‍ എന്നിവരായിരുന്നു.

♦️🇮🇱 യൂറോപ്യന്‍ രാജ്യങ്ങളിലെ

യഥാസ്ഥാപന ചിന്തകള്‍

ഇംഗ്ലണ്ടില്‍ മാത്രമല്ല, യൂറോപ്പിന്‍റെ വിവിധ ഭാഗങ്ങളിലും 16-ാം നൂറ്റാണ്ടുമുതല്‍ മില്ലേനിയം ചിന്തകളും യഹൂദരുടെ യഥാസ്ഥാപനവും ചര്‍ച്ചായായിരുന്നു. ഇതിന് നേതൃത്വം നല്‍കിയവരില്‍ അറിയപ്പെടുന്ന വ്യക്തികള്‍ ഡെന്മാര്‍ക്കിലെ ഫ്രഞ്ച് സ്ഥാനപതിയായിരുന്ന ഐസക് ലാ പെരേര (Isaac La Payrere1594-1676), ഹോള്‍ഗര്‍ പോളി (Holger Simon Paulli 1644-1714) എന്നിവരായിരുന്നു. യഹൂദരുടെ യഥാസ്ഥാപനത്തോടെ മശിഹായുടെ മഹത്വപ്രത്യക്ഷത സംഭവിക്കുമെന്നും അതിനാല്‍ ഡെന്മാര്‍ക്കിലെയും ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും ഭരണാധികാരികളെ സംഘടിപ്പിച്ച് ഒട്ടോമാന്‍ തുര്‍ക്കികൾക്കെതിരേ യുദ്ധംചെയ്തു പലസ്തീന്‍ നാട് വിമോചിപ്പിച്ച് യഹൂദരെ അവിടെ പുനരധിവസിപ്പിക്കാനും ഹോള്‍ഗര്‍ പോളി ചില നീക്കങ്ങള്‍ നടത്തിയിരുന്നതായി “Prophecy and politics: A history of Christian Zionism in the Anglo-American experience, 1800-1948” എന്ന പുസ്തകത്തില്‍ പറയുന്നു.

തുര്‍ക്കികളുമായി ചങ്ങാത്തംകൂടി മറ്റൊരു തന്ത്രത്തിനാണ് ഫ്രഞ്ചുകാരനായ മാര്‍ക്കസ് ലാംങ്ല്ലേറി എന്ന ധനികനായ വ്യാപാരി (1656-1717) ശ്രമിച്ചത്. നെതര്‍ലാന്‍ഡിലുള്ള തുര്‍ക്കിയുടെ സ്ഥാപനപതിയെ അദ്ദേഹം സ്വാധീനിക്കുകയും തുര്‍ക്കിയുടെ കൈവശമുള്ള പലസ്തീന്‍ യഹൂദര്‍ക്കു വിട്ടുനല്‍കിയാല്‍ പാപ്പസിയെ തകര്‍ത്ത് റോമിനെ തുര്‍ക്കിക്കു വിട്ടുനല്‍കാമെന്നായിരുന്നു ലാംങ്ല്ലേറി മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാല്‍ ഇതിന്‍റെ പേരില്‍ ഇയാള്‍ അറസ്റ്റുചെയ്യപ്പെടുകയും ഒടുവില്‍ തടവില്‍കിടന്നു മരിക്കുകയുമായിരുന്നു എന്നാണ് ചരിത്രം.

♦️🇮🇱 അമേരിക്കന്‍ കുടിയേറ്റവും

ക്രിസ്റ്റ്യന്‍ സയണിസവും

പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍നിന്നും കുടിയേറിയ പ്യൂരിറ്റന്‍ വിഭാഗത്തില്‍ നിറഞ്ഞുനിന്ന മില്ലേനിയം, യഹൂദ യഥാസ്ഥാപന ചിന്തകള്‍ അമേരിക്കന്‍ ജനതയോടൊപ്പം വളരുകയായിരുന്നു. അക്കാലത്തെ പ്രമുഖ പ്യൂരിറ്റന്‍ ചിന്തകനായിരുന്ന ജോണ്‍ കോട്ടന്‍ (1584-1652), ജോണ്‍ ഡെവന്‍പോര്‍ട്ട്, വില്യം ഹൂക്ക്, ജോണ്‍ എലിയറ്റ്, സാമുവേല്‍ വില്ലാര്‍ഡ് തുടങ്ങിയ പ്രൊട്ടസ്റ്റന്‍റ് നേതാക്കന്മാര്‍ അമേരിക്കയില്‍ ക്രിസ്റ്റ്യന്‍ സയണിസത്തിന് തുടക്കം കുറിച്ചവരാണ്. ഇക്കൂട്ടത്തില്‍ ഇംക്രീസ് മാത്തര്‍ (Increase Mather 1639-1723) എഴുതിയ The Mystery of Israel’s Salvation (1667) എന്ന ഗ്രന്ഥം സയണിസ്റ്റ് ആശയങ്ങള്‍ക്ക് അമേരിക്കയില്‍ ഏറെ പ്രചാരം നല്‍കി. മതവിശ്വാസത്തിനും പ്രചരണത്തിനും അമേരിക്കയില്‍ വലിയ സ്വാതന്ത്ര്യം ലഭിച്ച പ്രൊട്ടസ്റ്റന്‍റ് സമൂഹം കലവറയില്ലാതെ സയണിസത്തിനു പിന്തുണനല്‍കി. അമേരിക്കയുടെ ഈ പാരമ്പര്യം 21-ാം നൂറ്റാണ്ടിലും ദൃശ്യമാകുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. യൂറോപ്യന്‍ രാജ്യങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ സയണിസത്തെ പിന്താങ്ങുമ്പോള്‍ അമേരിക്കന്‍ പ്രൊട്ടസ്റ്റന്‍റിസം വിശ്വാസപരമായ കാരണങ്ങളാലാണ് ഇന്നും ഇസ്രായേലിനേ പിന്താങ്ങുന്നത് എന്നൊരു പ്രത്യേകതയുമണ്ട്.

♦️🇮🇱പത്തൊമ്പതാം നൂറ്റാണ്ടിലെ

ഇംഗ്ലണ്ടും ക്രിസ്റ്റ്യന്‍ സയണിസവും

1800-കളുടെ ആരംഭം മുതല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം മതപരമായും രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ ശക്തിമത്തായ കാലഘട്ടമായിരുന്നു. പുതിയ കോളനികളുടെ സ്ഥാപനവും അന്തര്‍ദേശീയ തലത്തില്‍ കടല്‍മാര്‍ഗ്ഗമുള്ള കച്ചവടമേധാവിത്വവും ഇംഗ്ലണ്ടിനെ സാമ്പത്തികമായി ഏറെ ഉയര്‍ത്തി. രാഷ്ട്രീയമായി ലോകരാജ്യങ്ങള്‍ക്കുമേല്‍ ഇംഗ്ലണ്ടിനുണ്ടായിരുന്ന രാഷ്ട്രീയ അധികാരവും ആംഗ്ലിക്കന്‍ സഭയുടെ സുവിശേഷീകരണ പ്രവര്‍ത്തനങ്ങളിലൂടെ വിവിധ ബ്രിട്ടീഷ് കോളനികൾക്കു മേൽ രാജ്യത്തിനു കൈവന്ന മതാധികാരവും ഇംഗ്ലണ്ടിനു യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ മേധാവിത്വം നല്‍കി. ഇപ്രകാരമൊരു രാഷ്ട്രീയ, മതപശ്ചാത്തലത്തില്‍ രാജ്യം മുന്നേറിക്കൊണ്ടിരുന്നതിനാൽ ക്രിസ്റ്റ്യന്‍ സയണിസ്റ്റ് ദര്‍ശനങ്ങള്‍ക്ക് ഒരു അന്തര്‍ദേശീയ സ്വഭാവം കൈവന്നു.

ജെ.എന്‍ ഡാര്‍ബി എന്ന പ്ലിമൗത്ത് ബ്രദറണ്‍

(Plymouth Brethren) സമൂഹത്തിലെ ബൈബിള്‍ പണ്ഡിതന്‍ ഉയര്‍ത്തിയ നിരവധി ദൈവശാസ്ത്ര വീക്ഷണങ്ങള്‍ ആംഗ്ലിക്കന്‍ സഭയെ ഇക്കാലത്ത് വളരെ സ്വാധീനിച്ചതായി പറയപ്പെടുന്നു. ഇസ്രായേല്‍ യഥാസ്ഥാനപ്പെടും, തുടര്‍ന്ന് യേശു ക്രിസ്തുവിന്‍റെ സഭ മധ്യാകാശത്തിലേക്ക് എടുക്കപ്പെടും, തുടര്‍ന്ന് വലിയൊരു പീഡനകാലം ഭൂമിയിൽ ഉണ്ടാകും തുടങ്ങിയ പഠനങ്ങളാണ് ജെ.എന്‍ ഡാര്‍ബി പഠിപ്പിച്ചത്. ഇത് ആംഗ്ലിക്കന്‍ സഭയേയും ഏറെ സ്വാധീനിച്ചു. ഇക്കാലത്ത് പ്രമുഖ ആംഗ്ലിക്കന്‍ ബിഷപ്പായിരുന്ന റവ ജോണ്‍ ചാള്‍സ് റൈലി (John Charles Ryle 1816-1900) എഴുതിയ “പ്രീമില്ലേനിയം ക്രീഡ്” (pre-millennium creed) ലോകത്താകമാനമുള്ള ആംഗ്ലിക്കന്‍ സഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ഘടകങ്ങളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടിലുള്ള ക്രിസ്ത്യന്‍ സയണിസത്തെ ഏറെ ശക്തമാക്കി.

♦️🇮🇱 പത്തൊമ്പതാം നൂറ്റാണ്ടും

ക്രിസ്റ്റ്യന്‍ സയണിസവും

19-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീനമുള്ള ലോര്‍ഡ് ഷാഫ്റ്റ്സ്ബറി (Anthony Ashley-Cooper, 7th Earl of Shaftesbury

1801-1885) അതിശക്തനായ ഒരു ക്രിസ്റ്റ്യന്‍ സയണിസ്റ്റായിരുന്നു. യേശുക്രിസ്തുവിന്‍റെ മഹത്വപ്രത്യക്ഷത ഉണ്ടാകണമെങ്കിൽ ഇതിനു മുന്നോടിയായി ഇസ്രായേല്‍ യഥാസ്ഥാപനപ്പെടണം എന്നതും ലോര്‍ഡ് ഷാഫ്റ്റ്സ്ബറി ശക്തമായി വിശ്വസിച്ചിരുന്നു. ഈ വിശ്വാസം തന്‍റെ സമകാലികരായ എല്ലാ രാഷ്ട്രീയക്കാരെയും രാഷ്ട്രതന്ത്രജ്ഞരെയും അദ്ദേഹം ബോധ്യപ്പെടുത്തി. യഹൂദര്‍ക്ക് പലസ്തീന്‍ ദേശത്തേക്ക് മടങ്ങിപ്പോകുവാനും അവിടെ അവരുടെ പിതാക്കന്മാരുടെ ദേശം സ്വന്തമാക്കുവാനുമുള്ള ഒരു രാഷ്ട്രീയ നയം ബ്രിട്ടിഷ് ഭരണാധികാരികളില്‍ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയും പിന്നീട് 1859 മുതല്‍ 1865 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന ലോര്‍ഡ് പാമര്‍സ്റ്റോണിനെ സ്വാധീനിച്ച് ക്രിസ്ത്യന്‍ സയണിസം എന്നത് ബ്രിട്ടന്‍റെ ഔദ്യോഗിക നയമാക്കി മാറ്റിയെടുക്കാന്‍ ലോര്‍ഡ് ഷാഫ്റ്റ്സ്ബറിക്കു കഴിഞ്ഞു എന്ന് അമേരിക്കന്‍ ചരിത്രകാരി ബാര്‍ബര ടൂക്മന്‍ (Bible and sword by Barbara W. Tuchman) വിവരിക്കുന്നുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ യഹൂദ യഥാസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വ്യക്തിയായിരുന്നു ബ്രിട്ടീഷ് മിലിട്ടറി ഓഫീസറായിരുന്ന ചാള്‍സ് ഹെന്‍റി ചര്‍ച്ചില്‍. ഒട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന സിറിയയില്‍ ബ്രിട്ടിഷ് മിലിട്ടറി ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം ക്രിസ്റ്റ്യന്‍ സയണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പലസ്തീന്‍ നാട് ഒന്നുകില്‍ ഒരു ഇംഗ്ലീഷ് കോളനിയാക്കി യഹൂദര്‍ക്ക് നല്‍കുക അല്ലെങ്കില്‍ ഈ ദേശമൊരു സ്വതന്ത്രരാജ്യമാക്കണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം.

♦️🇮🇱 ആര്‍ഥര്‍ ജയിംസ് ബാല്‍ഫോറും

ഇസ്രായേല്‍ യഥാസ്ഥാപനവും

ഫാദര്‍ ജൊവാക്കിം ഓഫ് ഫിയോറി, ഫാ ജോണ്‍ ഓഫ് റൂപെസ്കിസ്സ എന്നീ കത്തോലിക്കാ സന്യാസികളില്‍ തുടക്കംകുറച്ച സയണിസം എന്ന ചിന്ത പിന്നീട് പ്രൊട്ടസ്റ്റന്‍റ് പ്രസ്ഥാനങ്ങളും വിവിധ യൂറോപ്യൻ രാജ്യങ്ങളും ഏറ്റെടുത്തു. ഒടുവില്‍ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയായിരുന്ന ആര്‍ഥര്‍ ബാല്‍ഫോര്‍ (Earl Of Balfour Arthur James Balfour) ആയിരുന്നു യഹൂദന് ഇസ്രായേല്‍ നാട് കൈമാറിക്കൊണ്ട് 1917 നവംബര്‍ രണ്ടിന് ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം നടത്തുന്നത്.

ഇസ്രായേലിന്‍റെ യഥാസ്ഥാപനത്തിന് നൂറ്റാണ്ടുകളായി ജനകോടികള്‍ ആഗ്രഹിച്ചു, രാജാക്കന്മാരും രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ പണ്ഡിതരും എല്ലാം പലനിലകളിലും പ്രവര്‍ത്തിച്ചു. ഒടുവില്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലോര്‍ഡ് ലോയിഡ് ജോര്‍ജും അദ്ദേഹത്തിന്‍റെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന ലോര്‍ഡ് ബാല്‍ഫോറും ഈ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന് കാരണമായി.

ലോര്‍ഡ് ബാല്‍ഫോര്‍ എന്നറിയപ്പെട്ട ആര്‍ഥര്‍ ജയിംസ് ബാല്‍ഫോര്‍ സ്കെട്ടിലാന്‍ഡില്‍ എഡന്‍ബറോയിലുള്ള ഒരു ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചു വളര്‍ന്നത്. കുട്ടിക്കാലം മുതല്‍ ഒരു ക്രിസ്റ്റ്യന്‍ സയണിസ്റ്റ് കാഴ്ചപ്പാടില്‍ അദ്ദേഹം വളര്‍ത്തപ്പെട്ടു. ദൈവശാസ്ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളില്‍ നല്ല അറിവും പ്രാപ്തിയുമുണ്ടായിരുന്നു. യഹൂദരുടെ ജീവിതത്തോടും തത്വചിന്തയോടും അദ്ദേഹത്തിനുള്ള അടുപ്പം വളരെ പ്രസിദ്ധമായിരുന്നു.

ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായിരുന്ന ചാള്‍സ് വാറന്‍, പ്രൊട്ടസ്റ്റന്‍റ് സുവിശേഷകനും വിദേശകാര്യ വകുപ്പിലെ ഓഫീസറുമായിരുന്ന ലോറന്‍സ് ഒലിഫന്‍റ് (1829 – 1888), കവിയും നോവലിസ്റ്റുമായിരുന്ന ജോര്‍ജ് എലിയട്ട്, ലോര്‍ഡ് ലിന്‍ഡ്സേ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും പിന്നീട് രണ്ടുതവണ പ്രധാനമന്ത്രിയുമായിരുന്ന ബെഞ്ചമിന്‍ ഡിസ്രയേലി, ലോര്‍ഡ് മാഞ്ചസ്റ്റര്‍, ഹോള്‍മാന്‍ ഹണ്ട് തുടങ്ങി ബ്രിട്ടീഷ് രാഷ്ട്രീയത്തിന്‍റെയും ബ്രിട്ടിഷ് ആംഗ്ലിക്കന്‍, പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിന്‍റെയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരായ അനേകയിരങ്ങള്‍ നൂറ്റാണ്ടുകളായി നടത്തിയ ക്രിസ്റ്റ്യന്‍ സയണിസ്റ്റ് നീക്കത്തിന്‍റെ ഭാഗമായിട്ടാണ് സ്വതന്ത്ര ഇസ്രായേല്‍ എന്നൊരു രാജ്യം ബാല്‍ഫോര്‍ ഡിക്ലറേഷനിലൂടെ യഹൂദര്‍ക്ക് തിരികെ ലഭിക്കുന്നത്.

♦️🇮🇱 ബൈബിൾ പ്രവചനങ്ങളുടെ

നിവൃത്തി

ഇസ്രായേല്‍ ചിതറിക്കപ്പെടുമെന്ന തിരുവചനങ്ങള്‍ നിവൃത്തിയാകുവാന്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണമായതുപോലെ, യഹൂദന്‍റെ യഥാസ്ഥാപനവും രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവിച്ചു. എസെക്കിയേല്‍ 11:16 “ആകയാല്‍ ഇങ്ങനെ പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവരെ ഞാന്‍ ജനതകളുടെയിടയിലേക്ക് അകറ്റിയെങ്കിലും, രാജ്യങ്ങളുടെയിടയില്‍ അവരെ ഞാന്‍ ചിതറിച്ചെങ്കിലും, അവര്‍ എത്തിച്ചേര്‍ന്ന രാജ്യങ്ങളില്‍ തത്കാലത്തേക്കു ഞാന്‍ അവര്‍ക്കു ദേവാലയമായി. വീണ്ടും പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന് ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്, നിങ്ങളെ ഞാന്‍ ശേഖരിക്കും. ഇസ്രായേല്‍ദേശം നിങ്ങള്‍ക്കു ഞാന്‍ നല്‍കും”

വാക്യം പതിനാറിനും പതിനേഴിനും ഇടയില്‍ കടന്നുപോയത് യഹൂദരുടെ ജീവിതത്തിലെ സമാനതകളില്ലാത്ത ചരിത്രവും കാലഘട്ടവുമായിരുന്നു.

മാത്യൂ ചെമ്പുകണ്ടത്തിൽ

(അവസാനിച്ചു)

നിങ്ങൾ വിട്ടുപോയത്