വാച്ച്മാൻ നീ എന്ന, ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ചൈനീസ് മിഷനറി സഞ്ചരിച്ചിരുന്ന ട്രെയിൻ ചൈനയിൽ, നഗരങ്ങളിൽ നിന്നകലെ ഗ്രാമപ്രദേശങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം കമ്പാർട്ട്മെന്റിന്റെ ഒരു മൂലയിലിരുന്ന് ബൈബിൾ വായിക്കുന്നു.
ബഹളം വെച്ചുകൊണ്ടിരിക്കുന്ന മൂന്ന് യുവാക്കൾ ഒരു സ്റ്റേഷനിൽ നിന്ന് കയറി. ട്രെയിൻ വളരെ പതുക്കെയാണ് പോയിക്കൊണ്ടിരിക്കുന്നത് , അവർക്ക് ബോറടിച്ചു. അവസാനം ചീട്ട് കളിക്കാമെന്ന തീരുമാനത്തിൽ അവരെത്തി. പക്ഷെ അവർ വിചാരിക്കുന്ന കളിക്ക് നാലുപേർ വേണം. ചുറ്റും നോക്കിയ അവർ ആ ചൈനീസ് മിഷനറിയെ കണ്ട് അടുത്തേക്ക് ചെന്ന് ചീട്ടുകളിക്ക് വിളിച്ചു.
“തനിച്ചിരുന്ന് ബോറടിച്ചില്ലേ ? നമ്മുടെ കയ്യിൽ കുറെ സമയമുണ്ട്. ഒരു കളിക്ക് ചേരാമോ ഞങ്ങടെ കൂടെ ? “
നന്നായി പുഞ്ചിരിച്ചിട്ട് അദ്ദേഹം നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു, ” മക്കളെ , നിങ്ങടെ കൂടെ കളിക്കാൻ എനിക്കെത്ര ആഗ്രഹമാണെന്നോ ? എനിക്ക് ചീട്ട് കളിക്കാൻ ഭയങ്കര ഇഷ്ടവുമാണ്. പക്ഷെ കളിക്കാൻ എനിക്കിപ്പോൾ കൈകളില്ലല്ലോ”. കേട്ടുനിന്ന മൂവരും അമ്പരന്നുപോയി. കാരണം ആ മിഷനറിയുടെ കൈകളിൽ ബൈബിൾ തുറന്നിരിക്കുന്നത് അവർക്ക് കാണാമായിരുന്നു. അത് ചൂണ്ടികാണിച്ച് കുറച്ചു ഈർഷ്യയോടെ അവർ ചോദിച്ചു, “നിങ്ങൾക്ക് കൈകളില്ല , പക്ഷെ അത് ഉപയോഗിച്ചു ബുക്ക് പിടിക്കാൻ അറിയാം. നിങ്ങൾ പൊട്ടൻ കളിക്ക്യാണോ മിസ്റ്റർ ? “
ഭാവഭേദമില്ലാതെ പുഞ്ചിരിയോടെ തന്നെ വാച്ച്മാൻ നീ പറഞ്ഞു , ” ഓ , ഈ കൈകളോ ? എനിക്കിഷ്ടമുള്ളതു പോലെ ചെയ്യാൻ ഈ കൈകൾ എടുക്കാൻ പറ്റില്ല. വർഷങ്ങൾക്ക് മുൻപേ ഞാനീ കൈകൾ എന്റെ കർത്താവായ യേശുവിനു കൊടുത്തതാ. ഇപ്പോൾ ഇത് അവന്റെ കൈകളാണ് “.
ഈശോ എങ്ങനെയാണ് നഷ്ടപ്പെട്ടുപോയവർക്കായി സ്വജീവൻ നൽകിയതെന്നും ആണികൾ അടിച്ചുകയറ്റാനായി എങ്ങനെ അവൻ തൻറെ കൈകൾ നീട്ടിക്കൊടുത്തതെന്നും അദ്ദേഹം അവരോട് വിവരിച്ചു . “ഞാനെന്റെ കൈകൾ അവനു കൊടുക്കുന്നതിന് വളരെ മുൻപേ അവൻ അവന്റെ കൈകൾ ആണിപ്പഴുതിലേക്ക് നീട്ടിക്കൊടുത്തു, നിങ്ങളും ഞാനും , ലോകം മുഴുവനും രക്ഷിക്കപ്പെടാനായി”.
അവർ സ്തബ്ധരായി നിൽക്കവേ വാച്ച്മാൻ നീ , യേശു എങ്ങനെ അനേകരുടെ മോചനദ്രവ്യമായി തൻറെ ജീവൻ കുരിശിൽ അർപ്പിച്ചെന്നും, ക്ഷതമേൽക്കാൻ ബാക്കിയില്ലാത്ത അവന്റെ ശരീരത്തിനൊപ്പം സ്നേഹാർദ്രമായ ഹൃദയവും കുത്തിതുറക്കപ്പെട്ടെന്നും, തൻറെ സ്വന്തജീവിതം ഈശോക്ക് കൊടുക്കാനുണ്ടായ സാഹചര്യങ്ങളെ പറ്റിയുമൊക്കെ പറഞ്ഞുകൊണ്ടിരുന്നു.
“അവൻ ജീവൻ വെടിഞ്ഞ കുരിശിലേക്ക് നോക്കുംതോറും അവനോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം നിറഞ്ഞു കവിഞ്ഞു. എന്റെ കൈകളായിരുന്നു അവനു പകരം കുത്തിത്തുളക്കപ്പെടേണ്ടിയിരുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു.ഇന്നെന്റെ ശരീരത്തിൽ എന്റെ കൈകളുണ്ടെങ്കിൽ അത് എന്റെ നാഥന്റെ ജീവാർപ്പണം കൊണ്ടുമാത്രമാണ് . അതുകൊണ്ട് , തോന്നിയപോലെ എനിക്കത് ഉപയോഗിക്കാൻ പറ്റില്ല. എന്റെ ഈശോ ആഗ്രഹിക്കുന്നതുപോലെ മാത്രമേ ഞാനെന്റെ കൈകൾ ചലിപ്പിക്കൂ .. എന്റെ ജീവിതം ജീവിക്കൂ ..”
സന്തോഷത്തോടെ പിന്നെ അദ്ദേഹം അവരോട് പറഞ്ഞു , “എന്റെ ജീവിതത്തിന്റെ ഉടമ യേശു ആയതുകൊണ്ട് അതിലെ ഓരോ നിമിഷവും അർത്ഥപൂർണ്ണവും വിലപ്പെട്ടതും ആയിമാറി “. ആ രാത്രി മുഴുവൻ ആ യുവാക്കൾ അതേപ്പറ്റി തമ്മിൽ തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. പ്രഭാതമായപ്പോഴേക്ക് തങ്ങളുടെ ജീവിതം യേശുവിന് കൊടുക്കാൻ അവർ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു.
ഈശോയുടെ അനുയായികൾ എന്ന് സ്വയം അവകാശപെടുന്നുണ്ടെങ്കിൽ നമ്മൾ സ്വീകരിക്കേണ്ട രീതിയും ഇതല്ലേ. നമ്മളോടുള്ള സ്നേഹത്താൽ എരിയുന്ന ഹൃദയം പോലും കുത്തിത്തുറന്നുകാണിച്ചാണ് ഈശോ നമ്മളെ സ്നേഹിച്ചത്. ചങ്കെടുത്തു കാണിച്ചാൽ ചെമ്പരത്തിപ്പൂവെന്നു പറയുന്ന, ഈശോയുടെ ചങ്കുകൾ എന്നവകാശപ്പെടുന്ന നമ്മളോട് ഇതിലും മേലെ അവൻ എന്ത് കാണിക്കും ? എന്നിട്ടും എന്റെ ഹൃദയവും ജീവിതവും അവനെ ഏൽപ്പിക്കാതെ ഞാൻ പിടിച്ചുവെക്കുന്നു ,ഇതിൽ കൂടുതൽ എന്താണ് അവൻ തൻറെ പ്രിയപ്പെട്ട മുന്തിരിത്തോട്ടത്തിനായി ചെയ്യേണ്ടിയിരുന്നത് ? എന്നിട്ടും കാട്ടുമുന്തിരി ആണോ ഞാനവന് കൊടുത്തുകൊണ്ടിരിക്കുന്നത്
‘നാം ജീവിക്കുന്നെങ്കിൽ കർത്താവിന് സ്വന്തമായി ജീവിക്കുന്നു’ ( റോമാ 14:8)
നമ്മൾ ചെയ്യുന്നതിനെ പറ്റിയെല്ലാം നമ്മൾ ബോധവാന്മാരാകേണ്ടിയിരിക്കുന്നു. ദേഷ്യപ്പെടുന്നത് , തിന്മയായത് മനഃപൂർവ്വം കണ്ടുകൊണ്ടിരിക്കുന്നത് , മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്, എല്ലാം. നമ്മൾ എത്ര അകന്നുപോയാലും ഈശോയുടെ മുറിവേറ്റ ഹൃദയം നമുക്കായി ഇന്നും തുടിക്കുന്നു, അവനിലേക്ക് നോക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു. അവനിലേക്ക് നോക്കാം .. ആ ചങ്കിലേക്ക് , നമ്മുടെ ചങ്കാകേണ്ടവനിലേക്ക് ..
ജിൽസ ജോയ്