പാലക്കാട്: സ്നേഹത്തിന്റെ അവതാരമാണ് ഓരോ അമ്മയുമെന്ന് പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. മുണ്ടൂർ യുവക്ഷേത്ര കോളജിൽ അന്തർദേശീയ സീറോ മലബാർ മാതൃവേദി ജനറൽ ബോഡി യോഗം, ഇലക്ഷൻ കാന്പയിൻ എന്നിവയോടനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃവേദി ബിഷപ് ഡലഗേറ്റ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. രാവിലെ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ പതാക ഉയർത്തിയതോടെ സമ്മേളനത്തിനു തുടക്കമായി. തുടർന്ന് പരിശുദ്ധ അമ്മയെ വേദിയിൽ പ്രതിഷ്ഠിക്കൽ ചടങ്ങിനു പാലക്കാട് രൂപത മാതൃവേദി ഡയറക്ടർ ഫാ. ബിജു കല്ലിങ്ങൽ നേതൃത്വം നൽകി. അന്തർദേശീയ ഭാരവാഹികൾ, രൂപത ഡയറക്ടർമാർ, ആനിമേറ്റർമാർ, രൂപത പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളനത്തിൽ അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി. റീത്താമ്മ അധ്യക്ഷയായിരുന്നു. മാതൃവേദി ഡയറക്ടർ ഫാ. വിൽസണ് എലുവത്തിങ്കൽ കൂനൻ ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ റിപ്പോർട്ടും, സെക്രട്ടറി റിൻസി ജോസ് കണക്കും അവതരിപ്പിച്ചു.
പാലക്കാട് രൂപത മാതൃവേദി ഡയറക്ടർ ഫാ. ബിജു കല്ലിങ്ങൽ, അന്തർദേശീയ മാതൃവേദി ആനിമേറ്റർ ഡോ. സിസ്റ്റർ ജീസ, പാലക്കാട് രൂപത മാതൃവേദി പ്രസിഡന്റ് സോളി തോമസ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ജോണ് സ്വാഗതവും സെക്രട്ടറി മേഴ്സി ജോസഫ് നന്ദിയും പറഞ്ഞു.
തുടർന്ന് റവ. ഡോ. മാത്യു ഇല്ലത്തുപറന്പിൽ, തൃശൂർ അതിരൂപത മാതൃവേദി പ്രസിഡന്റ് എൽസി വിൻസെന്റ് എന്നിവർ ക്ലാസെടുത്തു. പാലാ രൂപത മാതൃവേദി സെനറ്റ് മെംബർ മേരിക്കുട്ടി അഗസ്റ്റിൻ നന്ദി പറഞ്ഞു.
ഉച്ചയ്ക്കുശേഷം രൂപത റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കോതമംഗലം രൂപത മാതൃവേദി ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ മോഡറേറ്ററായിരുന്നു. ഡോ. അരുണ് കലമറ്റം, കോതമംഗലം രൂപത മാതൃവേദി പ്രസിഡന്റ് മിനി ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. മാനന്തവാടി രൂപത മാതൃവേദി പ്രസിഡന്റ് ഫിലോ ചേലക്കൽ നന്ദി പറഞ്ഞു. പരിപാടികൾ ഇന്നു സമാപിക്കും.