‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് ‘(ലൂക്കാ 12:15).
മനുഷ്യമനസ്സ് നന്നായി അറിയാവുന്ന കൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. ഭക്ഷണാസക്തി, ജഢികാസക്തി ഒക്കെ പ്രായം ചെല്ലും തോറും കുറയാനും അപ്രത്യക്ഷമാകാനുമാണ് സാധ്യത. എന്നാൽ മരണം വരെയും കുറയാതെ ചിലരുടെ കൂടെ നിൽക്കാൻ ചാൻസുള്ള ഒന്നാണ് സമ്പത്തിനോടുള്ള ആസക്തി.
എനിക്ക് പരിചയമുള്ള ഒരു അമ്മൂമ്മയുണ്ട്. ആയകാലത്ത് നല്ലവണ്ണം മക്കൾക്കായി എല്ലുമുറിഞ്ഞു പണി എടുത്തിട്ടുള്ള ആളാണ്. നല്ല നിലയിലെത്തിയ , പ്രവാസികളായ മക്കൾ വയസ്സുകാലത്തു അമ്മക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും വെച്ച് സുഖമായി കഴിയാനുള്ള തുക എല്ലാ മാസവും അയച്ചു കൊടുത്തു. ഈ അമ്മ ആവട്ടെ അതൊക്കെ എവിടെയോ കൊണ്ടുപോയി നിക്ഷേപിച്ചു കൊണ്ടിരുന്നു, നല്ല ഭക്ഷണമൊന്നും കഴിക്കാതെ ദാരിദ്ര്യത്തിലെന്ന പോലെ ജീവിച്ചു. പിരിവുകാരേയും സഹായം ചോദിക്കുന്നവരെയും ഒന്നും അടുപ്പിക്കില്ല. ഒടുക്കം ആ പൈസ മുഴുവൻ എടുത്തു ഒരു പരിചയക്കാരിക്ക് പലിശക്ക് കൊടുത്തു. അവർ പലിശയും കൊടുത്തില്ല, മുതലും കൊടുത്തില്ല. പിന്നീട് മക്കളുടെ കൂടെ പോയി നിന്നെങ്കിലും മരിക്കുന്ന വരെയും പൈസ പോയ വിഷമത്തിൽ ആയിരുന്നു അമ്മൂമ്മ. എന്ത് കാര്യമുണ്ടായി?
‘സമ്പത്തിന്റെ ദൈവശാസ്ത്രം’ എന്ന പേരിൽറോസമ്മ പുൽപ്പേൽ എഴുതിയ പുസ്തകത്തിൽ തന്റെ മാതാപിതാക്കൾ കാണിച്ചു തന്ന മാതൃക പറയുന്നുണ്ട്. ഹോസ്റ്റലിൽ പഠിച്ചുകൊണ്ടിരുന്ന സഹോദരങ്ങൾ അവധിക്ക് വീട്ടിൽ വരുമ്പോൾ ഉടുക്കാനുള്ള കൈലി ഒന്നും കാണില്ല.. റോസമ്മ പുൽപ്പേലിന്റെ പിതാവ് ഡോക്ടർ ആയിരുന്നു കേട്ടോ. വീട്ടിലെയും പറമ്പിലെയുമൊക്കെ പണിക്കായി കുറേ പണിക്കാർ ഉണ്ടായിരുന്നു). അമ്മച്ചിയെ വിളിച്ച് മക്കൾ ചോദിക്കുമ്പോൾ അമ്മച്ചി ചെറുചിരിയോടെ പറയും, “ തീരെ പാവപ്പെട്ടവർക്ക് കൊടുത്തതാ. അവർക്ക് വീട്ടിൽ ഉടുക്കാൻ കൈലിയൊന്നും കാണില്ല. കുളിച്ചു മാറാൻ കൊടുത്തതാണ്. നമുക്ക് വേറെ വാങ്ങാമല്ലോ”. പാവപ്പെട്ടവരോട് ഒത്തിരി കരുണ കാണിച്ചിരുന്ന കുടുംബമായിരുന്നു.
ആ അമ്മച്ചി മരിക്കുന്നതിന് മുൻപ് ഒരു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ന്യൂമോണിയയും ശ്വാസംമുട്ടലും ബാധിച്ച്. അമ്മച്ചിയുടെ ഡ്രസ്സ് എടുക്കുന്നതിനായി വീട്ടിൽ പോയി നോക്കിയപ്പോൾ, ഒരെണ്ണമോ മറ്റോ ഒഴിച്ച് ശൂന്യമായ അലമാരി ആണ് കണ്ടത്. തന്റെ വസ്ത്രങ്ങളെല്ലാം തന്നെ അമ്മച്ചി ഏതെങ്കിലും പാവങ്ങൾക്ക് എടുത്തു കൊടുത്തതാണ്. മൂത്ത മകൻ ഐസക് ജോസഫ് ലൂണാർ റബ്ബർസ് ഉടമ, മറ്റു മക്കളും നല്ല നിലയിൽ.. അങ്ങനുള്ള ഒരു അമ്മച്ചി ആണെന്നോർക്കണം. അമേരിക്കയിലുള്ള മകൾ കൊണ്ടുവന്നു കൊടുത്തിരുന്ന വിലകൂടിയ ഒരു സ്വെറ്റർ ഉണ്ടായിരുന്നു. അതും കിട്ടിയില്ല നോക്കിയപ്പോൾ. എവിടെയാ വെച്ചിരിക്കുന്നെ എന്ന് ചോദിച്ചപ്പോൾ ചിരിയോടെ അമ്മച്ചി, “അത് ടാപ്പിംഗ്കാരന് പുറംവേദന ആയതുകൊണ്ട് ഇടാൻ കൊടുത്തു. രാവിലെ ടാപ്പിംഗ് ന് വരുമ്പോൾ നല്ല തണുപ്പാണ്. തണുപ്പടിച്ചു വേദന കൂടാതിരിക്കാൻ കൊടുത്തതാണ്” എന്ന് പറഞ്ഞു.
മരിക്കും വരെയും അമ്മച്ചിക്ക് പാവങ്ങളെക്കുറിച്ച് ചിന്തയായിരുന്നു. മകൾക്കെഴുതിയ അവസാനത്തെ എഴുത്തിലും, ആത്മരക്ഷക്കായുള്ള മറ്റ് നിർദ്ദേശങ്ങൾക്കൊപ്പം തന്റെ കഴുത്തിലുള്ള നാല് പവന്റെ മാലയും രണ്ട് പവന്റെ വളകളും വിറ്റ് പാവപ്പെട്ട കുറച്ച് പെൺകുട്ടികളുടെ വിവാഹത്തിനായി കൊടുക്കണമെന്നും ഇച്ചായന്റെ പെൻഷൻ കൊണ്ട് ചെക്കനും പെണ്ണിനുമുള്ള വസ്ത്രങ്ങൾ വാങ്ങണമെന്നത് പോലെയുള്ള പല ഉപദേശങ്ങളും ഉണ്ടായിരുന്നു. “എന്റെ പെണ്മക്കളും ആൺമക്കളും നല്ല നിലയിൽ എത്തി. പാവപ്പെട്ടവരുടെ കാര്യമോർക്കുമ്പോൾ മനസ്സ് വേദനിക്കുകയാണ്. നമ്മളെയും അവരെപ്പോലെ ആക്കിയിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ? “ പണിക്കാർ മോഷ്ടിച്ചു കൊണ്ടുപോയാൽ പോലും അത് തങ്ങളുടെ ദാനധർമ്മത്തിലുള്ള കുറവ് തീർന്നതാണെന്നു വിചാരിക്കുന്ന അമ്മച്ചി. അമ്മച്ചി മരിക്കുന്നത് 1995 ൽ ആണ്.
ഈ അമ്മച്ചിയുടെയും ഇച്ചായന്റെയും മക്കൾ ഇത്രയും പരസ്നേഹവും ആത്മീയതയും ഉള്ളവരായി വളർന്നില്ലെങ്കിൽ അല്ലേ അതിശയമുള്ളു. ടെക്സ്റ്റൈൽസിലെയും വീട്ടിലെയും ജോലിക്കാരെ സഹപ്രവർത്തകർ എന്നല്ലാതെ . റോസമ്മ തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ വസ്ത്രവ്യാപാരരംഗത്ത് അനേക വർഷത്തെ പാരമ്പര്യമുള്ള പുൽപ്പേൽ ടെക്സ്റ്റൈൽസ് ന്റെ ഉടമയായ റോസമ്മ പുൽപ്പേൽ തന്റെയും കുടുബത്തിന്റെയും ജീവിതാനുഭവങ്ങൾ ഇഴ ചേർത്ത് പറയുന്നത് കൊണ്ട് തികഞ്ഞ ആധികാരികതയാണ് പുസ്തകത്തിനുള്ളത്. സോഫിയ ബുക്സ് പുറത്തിറക്കിയ ഈ ‘സമ്പത്തിന്റെ ദൈവശാസ്ത്രം’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത് ഞാനാണ്. അങ്ങനെയാണ് എനിക്ക് ഇതിനെപറ്റി അറിയുന്നത്. റോസമ്മ പുൽപ്പേലിന്റെ ‘സ്നേഹചിറക്’ എന്ന പുസ്തകവും ഇംഗ്ലീഷ്ലേക്ക് വിവർത്തനം ചെയ്തത് ഞാനായിരുന്നു.
ഷെവലിയർ ബെന്നി പുന്നത്തറ പുസ്തകത്തിന്റെ അവതാരികയിൽ പറഞ്ഞിരിക്കുന്ന പോലെ, സമ്പത്ത് ധാരാളം ഉണ്ടായിട്ടും സമാധാനം ഇല്ലാത്തവർക്കും, സമ്പത്ത് നേടാനായി രാപകൽ അധ്വാനിച്ചിട്ടും ഒന്നും നേടാനാവാത്തവർക്കും, സമ്പത്തിനായി ദൈവത്തെയും സമൂഹത്തെയും മറന്നു ജീവിക്കുന്നവർക്കും, അനീതിയിൽ കഴിയുന്നവർക്കുമൊക്കെയുള്ള ഒരു സുവിശേഷമാണ് ‘സമ്പത്തിന്റെ ദൈവശാസ്ത്രം‘ എന്ന പുസ്തകം.
സമ്പത്ത് അതിൽ തന്നെ ഒരു കുറ്റമല്ല, സമ്പന്നർ തെറ്റുകാരും അല്ല, പക്ഷേ നമുക്കുള്ളതിന്റെയെല്ലാം ഉടമ ദൈവമാണെന്നും നമ്മൾ കാര്യസ്ഥർ മാത്രമാണെന്നമുള്ള ബോധ്യം ഉണ്ടാകുമ്പോൾ സമ്പത്ത് മറ്റുള്ളവർക്ക് വേണ്ടി കൂടെ ചിലവഴിക്കാനും സമാധാനത്തോടെ ജീവിക്കാനും സാധിക്കുന്നു. ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്ന് പറഞ്ഞ ഈശോ തന്നെ ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും പറഞ്ഞിട്ടുണ്ട്. അപ്പോൾ, ദൈവത്തിൽ ആശ്രയിക്കുക എന്നതാണ് പരമപ്രധാനം, പിന്നെ അവൻ പറയും പോലെ ചെയ്യുക എന്നതും.
ജിൽസ ജോയ്