ചങ്ങനാശ്ശേരി അതിരൂപതയിൽ ഗ്രിഗറി ഓണംകുളത്തച്ചൻ സോഷ്യൽ സർവീസ് ഡയറക്ടറായി ചുമതല ഏൽക്കുമ്പോൾ, ഞാൻ തിരുവല്ല രൂപതയിൽ സോഷ്യൽ സർവീസ് ഡയറക്ടറായിരുന്നു. കേരള കത്തോലിക്കാ സഭയിലെ സോഷ്യൽ സർവീസ് സൊസൈറ്റികളെ സി ബി സി ഐ യുടെ “കാരിത്താസ് ഇന്ത്യ”യിൽ പ്രതിനിധീകരിച്ചിരുന്നതുകൊണ്ട്,

എല്ലാ സോസൈറ്റികളുമായി അടുത്തിടപഴകാനും പ്രവർത്തനങ്ങൾ മനസ്സിലാക്കാനും എനിക്കു കഴിഞ്ഞിരുന്നു.

തൊണ്ണൂറുകളിൽ, ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സോസൈറ്റിയേയും ചാസ്സ് എന്ന അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും ദേശീയതലത്തിൽ ശ്രദ്ധേയമായ രീതിയിൽ വളർത്തിക്കൊണ്ടു വന്നതും അതിന്റെ വളർച്ചയിൽ കാര്യക്ഷമമായ നേതൃത്വം നൽകിയതും ഗ്രിഗറി അച്ചനായിരുന്നു! അച്ചന്റെ നേതൃത്വത്തേയും ചങ്ങനാശ്ശേരി അതിരൂപതയുടെ സാമൂഹ്യ വികസന പരിപാടികളെയും ഏറെ ആദരവോടെയും ബഹുമാനത്തോടെയും നോക്കിക്കണ്ടിരുന്നത് ഓർക്കുന്നു… അതിലെല്ലാം ഉപരി, അച്ചനുമായി വ്യക്തിപരമായും സ്നേഹവും സൗഹൃദവും പുലർത്തി പോന്നതും ഓർക്കുന്നു!

ഞാൻ പി ഓ സിയിൽ ഉണ്ടായിരുന്നപ്പോഴും അതിനു ശേഷവും ആ സൗഹൃദം നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്!

ലാളിത്യവും പരിശുദ്ധിയും നിഷ്കളങ്കമായ സ്നേഹവും ജീവിതത്തിൽ എന്നും പുലർത്തിയിരുന്ന ഗ്രിഗറി അച്ചന്റെ നിര്യാണത്തിൽ വേദനിക്കുമ്പോഴും, ഒരുപിടി നല്ല ഓർമ്മകളും അച്ചന്റെ പുഞ്ചിരിയും മനസ്സിൽ നിറയുന്നു!

RIP🙏 സ്നേഹാദരങ്ങളോടെ, ആദരാഞ്ജലികൾ!

ഫാ. വർഗീസ് വള്ളിക്കാട്ട്