
ഒരു പക്ഷേ നമ്മുക്ക് കേട്ടു കേൾവി മാത്രമുള്ള കഥയായി മാറുകയാണ് വെച്ചൂച്ചിറ പിണമറുകിൽ (നിരപ്പേൽ )
N.Mഎബ്രഹാം എന്ന കുട്ടി പാപ്പൻ .. (90 വയസ്സ്)
ഭാര്യ മേരിക്കുട്ടി .
ഇവർക്ക് 19 മക്കളാണ് ഉണ്ടായിരുന്നത്. അതിൽ നാലു പേർ മരിച്ചു പോയി .
മക്കളെയെല്ലാം ആ മാതാപിതാക്കൾ കഷ്ടപ്പെട്ട് വളർത്തി.
പലരും ഇപ്പോൾ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ഒരാൾ കുവൈറ്റിലും, മറ്റൊരാൾ അയർലണ്ടിലും,
രണ്ടുപേർ സൗദിയിലും, രണ്ടുപേർ സിംഗപ്പൂരും, ഒരു മകൾ ആഫ്രിക്കയിലെ ടാൻസാനിയയിൽ സിസ്റ്റർ ആയും സേവനം ചെയ്യുന്നു. ഒരു മകൻ ഡെറാഡൂണിൽ സ്കൂൾ മാനേജർ ആയും, രണ്ടു പേർ നേഴ്സ് ആയ ഡൽഹിയിലും, , വേറൊരു മകൻ ബിസിഎ പഠിച്ച് എറണാകുളത്തും, മറ്റൊരു മകൻ സെയിൽസ് മാനേജർ ആയി കോഴിക്കോടും മറ്റുള്ളവർ കൃഷിയും ബിസിനസുമായി കേരളത്തിനകത്തും പുറത്തും
ജീവിക്കുന്നു.
ഈ കുടുംബത്തിൻ്റെ സ്വന്തം ദേശം ഇടമറ്റമാണെങ്കിലും അവിടെനിന്ന് പാലായിലേക്കും പിന്നീട് വെച്ചുച്ചിറ യിലേക്കും ‘ താമസം മാറുകയായിരുന്നു..
ഇവരുടെ ജീവിതം അടുത്തറിഞ്ഞ ഡോ.സുമ ജിൽസൺ പറഞ്ഞ അനുഭവങ്ങളാണ് ഇനി കുറിക്കുന്നത്.
“ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ നാലാമത്തെ കുട്ടി ജനിച്ചതുമുതൽ ബന്ധുമിത്രാദികൾ സ്ഥിരം പരിഹസിച്ചിരുന്നത്, മേൽപ്പറഞ്ഞ കുട്ടിപാപ്പന്റെയും എളാമ്മയുടെയും പാരമ്പര്യം ഞങ്ങളുടെ കുടുംബത്തിലും പിന്തുടരുന്നു എന്ന് പറഞ്ഞിട്ടാണ്.
ചെറുപ്പകാലത്ത് വെച്ചുച്ചിറയിൽ ഒരു മലഞ്ചെരുവിൽ ആണ് ഞങ്ങൾ രണ്ടു കൂട്ടരും താമസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്നും കുറെയേറെ മലകയറിയാലെ കുട്ടി പാപ്പന്റെ വീട്ടിൽ എത്തുകയുള്ളൂ. വീട്ടിൽ നിന്നാൽ കാണാൻ സാധിക്കാത്ത അത്ര ദൂരത്തിലായിരുന്നു അവരുടെ വാസം..
അവധിക്കാലങ്ങളിലെ സൺഡേസ്കൂൾ ഇന്റൻസീവ് വേദപാഠ ക്ലാസുകൾ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അവിടുത്തെ നാലഞ്ചുകുട്ടികൾ എങ്കിലും ഞങ്ങളുടെ കൂടെ ഉണ്ടാവും. അന്നൊക്കെ സ്കൂളിലോ സൺഡേസ്കൂളിലോ പോകുമ്പോൾ വാട്ടർ ബോട്ടിൽ കൊണ്ടുപോകാറില്ല, കുട ഉപയോഗിക്കാറില്ല.. ചെരിപ്പ് ഉള്ളവർ തന്നെ കുറവ്.. ഉച്ചയ്ക്ക് ഒരു മണിയോടെ അടുപ്പിച്ച് രണ്ട് കിലോമീറ്ററിൽപരം ദൂരം വെച്ചുച്ചിറയിൽ നിന്ന് നടന്നുവന്നിരുന്ന കാലം. നഗ്നപാദരായാണ് നടപ്പ്. ടാറിട്ട റോഡിലൂടെ നടക്കണം, പിന്നീട് മൺപാതയിലൂടെ നടന്ന ഞങ്ങളുടെ വീട്ടിൽ എത്തുമ്പോഴേക്കും ഞങ്ങൾ ക്ഷീണിച്ച് അവശരായി കഴിഞ്ഞിരിക്കും. വീട്ടിൽ നിന്ന് വെള്ളം കുടിച്ചിട്ടാണ് കുട്ടി പാപ്പന്റെ മക്കളുടെ തുടർ മലകയറ്റം. എളയമ്മയ്ക്ക് എല്ലാ വർഷവും മക്കളുണ്ടാകുന്നതിനെ ചൊല്ലി എല്ലാവരും തന്നെ കളിയാക്കുക പതിവായിരുന്നു. കൂടെക്കൂടെയുള്ള പ്രസവത്തിന്റ ഫലമായി കാൽസ്യം ഡെഫിഷ്യൻസി കുറവ് കാരണം.. എളയമ്മയുടെ പല്ലുകൾ ചെറുപ്പത്തിലേതന്നെ കൊഴിഞ്ഞു പോയിരുന്നു.. അന്ന് ഇന്നത്തേതുപോലെ അംഗൻവാടികളൊ, കാൽസ്യം കൊടുക്കാൻ ആരോഗ്യപ്രവർത്തകരോ ഇല്ലായിരുന്നു. ചെക്കപ്പിന് പോകാനുള്ള സൗകര്യവും ഇല്ല.. മിക്കവാറും ഗർഭിണി ആണെന്ന് മനസ്സിലായി കഴിഞ്ഞാൽ പിന്നെ പ്രസവത്തിനായിരിക്കും ആശുപത്രിയിൽ പോകുന്നത്.
ചെറുപ്പത്തിലെ തന്നെ പല്ലുകൾ നഷ്ടപ്പെട്ട വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഇളയമ്മ കാണിച്ചിരുന്നു.
എൻറെ വല്യമ്മ ശ്വാസംമുട്ടൽ കാരണം മേരി ക്യൂൻ സ് മിഷൻ ഹോസ്പിറ്റൽ ആശുപത്രിയിൽ അഡ്മിറ്റായി. അന്നത് ഓടുമേഞ്ഞ കെട്ടിടം. അമ്മ അഡ്മിറ്റ് ആയപ്പോൾ, തൊട്ടടുത്ത മുറിയിൽ പ്രസവം കഴിഞ്ഞ് എളയമ്മയും ഉണ്ടായിരുന്നു. ഡോക്ടർ സന്ദർശനത്തിനിടയിൽ കുശലാന്വേഷണം നടത്തിയപ്പോൾ പറഞ്ഞു.” ചേട്ടത്തിയെ, നിങ്ങളുടെ നാട്ടുകാരി തൊട്ടപ്പുറത്ത് മുറിയിൽ ഏഴാമത്തെ പ്രസവം കഴിഞ്ഞ് കിടപ്പുണ്ടല്ലോ” എന്ന്. .. എൻ്റെ വലിയമ്മച്ചി ചാടിക്കേറി പറഞ്ഞു, “ഡോക്ടറേ ഏഴാമത്തെ അല്ല’ പന്ത്രണ്ടാമത്തേതാണ്” എന്ന്. പിന്നീട് മെഡിക്കൽ രേഖകൾ പരിശോധിച്ച് തെറ്റിച്ചു പറഞ്ഞതിനെക്കുറിച്ച് ഡോക്ടർ ചോദിച്ചപ്പോൾ എളയമ്മ പറയുകയാണ്, “പന്ത്രണ്ടാമത്തേത് എന്ന് പറഞ്ഞാൽ പ്രസവം നിർത്താതെ ഡോക്ടർമാർ ഇവിടെനിന്ന് പറഞ്ഞു വിടില്ല എന്നു എനിക്ക് അറിയാം ” എന്ന്… എന്തൊരു ധീരമായ വാക്കുകൾ.
എല്ലാ ഡോക്ടേർസും, ഹെൽത്ത് വർക്കേഴ്സും പ്രസവം നിർത്തൽ ‘പി പി എസ്’ എന്ന ആവശ്യം പറഞ്ഞ എളയമ്മയെയും, കുട്ടിപാപ്പനെയും സ്ഥിരം സമീപിക്കാറുണ്ടായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനാണ് എളയമ്മ അത് ഏഴാമത്തെ പ്രസവം എന്ന് പറഞ്ഞത്. കൂടുതൽ പ്രസവിച്ചാൽ ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് എല്ലാ ഹെൽത്ത് വർക്കേഴ്സിന്റെയും സ്ഥിരം പല്ലവി. കുട്ടിപാപ്പൻ ഇക്കാര്യത്തിൽ എളാമ്മയോട് കട്ട സപ്പോർട്ട് ആയിരുന്നു. ദൈവം തരുന്ന മക്കളെ ഏതവസ്ഥയിലും സ്വീകരിക്കുവാനും, പ്രസവം നിർത്തലിന് യാതൊരു ഒത്തുതീർപ്പും ഇല്ലെന്ന് ഇളയമ്മ വ്യക്തമാക്കിയതോടെ, ആരോഗ്യപ്രവർത്തകർ നാണംകെട്ട് പിന്മാറി.
ഇവരെ അന്ന് ആരോഗ്യത്തിന്റെ പേരിൽ പ്രസവം നിർത്താൻ നിർബന്ധിച്ച പലരും ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിട്ട് ദശകങ്ങൾ കഴിഞ്ഞു.
എഴുപതുകളിൽ പ്രബലമായ നാമൊന്ന് നമുക്ക് രണ്ടു എന്ന ചിന്താരീതി 99 ശതമാനം ആൾക്കാരും ആ കാലഘട്ടത്തിൽ സ്വീകരിച്ചിരുന്നു.
ഇളയമ്മ പിന്നീട് മക്കളെ പ്രസവിക്കാൻ ഒന്നിടവിട്ട് റാന്നി മേനാതോട്ടം ആശുപത്രിയിലും, അല്ലാത്തപ്പോൾ കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയിലുമാണ് നടത്തിയിരുന്നത് . വെച്ചുച്ചിറ എന്ന കുഗ്രാമത്തിൽ നിന്ന് രണ്ട് ദിശയിലേക്കും ഏകദേശം തുല്യദൂരം ആണ്.രണ്ടിടത്തും ആറ് അല്ലെങ്കിൽ ഏഴാമത്തെ എന്ന് പറഞ്ഞ്, പതിനഞ്ചാമത്തെയും പതിനാറാമത്തെയും മറ്റും കുഞ്ഞുങ്ങളെ പ്രസവിച്ച വീരമാതൃക ഇപ്പോഴത്തെ ന്യൂജനറേഷൻ അമ്മമാർക്ക് അചിന്തനീയമാണ്.
ഗർഭാരിഷ്ടതകളോ പ്രസവശേഷം ബ്ലീഡിങ്, അണുബാധ തുടങ്ങിയ അസ്വസ്ഥതകളോ, പ്രശ്നങ്ങളോ വന്ന് ദീർഘകാലം ആശുപത്രിയിലും മറ്റും ചെലവഴിക്കേണ്ടതായി വന്നിട്ടില്ല.
ആ വീട്ടിൽ ഭക്ഷണം പാകം ചെയ്യാൻ രണ്ട് അല്ലെങ്കിൽ മൂന്ന് ചക്ക വേണം ഒരു നേരത്തേക്ക്….
ഒരു ചാക്ക് അരി വേണം ചോറിന് എന്നൊക്കെ പറഞ്ഞ് പലരും കളിയാക്കിയിരുന്നത് ഞാൻ തന്നെ കേട്ടിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പരിഹസിച്ചാലും, കളിയാക്കിയാലും അപ്പോഴൊന്നും യാതൊരു പരിഭവവo
പറയാതെ ഇളയമ്മ ദൈവത്തെ നോക്കി മുന്നോട്ട് പോയി.
പല്ലില്ലാത്ത മോണകാട്ടി അവർ ചിരിച്ചു നടന്നു. വീട്ടിലെ പണി കഴിഞ്ഞിട്ട് വേണ്ടേ വെപ്പ്പല്ലു വെപ്പിക്കാൻ പോലും പോകാൻ.. അതിനും അവർക്ക് അന്ന് സാധിച്ചിരു ന്നില്ല. കുട്ടി പാപ്പന് റേഷൻകട ആയിരുന്നു ഉണ്ടായിരുന്നത്. പാപ്പൻ ജോലിക്ക് പോയി കഴിയുമ്പോൾ, വീട്ടിലെ ജോലിയും മക്കളെ നോട്ടവുമായി അവർ തിരക്കിലായിരിക്കും.
വീട് പണിയുവാൻ കല്ലെടുത്തപ്പോൾ, വീടിൻ്റെപുറകിലത്തെ കരിങ്കല്ല് പൊട്ടിച്ചപ്പോൾ അതിലുണ്ടായ ഉറവയ്ക്ക് ചുറ്റും മതിൽ കെട്ടി സംരക്ഷിച്ചു. അങ്ങനെ ആ മലമുകളിൽ ആവശ്യത്തിന് ജലസമൃദ്ധി ദൈവം അവർക്ക് കൊടുത്തു ചെറിയ ഓലി എന്ന നാട്ടുഭാഷയിൽ പറയും, കഠിനമായ വരൾച്ച ഉണ്ടായിരുന്ന 1983 മധ്യവേനലവധിക്ക് മാത്രമേ ഇത്രയും പേർക്ക് ആവശ്യം നിറവേറ്റേണ്ട ആ ജലസ്രോതസ്സിൽ ഒരല്പം കുറവുണ്ടായിട്ടുള്ളൂ. മിക്കവാറും സമയവുo
ആ വീട്ടിലെ ആവശ്യത്തിന് ഈ ജലം തികയുമായിരുന്നു. അതിൽ കിടന്നിരുന്ന ഒരു വലിയ മീനിനെ കുട്ടികളായ ഞങ്ങൾ കൗതുകത്തോടെ നോക്കിയിരുന്നത് ഇന്നും ഓർമ്മയിലുണ്ട്.
പതിനഞ്ചാമത്തെ ആണോ, പതിനാറാമത്തെ ആണോ എന്ന് കൃത്യമായിട്ട് ഓർക്കുന്നില്ല, കുഞ്ഞ് ജനിച്ചതിനുശേഷം ഇടുക്കിയിൽ 20 ഏക്കർ ഭൂമി കൃഷിക്കായി ലഭിച്ചതും മൂത്ത ആൺമക്കൾ അവിടെ അധ്വാനിച്ച് വിളവെടുക്കുന്നതിനായി പോയതും ഒക്കെ ഓർമയിലുണ്ട്. ആ കുട്ടി ജനിച്ചതിൽ പിന്നെ സാമ്പത്തിക അഭിവൃദ്ധി കൂടുതലായി കൈവരിച്ചതും കുട്ടിയുടെ ബർത്ത് ഡേ കേക്ക് മുറിച്ചും പുത്തൻ ഉടുപ്പുമിട്ട് ആഘോഷിച്ചതിന്റെയും എല്ലാ കഥകളും വലിയ കൗതുകം ഉള്ളതായിരുന്നു.
ആ കാലഘട്ടത്തിൽ സിനിമയിൽ മാത്രമേ ബർത്ത്ഡേ സെലിബ്രേഷനും കേക്ക് കട്ടിങ്ങും, പുതിയ ഡ്രസ്സുമായിട്ടുള്ള പാർട്ടിയും ഒക്കെ നമ്മൾ കണ്ടിട്ടുള്ളൂ. ഞങ്ങൾക്കൊക്കെ പായസം ആയിരുന്നു ജന്മദിനത്തിന്റെ ആർഭാടം.
ആ കുട്ടിയുടെ ജന്മദിനത്തിനാഘോഷ കഥകളൊക്കെ വേദപാഠ ക്ലാസ്സിൽ പോകുമ്പോൾ ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകഴിഞ്ഞ് അവർക്ക് രണ്ടോമൂന്നോ മക്കളും ജനിച്ചിരുന്നു….
ആകമാന സുറിയാനി കാത്തോലിക്കാവിശ്വാസികളിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ കുടുംബ നാഥനാണ് ഓർമ്മയായത്.
ജീവനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും ഇത് വലിയൊരു പ്രചോദനമായിതീരട്ടെ.
ആദരാഞ്ജലികൾ അർപ്പിക്കുന്നു

