ചാവറയച്ചന്റെ യൂണിഫോം.
യൂണിഫോം പുരോഗമന വാദവും നവോത്ഥാനവും ചർച്ചയാകുമ്പോൾ കേരളത്തിലെ സ്കൂളുകളിൽ കൃത്യമായി പറഞ്ഞാൽ ‘പള്ളിക്കൂടങ്ങളിൽ’ ഏകീകൃത വസ്ത്രധാരണം അല്ലെങ്കിൽ യൂണിഫോം ആര് എന്തിന് ആരംഭിച്ചു എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

കേരളത്തിന്റെ സാംസ്കാരിക ഭൂമികയിൽ നിന്നും സാമൂഹ്യ പരിഷ്കർത്താക്കളുടെ പട്ടികയിൽനിന്നും പാഠപുസ്തകങ്ങളിൽ നിന്നും ബോധപൂർവം മാറ്റിനിർത്തപ്പെട്ട ഒരാളുടെ പേരുണ്ട് അത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ എന്ന കത്തോലിക്കാ പുരോഹിതന്റേതാണ്.
ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് പുരോഗമന നിലപാടുകൾ എടുക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് അത് സാധ്യമായത് എഴുതാനും വായിക്കാനും, മനസ്സിലാക്കാനും, ചിന്തിക്കാനും വിദ്യാഭ്യാസം ലഭിച്ചത് കൊണ്ട് മാത്രമാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഒരു ചെറിയ യാത്ര നടത്തിയാൽ ഇത് എത്രമാത്രം സത്യമാണ് എന്ന് നേരിട്ട് കണ്ടു ബോധ്യപ്പെടാവുന്നതേയുള്ളൂ.
വേർതിരിവുകളും അസമത്വ ചിന്തകളുമില്ലാതെ ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കാൻ കേരളത്തെ പരിശീലിപ്പിച്ചതിൽ ചാവറ കുര്യാക്കോസ് അച്ചന് ഉള്ള പങ്ക് അതുല്യമാണ്. ഇങ്ങനെ സ്കൂളിൽ വരുന്ന കുട്ടികൾക്ക് അവർ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാകരുത് എന്ന് നിർബന്ധമാണ് ചാവറയച്ചനെ യൂണിഫോം എന്ന ആശയത്തിലേക്ക് എത്തിച്ചത്.
കാലമേറെ കടന്നു പോയതിനു ശേഷം യൂണിഫോം ചർച്ച മാധ്യമ ഇടങ്ങളിൽ സ്ഥാനം പിടിക്കുമ്പോൾ മാനുഷികത യിലൂന്നിയ ധീരമായ നിലപാട് കൈകൊണ്ട ചാവറയച്ചനെ പതിവുപോലെ വിസ്മരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഈ ഓർമ്മക്കുറിപ്പ്.
ഇന്ന് നടപ്പിലാക്കി എന്നവകാശപ്പെട്ട് കൊട്ടിഘോഷിച്ച ആൺ-പെൺ വേർതിരിവില്ലാത്ത വസ്ത്രധാരണരീതി വർഷങ്ങൾക്കു മുമ്പ് നമ്മുടെ നാട്ടിലെ ധാരാളം സ്കൂളുകളിൽ ആരംഭിച്ചതാണ് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്.
നവോത്ഥാന ചിന്തകളുടെയും പുരോഗമന കാഴ്ചപ്പാടുകളുടെയും ‘അട്ടിപ്പേറവകാശം’ കൈക്കലാക്കാൻ കേരളത്തിലെ രാഷ്ട്രീയപാർട്ടികൾ വല്ലാതെ പാടുപെടുന്നത് പോലെ.
ഇനി നമ്മുടെ സ്കൂളുകളിലെ കുട്ടികൾക്ക് കൊടുക്കുന്ന ഉച്ചക്കഞ്ഞിയിലെ ‘മെനു’ നവോത്ഥാന ചിന്തകകളോടെ പരിഷ്കരിക്കാനുള്ള ശ്രമം ഉണ്ടെങ്കിൽ ഒന്ന് ഓർമ്മപ്പെടുത്തുന്നു അതും ആരംഭിച്ചത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ തന്നെയാണ്.
സാധാരണക്കാരുടെ വേദനകളെ സാമൂഹ്യ പ്രതിബദ്ധതയോടെ കാണാനും പരിഹരിക്കാനും ധീഷണ ശാലികളായ അനേകർ നിങ്ങൾക്കു മുൻപും ഉണ്ടായിരുന്നു എന്ന സത്യം ഇനിയെങ്കിലും സമ്മതിക്കുക. വിശുദ്ധനായ ചാവറയച്ചൻ അവരിൽ ഒരാൾ മാത്രം ആയിരുന്നു.
അരുൺ മുണ്ടോളിക്കൽ