“24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ?”|ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ? 24 ആഴ്ച കഴിഞ്ഞ് ഗർഭത്തെ നശിപ്പിക്കാൻ പാടില്ലെങ്കിൽ അതിനുമുന്പ് നശിപ്പിക്കുന്നതിനെ എങ്ങനെ സാധൂകരിക്കാൻ സാധിക്കും? ശാരീരികവൈകല്യങ്ങളുടെയോ മാനസികദൗർബല്യങ്ങളുടെയോ പേരിലാണ് ഗർഭച്ഛിദ്രത്തെ സാധൂകരിക്കുന്നതെങ്കിൽ നമ്മുടെ രാജ്യത്ത് കോടിക്കണക്കിനുവരുന്ന ഭിന്നശേഷിക്കാരെ കൊന്നുകളയാനാവില്ലേ?…..മനുഷ്യജീവൻെറ മഹനീയത വ്യക്തമാക്കുന്ന , ഗർഭച്ഛിദ്രനിയമം മനുഷ്യജീവന്‍റെ മേലുള്ള ഭീകരാക്രമണമായി വിശേഷിപ്പിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിൻെറ ലേഖനം ഇന്ന് ദീപികയിൽ പ്രസിദ്ധികരിച്ചിരിക്കുന്നു .

ഗർഭച്ഛിദ്രനിയമം പാർലമെണ്ടിൽ ചർച്ചകൾ നടക്കുമ്പോൾ നിയമനിർമ്മാണത്തിന് എതിരെ ഇന്ത്യൻ പ്രസിഡണ്ടിന് സിബിസിഐ യുടെ പ്രസിഡന്റ്‌ കർഡിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പിതാവ് നിവേദനം നൽകിയിരുന്നു.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിക്കുവേണ്ടി കെസിബിസി ഫാമിലി കമ്മീഷൻ ,പ്രൊ ലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവും, അന്നത്തെ ഡയറക്ടർ ഫാ .പോൾ മാടശ്ശേരി ,പ്രസിഡന്റ്‌ ശ്രീ സാബു ജോസും ,ജനറൽ സെക്രട്ടറി അഡ്വ .ജോസി സേവ്യറും മറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. ഇതോടൊപ്പം ഭാരതത്തിലെ മുഴുവൻ എംപി മാർക്കും നിവേദനം നൽകിയിരുന്നു.
കേന്ദ്രആരോഗ്യ- കുടുംബം ക്ഷേമവകുപ്പ് മന്ത്രിക്ക് അടക്കം കെ സി ബി സി പ്രൊ ലൈഫ് നേതൃത്വം നിവേദനം നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിൽ പ്രധിഷേധ സമ്മേളനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ നിയമം ആയി വിക്ഞാപനം വന്നിരിക്കുന്നു…

കെസിബിസി ഫാമിലി കമ്മീഷനും പ്രൊ ലൈഫ് സമിതിയും, സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റും, ഫാമിലി, ലൈറ്റി, ലൈഫ് കമ്മീഷനും ഭ്രുഹത്യയ്ക്ക് എതിരെ ഇനിയും ബോധവൽക്കരണം നടത്തും. വ്യക്തമായ ഉൾക്കാഴ്ച നൽകുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവിൻെറ വിശകലനം പ്രൊ ലൈഫ് പ്രവർത്തകർ പ്രചരിപ്പിക്കും .

ബിഷപ്പ് ഡോ പോൾ ആൻറണി മുല്ലശ്ശേരി ,ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ,മാർ സെബാസ്റ്യൻ വാണിയെപുരയ്‌ക്കൽ – എന്നി മെത്രാന്മാർ നേതൃത്വം നൽകുന്ന ഫാമിലി ,പ്രൊ -ലൈഫ് കമ്മീഷൻെറ സെക്രട്ടറി ഫാ .പോൾസൺ സിമെതി (വരാപ്പുഴ അതിരൂപത )ആണ് .

ഗർഭച്ഛിദ്രനിയമം പിൻവലിക്കുവാൻ നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം ,പ്രവർത്തിക്കാം .

ഗർഭച്ഛിദ്രനിയമം മനുഷ്യജീവന്‍റെ മേലുള്ള ഭീകരാക്രമണം/ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

24 ആഴ്ചവരെ പ്രായമായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കാൻ അനുവദിക്കുന്ന ഗർഭച്ഛിദ്രനിയമം കേന്ദ്രസർക്കാർ പാസാക്കി നടപ്പിലാക്കിയിരിക്കുന്നു. 1971 ഓഗസ്റ്റ് 10 വരെ ഗർഭച്ഛിദ്രം ഇന്ത്യയിൽ കുറ്റകരമായിരുന്നു; മൂന്നുവർഷമോ ഏഴു വർഷമോ തടവ് ലഭിക്കാമായിരുന്ന കുറ്റം. 1971-ൽ പാർലമെന്‍റ് പാസാക്കിയ ഗർഭച്ഛിദ്രനിയമത്തിന് (Medical Termination of Pregnancy ACT-1971) 1971 ഓഗസ്റ്റ് പത്തിന് അംഗീകാരം നൽകിയതോടെ 20 ആഴ്ചവരെയായ ഗർഭസ്ഥ ശിശുക്കളെ നശിപ്പിക്കുന്നതിന് നിയമസാധുത ലഭിച്ചു. ജമ്മു-കാഷ്മീർ ഒഴിച്ച് ഇന്ത്യയിലെല്ലായിടത്തും ഈ നിയമം പ്രാബല്യത്തിലായി.

2020-2021ൽ വരുത്തിയിരിക്കുന്ന ഭേദഗതികൾ

1971ലെ ഗർഭച്ഛിദ്ര നിയമത്തിനു ചില ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള ബിൽ 2020ൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പ്രസ്തുത ഭേദഗതികൾ 2020 മാർച്ച് 17ന് ലോക്സഭയും 2021 മാർച്ച് 16ന് രാജ്യസഭയും പാസാക്കി, മാർച്ച് 25 ന് പ്രസിഡന്‍റിന്‍റെ അംഗീകാരവുംനേടി സെപ്റ്റംബർ 24 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നു.(The Medical Termination of Pregnancy [Amendment] Act, 2021).

ഭേദഗതികളോടെ പ്രാബല്യത്തിലായിരിക്കുന്ന പുതിയ ഗർഭച്ഛിദ്രനിയമത്തിലൂടെ ഗർഭച്ഛിദ്രം കൂടുതൽ എളുപ്പവും അതിനുള്ള സാധ്യതകൾ കൂടുതൽ വിപുലവുമാക്കിയിരിക്കുന്നു. ഓരോ ഇന്ത്യൻ പൗരന്‍റെയും ജീവനും മൗലിക അവകാശങ്ങൾക്കും സംരക്ഷണം വാഗ്ദാനംചെയ്യുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ പ്രഖ്യാപിക്കപ്പെട്ടതിന്‍റെ എഴുപത്തിരണ്ടാം വർഷമാണ് വർഷംതോറും കോടിക്കണക്കിനു ഗർഭസ്ഥശിശുക്കളുടെ ജീവൻ നശിപ്പിക്കുന്നതിന് വഴിയൊരുക്കിക്കൊണ്ട് പുതിയ ഗർഭച്ഛിദ്ര ഭേദഗതിനിയമം നടപ്പിലാക്കിയിരിക്കുന്നത്.

പ്രധാന ഭേദഗതികൾ

20 ആഴ്ച വരെയായ ഗർഭസ്ഥശിശുവിനെ ഒരു ഡോക്ടറുടെ തീരുമാനപ്രകാരവും 20നു മേൽ 24 ആഴ്ചവരെയായത് രണ്ട് ഡോക്ടർമാരുടെ തീരുമാനപ്രകാരവും നശിപ്പിക്കാം.

ഗർഭസ്ഥശിശുവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയാൽ സമയപരിധി പരിഗണിക്കാതെ എപ്പോൾ വേണമെങ്കിലും അതിനെ നശിപ്പിക്കാം. അതിന് ഒരു ഗൈനക്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ് അല്ലെങ്കിൽ സോനോളജിസ്റ്റ്, ഒരു സർക്കാർ പ്രതിനിധി എന്നിവരടങ്ങുന്ന പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് അതിന്‍റെ തീരുമാനപ്രകാരമായിരിക്കണം നിർവഹിക്കേണ്ടത്.

മറ്റു ചില വ്യവസ്ഥകൾ

  1. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീയെ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതും നിയമപരമായി അധികാരപ്പെട്ട വ്യക്തികളോടുമാത്രം വെളിപ്പെടുത്താവുന്നതുമാണ്.
  2. ഈ വ്യവസ്ഥ ലംഘിക്കുന്നവർക്ക് ഒരു വർഷംവരെ തടവിനോ അല്ലെങ്കിൽ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്നതാണ്.

ഭേദഗതിചെയ്ത ഗർഭച്ഛിദ്രനിയമം ഗർഭിണിയായ സ്ത്രീയുടെ ജീവന് സംരക്ഷണംനൽകുന്നതിനും അവളുടെ സൽപ്പേരിന് കോട്ടം വരാതിരിക്കാനും ഏറെ ശ്രദ്ധിക്കുന്നതായി കാണുന്നു. ഗർഭച്ഛിദ്രം നടത്തിയ സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തരുതെന്നുള്ള നിബന്ധന, സമൂഹത്തിൽ അവൾക്കുള്ള മാന്യതയ്ക്ക് ക്ഷതമേൽക്കാതിരിക്കാനാകാം. ഏതായാലും ഗർഭച്ഛിദ്രം നടത്തിയ ഒരു സ്ത്രീയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഭദ്രതയിൽ ഏറെ ശ്രദ്ധ ചെലുത്തിയിരിക്കുന്നു. അതു നല്ലതുതന്നെ!

നിയമത്തിന്‍റെ ഭീകരമുഖം

എന്നാൽ, വിലപ്പെട്ട ഒരു മനുഷ്യജീവൻ അതിന്‍റെ ഏറ്റവും നിസഹായാവസ്ഥയിലും പരാശ്രയത്വത്തിലും ആയിരിക്കുന്പോൾ നിഷ്കരുണം കൊലചെയ്യപ്പെടുന്നുവെന്ന ഭീകരതയെയാണ് ഗർഭച്ഛിദ്രനിയമം സാധൂകരിക്കുന്നത്. കൊലക്കത്തിയുടെ മുന്പിൽ ഒന്ന് നിലവിളിക്കാൻപോലും കെല്പില്ലാത്ത മനുഷ്യശിശു ആണ് ഇവിടെ കൊലചെയ്യപ്പെടുന്നത്.

ഗർഭാവസ്ഥയിലുള്ള ഒരു മനുഷ്യവ്യക്തിക്ക് മറ്റുള്ളവരെപ്പോലെതന്നെ ജീവിക്കാൻ അവകാശമില്ലേ? ജനിച്ചു കഴിഞ്ഞ ഒരു കുഞ്ഞിന്‍റെ ജീവനെടുക്കുന്നത് കുറ്റകരമാണെങ്കിൽ അമ്മയുടെ ഉദരത്തിലായിരിക്കുന്ന കുഞ്ഞിന്‍റെ ജീവൻ എടുക്കുന്നതും കുറ്റകരമല്ലേ? 1971 വരെ കുറ്റകരവും ശിക്ഷാർഹവുമായിരുന്ന ഗർഭച്ഛിദ്രം അതിനുശേഷം കുറ്റകരമല്ലാതായത് എന്തു ന്യായത്താലാണ്? 24 ആഴ്ച വരെ പ്രായമായ ഗർഭസ്ഥ ശിശുവിനെ നശിപ്പിക്കാമെങ്കിൽ അതിനുശേഷം എന്തുകൊണ്ട് പാടില്ല എന്ന ചോദ്യവും പ്രസക്തമല്ലേ? 24 ആഴ്ച കഴിഞ്ഞ് ഗർഭത്തെ നശിപ്പിക്കാൻ പാടില്ലെങ്കിൽ അതിനുമുന്പ് നശിപ്പിക്കുന്നതിനെ എങ്ങനെ സാധൂകരിക്കാൻ സാധിക്കും? ശാരീരികവൈകല്യങ്ങളുടെയോ മാനസികദൗർബല്യങ്ങളുടെയോ പേരിലാണ് ഗർഭച്ഛിദ്രത്തെ സാധൂകരിക്കുന്നതെങ്കിൽ നമ്മുടെ രാജ്യത്ത് കോടിക്കണക്കിനുവരുന്ന ഭിന്നശേഷിക്കാരെ കൊന്നുകളയാനാവില്ലേ? ഗർഭംധരിക്കുന്ന സ്ത്രീയും ഗർഭസ്ഥശിശുവും ജീവിക്കാൻ തുല്യാവകാശമുള്ള മനുഷ്യവ്യക്തികളാണ്.

ഗർഭധാരണത്തിന്‍റെ ആദ്യനിമിഷംമുതൽ ഭ്രൂണം ഒരു മനുഷ്യവ്യക്തിയാണ്; ജീവിക്കാൻ അവകാശമുള്ള മനുഷ്യവ്യക്തി. മനുഷ്യൻ സ്വമേധയാ നിശ്ചയിക്കുന്ന ഒരു കാലപരിധിക്കുശേഷമല്ല അതു മനുഷ്യവ്യക്തിയായി രൂപപ്പെടുന്നത്. ശാരീരികമോ മാനസികമോ ആയ ന്യൂനതകളുടെ പേരിൽ മനുഷ്യവ്യക്തിത്വം ഇല്ലാതാകുന്നില്ല. സ്വാഭാവികമരണംവരെ ജീവിക്കാൻ അവകാശമുള്ള മനുഷ്യ വ്യക്തിയാണത്.

അണ്ഡവും ബീജവും കൂടിച്ചേരുന്ന നിമിഷത്തിൽ പുതിയൊരു മനുഷ്യജീവന് ആരംഭം കുറിക്കുന്നു. അതിനെ സംരക്ഷിക്കാനും പൂർണവളർച്ചയിലേക്കു നയിക്കാനും ദൈവനിശ്ചയപ്രകാരം പ്രകൃതി ഒരുക്കിയിരിക്കുന്ന ഏറ്റവും സുരക്ഷിത സങ്കേതമാണ് ഒരു സ്ത്രീയുടെ ഉദരം. ആ സങ്കേതംതന്നെ ജീവന്‍റെ കുരുതിക്കളം ആകുന്നത് ഏറ്റവും ക്രൂരമായ വൈരുധ‍്യമാണ്. ആരെയാണോ ജീവന്‍റെ സംരക്ഷണം ഏൽപ്പിച്ചത്, അമ്മയെന്ന് വിളിക്കുന്ന ആ സ്ത്രീയുടെ തന്നെ സമ്മതത്തോടെ ഈ കൊലപാതകം നടക്കുന്നു എന്നത് എത്രയോ വേദനാജനകമാണ്! അതിനു നിയമസാധുത നൽകുന്ന ഗർഭച്ഛിദ്രനിയമത്തെ മനുഷ്യജീവന്‍റെമേലുള്ള ഭീകരാക്രമണമെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്!

ഗൗരവമേറിയ ധാർമിക പ്രശ്നം

മനുഷ്യജീവൻ നശിപ്പിക്കുന്നതിനെ സാധൂകരിക്കുന്ന ഗർഭച്ഛിദ്രനിയമത്തിൽ ഗൗരവമേറിയ ധാർമിക പ്രശ്നമുണ്ട്. മനുഷ്യജീവനു ബോധപൂർവം ഹാനിവരുത്തുന്ന ഏതൊരു പ്രവൃത്തിയും തെറ്റാണെന്ന അടിസ്ഥാനതത്വം ഇവിടെ ലംഘിക്കപ്പെടുന്നു. അതുകൊണ്ടാണല്ലോ ആത്മഹത്യയും ആത്മഹത്യാശ്രമവും തെറ്റായി കരുതപ്പെടുന്നത്. ആദ്യകോശത്തിന്‍റെ രൂപീകരണം മുതൽ വളർന്നുകൊണ്ടിരിക്കുന്ന മനുഷ്യഭ്രൂണത്തിന് സ്വന്തമായ ഒരു ജീവനും ജീവിതവുമുണ്ട്. അതു മനുഷ്യജീവൻ തന്നെയാണ്. അതുകൊണ്ടാണു ഗർഭച്ഛിദ്രം നരഹത്യയാകുന്നത്. സ്വയം പ്രതിരോധിക്കാനോ പ്രതികരിക്കാനോ കഴിവില്ലാത്തതുകൊണ്ടു ജീവിക്കാൻ അവകാശമില്ലാത്ത ഒരു വസ്തുവായി അതു മാറുന്നില്ല.

വിവാഹേതരബന്ധം മൂലമോ ബലാത്സംഗത്താലോ ജനനനിയന്ത്രണോപാധികൾ പരാജയപ്പെട്ടതുകൊണ്ടോ മറ്റേതെങ്കിലും കാരണത്താലോ അവിഹിതഗർഭമാണെന്ന കാരണത്താൽ ഗർഭച്ഛിദ്രം നടത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ഇപ്രകാരമൊക്കെ സംഭവിച്ചതിനു ഗർഭസ്ഥശിശു എന്തുപിഴച്ചു? തനിക്ക് ഒരു പങ്കുമില്ലാത്ത ഒരു കാര്യത്തിന്‍റെ പേരിൽ കൊലശിക്ഷയ്ക്കു വിധിക്കപ്പെടുകയാണ് ഒരു മനുഷ്യശിശു. ഏറ്റവും അധാർമികവും അനീതിപരവും ക്രൂരവുമാണിത്. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലും ഗർഭസ്ഥശിശുവിനെ ഇല്ലായ്മ ചെയ്യുന്നതിന് ന്യായീകരണമില്ല. ഭിന്നശേഷിക്കാരായ ചിലർ വിലപ്പെട്ട സംഭാവനകൾ ലോകത്തിനു നൽകിയിട്ടുള്ളത് നമുക്കറിയാം.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഗർഭിണിയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായി ഗർഭസ്ഥശിശുവിനു ജീവഹാനി സംഭവിച്ചാൽ ധർമശാസ്ത്രത്തിൽ ന്യായീകരണം ഉണ്ടാകാം. ഇവിടെ ശിശുവിന്‍റെ മരണം ആഗ്രഹിക്കുകയോ അതിനായി ബോധപൂർവം നടപടി എടുക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഇരുവരുടെയും സുരക്ഷയാണ് ലക്ഷ്യം വയ്ക്കേണ്ടത്. എന്നാൽ, സ്ത്രീയുടെയും ശിശുവിന്‍റെയും ജീവൻ അപകടത്തിൽ അല്ലാതിരുന്നിട്ടും മറ്റു താത്പര്യങ്ങളുടെപേരിൽ ശിശുവിനെ കൊലപ്പെടുത്തുന്നതു തികച്ചും അധാർമികമാണ്, ഒരു വിധത്തിലും നീതീകരിക്കാനാവില്ല.

ഉപദ്രവകാരിയായ ഒരു കാട്ടുമൃഗത്തെ കൊല്ലുന്നതും യാദൃച്ഛികമായി വാഹനമിടിച്ച് ഒരു മൃഗം ചാകാനിടയാകുന്നതുപോലും മൃഗസംരക്ഷണനിയമത്തിന്‍റെ പേരിൽ ഗൗരവത്തോടെകണ്ട് നടപടികളെടുക്കുന്ന സാഹചര്യം നിലനിൽക്കുന്പോഴാണ് എണ്ണമറ്റ മനുഷ്യരുടെ ജീവൻ കവരുന്ന ഗർഭച്ഛിദ്രനിയമം നമ്മുടെ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നുള്ള നീതിന്യായതത്വം നിരപരാധികളായ ലക്ഷക്കണക്കിനു ശിശുക്കൾ വധിക്കപ്പെടാൻ ബോധപൂർവം അനുവദിക്കുന്ന ഗർഭച്ഛിദ്രനിയമത്തിന് ബാധകമല്ലേ? മറ്റു പല രാജ്യങ്ങളും ഗർഭച്ഛിദ്രം അനുവദിക്കുന്നു എന്നതൊന്നും ഈ നരഹത്യയെ നീതീകരിക്കുന്നില്ല. അത് ഭീകരതയാണ്, തികച്ചും അധാർമികമാണ്. മനുഷ്യജീവന് വിലയും മഹത്വവും കല്പിക്കുന്നുണ്ടെങ്കിൽ, നിരപരാധികളുടെ രക്തം വീഴരുതെന്ന് ആഗ്രഹിക്കുന്നെങ്കിൽ ഈ അധാർമികനിയമം സർക്കാർ പിൻവലിക്കുകതന്നെ വേണം!

കടപ്പാട് ദീപിക

നിങ്ങൾ വിട്ടുപോയത്