മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശപ്പിന്റേതു തന്നെയാണ്.ഭക്ഷണവും ഉറക്കവും മാത്രമേ അടിസ്ഥാന ആവശ്യങ്ങളായി ഉള്ളൂ എന്ന് എബ്രഹാം മാസ്‌ലോ ഉൾപ്പടെയുള്ള ഒട്ടേറെ ശാസ്ത്രജ്ഞർ കൃത്യമായ പഠനം നടത്തി പറഞ്ഞിട്ടുണ്ട്.98 % ജനതയുടെ മൊത്തം സമ്പത്തിനേക്കാൾ 2%വരുന്ന അതിസമ്പന്നരുടെ കയ്യിൽ ഉള്ള, ലോകത്തു ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള,11000 കോടി ഒരു ഈടുമില്ലാതെ അതിസമ്പന്നന് വായ്പകൊടുത്തു അയാളെ നാടു വിടാൻ അനുവദിക്കുന്ന നമ്മുടെ ഇന്ത്യാ രാജ്യം പട്ടിണിയിലേക്ക് വീഴുന്നുവെങ്കിൽ ഉത്തരവാദിത്വം ഭരണാധികാരികൾക്കാണ്.

ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനവും 57 പേരുടെ കയ്യിലാണ്.രാജ്യന്തര തലത്തിൽ ദാരിദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ഓക്സ് ഫാമിന്റെതാണ് റിപ്പോർട്ട്.ലോകത്തിലെ മൊത്തം സമ്പത്തിന്റെ പകുതിയും വെറും എട്ടുപേരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 58 ശതമാനവും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നരുടെ പക്കലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആഗോള വിശപ്പുസൂചിക(Global Hunger Index-GHI)യുടെ ഏറ്റവും അവസാന കണക്കുപ്രകാരം ഇന്ത്യ 116 വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ 101-ലാണ്.പ്രതിദിന വരുമാനം (ഇന്നത്തെ 135 രൂപ) ഇല്ലാത്തവരെയാണു ലോക ബാങ്ക് ദരിദ്രരായി കണക്കാക്കുന്നത്.

അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിത്.1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്.മിനിമം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയും,സങ്കീര്‍ണമായ പല മാനങ്ങളുള്ള പ്രതിഭാസമാണ് ദാരിദ്ര്യം.

ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17-ന് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആചരിക്കുന്നത്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് -19 ,ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിനെ പതിറ്റാണ്ടുകളോളം പിന്നോട്ടടിച്ചു.ലോകബാങ്കിന്റെ അഭിപ്രായത്തിൽ,കോവിഡ് പ്രതിസന്ധിയുടെ ഫലമായി 88 നും 115 ദശലക്ഷത്തിനും ഇടയിൽ ആളുകൾ ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടു.ദാരിദ്ര്യനിരക്ക് ഇതിനകം തന്നെ ഉയർന്ന ദക്ഷിണേഷ്യൻ,സഹാറൻ രാജ്യങ്ങളിൽ ഭൂരിഭാഗവും പുതിയ ദരിദ്രരെ കണ്ടെത്തിയിരിക്കുന്നു.2021 അവസാനം ഈ സംഖ്യ 143 മുതൽ 163 ദശലക്ഷം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.വാസ്തവത്തിൽ, പകർച്ചവ്യാധിയുടെ വ്യാപനം പരിമിതപ്പെടുത്താൻ ചുമത്തിയ നടപടികൾ അവരെ കൂടുതൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്നതാണ് വാസ്തവം.ദാരിദ്ര്യത്തിൽ കഴിയുന്ന നിരവധി ആളുകളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന അനൗപചാരിക സമ്പദ്‌വ്യവസ്ഥ പല രാജ്യങ്ങളിലും ഫലത്തിൽ അടച്ചുപൂട്ടി.

നാമിന്നു ജീവിക്കുന്നത് മനുഷ്യനാൽ രൂപീകൃതമായ ക്യാപ്പിറ്റലിസവും,സോഷ്യലിസവും,കമ്മ്യൂണിസവും, ആഗോളവൽക്കരണവും തോറ്റു നിൽക്കുന്ന ഒരു ചരിത്ര കാലഘട്ടത്തിലാണ്.ഒരുവശത്തു വിരലിലെണ്ണാവുന്ന കുറച്ചുപേർ സമ്പത്തു മുഴുവൻ കൈയിൽവച്ച് അനുഭവിക്കുമ്പോൾ മറുവശത്ത് ഒരു നേരം ഉണ്ണാൻ പോലും വകയില്ലാതെ പട്ടിണിയും ദുരിതങ്ങളുടെ കൂമ്പാരവുമായി ആയിരങ്ങൾ ചുരുണ്ടുകൂടുന്ന ഒരവസ്ഥയാണിന്ന്.

ദാരിദ്ര്യത്തിന്‍റെ കാരണങ്ങൾ നിരവധിയാണ്.തൊഴിലില്ലായ്മ‌,വിലക്കയറ്റം,വിഭവങ്ങളുടെ പരാധീനമായ നിർവ്വഹണം,ഭരണവ്യവസ്ഥ വിദ്യാഭ്യാസത്തിന്‍റെ അധീനത,കടബാധ്യത,അഴിമതി,കാലാവസ്ഥാവ്യതിയാനം, ഭക്ഷണത്തിനോടുള്ള നിയന്ത്രണകുറവ്,ലോക ദാരിദ്ര്യം,പകർച്ചവ്യാധി, യന്ത്രവൽക്കരണം തുടങ്ങിയവ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കാം.ലോകത്തിലെ ഏഴുപേരില്‍ ഒരാള്‍ നിത്യേന ഉറങ്ങാന്‍ കിടക്കുന്നത് വിശപ്പുമാറാത്ത വയറുമായാണ്. ഈ സത്യം നിലനില്‍ക്കെയാണ് പ്രതിവര്‍ഷം മനുഷ്യര്‍ നഷ്ടപ്പെടുത്തുന്ന 1.3 ലക്ഷം കോടി ടണ്‍ ആഹാര വസ്തുക്കളെപ്പറ്റിയുള്ള കണക്കുകള്‍ പുറത്തുവരുന്നത്.

ഇന്ത്യ അതിജീവിക്കുമോ?

വേൾഡ് ഡേറ്റാ ലാബിന്റെ കണക്കുപ്രകാരം ഇന്ത്യൻ ജനസംഖ്യയിലെ(1,382,151,808) ആളുകളിൽ ഏകദേശം 53,513,342 ആളുകളും കൊടിയ ദാരിദ്ര്യത്തിലാണ്.നമ്മുടെ രാജ്യവും ഇതിൽനിന്ന് മോചിതമല്ല എന്നർത്ഥം.ലോകത്തെ പട്ടിണിക്കാരിൽ 29 ശതമാനവും ഇന്ത്യയിലാണത്രെ.ഇവിടെ ആദിവാസി കോളനികളിലും മറ്റും ദാരിദ്ര്യം നിലനിൽക്കുന്നു. നാഷണൽ ന്യൂട്രീഷൻ മോണിറ്ററിങ് ബ്യൂറോയുടെ അഭിപ്രായപ്രകാരം ഒരു രാജ്യത്തെ ജനതയുടെ ബിഎംഐ (ബോഡി മാസ്‌ ഇൻഡക്‌സ്‌) 45ശതമാനത്തിൽ താഴെയാണെങ്കിൽ ആ രാജ്യം ക്ഷാമരാജ്യപട്ടികയിൽ ഉൾപ്പെടുന്നതാണ്. എൻഎൻഎംബി യുടെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരുടെ ബിഎംഐ 37ശതമാനത്തിൽ താഴെയാണ്.

കൊവിഡ് മഹാമാരി ലോക സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുമെന്നും ഇന്ത്യയില്‍ വരാനാരിക്കുന്നത് കടുത്ത ദാരിദ്ര്യമായിരിക്കുമെന്നാണ് രാജ്യാന്തര തൊഴില്‍ സംഘടന (ഐഎല്‍ഒ)യുടെ മുന്നറിയിപ്പ്. ഇന്ത്യയിലെ അസംഘടിത മേഖലയില്‍ 40 കോടി തൊഴിലാളികളെങ്കിലും കടുത്ത ദാരിദ്ര്യത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വൈരുധ്യങ്ങളാണ്‌ ഇന്ത്യയിൽ സംഭവിക്കുന്നത്‌.ലോകത്തെ ഭക്ഷ്യ ഉത്‌പാദനത്തിൽ രണ്ടാംസ്ഥാനമുണ്ട്‌ ഇന്ത്യക്ക്‌. അതേസമയം, ലോകത്തിലെ പോഷകാഹാരമില്ലാത്ത ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കാണ്‌.രാജ്യത്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ശേഷിയില്ലാത്തവർ ദശലക്ഷക്കണക്കിന്‌ ഇവിടെയുണ്ട് എന്നാണിത്‌ സൂചിപ്പിക്കുന്നത്‌.

വിശക്കുന്ന ഇന്ത്യ

കൃഷിനാശം, കാലാവസ്ഥ വ്യതിയാനം, വരൾച്ച, പ്രളയം, കഠിനമായ സാംക്രമിക രോഗങ്ങൾ, യുദ്ധം, ഭരണാധികാരികളുടെ തെറ്റായ സാമ്പത്തിക നയങ്ങൾ,ഭക്ഷ്യ ഉൽപാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന അസമത്വം,അധ്വാനശീലരല്ലാത്ത ജനത,കാർഷിക വൃത്തിയോടുള്ള വിമുഖത,പരിസ്ഥിതിനാശം, ക്രമരഹിതമായ വികസനം തുടങ്ങിയ കാരണങ്ങളാൽ ഒരു പ്രദേശത്തിനോ രാഷ്ട്രത്തിനോ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടേണ്ടിവരും.

കൃഷിഭൂമി തരിശായി കിടക്കുകയും ആഭ്യന്തര ഉൽപാദനമേഖല തളരുകയുംചെയ്യുമ്പോൾ അനുഭവപ്പെടുന്ന ക്ഷാമംവളരെ രൂക്ഷമായിരിക്കും.ലോകജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ 2025 ആകുമ്പോഴേക്കും ലോകരാജ്യങ്ങൾ ഭീമമായ ഭക്ഷ്യക്ഷാമത്തിനടിപ്പെടുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.കോവിഡും, തൊഴിലില്ലായ്മയും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ജനജീവിതത്തെ ഗ്രസിക്കുന്നു.അതോടൊപ്പം നിഴല്‍പോലെ ദാരിദ്ര്യവും പടി കടന്നെത്തി കഴിഞ്ഞു.

ദാരിദ്ര്യ നിർമാർജനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ വൻ നേട്ടമുണ്ടാക്കിയതാണെങ്കിലും,കോവിഡ് മഹാമാരി രാജ്യത്തിന്റെ വികസന രംഗത്ത് കനത്ത ആഘാതമുണ്ടാക്കി.മോഡി സർക്കാരിന്റെ ക്ഷേമ പദ്ധതികൾ വിശപ്പുമാറ്റിയെന്ന് ഭാരത സർക്കാർ അവകാശപ്പെട്ടുവെങ്കിലും,ശതകോടീശ്വരന്മാരുടെ സ്വത്ത‌് രാജ്യത്തിന്റെ വാർഷികബജറ്റ് അടങ്കലിനേക്കാൾ കൂടുതലാണെന്ന സത്യം നിലനിൽക്കുന്നു .ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രവിഭാഗങ്ങളുടെ വരുമാനത്തിൽ മൂന്നു ശതമാനം മാത്രം വർധനയേ ഉണ്ടായിട്ടുള്ളൂ.”ഒരു ഭരണാധികാരിയുടെ ജാഗ്രത,വരിയുടെ അവസാനം നിൽക്കുന്ന മനുഷ്യനായിരിക്കണമെന്നാണ്” ഗാന്ധിജി നമ്മോടു പറഞ്ഞത്.

ഇന്ധന വിലവർധനവിലും പാചകവാതക വിലവർധനവിലും പൊറുതിമുട്ടി കൊണ്ടിരിക്കുകയാണ് പൊതുജനങ്ങൾ.ദാരിദ്ര്യത്തിത്തിന് വേഗത കൂട്ടുവാൻ ഇത് പ്രധാന കാരണമാകുന്നു.അവശ്യസാധനങ്ങളുടെ വില വർദ്ധനവ് സാധാരണക്കാരായ ജനങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്.അരി,വെളിച്ചെണ്ണ പച്ചക്കറികൾ,മരുന്നുകൾ തുടങ്ങി എല്ലാ സാധനങ്ങൾക്കും പൊതുവിപണിയിൽ വലിയ രീതിയിലുള്ള വിലവർധനവാണ് ഉണ്ടായിട്ടുള്ളത്.

ഓരോ മിനുട്ടിലും 44 ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്നും രക്ഷ നേടുന്നുണ്ടെന്ന് കോവിഡിന് മുമ്പ് ആഗോള ദാരിദ്ര്യ സൂചിക വെളിപ്പെടുത്തിയിരുന്നു.ലോകത്തിലെവിടെയോ ഓരോ മൂന്നു സെക്കന്‍റിലും ഒരു കുഞ്ഞ് ദാരിദ്ര്യം മൂലം മരിക്കുന്നു.ഡിജിറ്റൽ ഇന്ത്യയും,തട്ടിപ്പു കഥകളും,ചൂഷണങ്ങളും മുൻഗണനകളിലേക്കും ചർച്ചകളിലേക്കും കയറിവരുമ്പോൾ,വിശപ്പുമാറാത്ത ഇന്ത്യക്കാരന്റെ അടുക്കളയിൽ ദാരിദ്ര്യം മാത്രമേ പുകയുന്നുള്ളൂവെന്ന തിരിച്ചറിവിലേക്ക്‌ നാമിനിയും മടങ്ങേണ്ടിയിരിക്കുന്നു.

ലോകം കരകയറുമോ?

ഇന്ന് ഓരോ മിനിട്ടിലും 11 പേരാണ് തീവ്ര പട്ടിണി കാരണം മരിക്കുന്നത്. സംഘര്‍ഷം, കോവിഡ്-19, കാലാവസ്ഥാ ദുരന്തം എന്നീ മൂന്ന് മാരകമായ കാരണങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഈ മരണ തോത് മഹാമാരിയുടെ മരണ തോതിനെക്കാള്‍ കൂടുതലാണ്.മിനിട്ടില്‍ 7 പേരാണ് കോവിഡ് മഹാമാരി കാരണം മരിക്കുന്നത്.

കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ലോകത്ത് ഭക്ഷ്യോത്പാദന രംഗത്തുണ്ടായ വളര്‍ച്ച എടുത്തു പറയേണ്ടതാണ്. ലക്ഷ്യമിട്ടതിനും അപ്പുറത്തായിരുന്നുവെന്നും പ്രതീക്ഷ കവച്ചു വെച്ചുവെന്നും ആസൂത്രകര്‍ തന്നെ പറയുന്നു. അതിനാല്‍, പ്രശ്‌നം ഉല്‍പാദനത്തിന്റേതല്ല.അത് എത്തേണ്ടിടത്ത് അര്‍ഹമായ വിധം എത്തിക്കുന്നതിലെ പരാജയമാണ്.ലോകത്തിന്റെ മുമ്പില്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണമുണ്ട്.പക്ഷേ, മതിയായ അളവില്‍ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് പല രാജ്യങ്ങളിലും ഇല്ലാത്തത്.ഡിജിറ്റല്‍ സാങ്കേതികവിദ്യ വിശക്കുന്നവന്റെ വിശപ്പകറ്റാൻ ഉപയോഗിക്കപ്പെടുന്നുണ്ടോ?

ദാരിദ്ര്യത്തിന്റെ പ്രശ്‌നം എവിടെയും ഒരുപോലെയാണ്.അതിന് നിമ്‌നോന്നതങ്ങളില്ല.ഒരേസ്ഥായിയിൽ, ഒന്നിന് പിന്നിൽ മറ്റൊന്നേത് എന്ന് തിരിച്ചറിയാനാകാത്ത സാമ്യങ്ങളുടെരൂപങ്ങളാണത്.ഇന്ത്യയിലും ആഫ്രിക്കയിലും ബംഗ്ലാദേശിലും ഒക്കെ അതിന് ഒരേ രൂപഭാവം തന്നെ.വിശക്കുന്ന മനുഷ്യന്റെ നിശ്വാസങ്ങളുടെ ശബ്ദം തിരിച്ചറിയപ്പെടുമ്പോഴാണ് ഭരണാധികാരി പ്രസക്തനാകുന്നത്.ദാരിദ്ര്യം ഒരു പ്രശ്‌നം തന്നെയെന്ന് ലോകം മനസ്സിലാക്കുമ്പോഴുണ്ടാകുന്ന പ്രസക്തിയാണത്.അതിലേക്ക് നമ്മുടെ അധികാരികളുടെ ചിന്താപദ്ധതികൾക്ക് ഇനിയെത്ര ദൂരം എന്നത് മാത്രമാണ് നമ്മെ അലട്ടേണ്ടത്.ദാരിദ്ര്യം യാദൃച്ഛികമായി സംഭവിക്കുന്ന ഒന്നല്ല.നമ്മുടെ നയരൂപീകരണവും അതിന്റെ നടപ്പാക്കലും ഒരുമിച്ചുപോകുന്നില്ലെന്നതാണ് സത്യം.

പ്രതിരോധ ശേഷി കൂട്ടാന്‍ സാധിക്കുന്ന ഭക്ഷണം കഴിക്കണമെന്ന് ഭരണാധികാരികൾ ഇടവിട്ട് പറയുമ്പോഴും ശുദ്ധജലം പോലും കിട്ടാതെ ഗ്രാമങ്ങളില്‍ മനുഷ്യര്‍ ആര്‍ത്തു കരയുന്നുണ്ട്.വിശപ്പ് സഹിക്കാന്‍ പറ്റാതെ മരിച്ചു വീഴുന്നുമുണ്ട്.കോവിഡ് വൈറസിനെക്കാള്‍ മാരകമാണ് വിശപ്പിന്റെ വേദന.സംഘര്‍ഷങ്ങളും യുദ്ധവു പട്ടിണിയും നിലനിറുത്തുന്ന ആയുധ കരാറുകള്‍ ഒപ്പുവെക്കുകയല്ല ഇന്ന് വേണ്ടത്.കോവിഡ്-19 നെ തന്നെ ഇല്ലാതാക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് ആളുകൾ പട്ടിണി മൂലം മരിക്കുന്നത് തടയുന്നത്.ലോകത്തിന് ആഹാരം കൊടുക്കാനുള്ള മാന്യമായ,കൂടുതല്‍ ഉല്പതിഷ്ണുതയുള്ള,സുസ്ഥിരമായ വഴികള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തികൾ ലോകനേതാക്കൾ ഉടന്‍ ചെയ്യണം.വിശപ്പിന്റെ വിളികൾക്ക് പരിഹാരം അത് മാത്രമേയുള്ളൂ.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്