Riot for Versus Populum in 21st Century(ജനാഭിമുഖരീതിക്കു വേണ്ടിയുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലഹള)

ഭാവിയിൽ ഏതെങ്കിലും യൂറോപ്യൻ ജേർണലിൽ പ്രസിദ്ധീകരിക്കാൻ സാധ്യതയുള്ള ഒരു ലേഖനത്തിന്റെ തലക്കെട്ട് ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.സീറോ മലബാർ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ട 2021ലെ സിനഡിന്റെ നിർദ്ദേശവും അതിന്റെ അനന്തര ഫലങ്ങളും ഭാവിയിൽ ഗവേഷണപഠനത്തിനുള്ള ഒരു വിഷയം ആയേക്കാം.

*പശ്ചാത്തലം*

സീറോ മലബാർ സഭയുടെ സിനഡ് 2021 നവംബർ 21 മുതൽ പ്രാബല്യത്തിൽ വരുത്തിയ ഏകീകൃത ബലിയർപ്പണ രീതി സഭയിലെ ഭൂരിപക്ഷം രൂപതകളിലും നടപ്പിലാക്കിക്കഴിഞ്ഞു. എന്നാൽ എറണാകുളം-അങ്കമാലി അതിരൂപത സിനഡ് തീരുമാനത്തിനെതിരെ റോമിനെ സമീപിക്കുകയും നിലവിൽ അർപ്പിച്ചു വരുന്ന വിശുദ്ധ കുർബാനയിലെ ജനാഭിമുഖ രീതി തുടർന്നും നിലനിർത്തണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് ആ അതിരൂപതയ്ക്ക് റോമിൽ നിന്ന് ഡിസ്പെൻസേഷൻ (ഒഴിവ് ) ലഭിക്കുകയും ചെയ്തു. അതിനിടെ സീറോ മലബാർ സഭയുടെ സിനഡ് തീരുമാനവുമായി ബന്ധപ്പെട്ട് ആ അതിരൂപതയിലെ ചില വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരവും നടന്നിരുന്നു. ഇതിനുപുറമേ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിശുദ്ധ കുർബാനയിലെ ജനാഭിമുഖ രീതിക്ക് വേണ്ടി പല വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ പലതരത്തിലുള്ള സമ്മർദങ്ങളും തുടർന്നു പോരുന്നുണ്ട്.

*സിനഡിന്റെ തീരുമാനത്തിനെതിരെ*

ഒരു സ്വയാധികാരസഭയുടെ സിനഡ് എടുത്ത തീരുമാനമാണ്, വിശിഷ്യ ആരാധനക്രമവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനമാണ് ഈ സഭയിൽ ഇത്രമാത്രം വിഭാഗീയതയ്ക്ക് വഴിതെളിച്ചത് എന്നത് ഏറെ കൗതുകകരമാണ്.

ആരാധനക്രമത്തിലെ ഒരു പ്രത്യേക രീതിയെ അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതു മായി ബന്ധപ്പെട്ട പ്രശ്നമാണ് ഇത്. ആഗോള സഭയിൽ ആദ്യ നൂറ്റാണ്ടുകൾ മുതലേ നിലവിലിരുന്ന ‘കിഴക്കിനഭിമുഖം’ അഥവാ ‘മദ്ബഹായ്ക്ക് അഭിമുഖം'(Ad Orientem) എന്ന രീതിയും 1920-കളിൽ ലത്തീൻ സഭയിൽ ആരംഭിച്ച Liturgical Movement എന്ന പ്രസ്ഥാനത്തിന്റെ സ്വാധീനത്താൽ വിശുദ്ധ കുർബാനയിലെ ‘വിരുന്ന്’ എന്ന ഘടകത്തെ മുൻനിർത്തി ആവിർഭവിച്ച ‘ജനാഭിമുഖം'(Versus Populum) എന്ന രീതിയും പിന്തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ഈ സഭയിൽ കഴിഞ്ഞ കുറെ കാലങ്ങളായി നിലനിന്നിരുന്നത്.

ഈ രണ്ടു രീതികളും ആഗോള സഭയിൽ നിരോധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം സീറോ മലബാർ സഭയുടെ സിനഡ് ഈ രണ്ട് രീതികളെയും സംയോജിപ്പിച്ചുകൊണ്ട് ആമുഖ ശുശ്രൂഷയും വചനശുശ്രൂഷയും ജനാഭിമുഖവും തുടർന്നുള്ള അനാഫൊറയുടെ ഭാഗം മദ്ബഹായ്ക്ക് അഭിമുഖവുമായി നിജപ്പെടുത്തുകയുണ്ടായി. 2021 നവംബർ 28ന് ആരംഭിച്ച മംഗളവാർത്തക്കാലം ഒന്നാം ഞായർ മുതൽ ഈ ക്രമത്തിൽ ആയിരിക്കണം വിശുദ്ധകുർബാന അർപ്പിക്കേണ്ടത് എന്നതാണ് സിനഡിന്റെ തീരുമാനം.22 വർഷങ്ങൾക്ക് മുമ്പ് 1999 ൽ സീറോ മലബാർ സഭയുടെ അന്നത്തെ സിനഡ് ഐകകണ്ഠ്യേന എടുത്ത ഒരു തീരുമാനം കൂടിയാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

1998 ജനുവരി 19ന് ജോൺപോൾ രണ്ടാമൻ മാർപാപ്പയാണ് പൗരസ്ത്യസഭകളുടെ കാനോൻ സംഹിതയിൽ പറഞ്ഞിരിക്കുന്ന ആരാധനക്രമപരമായ എല്ലാ അധികാരങ്ങളും സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ സിനഡിനു വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. തദവസരത്തിൽ സീറോ മലബാർ സഭയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇപ്രകാരം പറഞ്ഞു:”നിങ്ങൾ ഓരോരുത്തരിലും നിങ്ങളുടെ സിനഡിലും ഉള്ള – ഈ സിനഡിലൂടെ ആണല്ലോ സ്നേഹത്തിൽ സത്യത്തിന് ശുശ്രൂഷ ചെയ്യുന്നതിന് നിങ്ങൾ ഒരുമയോടെ പ്രവർത്തിക്കുന്നത്- എന്റെ വലിയ ആത്മ വിശ്വാസത്തിന്റെ അടയാളമായിട്ടാണ് ഈ നടപടിയെ ഉദ്ദേശിക്കുന്നത്” [Synodal News, No.12(December 1998)8.].

*ഓരോ രൂപതയ്ക്കും ഓരോ ആരാധനാരീതി എന്ന അവസ്ഥ!*

ഓരോ രൂപതയ്ക്കും സ്വന്തമായ ഓരോ ആരാധനാരീതി എന്നതാണ് കഴിഞ്ഞ കുറെക്കാലങ്ങളായി സീറോ മലബാർ സഭയിൽ നിലനിന്നിരുന്നത്. സഭാശാസ്ത്രപരമായി ചിന്തിക്കുമ്പോൾ ഒരുതരം അരാജകത്വം (chaos)നിലനിൽക്കുന്ന അവസ്ഥയാണിത്. കാരണം ഒരു സ്വയാധികാര സഭയ്ക്ക് ഒരേയൊരു ബലിയർപ്പണ രീതിയേ ഉണ്ടാകാൻ പാടുള്ളൂ. ആരാധനക്രമം എന്നത് വിശ്വാസത്തിന്റെ പ്രകാശനമാണ് എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.”ഐക്യം ആണ് വേണ്ടത് ഐകരൂപ്യമല്ല” തുടങ്ങിയ ഉട്ടോപ്യൻ വാദഗതികൾ ആരൊക്കെ ആവർത്തിച്ച് പറഞ്ഞാലും ഒരു നിശ്ചിത സഭയിലെ ആരാധനക്രമപരി കർമ്മത്തിൽ ഐകരൂപ്യത്തിന് വലിയ സ്ഥാനമുണ്ട്.പോർട്ടുഗീസ് അധിനിവേശത്തിനു ശേഷം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്വാതന്ത്ര്യത്തിലേക്ക് കുതിച്ച സീറോ മലബാർ സഭയിൽ തുടർന്നുള്ള വിവിധ കാലങ്ങളിൽ ഭരണ സൗകര്യാർത്ഥം രൂപപ്പെട്ട ഓരോ രൂപതയും സ്വന്തമായ ഓരോ രീതി ആരാധനക്രമവുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചെടുത്തപ്പോൾ ഈ സഭയുടെ സഭാത്മകതയും തനതു വ്യക്തിത്വവും നഷ്ടപ്പെട്ടു പോയി എന്നതൊരു യാഥാർഥ്യമാണ്. സഭ എന്ന കാഴ്ചപ്പാട് ഇവിടെ ദുർബലമാവുകയും രൂപത എന്ന കാഴ്ചപ്പാട് തഴച്ചു വളരുകയും ചെയ്തു. തത് ഫലമായി എല്ലാ മേഖലകളിലും വിശിഷ്യ ആരാധനക്രമരംഗത്തും സഭ എന്ന കാഴ്ചപ്പാടിനുപരിയായി ഓരോ രൂപതയുടെയും മേധാവിത്വം പ്രത്യക്ഷപ്പെട്ടു. ആഗോള സഭയുടെ പൊതു പൈതൃകമായ ആരാധനക്രമത്തിലെ പ്രതീകങ്ങളും അടയാളങ്ങളും ഉൾപ്പെടെയുള്ളവ രൂപതകൾ സ്വകാര്യമായി കരുതുകയോ ചിലതിനെ തള്ളിക്കളയുകയോ ചെയ്തു. ആരാധനക്രമവുമായി ബന്ധപ്പെട്ട് പൗരസ്ത്യ തിരുസംഘം നൽകിയ നിർദ്ദേശങ്ങൾ പലതും ജലരേഖകളായി മാറി! ഒരുവശത്ത് അനുസരണയെക്കുറിച്ച് ഘോരഘോരം പ്രഘോഷിക്കുകയും മറുവശത്ത് പൗരസ്ത്യതിരു സംഘത്തിന്റെ നിർദ്ദേശങ്ങൾ തൃണവദ്ഗണിക്കുകയും ചെയ്യുന്ന ഒരു തരം വൈരുദ്ധ്യം സീറോ മലബാർ സഭയിൽ സംജാതമായി!

*ആരാധനക്രമം ഏതെങ്കിലും രൂപതയുടെ സ്വന്തമോ?*

ഒരു രൂപതയ്ക്ക് ചിരസ്ഥായിയായ ഒരു ആരാധനാരീതി ഉണ്ടായിരിക്കണം എന്ന നിലപാട് ആരാധനക്രമ തത്വത്തിനും കത്തോലിക്കാ സഭയുടെ സഭാശാസ്ത്രത്തിനും വിരുദ്ധമാണ്. ഈ നിലപാടാണല്ലോ സിനഡിന്റെ തീരുമാനത്തിനെതിരെ നിലകൊള്ളാൻ ചിലരെ പ്രേരിപ്പിച്ചത്.

ഒരു സ്വയാധികാര സഭയുടെ ആരാധനക്രമം എങ്ങനെയാണ് എന്ന് തീരുമാനിക്കേണ്ടത് ആ സഭയുടെ പരമോന്നത സിനഡ് ആണ്. ആ സിനഡിന്റെ തീരുമാനത്തെ വകതിരിവില്ലാത്തതെന്നും ജനങ്ങളുടെ വികാരങ്ങളെ മാനിക്കാത്തതെന്നും ആക്ഷേപിക്കുന്നത് ബാലിശവും അപലപനീയവുമാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആരാധനാക്രമത്തെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

(1) ആരാധനക്രമത്തിന്റെ നിയന്ത്രണം തിരുസ്സഭാധികാരികളെ മാത്രം, അതായത് പരിശുദ്ധ സിംഹാസനത്തേയും നിയമം അനുവദിക്കുന്നെങ്കിൽ മെത്രാനെയും ആശ്രയിച്ചിരിക്കുന്നു

.(2) നിയമദത്തമായ അംഗീകാരം ഉപയോഗിച്ച് നിശ്ചിത പരിധിക്കുള്ളിൽ നിയമാനുസാരം സ്ഥാപിതമായ മെത്രാൻമാരുടെ പ്രാദേശിക സംഘങ്ങൾക്കും ആരാധനക്രമ സംബന്ധമായ നിയമനിർമാണം ചെയ്യാവുന്നതാണ്.

(3) തന്മൂലം മറ്റാർക്കും ഒരു വൈദികനു പോലും സ്വാധികാരത്താൽ ആരാധനക്രമത്തിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല. (ആരാധനക്രമം,No.22).

*ഒരു സ്വയാധികാര സഭയുടെ സിനഡിന് ആരാധന ക്രമത്തിൽ മാറ്റം വരുത്താൻ അധികാരമില്ലേ?*

സഭയുടെ ചരിത്രത്തിൽ പല ആരാധനാരീതികളും ശൈലികളും മാറ്റത്തിന് വിധേയമായിട്ടുണ്ട്. അതിന് ഒരു ഉദാഹരണമാണ് വിശുദ്ധ കുർബാനയ്ക്കുശേഷം ഉടൻതന്നെ വിശുദ്ധ കുർബാന എഴുന്നള്ളിച്ചു വെച്ച് ആശീർവാദം കൊടുക്കുന്ന രീതി. ഇത്തരം ചില രീതികൾക്ക് കാലാകാലങ്ങളിൽ മാറ്റം ഉണ്ടായിട്ടുണ്ട്. സഭയുടെ പൊതുമനസ്സ് ഇവയെല്ലാം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾക്ക് ഒരു പ്രത്യേക രീതി മാത്രമേ ആരാധനക്രമത്തിൽ പാടുള്ളൂ എന്ന് ഏതെങ്കിലും രൂപതയോ വ്യക്തിയോ നിർബന്ധബുദ്ധി പിടിക്കുന്നത് ആരാധനക്രമ തത്ത്വത്തിന് വിരുദ്ധവും സഭാ വിരുദ്ധവുമാണ്.സീറോ മലബാർ സഭയെ സംബന്ധിച്ച് 1992 ൽ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ ആകുന്നതുവരെ ഈ സഭയിൽ സിനഡൽ സംവിധാനം എന്നൊന്ന് ഇല്ലായിരുന്നു. അതായത്, ദീർഘകാലത്തെ പോർട്ടുഗീസ് അധിനിവേശത്തിനു ശേഷം 1923 ൽ സ്ഥാപിതമായ സീറോ മലബാർ ഹയരാർക്കി എന്നത് 1917-ലെ ലത്തീൻ കാനൻ നിയമസംഹിത അനുസരിച്ചുള്ള ഒരു മെത്രാപ്പോലീത്തൻ പ്രവിശ്യ മാത്രമായിരുന്നു.ഈ സംവിധാനത്തിൽ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പിനെപ്പോലെ ഒരു പൊതു തലവൻ ഇല്ലായിരുന്നു. ലത്തീൻ സഭയിലെപ്പോലെ സീറോ മലബാർ സഭയിലും റോമാ മാർപാപ്പ നേരിട്ടാണ് മെത്രാപ്പൊലീത്തമാരെയും മെത്രാന്മാരെയും അക്കാലത്ത് നിയമിച്ചിരുന്നത്. 1992 ൽ സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭ ആയെങ്കിലും 1998 ലാണ് ആരാധനക്രമപരമായ അധികാരങ്ങളും തുടർന്ന് 2004 ൽ മെത്രാന്മാരെ നിയമിക്കാനുള്ള അധികാരങ്ങളും ഈ സഭയ്ക്ക് ലഭിച്ചത്. ഇപ്രകാരം വളർച്ചയുടെ ഒട്ടേറെ പടവുകളിലൂടെ ആണ് സീറോ മലബാർ സഭ യാത്ര ചെയ്തത്. അതിനാൽ ഏതെങ്കിലും ഒരു കാലഘട്ടത്തിൽ രൂപപ്പെട്ട ഒരു രീതി മാത്രമേ തങ്ങൾ സ്വീകരിക്കുകയുള്ളൂവെന്ന് ഏതെങ്കിലും ഒരു രൂപത ശാഠ്യം പിടിക്കുന്നത് സഭാത്മകതയ്ക്കും യുക്തിക്കും യോജിച്ച നിലപാടല്ല.

*കത്തോലിക്കാസഭയുടെ സഭാശാസ്ത്രത്തെ (Ecclesiology) അംഗീകരിക്കുക*

സീറോ മലബാർ സഭയിലെ ഇന്നത്തെ പ്രതിസന്ധി ‘ആരാധനക്രമപരം’ എന്നതിനേക്കാൾ ‘സഭാ ശാസ്ത്രപരം’ ആണെന്നാണ് പലരുടെയും പ്രസ്താവനകൾ സൂചിപ്പിക്കുന്നത്.അതായത് സഭാശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു തരം അജ്ഞത ഈ സഭയിലെ ചില അംഗങ്ങൾ വെച്ചു പുലർത്തുന്നുണ്ട്. തദ്ഫലമായി സീറോ മലബാർ സഭ എന്ന ഈ സ്വയാധികാരസഭയെ അഥവാ വ്യക്തിസഭയെ അതിന്റെ വ്യക്തിത്വത്തോടു കൂടി കാണാൻ പലർക്കും സാധിക്കുന്നില്ല.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നുണ്ട്:”കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ ശരിയായ സ്ഥാനം സൂക്ഷിച്ചുകൊണ്ടു തന്നെ സ്വന്തമായ പാരമ്പര്യങ്ങളെ നിലനിർത്തുന്ന വ്യക്തിസഭകൾ ഉണ്ട് “(CCC, No.814). രണ്ടാംവത്തിക്കാൻ കൗൺസിലിന്റെ തിരുസ്സഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷനിൽ സഭയുടെ ഏകത്വത്തെയും വിവിധത്വത്തെയും കുറിച്ച് ഇപ്രകാരം പറയുന്നു:”വിശ്വാസൈക്യവും സാർവത്രിക സഭയുടെ ദൈവികമായ ഘടനാ വിശേഷവും നിലനിർത്തിക്കൊണ്ട് പോകുന്ന ശ്ളീഹന്മാരും അനന്തരഗാമികളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച വിവിധ സഭകൾ സ്വന്തമായ ശിക്ഷണക്രമത്താലും ആരാധനാവിധികളാലും ദൈവശാസ്ത്രപരവും ആദ്ധ്യാത്മികവുമായ പിതൃ ധനത്താലും അലംകൃത ങ്ങളാണ് “(തിരുസഭ, No.23).

ഒരു സ്വയാധികാര സഭയുടെ സിനഡിനെയും പൗരസ്ത്യ തിരുസംഘത്തിന്റെ നിർദ്ദേശങ്ങളെയും അനുസരിക്കുക എന്നതിന്റെ അർത്ഥം കത്തോലിക്കാ സഭയുടെ ഇപ്രകാരമുള്ള സഭാശാസ്ത്രത്തെ (Ecclesiology) അംഗീകരിക്കുക എന്നതു കൂടിയാണ്.

*ആരാധനാരീതിയിൽ നിന്ന് ഒഴിവ് (Dispensation)?*

സീറോ മലബാർ സഭയിൽ ഈ നാളുകളിൽ സഭാ നിയമവുമായി (Canon Law)ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാനോനയാണ് കാനോന 1538. സഭാ ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തെ ഇത് സൂചിപ്പിക്കുന്നു .

ഒരു രൂപതാദ്ധ്യക്ഷന് തനിക്ക് വിധേയരായ ക്രൈസ്തവ വിശ്വാസികളുടെ ആദ്ധ്യാത്മിക നന്മയ്ക്കുപകരിക്കുമെന്ന് വിചാരിക്കുമ്പോഴൊക്കെയും ഒരു പ്രത്യേക കാര്യത്തിൽ പൊതു നിയമത്തിൽ നിന്നും തന്റെ സ്വയാധികാര സഭയുടെ പ്രത്യേക നിയമത്തിൽ നിന്നും ഒഴിവു നൽകാൻ അനുവദിക്കുന്ന നിയമമാണിത് (കാനോന 1538). അതേ സമയം തന്നെ ഇത് താൽക്കാലികമായ ഒരു നടപടി മാത്രമാണെന്നും ഒരു പ്രത്യേക വ്യക്തിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ മാത്രം അനുവദിക്കുന്നതാണെന്നും ഗൗരവമായ കാരണങ്ങൾ ഉള്ളപ്പോൾ മാത്രം അനുവദിക്കാവുന്നതാണെ ന്നും പൗരസ്ത്യ കാനോൻ നിയമം വ്യക്തമായി പറയുന്നുണ്ട്.(കാനോന 1536).കാനോന 1538 പോലെ തന്നെ പ്രധാനപ്പെട്ടതാണ് കാനോന 17ഉം. ഒരു സ്വയാധികാര സഭയുടെ ആരാധനക്രമത്തിൽ പങ്കെടുക്കാനുള്ള ഒരു വിശ്വാസിയുടെ അവകാശത്തെ എടുത്തുപറയുന്ന വകുപ്പാണ് കാനോന 17. ഇതനുസരിച്ച് തങ്ങളുടെ സ്വയാധികാര സഭയുടെ നിബന്ധനകൾക്കനുസരിച്ച് ദൈവാരാധന നടത്തുന്നതിന് ക്രൈസ്തവ വിശ്വാസികൾക്ക് അവകാശമുണ്ട്.അഭിവന്ദ്യ മേജർ ആർച്ച്ബിഷപ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു സർക്കുലർ ഏല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടു വന്നതാണല്ലോ.

*റോബർട്ട് ടാഫ്റ്റിന്റെ വീക്ഷണങ്ങളോ സിനഡിന്റെ തീരുമാനമോ?*

സീറോ മലബാർ സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ട് പലരും ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് പ്രസിദ്ധ ബൈസന്റയിൻ ആരാധനക്രമ പണ്ഡിതനായ റോബർട്ട് ടാഫ്റ്റിന്റെ ചില പ്രസ്താവനകൾ.

സീറോ മലബാർ സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം ഇടപെടുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ അദ്ദേഹം അപ്രകാരം ചെയ്തിരുന്നുവെന്നത് ശരിയാണ്. എന്നാൽ ‘സഭ’ എന്നത് എന്നും വളർന്നു കൊണ്ടിരിക്കുന്ന ഒരു സംവിധാനമാണ്.

1992 ൽ ഒരു സ്വയാധികാര സഭയായി മാറിയ സീറോ മലബാർ സഭയുടെ ആരാധനാക്രമം എപ്രകാരമാണെന്ന് തീരുമാനിക്കാനുള്ള പൂർണമായ അധികാരം ഉള്ള സഭയുടെ സിനഡാണ് 2021ൽ ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കിയത്.ഒരു സ്വയാധികാര സഭയുടെ സിനഡിന്റെ തീരുമാനങ്ങൾക്കപ്പുറത്ത് ഏതെങ്കിലും ഒരു ദൈവശാസ്ത്രജ്ഞന്റെയോ ആരാധനാക്രമ പണ്ഡിതന്റെ യോ വീക്ഷണങ്ങളെ ആരെങ്കിലും ഉയർത്തിപ്പിടിക്കുക എന്നത് ഏറെ വിചിത്രമാണ്. മെത്രാൻ സംഘത്തിന്റെ പരമമായ ഉത്തരവാദിത്വമാണ് ആരാധനക്രമപാലനം എന്ന കാര്യം രണ്ടാം വത്തിക്കാൻ കൗൺസിൽ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്

.*ലത്തീൻ സഭയിൽ ആരംഭിച്ച ഒരു രീതിക്കു വേണ്ടി ലഹള!*

ലത്തീൻ സഭയിൽ ആരംഭിച്ച ഒരു രീതി നിലനിർത്തുന്നതിന് വേണ്ടിയാണ് ഒരു സ്വയാധികാര സഭയായ സീറോ മലബാർ സഭയുടെ സിനഡിനെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ജനാഭിമുഖരീതിക്ക് വേണ്ടി ചിലർ നിലകൊള്ളുന്നത്. ലത്തീൻ സഭയിലെ പ്രമുഖ ആരാധനക്രമ പണ്ഡിതനായ ക്ലൗസ് ഗാമ്പർ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ‘ജനാഭിമുഖ ബലിയർപ്പണ രീതി’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് നവോത്ഥാന നായകനായ മാർട്ടിൻലൂഥർ ആണ്. ലൂഥർ ഇപ്രകാരം നിർദ്ദേശിച്ചെങ്കിലും പ്രൊട്ടസ്റ്റന്റ് സഭകളിൽ ജനാഭിമുഖ ബലിയർപ്പണ രീതി നടപ്പിൽ വരാൻ അനേകം വർഷങ്ങൾ എടുത്തു. ഇന്നും കിഴക്കിനഭിമുഖമായി അഥവാ മദ്ബഹായ്ക്ക് അഭിമുഖമായി ബലിയർപ്പിക്കുന്ന പ്രൊട്ടസ്റ്റന്റ് ദൈവാലയങ്ങൾ ഉണ്ട്.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ജനാഭിമുഖബലിയർപ്പണ ത്തിന്റെ ആരംഭം കുറിക്കുന്നത് 1920-കളിൽ ആരംഭിച്ച ലിറ്റർജിക്കൽ പ്രസ്ഥാനത്തിന്റെ (Liturgical Movement) സ്വാധീന ഫലമായിട്ടാണ്. വിശുദ്ധ കുർബാന കൂടുതൽ സജീവമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ പ്രസ്ഥാനക്കാർ ഇപ്രകാരം ചെയ്തത്. എന്നാൽ വിശുദ്ധ കുർബാനയുടെ ബലി പരമായ ഘടകത്തിന് കോട്ടം തട്ടാൻ ഈ രീതി ഇടയാക്കി. പിന്നീട് രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഈ രീതി പ്രചുരപ്രചാരം നേടി. ലത്തീൻ സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞൻ ആയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിപ്രായത്തിൽ വിശുദ്ധ കുർബാന എന്നത് ഒരു ഐക്യ വിരുന്ന് ആണ്, ജനങ്ങളുടെ നേരെ തിരിഞ്ഞാവണം ഒരു വിരുന്നാഘോഷം തുടങ്ങിയ ആശയങ്ങൾ ആണ് ഈ രീതി പ്രചുരപ്രചാരത്തിലാകാനുളള കാരണങ്ങൾ.

*ഗൗരവമായ അജപാലന പ്രതിസന്ധിയോ?*

സീറോ മലബാർ സഭയുടെ സിനഡ് നിർദ്ദേശിച്ച ഏകീകൃത ബലിയർപ്പണ രീതി നടപ്പിലാക്കാനുള്ള തടസ്സമായി പലരും ഇന്നും ചൂണ്ടിക്കാണിക്കുന്നത് ഗൗരവമായ അജപാലന പ്രതിസന്ധി ഈ തീരുമാനത്തി ലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ്. എന്നാൽ ഈ വാദത്തിന്റെ യുക്തി പരിശോധിക്കേണ്ടതുണ്ട്.

സീറോ മലബാർ സഭയുടെ 35 രൂപതകളിൽ 34 ഇടത്തും പൂർണ്ണമായും ചില സ്ഥലങ്ങളിൽ ഭാഗികമായും സിനഡ് നിർദ്ദേശിച്ച ഏകീകൃത ബലിയർപ്പണ രീതി നടപ്പിൽ വന്നു കഴിഞ്ഞു. ഈ രീതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വളരെയധികം അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടാകും എന്ന വ്യാപക പ്രചരണം ചില കേന്ദ്രങ്ങൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ സഭയിലെ ബഹുഭൂരിപക്ഷം രൂപതകളിലും സിനഡ് നിർദ്ദേശിച്ച ക്രമം നടപ്പിലായി.

ഇവിടെ ഉയരുന്ന ഗൗരവമായ ചില ചോദ്യങ്ങളുണ്ട്. എന്താണ് ഗൗരവമായ അജപാലന പ്രതിസന്ധി? സീറോ മലബാർ സഭയുടെ സിനഡ് ആരാധനാക്രമവുമായി ബന്ധപ്പെട്ട് ഒരു നിർദ്ദേശം നൽകുമ്പോൾ അത് ആദ്യം സ്വീകരിക്കേണ്ടത് ആരാണ്? വൈദികർ ആണ് ഇപ്രകാരം സ്വീകരിക്കേണ്ടതെങ്കിൽ അവരെ കവച്ചു വെച്ചു കൊണ്ട് ചില അല്മായർ സിനഡിനെതിരെ നിലകൊള്ളുമോ? ഇവിടെ വളരെ വിചിത്രമായ വസ്തുത ‘ഗുരുതരമായ അജപാലന പ്രതിസന്ധി’ എന്ന വാക്ക് സൃഷ്ടിച്ചെടുക്കുന്നത് ഏതാനും വൈദികർ ആണെന്നതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ വിശ്വാസികൾക്ക് ഇല്ലാത്ത ഗുരുതരമായ അജപാലന പ്രതിസന്ധിയാണ് ഇന്ന് ഈ സഭയിൽ ചില വൈദികർ സൃഷ്ടിച്ചിരിക്കുന്നത്!

*വൈവിധ്യത്തിലെ ഐക്യമോ?*

വൈവിധ്യത്തിലെ ഐക്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഭാരതത്തിന്റെ പശ്ചാത്തലം തന്നെ ‘നാനാത്വത്തിൽ ഏകത്വം’ ആണെന്നും പറയുന്നവരുണ്ട്. അതിനാൽ ആരാധനക്രമത്തിലെ വൈവിധ്യം ഐക്യത്തിലേക്ക് നയിക്കുന്നതാണ് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.ഈ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണ്.

കാരണം വ്യത്യസ്ത മതവിശ്വാസങ്ങളും സംസ്കാരങ്ങളും ഒരു രാജ്യത്തിൽ ഒരുമയോടെ ജീവിക്കുന്നതിനെയാണ് ‘നാനാത്വത്തിൽ ഏകത്വം’ എന്ന് പറയുന്നത്. ഒരു നിശ്ചിത സഭയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട് മുകളിൽ പറഞ്ഞ തത്ത്വം അതേ അർത്ഥത്തിൽ പ്രയോഗിക്കാൻ സാധിക്കില്ല. കാരണം ദൈവാരാധന എന്നത് ഒരേ വിശ്വാസം ഏറ്റു പറയുന്നവരുടെ ദൈവ തിരു മുമ്പാകെയുള്ള പ്രഘോഷണം ആണ്.

കത്തോലിക്ക സഭയിലെ 24 സ്വയാധികാര സഭകളിലെ ഓരോ സഭയും ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ഭരണസംവിധാനം എന്നിവയിൽ വ്യത്യസ്തത പുലർത്തുന്നവയാണ്.എന്നാൽ ഒരു സ്വയാധികാര സഭയ്ക്കുള്ളിലെ വിവിധ ഇടങ്ങളിൽ വ്യത്യസ്തമായ രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണമാണുള്ളത് എന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നതാണ്.

സീറോ മലബാർ സഭയിൽ കഴിഞ്ഞ കുറെക്കാലങ്ങളായി കുറെനാളുകളായി നിലനിന്നിരുന്ന അസ്വസ്ഥതയും അതായിരുന്നു.ഒരു സ്വയാധികാര സഭയ്ക്കുള്ളിൽത്തന്നെയുള്ള വ്യത്യസ്തമായ ആരാധനയർപ്പണ രീതികൾ ചരിത്രപരമായ ചില കാരണങ്ങളാൽ സംഭവിച്ചതാണ്. അതിനെ ഒരിക്കലും ഭാരത സംസ്കാരത്തിലെ ‘നാനാത്വത്തിൽ ഏകത്വ’ത്തോട് അഥവാ ‘വൈവിധ്യങ്ങളിലെ ഐക്യ’ത്തോട് ഉപമിക്കാൻ സാധിക്കില്ല. കാരണം ഒരു നിശ്ചിത സ്വയാധികാരസഭയ്ക്കുള്ളിലുള്ള വ്യത്യസ്തമായ ആരാധനയർപ്പണ രീതികൾ ഒരിക്കലും ഐക്യത്തിലേക്ക് നയിക്കുന്നതല്ല, മറിച്ച് അത് രൂപതകളെ തമ്മിൽ ഭിന്നിപ്പിക്കുന്ന ഒന്നാണ് . അതിനുദാഹരണമാണ് സീറോമലബാർ സഭയിൽ പരമ്പരാഗതമായി ഉപയോഗിച്ചു പോരുന്ന ചില പ്രതീകങ്ങളെ ചിലയിടങ്ങളിൽ തള്ളിക്കളയുകയോ അവഗണിച്ചു കളയുകയോ ചെയ്യുന്നത്.

അതുപോലെതന്നെ ഈ സഭയുടെ സമ്പന്നമായ ആരാധനക്രമ ടെക്സ്റ്റുകളെ ഇകഴ്ത്തിക്കാണിക്കുന്ന ശൈലിയും ചിലയിടങ്ങളിലുണ്ട്. ദൈവാരാധനയിൽ കേന്ദ്രീകൃതമായ ആധ്യാത്മികയ്ക്കു പകരം ഭക്താനുഷ്ഠാനങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഒരു ആത്മീയതയാണ് പല കാരണങ്ങളാൽ ഇവിടെ വളർന്നു വന്നത്. തദ്ഫലമായി സഭയുടെ ആരാധനാ ജീവിതം പ്രാദേശികവത്ക്കരിക്കപ്പെടുകയും മന്ദീഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായ വിധത്തിൽ ഇപ്രകാരം ഭിന്നിച്ചുനിൽക്കുന്ന സീറോ മലബാർ സഭയുടെ ഐക്യത്തിനു വേണ്ടി സഭയുടെ സിനഡ് നിർദ്ദേശിച്ച ഒന്നാണ് ഏകീകൃത ബലിയർപ്പണ രീതി. അത് ഉൾക്കൊള്ളാൻ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതാണ്.

*ആരാധനക്രമ ഐക്യം ഉടൻതന്നെ സംജാതമാകണം*

സീറോ മലബാർ സഭയിലെ ആരാധനക്രമഐക്യം എന്ന ഉയർന്ന ലക്ഷ്യം മുൻനിർത്തിയാണ് സഭയുടെ സിനഡ് ഏകീകൃത ബലിയർപ്പണ രീതി സഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ ഈ രീതിക്കെതിരെ വ്യാപകമായി നടക്കുന്ന പ്രചരണങ്ങൾ ഏറെ ഖേദകരമാണ്. വൈദിക പരിശീലന രംഗത്ത് ഒരുകാലത്ത് സജീവമായി ഉണ്ടായിരുന്നവർ പോലും ഇതിന്റെ പിന്നിൽ ഉണ്ട് എന്നത് നിർഭാഗ്യകരമാണ്.

സഭയിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ആരാധനാ രീതിയെയും സ്വന്തമാക്കി വെയ്ക്കുവാൻ ഒരു രൂപതയ്ക്കും അവകാശമില്ല. അങ്ങനെയെങ്കിൽ സഭ എന്ന കാഴ്ചപ്പാടിനോ സഭാസിനഡ് എന്ന കാഴ്ചപ്പാടിനോ യാതൊരു പ്രസക്തിയും ഉണ്ടാവുകയില്ല . ആരാധനക്രമം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോ രൂപതയ്ക്കോ മെത്രാനോ വൈദികനോ വിട്ടുകൊടുത്താൽ സമ്പൂർണ്ണമായ അരാജകത്വമായിരിക്കും ഫലം. ഇക്കഴിഞ്ഞകാലങ്ങളിൽ സീറോ മലബാർ സഭ നേരിട്ട പ്രതിസന്ധിയും അതായിരുന്നല്ലോ. അതിനാൽ സീറോ മലബാർ സഭയിൽ എല്ലായിടത്തും ആരാധനക്രമ ഐക്യം ഉടൻതന്നെ സംജാതമാകേണ്ടതുണ്ട്. അതിന് സഭാംഗങ്ങളുടെയെല്ലാം സഹകരണവും ഒത്തൊരുമയും അത്യന്താപേക്ഷിതമാണ്.

ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.

നിങ്ങൾ വിട്ടുപോയത്