മലപ്പുറം : ആയൂര്‍വേദാചാര്യന്‍ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമാണ്.

കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തില്‍ ഉച്ചയ്ക്ക് 12. 25 നായിരുന്നു അന്ത്യം. ആയുര്‍വേദ ചികില്‍സാരംഗത്തെ കുലപതികളിലൊരാളാണ്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്.

പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി പി കെ വാര്യരെ രാജ്യം ആദരിച്ചിട്ടുണ്ട്. ആയൂര്‍വേദ പഠനത്തിനിടെ, മഹാത്മാഗാന്ധിയുടെ ആഹ്വാനത്തില്‍ പ്രചോദിതനായി പഠനം ഉപേക്ഷിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തിലാണ് 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാര്യര്‍ എന്ന പി കെ വാര്യരുടെ ജനനം. ശ്രീധരന്‍ നമ്പൂതിരിയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുമാണ് മാതാപിതാക്കൾ. കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍ ആണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്‌നം പി.എസ് വാര്യര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. ആയുര്‍വേദ പണ്ഡിതൻ ഡോ. പി എസ് വാര്യർ അമ്മാവനാണ്. കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ ആദ്യവൈദ്യൻ കോഴ്സ് പഠിച്ചു. അമ്മാവന്റെ മരണശേഷം ആര്യവൈദ്യശാലയെ ചാരിറ്റബിള്‍ ട്രസ്റ്റ് ആയി നടത്തിക്കൊണ്ടു പോകുന്ന ദൗത്യം ഡോ.പി.കെ വാര്യര്‍ ഏറ്റെടുത്തു. ലോകോത്തര നിലവാരത്തിലേക്ക് ആര്യവൈദ്യശാലയെ അദ്ദേഹം നയിച്ചു.

1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം നൽകി ആദരിച്ചു. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാര്യർക്ക് ലഭിച്ചു. സ്‌മൃതിപർവം പി കെ വാര്യരുടെ ആത്മകഥയാണ്. ഇതിന് 2009 ൽ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

നിങ്ങൾ വിട്ടുപോയത്