ഒരിടം .
ശാന്തമായ ചെറിയ ഒരിടം .
ആർക്കും ഭയമില്ലാതെ കയറി വരാവുന്ന ഒരിടം . ആർക്കും സ്വന്തമെന്നു കരുതാവുന്ന ഒരിടം.
തൊഴുത്തിന് അടുത്ത് കന്നുകാലികൾക്ക് പുല്ലും വൈക്കോലും തിന്നാനുള്ള ഒരു ഇടസ്ഥലം(manger).
അവിടെയാണ് ഈ ഭൂമി കൈവശം വെച്ചിരിക്കുന്ന നാം, മനുഷ്യർ , സ്നേഹവും കരുണയും ത്യാഗവും നിറഞ്ഞ ഒരു കുഞ്ഞിന് ജനിക്കാനുള്ള ഇടം അനുവദിച്ചത് . ജാതിയോ മതമോ വർഗീയതയോ സ്ഥാനമോ ദേശീയതയോ, തമ്മിൽ തമ്മിൽ വേർതിരിവോ ഇല്ലാത്ത ആടും പശുവും കിളികളും ഒട്ടകവും ആണ് ആ ഇടത്തിൽ ഉണ്ടായിരുന്നത് . ആ ഇടം തേടി നക്ഷത്രം വന്നു , ആട്ടിടയന്മാരും രാജാക്കൻമാരും വന്നു .
അവിടെ ജനിച്ചവന് ഈ ഭൂമി മുഴുവൻ മനുഷ്യമനസ്സുകളിൽ ഇന്ന് ഇടമുണ്ട് . ആരും കാണാത്ത ആ ഇടത്തിൽ ജനിച്ച ഒരുവൻ , അതിനു മുമ്പ് ഒരിടത്ത് ജനിച്ച് പിന്നീട് എന്തൊക്കെയോ തേടി എവിടെക്കെയോ അലയുന്ന മനുഷ്യരെ തേടി പുറപ്പെട്ടു .
പക്ഷേ ആർക്കും തങ്ങളെ തേടിവന്ന തങ്ങളുടെ മകനെ, അനുജനെ, കൂട്ടുകാരനെ മനസ്സിലായില്ല . കാരണം ആ മനുഷ്യർക്കൊന്നും തങ്ങൾ ഈ ഭൂമിയിൽ ജനിച്ച ഇടം അറിയുമായിരുന്നില്ല . ഓർമയുണ്ടായിരുന്നില്ല .
ഓർക്കാനിഷ്ടമുണ്ടായിരുന്നില്ല . ജനിച്ച ഇടം മറന്ന് എങ്ങിനെയോ ജീവിക്കുന്ന നമുക്ക് നാം ജനിച്ച ഇടത്തിൽ പണ്ടേ ഉള്ളവരെ അറിയുമോ ? അവരിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യലതാതികളുമുണ്ട്. അവരെല്ലാം നമ്മൾ ജനിച്ചപോലെ ഇവിടെ ഇതേ ഭൂമിയിൽ ജനിച്ചവരാണ് .
അതിന് നിങ്ങൾ ഈ ഭൂമിയിൽ ജനിച്ച ഇടംഇപ്പോൾ നിങ്ങൾക്കറിയുമോ ? അതു ഒരു സ്ഥലം അല്ല , അതു ജീവിതാവസ്ഥയാണ് , മനോഭാവമാണ് , നിങ്ങളുടെ സഹജരാണ് , നിങ്ങളുടെ മനസ്സാണ് . ഇതെല്ലാം , ഇവയെയെല്ലാം എന്ന് തിരിച്ചറിയുന്നുവോ അന്ന് അവനവനാരെന്ന് നാം അറിയും . ആ ഇടത്തിൽ നമുക്ക് മുമ്പെയും നമ്മോടൊപ്പവും ജനിച്ച നമ്മൾ ജനിച്ച നിമിഷത്തിലും അതിനു മുമ്പും നമുക്ക് കൂട്ടായിരുന്ന മനുഷ്യരും, അന്ന് നമുക്ക് ലഭിച്ച സ്നേഹവും കരുണയും ത്യാഗവും, ഇപ്പോഴും നമ്മുടെ കൂടെയുണ്ടോ ? ഈ ക്രിസ്മസ് നമുക്കു തമ്മിൽ തമ്മിൽ വേർതിരിവില്ലാത്ത ആ ഇടത്തിലാക്കാം.
ജനിച്ചപ്പോൾ നാം എത്ര നിർമ്മലമായിരുന്നുവോ ആ മനസ്സിന്റെ ഇടം നമുക്ക് തിരിച്ചുപിടിക്കാൻ ശ്രമിച്ചാലോ ?
അവിടെ സന്മനസുള്ളവർക് സമാധാനം എന്ന് എഴുതി വെച്ചിട്ടുണ്ട് .
സമാധാനത്തിൽ ജനിച്ച് , ശാന്തിയിൽ ജീവിച്ച് , പരമശാന്തിയിൽ ലയിച്ച് ചേർന്ന ഒരുവന്റെ പേരാണ് യേശു . അവന് ജാതിയില്ല , മതമില്ല , വർഗ്ഗമില്ല , വേർതിരിവില്ല , കാപട്യമില്ല, സ്വത്തില്ല . എന്നും അവൻ സന്മനസുള്ളവർക് സമാധാനം നൽകുന്നു .
അപ്പോൾ എന്റെ മനസ്സ് നന്നാവണം , അപ്പോൾ സമാധാനം ഉണ്ടാകും . അതാണ് ക്രിസ്ത്മസ്.
വെറുമൊരു മരപ്പലകയിൽ വെള്ളത്തുണിയിൽ ജനിച്ച് , ഒടുവിൽ മറ്റൊരു മരപ്പലകയിൽ മരിച്ച് , ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു ഭൂമിയിൽ നിന്ന് യാത്രയായവൻ.അത്രമേൽ നിസ്സാരമായി ആണ് നാമും ജനിച്ചത് എന്ന് തിരിച്ചറിഞ്ഞ് , ആ ബോധ്യത്തിൽ എളിമയോടെ ജീവിക്കാനും ത്യാഗത്തിൽ മരിക്കാനും കഴിഞ്ഞിരുന്നുവെങ്കിൽ എന്നും എന്നിൽ ക്രിസ്മസ് ഉണ്ടായേനെ .
merry christmas.