മരുന്നിൻ്റെ വിലയോർത്ത്രോഗം പറയാതെ…
.വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം.
പാവപ്പെട്ട കുടുംബത്തിലെ ഒരു സ്ത്രീ ശാരീരിക അസ്വാസ്ഥ്യം മൂലം ഡോക്ടറെ സമീപിച്ചു.
അവരെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു:”നിലയ്ക്കാത്ത രക്തസ്രാവമാണല്ലോ? അതാണ് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണം. ഞാൻ മരുന്ന് കുറിച്ച് തരാം. വീണ്ടും അസുഖം വന്നാൽ ഗർഭപാത്രം നീക്കം ചെയ്യേണ്ടിവന്നേക്കാം…”
ഡോക്ടറുടെ വാക്കുകൾ കേട്ട ആ സ്ത്രീ ചോദിച്ചു:
“അത് വലിയ ഓപ്പറേഷനല്ലെ? ഒത്തിരി പണച്ചിലവില്ലെ?””
ചുരുങ്ങിയത് പതിനായിരം രൂപയെങ്കിലും ആകും..
“മരുന്ന് വാങ്ങി ആ സ്ത്രീ വീട്ടിലേക്ക് മടങ്ങി. മാസങ്ങൾ കഴിഞ്ഞു.ഒരു ദിവസം അയൽവാസിയായ സ്ത്രീ കുശലാന്വേഷണത്തിനായ് ഈ സ്ത്രീയുടെ ഭവനത്തിലെത്തി.വാതിൽ തുറന്നു കിടന്നെങ്കിലും എത്ര വിളിച്ചിട്ടും ആരും പുറത്ത് വരാതിരുന്നപ്പോൾ അകത്ത് കയറി നോക്കി.
കട്ടിലിൽ തളർന്ന് കിടക്കുന്ന ഗൃഹനാഥയെയാണ് കാണാനായത്. ശരീരം തണുത്ത് മരവിച്ചിരിക്കുന്നു. പ്രാണനുണ്ടോ എന്നുപോലും നിശ്ചയമില്ല.
അയൽവാസിയായ ആ സ്ത്രീ നിലവിളിച്ച് ആളെക്കൂട്ടി. ആശുപത്രിയിലെത്തിച്ചു.”ജീവനുണ്ട്… രക്തമേറെ പോയിരിക്കുന്നു.
പെട്ടന്നുതന്നെ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ചെയ്യണം. കുറച്ചു പണമെങ്കിലും കെട്ടിവയ്ക്കണം.”ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ വീട്ടുകാരും സുഹൃത്തുക്കളും പറഞ്ഞു:”എത്രയും പെട്ടന്ന് ശസ്ത്രക്രിയ നടത്തുക. പണം ഞങ്ങൾ ക്രമീകരിക്കാം.”
തക്കസമയത്തെ ചികിത്സ ആ സ്ത്രീയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.അനേകം പേർ സഹായിച്ചതിനാൽ ചികിത്സയ്ക്കാവശ്യമായ മുഴുവൻ തുകയും മിച്ചവും ലഭിച്ചു.
സുമനസുകളുടെ തക്കസമയത്തുള്ളഇടപെടൽമൂലം ജീവനിലേക്ക് തിരിച്ചെത്തിയെ ആ സ്ത്രീയുടെപേരാണ്, മറിയംകുട്ടി. എന്റെ അമ്മ!”
പതിനായിരം രൂപ ….
നമ്മുടെ കയ്യിൽ ഇല്ലല്ലോ! അതുകൊണ്ടാണ് ഞാനീ രോഗവിവരവും ഡോക്ടർ പറഞ്ഞ കാര്യങ്ങളും ആരോടും പറയാതിരുന്നത്….” ഇതായിരുന്നു രോഗവിമുക്തയായ ശേഷം അമ്മയുടെ വാക്കുകൾ.
എന്റെ അമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ചികിത്സിക്കാൻ പണമില്ലാത്തതിനാലും മറ്റുള്ളവരുടെ മുമ്പിൽ കരം നീട്ടാൻ അഭിമാനം അനുവദിക്കാത്തതിനാലും എത്രയോ പേരാണ് രോഗങ്ങൾ പലതും സാരമില്ലെന്നു കരുതി അവഗണിക്കുന്നത്?
ഇന്നീ സംഭവം ഓർക്കാൻ കാരണംതളർവാതരോഗിയെ സുഖപ്പെടുത്തുന്ന സുവിശേഷഭാഗമാണ്. ക്രിസ്തു പ്രസംഗിച്ചിരുന്ന ഭവനത്തിലേക്ക് അതിന്റെ മേൽക്കൂര പൊളിച്ചാണ് ഏതാനും സുഹൃത്തുക്കൾ തളർന്നുകിടന്ന വ്യക്തിയെ കട്ടിലോടു കൂടി ഇറക്കുന്നത്.
ആ സുഹൃത്തുക്കളുടെ വിശ്വാസതീക്ഷ്ണത കണ്ട് ക്രിസ്തു തളർവാതരോഗിയോട് പറഞ്ഞു: “എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത്, വീട്ടിലേക്കു പോവുക.” (മര്ക്കോസ് 2 : 11).
മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് കടന്നുചെല്ലാൻ ആഗ്രഹമുള്ള മനുഷ്യർ കുറയുമ്പോഴാണ് ഭൂമിയിൽ അദ്ഭുതങ്ങൾക്കും സൗഖ്യങ്ങൾക്കും കുറവു സംഭവിക്കുന്നത്.ഓരോരുത്തരും താന്താങ്ങളുടെ സ്വകാര്യതകളിലേക്കും സുഖങ്ങളിലേക്കും ചുരുങ്ങിക്കഴിയുമ്പോൾ ദൈവമെങ്ങനെ അദ്ഭുതങ്ങൾ പ്രവർത്തിക്കും?
ഫാദർ ജെൻസൺ ലാസലെറ്റ്