കുരിശിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊണ്ടുള്ള മരണത്തിന്റെ ദൃശ്യങ്ങൾ കണ്മുന്നിൽ കണ്ട് ഗത്സെമനിയിൽ വിറയലോടെ മുട്ടിൽ വീണു കേഴുമ്പോഴും ഈശോ പറഞ്ഞത് ദൈവപിതാവിന്റെ ഇഷ്ടം നിറവേറണമെന്നായിരുന്നു. നികൃഷ്ടനായ കുറ്റവാളിയെപ്പോലെ ദയനീയമായ ഒരവസ്ഥയിലേക്കു സ്വർഗ്ഗത്തിലെ രാജാവിനെ ചെറുതാക്കിയതെന്താണ്?
‘സ്നേഹം’.
ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത ദൈവം സ്നേഹത്താൽ പരാജിതനായി. ജീവനുള്ള സ്നേഹം നമുക്കുണ്ടെങ്കിൽ നമ്മുടെ മേൽ മുറിപ്പാടുകൾ കാണും . ആ മുറിവുകൾ നാം സ്നേഹിക്കുന്നവരുടെ ജീവിതത്തിനു രക്ഷയും നൽകും. മനുഷ്യരക്ഷ സാധിക്കുക എന്നത് അവിടുത്തെ ജീവിതലക്ഷ്യമായിരുന്നത് കൊണ്ടാണ് ‘ഭൂമിയിൽ തീയിടാനായി’ രക്ഷകന് വരേണ്ടി വന്നത്. സ്നേഹവും നിഷ്കളങ്കതയും പാപത്തോടും ദുഷ്ടതയോടും ഏറ്റുമുട്ടുമ്പോൾ ഒരു കുരിശുമരണം ഉറപ്പാണ്. കുരിശു വഴിയല്ലാതെ വേറെ ഏതുവിധത്തിൽ ദൈവസ്നേഹത്തിനു പാപത്തോടു ഏറ്റുമുട്ടാൻ കഴിയും ?
നമ്മുടെ കുരിശ് ഈശോയുടെ കുരിശിനോട് ചേർത്തുവെക്കുമ്പോൾ അതൊരു സ്വകാര്യ ദുഖവും സഹനവും ആകാതെ ദൈവമഹത്വത്തിനും ലോകത്തിനു മുഴുവൻ വേണ്ടിയുമുള്ള സഹനമാകും. ക്രൂശിതനുമായി താദാത്മ്യം പ്രാപിക്കുന്നവരെല്ലാം കടന്നുപോകുന്ന വഴിത്താരകളിൽ ലോജിക്കിന് സ്ഥാനമിലാത്ത ‘ഭോഷത്തതിന്റെ’, സ്നേഹതീവ്രതയുടെ മുറിപ്പാടുകളുണ്ട് .
പരിശുദ്ധ അമ്മ ‘ നിന്റെ ഹിതം പോലെ എന്നിൽ ഭവിക്കട്ടെ ‘ എന്ന് പറഞ്ഞത് ദൈവത്തിന്റെ പദ്ധതികൾ എല്ലാം മനസ്സിലാക്കിയിട്ടായിരുന്നില്ല. രക്തമൊലിക്കുന്ന തോളിൽ ഭാരമുള്ള കുരിശു ചുമന്നു കാൽവരി മലമുകളിലേക്ക് നീങ്ങുമ്പോൾ ഈശോ തൻറെ അമ്മയെ കാണുന്നുണ്ട് , അതിനേക്കാൾ ഭാരവും വേദനയും ഹൃദയത്തിൽ പേറുന്ന – നിഷ്കളങ്കനായ തൻറെ പുത്രൻ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട്, മർദ്ധിച്ചവശനാക്കപ്പെട്ട്, അപമാനിക്കപ്പെട്ട് മരണത്തിലേക്ക് നീങ്ങുന്നത് കണ്ടുനിൽക്കേണ്ടി വന്ന അമ്മ. ആ ഒരു നിമിഷത്തിൽ പോലും ദുർബ്ബലമായ ഒരു പ്രതീക്ഷ അവളുടെ തളർന്ന ഹൃദയത്തിലുണ്ടായിരുന്നിരിക്കണം – അവസാനനിമിഷത്തിലെങ്കിലും ഒരു ദൈവിക ഇടപെടലിനാൽ തൻറെ പുത്രൻ രക്ഷപ്പെടുമെന്ന പ്രതീക്ഷ , അബ്രാഹത്തിന്റെ കത്തിമുനയിൽ നിന്ന് ഇസഹാക്ക് രക്ഷപെട്ടത് പോലെ – മോറിയ മലയിൽ നടന്നത് കാല്‍വരിമലയിൽ ആവർത്തിക്കപ്പെടുമെന്ന ഒരു പ്രതീക്ഷ.
പക്ഷെ ഒന്നും സംഭവിച്ചില്ല. പിതാവിന്റെ കനത്ത നിശ്ശബ്ദത ഭേദിച്ചത് പുത്രന്റെ നിലവിളി ആയിരുന്നു … ഏൽ..ഏൽ.. ലമാ സബക്താനി. ഒരിക്കൽ കൂടി പറഞ്ഞുകാണണം അവൾ വിതുമ്പിക്കൊണ്ട് .. ‘ഇതാ ഞാൻ കർത്താവിന്റെ ദാസി .. അങ്ങയുടെ ഇഷ്ടം പോലെ എന്നിൽ സംഭവിക്കട്ടെ’ .
ഹൃദയം തകർന്നു നിശ്ശബ്ദയായി പിതാവിന്റെ ഹിതത്തിനു അവൾ കീഴടങ്ങി . കുരിശിനുമരത്തിനു കീഴെ നിന്ന് പുത്രൻ പ്രിയശിഷ്യനു തന്നെ ഏല്പിച്ചുകൊടുക്കുന്നതു കണ്ടപ്പോൾ അവൾ ഹൃദയത്തിൽ അടിവരയിട്ടു .. ‘ഇല്ല ഇനി ഒരു തിരിച്ചുവരവില്ല ‘ ഒരിക്കൽ കൂടി എല്ലാം വിണ്ടുമുറിഞ്ഞ ഹൃദയത്തിൽ സംഗ്രഹിച്ചു .
സഹനത്തിന്റെ രാജപാതയിൽ നീങ്ങുന്നവർക്കുള്ള മാർഗ്ഗരേഖയായി ഈ പുത്രനും അമ്മയും. പരാതി പറയാതെ , അലറിവിളിക്കാതെ സഹനത്തിന്റെ കൈപ്പുനീര് മട്ടു വരെ നുണഞ്ഞിറക്കിയവർ.
എല്ലാം പിതാവിന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തു നമുക്കായി ജീവൻ ബലി കഴിച്ച ഈശോയേപ്പോലെ, നമ്മുടെ കുരിശുകളുടെ വേദനകള്‍ അവന്റെ കുരിശിനോട് ചേർത്തു വച്ച്, ആ സഹനങ്ങൾ മറ്റുള്ളവരുടെ രക്ഷക്കായി കാഴ്ച വച്ച്, പരിശുദ്ധ അമ്മയോടൊപ്പം നമുക്കും നമ്മുടെ ജീവിതബലി പൂർത്തിയാക്കാം…
“മനുഷ്യകുലത്തിന്റെ പാപപരിഹാര ബലി പൂര്‍ത്തിയാക്കിയ ക്രൂശിതാ.. ഞങ്ങളുടെ ബലി പൂർത്തിയാക്കുവാൻ ഞങ്ങളെ സഹായിക്കണമേ… ആമ്മേൻ”
ജിൽസ ജോയ്