I will turn the desert into pools of water, and the impassable land into streams of water.”
(Isaiah 41:18)✝️
അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്ന കർത്താവിനെ ആണ് നാം ഇവിടെ കാണുന്നത്. തിരുവചനത്തിൽ ഉൽപത്തി മുതൽ വെളിപാട് വരെയുള്ള ഭാഗം നോക്കിയാൽ ദൈവം കൂടുതലും പ്രവർത്തിച്ചിരിക്കുന്നത് മനുഷ്യന് അസാധ്യമായ കാര്യങ്ങൾ ആണ്. ദൈവം മനുഷ്യർക്ക് അസാധ്യമായ കാര്യങ്ങൾ പ്രവർത്തിച്ചിടത്തെല്ലാം മനുഷ്യരുടെ ദൈവത്തോടുള്ള സമീപനം വളരെ ശ്രദ്ധേയമാണ്. അസാധ്യമായ നമ്മുടെ വിഷയങ്ങളിൽ ദൈവം പ്രവർത്തിക്കണമെങ്കിൽ നാം ദൈവത്തോട് അടുത്ത് ചെല്ലേണ്ടത് അത്യന്താപേക്ഷിതം ആണ്.
നാം ഒരോരുത്തരുടെ ജീവിതത്തിൽ പലപ്പോഴും നീരുറവ ഇല്ലാതെ വരണ്ട മരുഭൂമിയുടെ അവസ്ഥയിലൂടെ പലപ്പോഴും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ടാകാം. നമ്മുടെയൊക്കെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും തകർച്ചകളുമെല്ലാം ഉണ്ടായെന്നുവരാം. എന്നാൽ, ദൈവത്തിൽ ശരണപ്പെടുന്ന, തന്റെ എല്ലാ ആശ്രയവും ദൈവത്തിൽ വയ്ക്കുന്ന പ്രാർത്ഥനാജീവിതമുള്ള ഒരു വ്യക്തിക്ക് അവയെയെല്ലാം എളുപ്പത്തിൽ നേരിടാനും അവയുടെമേൽ ആധിപത്യം ഉറപ്പിക്കുവാനും കഴിയും.
കർത്താവ് നമ്മുടെ അസാധ്യമായ വിഷയം ദൈവം സാധിപ്പിച്ചു തരും എന്നു ദൈവത്തിൽ പരിപൂർണ വിശ്വാസം ഉണ്ടെങ്കിൽ ദൈവം തീർച്ചയായും നമ്മളുടെ വിഷയം സാധ്യമാക്കി തരും. ദൈവം ഇന്നും അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവമാണ്.
നാം ഒരോരുത്തരുടെയും പ്രാർത്ഥനയിൽ പെട്ടെന്നു തന്നെ ദൈവിക ഇടപെടൽ ഉണ്ടാവുകയാണെങ്കിൽ നമുക്കും ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിക്കുവാൻ എളുപ്പമായിരിക്കും. എന്നാൽ നമ്മൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള പെട്ടെന്നുള്ള ഒരു ഉത്തരം അല്ലെങ്കിൽ ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിൽ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം തന്നെ പതറിപ്പോയെന്നും വരാം.കർത്താവിന്റെ ഇടപെടൽ പെട്ടെന്നുള്ളതോ താമസിച്ചുള്ളതോ എന്തുമാകട്ടെ, അവിടുത്തെ കാരുണ്യത്തിൽ ശരണപ്പെട്ടു കൊണ്ട് അവിടുന്ന് ഉത്തരം തരുന്ന സമയം വരെ കാത്തിരിക്കുവാൻ നാം തയ്യാറാകണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.