പ്രീഡിഗ്രി കഴിഞ്ഞ ശേഷമാണു ഉത്തരേന്ത്യയിലേക്ക് പോകുന്നത്.
ഉത്തരേന്ത്യയിൽ എത്തി അവിടുത്തെ അവസ്ഥ മനസിലാക്കിയപ്പോളാണു ഉള്ളിലുണ്ടായിരുന്ന കട്ട കോൺഗ്രസുകാരനു ആദ്യമായി ഇളക്കം തട്ടിയത്. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിട്ടും പലയിടത്തും സാമൂഹിക നീതി പോലും കോൺഗ്രസിനു ഉറപ്പാക്കാൻ കോൺഗ്രസിനു സാധിച്ചിട്ടില്ലായിരുന്നു. വികസനപ്രവർത്തനങ്ങളാണെങ്കിൽ പിന്നെ പറയുകേം വേണ്ട.
അവിടെ നിന്നു ഇടതുപക്ഷത്തേക്ക് മനസു പതിയെ ചായാൻ തുടങ്ങി. കേരളത്തിലെ സാമൂഹിക നീതിബോധത്തിൻ്റെ കാരണം ഇടതുപക്ഷമാണെന്നുള്ള വിശ്വാസമായിരുന്നു അതിൻ്റെ കാരണം.
ഒരു പക്ഷെ സോഷ്യൽ മീഡിയായിൽ ആക്റ്റീവ് ആകുന്നത് വരെ ആ ബോധം തുടർന്നിരുന്നു എന്നു തോന്നുന്നു. പക്ഷെ ഇടതുപക്ഷ പാർട്ടികളുടെ രീതികൾ എൻ്റെ വിശ്വാസബോധ്യങ്ങൾക്കെതിരാണെന്നുള്ള ബോധ്യം ശക്തമായതോടെ ഇടതുപക്ഷ പാർട്ടികളോടുള്ള ഇഷ്ടമൊക്കെ കുറഞ്ഞു തുടങ്ങി.
അതിനുശേഷമാണു ബിജെപിയെ ശ്രദ്ധിച്ചു തുടങ്ങുന്നത്. ബിജെപിയും അതിൻ്റെ പിന്നിലുള്ള സംഘപരിവാർ വിചാരധാരയും എൻ്റെ വിശ്വാസബോധ്യങ്ങളോട് പൂർണ്ണമായും യോജിക്കുന്നതല്ല എന്നു ഇന്നും വ്യക്തമായിട്ട് അറിയാം. അതുകൊണ്ട് തന്നെ ബിജെപിയോടും എന്തെങ്കിലും പ്രത്യേക മമത ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ ബിജെപി മുമ്പോട്ട് വക്കുന്ന വികസന രാഷ്ട്രീയത്തോട് എനിക്ക് താത്പര്യമുണ്ട് താനും.
ഇന്നു മനസുകൊണ്ട് ഇടതുപക്ഷത്താണെങ്കിലും രാഷ്ട്രീയപരമായി ഒരു പക്ഷത്തുമല്ല എന്നതാണു വാസ്തവം. കോൺഗ്രസോ ബിജെപിയോ ഇടതുപക്ഷമോ എൻ്റെ വിശ്വാസചിന്തകളോടും സാമൂഹിക നീതി സങ്കല്പങ്ങളോടും പൂർണ്ണമായും യോജിച്ചതല്ല എന്ന ബോധ്യവും ഉണ്ട്.
ഇപ്പറഞ്ഞ രാഷ്ട്രീയപാർട്ടികളുടെ എല്ലാം മതേതര-ജനാധിപത്യബോധ്യങ്ങളും അവരവരുടെ നേട്ടത്തിനു വേണ്ടി രൂപപ്പെടുത്തിയതാണെന്നും അറിയാം. തങ്ങളുടേതല്ലാത്ത വിചാരധാരകളെല്ലാം മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണെന്നാണു ഇവരെല്ലാം പ്രചരിപ്പിക്കുന്നതെങ്കിലും ഇവയുടെ എല്ലാം ആകെത്തുകയാണു ജനാധിപത്യത്തിൻ്റെ ശക്തി എന്നാണു വിശ്വാസം.
അതുകൊണ്ട് ഇന്ന് ഒരു വിചാരധാരയോടും രാഷ്ട്രീയമായി അടുപ്പമില്ല. അതായതും ഒന്നിൻ്റെയും അന്തഭക്തനല്ല എന്ന് അർത്ഥം. എല്ലാ രാഷ്ട്രീയ വിചാരധാരകളോടും സംവദിക്കണമെന്നും ആ സംവാദത്തിലൂടെ മാത്രമേ ജനാധിപത്യ-മതേതര ചിന്തകൾ മുമ്പോട്ട് പോവുകയുള്ളൂ എന്നുമാണു വിശ്വാസം. ആരും ആരുടെയും ആജീവനാന്ത സ്വത്തല്ല. നിരുപാധിക പിന്തുണ ജനാധിപത്യത്തിനു ഭൂഷണവുമല്ല. നല്ലതു ചെയ്താൽ നല്ലതു പറയും. പിന്തുണ എപ്പോഴും ഉപാധികളോടെ തന്നെ ആയിരിക്കുകയും ചെയ്യും. അതാണു വേണ്ടതെന്നാണു ഞാൻ കരുതുന്നത്.
Bibin Madathil