“മെത്രാൻ സ്ഥാനത്തേയ്ക്ക് നിൻ്റെ പേര് പരിഗണിക്കപ്പെടുന്നുണ്ടെന്നു കേട്ടല്ലോ! നേരാണോ?”

ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ പലവുരു ആവർത്തിക്കപ്പെട്ട ഒരു ചോദ്യമായിരുന്നു അത്. എന്നാൽ ആ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു അവൻ്റെ പതിവ്. പക്ഷെ ഞങ്ങൾക്കുറപ്പായിരുന്നു, ദൈവം ആഗ്രഹിക്കുന്നെങ്കിൽ ഒരു ദിവസം അതു സംഭവിക്കും.

സഭയിലെ മെത്രാൻ സ്ഥാനം – അകലെ നിന്നു കാണുന്നവർക്ക് അതൊരു പദവിയുടേയും അധികാരത്തിൻ്റേയുമൊക്കെ അടയാളമാണ്. അരികെ നിൽക്കുന്നവർക്കും അതു സ്വീകരിച്ചിട്ടുള്ളവർക്കുമറിയാം യാഥാർത്ഥ്യം അതിൽ നിന്നൊക്കെ എത്രയോ അകലെയാണ്.

ഇതൊരു ത്യാഗപൂർണമായ ശുശ്രൂഷയാണ്. ഒട്ടനേകം സന്തോഷങ്ങൾ ഉപേക്ഷിച്ചുമാത്രം സ്വന്തമാക്കാവുന്ന ഒന്ന്. ചുമതലകളുടെ ഭാരം. കടമകളുടെ ബാഹുല്യം. മുപ്പതാം വയസിൽ പരസ്യജീവിതത്തിനിറങ്ങിയ ക്രിസ്തുവിൻ്റേതുപോലെ ഒന്നും നോക്കാതെയുള്ള ഒരു പുറപ്പെടൽ! തനിക്കുവേണ്ടി ജീവിക്കാൻ ആയുസ്സു ബാക്കിയില്ലാത്ത ഒരു ജീവിതം.

ആളും ആരവങ്ങളും ആവോളമുണ്ടെങ്കിലും മുന്നിൽ നിന്നു നയിക്കുമ്പോൾ ആദ്യം പാഞ്ഞുവരുന്ന കൂരമ്പുതന്നെ ഏറ്റുവാങ്ങാൻ നെഞ്ചുകാട്ടി നിൽക്കേണ്ടിവരും. ഗുരുസ്ഥാനീയനെങ്കിലും കൂടുതൽ ശിഷ്യനാവേണ്ടി വരും. സാഹചര്യങ്ങൾ മെച്ചമെങ്കിലും കൂടുതൽ സഹിക്കേണ്ടി വരും. സ്വയം നഷ്ടപ്പെടുത്തുന്നതിനെ നേട്ടമെന്ന് എണ്ണേണ്ടിവരും. സ്തുതിപാഠകർക്കിടയിൽ തിരുത്താനാളില്ലാതെ വരും. മിത്രമെന്നു ഭാവിക്കുന്ന ശത്രുക്കൾ പെരുകും. കൂടുതൽ വലിയ കുരിശുമെടുത്ത് അനുദിനം കാൽവരി കയറേണ്ടി വരും.

ദൈവമല്ലാതെ മറ്റൊന്നിലും സന്തോഷിക്കാനില്ലാതെ വരും!

എല്ലാം ഓർത്തപ്പോഴുണ്ടായ സമ്മർദ്ദത്തിൽ സഹപാഠിയാണെങ്കിലും ക്രിസ്തുവിൻ്റെ ഒരു പുരോഹിതനോട് ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യം എന്നിലെ പച്ചമനുഷ്യൻ ചോദിച്ചു:

“എന്നാൽപ്പിന്നെ ഇക്കാര്യത്തിൽ സമ്മതം ചോദിച്ചപ്പോൾ ‘നോ’ പറയാൻ പാടില്ലായിരുന്നോ?”

ഞങ്ങൾക്കിടയിൽ മൗനം കനത്ത തെല്ലിടയിൽ പരിശുദ്ധാത്മാവ് അദ്ദേഹത്തെ പൊതിയുന്നതു ഞാൻ കണ്ടു. പൊള്ളലേൽക്കാതിരിക്കാൻ കണ്ണുകൾ താഴ്ത്തി ഞാൻ മുഖം മറച്ചു. അതുവരെയില്ലാത്ത വ്യക്തതയോടും ഉറപ്പോടുംകൂടി അദ്ദേഹമതിനു മറുപടി പറഞ്ഞു:

“സഭയിലൂടെ കർത്താവ് ഒരു കുരിശെനിക്കു വച്ചുനീട്ടുമ്പോ അവൻ്റെ പുരോഹിതനായ ഞാൻ അതെങ്ങനെ വേണ്ടെന്നു പറയും!”

ആ മറുപടിയിൽ സ്വർഗം സന്തോഷിക്കുന്നതു ഞാൻ കണ്ടു. പരിശുദ്ധാത്മാവ് ചിറകടിക്കുന്നതു ഞാൻ കേട്ടു. അപ്പോൾ പിശാച് പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേയ്ക്ക് അദ്ദേഹത്തെ വിട്ടുപോയി.

ഞങ്ങളുടെ പ്രിയപ്പെട്ട ‘കുറ്റിയിൽ’ മേൽപ്പട്ട സ്ഥാനീയനാവുകയാണ്. സഹപാഠികളും സുഹൃത്തുക്കളും സഹോദരങ്ങളുമായിരുന്ന ഞങ്ങൾക്ക് ഇനിയദ്ദേഹം പിതാവാണ്.

വന്ദ്യപിതാവേ, സന്തോഷത്താൽ നനഞ്ഞ കണ്ണുകളാൽ ഞങ്ങളങ്ങയുടെ കരംമുത്തുന്നു. ദൈവം അങ്ങയെ വഴിനടത്തട്ടെ!

“ഓക്സിയോസ്” ❤️❤️❤️

ഫാ. ഷീൻ പാലക്കുഴി

നിങ്ങൾ വിട്ടുപോയത്