അത്തിവൃക്ഷം ഉണങ്ങിപ്പോയതിൽ അത്ഭുതപ്പെട്ട ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു ഉത്തരം നൽകുന്നത് വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ച് അവരെ പഠിപ്പിച്ചുകൊണ്ടാണ്. ജീവിതത്തിലെ അവസ്ഥകൾ എത്രയൊക്കെ നിരാശാജനകമാണെങ്കിൽ കൂടിയും, തരണം ചെയ്യേണ്ട പ്രതിസന്ധികൾ അസാധ്യമായി തോന്നാമെങ്കിലും, വിശ്വാസത്തോടെയുള്ള പ്രാർത്ഥന തീർച്ചയായും ഫലദായകമാണ് എന്നാണു ഈശോ നമ്മോടു പറയുന്നത്. “മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ്” (ലൂക്കാ 18:27). ആയതിനാൽ, സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാൻ

കാണപ്പെടാത്തവ ഉണ്ടെന്ന ബോധ്യമാണ്‌ വിശ്വാസത്തിന്റെ കാതൽ. ഈയൊരു വസ്തുത തന്നെയാണ് ദൈവത്തിൽ വിശ്വസിക്കുന്നതിൽ നിന്ന് ഒട്ടേറെപ്പേരെ അകറ്റിനിർത്തുന്നതും. നല്ല കാലങ്ങളിൽ ദൈവത്തെ മുറുകെപ്പിടിക്കാനും കഷ്ടകാലങ്ങളിൽ ദൈവമുണ്ടോ എന്ന് സംശയിക്കാനും നമ്മെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം നമ്മിലെ വിശ്വാസത്തിന്റെ അപര്യാപ്തത തന്നെയാണ്. “വിശ്വാസം ഇല്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം (ഹെബ്രായർ 11:6)

വിശ്വാസം പ്രാർത്ഥനയെ സഫലമാക്കുന്നു. വിശ്വാസമില്ലാത്ത പ്രാർത്ഥന വ്യർത്ഥമാണ്. ദൈവത്തിൽ അടിയുറച്ച വിശ്വാസവും, ഭക്തിയും നമ്മെ നൻമയിലേയ്ക്ക് നയിക്കുന്നു. വിശ്വസിക്കുന്നവന് എല്ലാം സാധിക്കും” എന്ന് പറയുന്ന ദൈവത്തിൽ നിന്ന് തന്നെയാണ് വിശ്വസിക്കാനുള്ള കൃപയും വരുന്നത്. നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമെന്നു, വി യാക്കോബ് ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിലെല്ലാം എന്റെ അവിശ്വാസത്തെ പരിഹരിക്കണമേ” എന്ന് പ്രാർത്ഥിക്കാൻ നമുക്കാവണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്