ആഗമനകാല( അഡ്വൻറ് ) റീത്തിലെ നാലാമത്തെ ഞായറാഴ്ച കത്തിക്കുന്ന തിരി ‘മാലാഖമാരുടെ തിരി’ (angels’ candle) എന്നാണു അറിയപ്പെടുന്നത്. മാലാഖമാരിലൂടെ Good news അഥവാ സദ്വാർത്ത അറിഞ്ഞ നമ്മൾ, അവർക്കൊപ്പം, ആരാധനക്ക് യോഗ്യനായവന് സ്തുതിയും കൃതജ്ഞതയും അർപ്പിക്കുന്നു. ഒരിക്കൽ അവർക്കൊപ്പം സ്വർഗ്ഗരാജ്യത്തിൽ ദൈവത്തെ നിത്യമായി കണ്ട് ആരാധിക്കേണ്ടവരാണല്ലോ നമ്മൾ. മാലാഖമാരുടെ തിരി, ‘സ്നേഹത്തിന്റെ തിരി’ എന്നുകൂടെ അറിയപ്പെടുന്നു. കാരണം ഈ ആഴ്ചയിൽ വിഷയമാകുന്ന ആത്മീയ പുണ്യം സ്നേഹമാണ്.

മനുഷ്യന്റെ വേദനയിലേക്കും ദാരിദ്യത്തിലേക്കും വന്നിറങ്ങിയ ദൈവത്തിന്റെ സ്നേഹം. ‘ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോട് കൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും.അവർ അവിടുത്തെ ജനമായിരിക്കും’( വെളി. 21:3). ദൈവസ്നേഹത്തിന്റെ ആഴം തന്റെ പുത്രനെ നമ്മുടെ രക്ഷക്കായി തന്നതിലൂടെ വെളിപ്പെട്ടു. മനുഷ്യന് അപ്രാപ്യമെന്ന പോലെ, അകലെ എവിടെയോ ആയിരുന്ന, പ്രവാചകരിലൂടെ മനുഷ്യനോട് സംസാരിച്ചിരുന്ന ദൈവം നമ്മിലേക്ക്‌ ഇറങ്ങി വന്നു. ചിരിക്കാനറിയുന്ന ദൈവത്തെ, പുൽക്കൂട്ടിലെ ദിവ്യപൈതൽ കാണിച്ചു തന്നു. പാപിയെ ചേർത്തണക്കുന്ന ദൈവം എങ്ങനെയാണെന്ന് മാത്രമല്ല, മനുഷ്യൻ എങ്ങനെയായിരിക്കണമെന്നും ഈശോ പഠിപ്പിച്ചു. എങ്ങനെ ഭൂമിയിൽ ജീവിക്കണമെന്നതിനൊപ്പം പരിശുദ്ധ ത്രിത്വത്തോടൊപ്പം മഹത്വത്തിൽ ജീവിക്കേണ്ടതിനായി എങ്ങനെ മരിക്കണം എന്നും കാണിച്ചു തന്നു.

ഒരുക്കങ്ങൾ തീരുന്നു. ക്രിസ്മസ് പുലരിയിലേക്ക് നമ്മൾ എത്തുന്നു. പിതാവായ ദൈവം നമുക്കായി തന്ന ആ രക്ഷകനെ ദിവ്യകാരുണ്യത്തിലൂടെ ഹൃദയത്തിൽ സ്വീകരിക്കാനുള്ള ഭാഗ്യം ഓരോ വിശുദ്ധ കുർബ്ബാനയിലൂടെയും നമുക്ക് ലഭിക്കുവാണ്.

‘ഓ , ദിവ്യ ഉണ്ണിയെ ! ഒരു കാലിത്തൊഴുത്തിൽ പിറക്കുന്നതിന് നിന്നെ ഇറക്കിയത് മനുഷ്യമക്കളുടെ നേരെയുള്ള സ്നേഹമല്ലേ ? നിത്യപിതാവിന്റെ തിരുമടിയിൽ നിന്ന് ഒരു പുൽക്കൂട്ടിലേക്ക് നിന്നെ ഇറക്കിയതാര് ? നക്ഷത്രങ്ങളുടെ മുകളിൽ വാഴുന്ന നിന്നെ വൈക്കോലിന്മേൽ കിടത്തിയതാര് ? കോടാനുകോടി മാലാഖമാരുടെ ഇടയിൽ ഇരുന്നുവണങ്ങപ്പെടുന്നവനെ രണ്ടു മൃഗങ്ങളുടെയിടയിൽ കിടത്തിയതാര് ? സ്രാപ്പേൻ മാലാഖമാരെ നിന്നോടുള്ള സ്നേഹത്താൽ എരിയുന്ന തീ പോലെ ജ്വലിപ്പിക്കുന്ന നീ ഇപ്പോൾ കുളിരാൽ വിറക്കുന്നതെങ്ങനെ ? ആകാശത്തെയും ആകാശഗോളങ്ങളെയും നടുക്കുന്ന നീ മറ്റൊരാളുടെ കയ്യാൽ സഹായിക്കപ്പെട്ടാലല്ലാതെ ഒന്നിനും മേലാത്ത സ്ഥിതിയിൽ ആയതെങ്ങനെ? സകല മനുഷ്യർക്കും ജീവികൾക്കും കൈതുറന്നു കൊടുത്തു പരിപാലിക്കുന്ന നിന്റെ ആയുസ്സിനെ കാക്കുന്നതിനു കുറെ പാൽ ആവശ്യമായി വന്നതെങ്ങനെ? സ്വർഗ്ഗത്തിന്റെ സന്തോഷമായ നീ ഇപ്പോൾ ദുഖിച്ചു വിമ്മിക്കരയുന്നതെങ്ങനെ? ഓ, എന്റെ രക്ഷിതാവേ ! ഈ നിർഭാഗ്യങ്ങളെല്ലാം നിന്റെ മേൽ ആർ വരുത്തി ? സ്നേഹമല്ലേ ഇതിനു കാരണം ? മനുഷ്യരോടുള്ള നിന്റെ സ്നേഹം എണ്ണമില്ലാത്ത വ്യാകുലങ്ങൾ നിന്റെമേൽ വരുത്തി !’

രണ്ടാമത്തെ മംഗളവാർത്ത എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന സന്ദേശം മാലാഖയിലൂടെ ജോസഫിന് ലഭിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നു.

ദൈവപുത്രന് ഒരു മാതാവിന്റെ ഗർഭപാത്രം മാത്രമല്ല ഒരു പിതാവിന്റെ കൈകളുടെ സുരക്ഷിതത്വവും വേണമെന്ന് ദൈവം ആഗ്രഹിച്ചു. ദൈവപുത്രന്റെ വളർത്തുപിതാവ് എന്ന സ്ഥാനത്തിന് എല്ലാ വിധത്തിലും താൻ യോഗ്യനാണ് എന്ന് നീതിമാനായ ജോസഫ് ഈ സുവിശേഷഭാഗത്ത്‌ തെളിയിക്കുകയാണ്‌. മറിയം വഞ്ചിച്ചു എന്ന തോന്നൽ ഉണ്ടായിട്ട് പോലും അവളെ അപമാനിതയാക്കുവാനോ വേദനിപ്പിക്കുവാനോ ഇഷ്ടപ്പെടുന്നില്ല. ദൈവത്തിന്റെ സന്ദേശം ലഭിച്ചു കഴിഞ്ഞപ്പോൾ പൂർണ്ണമനസ്സോടെ, സന്തോഷത്തോടെ, ആജീവനാന്തം ദൈവപുത്രനും അവന്റെ അമ്മയ്ക്കും തുണയായി തീരുകയാണ്.

നമുക്കും ജീവിതത്തിന്റെ സന്നിഗ്ദാവസ്ഥകളിൽ, നിരാശകളിൽ, പരീക്ഷണങ്ങളിൽ, ക്ഷോഭത്തിനും അക്ഷമക്കും വഴികൊടുക്കാതെ, കഴിയാവുന്നതും അനുകമ്പയുടെ, വീണ്ടുവിചാരമുള്ള, പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കാം. അതിനുള്ള കൃപക്കായി യാചിക്കാം. അപ്പോഴായിരിക്കും ദൈവത്തിന്റെ പദ്ധതികൾ നമുക്ക് വെളിപ്പെടുന്നതും നമ്മൾ അതിന്റെ ഭാഗമായി മാറുന്നതും.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്