മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ ചെന്നാൽ അവിടെ ആരോരുമില്ലാത്ത രോഗികൾക്ക് ശുശ്രൂഷ ചെയ്തുകൊണ്ട് ഓടി നടക്കുന്ന ഒരു സന്യാസിനിയെ കാണാം. മലമൂത്ര വിസർജ്ജനം ചെയ്തു കിടക്കുന്നവരോ, വൃത്തി ഹീനമായ അവസ്ഥയിൽ ജീവിക്കുന്നവരോ, ഭക്ഷണമില്ലാത്തവരോ ആരുമാകട്ടെ, അവർക്ക് സി. സെലിൻ SABS എന്ന ഈ സമർപ്പിത അമ്മയാണ്; അന്നമാണ്; ഈശ്വരന്റെ സാന്നിധ്യമാണ്. തന്റെ വിളിക്കുള്ളിലെ വിളി തിരിച്ചറിഞ്ഞ്, അദ്ധ്യാപന ജോലിയും ഉപേക്ഷിച്ചു കഴിഞ്ഞ 24 വർഷമായി ആരുമില്ലാത്തവർക്ക് അമ്മയായി മാറിയ ഈ സമർപ്പിതയുടെ ജീവിതാനുഭവങ്ങളെ വായിച്ചറിയാം.
ജില്ലാ ആശുപത്രിയിലെ അനാഥനിൽ നിന്നും തുടക്കം
ഇരുപത്തിനാല് വർഷം മുൻപ് ഒരു അദ്ധ്യാപകൻ പറഞ്ഞുകേട്ട സംഭവത്തിൽ നിന്നാണ് സി. സെലിൻ തന്റെ വിളിക്കുള്ളിലെ വിളിയെ തിരിച്ചറിഞ്ഞു തുടങ്ങിയത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഒരാള്‍ ആരും നോക്കാനും അന്വേഷിക്കാനും ഇല്ലാതെ കിടപ്പുണ്ടെന്ന് അദ്ധ്യാപകൻ പറഞ്ഞു കേട്ടതിൽ നിന്നാണ് സിസ്റ്റർ ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. ചെന്ന് കണ്ടപ്പോൾ ആ മനുഷ്യനോട് വല്ലാത്തൊരു സഹതാപവും കരുണയും തോന്നി. വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു അദ്ദേഹം കിടന്നിരുന്നത്. അദ്ദേഹത്തെ കുളിപ്പിച്ചു വൃത്തിയാക്കി, ഭക്ഷണവും എത്തിച്ചു കൊടുത്തു. എല്ലാദിവസവും അദ്ദേഹത്തെ ഇപ്രകാരം പരിചരിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ മരിച്ചു. ആ സംഭവം സിസ്റ്ററിന്റെ ജീവിതത്തിൽ വലിയ പ്രചോദനമായി അവശേഷിച്ചു. “അന്ന് ആ മനസ്സലിവ് എനിക്ക് തന്നത് ഈശോ തന്നയാണെന്ന് എനിക്കുറപ്പുണ്ട്” – സി. സെലിൻ പറയുന്നു.
അതോടൊപ്പം ആകാശ പറവകളുടെ സ്ഥാപനം ആരംഭിച്ച കുറ്റിക്കലച്ചൻ, ഒരിക്കൽ മാനന്തവാടിയിൽ വന്നപ്പോൾ ഭിക്ഷക്കാരുടെ ഒരു സമ്മേളനം നടത്തുകയും, അവരെ പരിചരിക്കുകയും ചെയ്യുന്നത് കാണുവാനിടയായി. ഭിക്ഷക്കാരായ കുറേയേറെപ്പേരെ കുളിപ്പിക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നത് കണ്ട സിസ്റ്ററിന് ഈ ഒരു സംഭവം വളരെ പ്രചോദനവും തീക്ഷണതയും നൽകി. അങ്ങനെ തന്റെ ദൗത്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് അതിനുവേണ്ടി ഇറങ്ങി തിരിക്കുവാൻ ഈ സന്യാസിനി തീരുമാനിച്ചു.
ഹൈസ്‌കൂൾ അദ്ധ്യാപനത്തിൽ നിന്നും ആതുരമേഖലയിലേക്ക്
ഉള്ളിലുണ്ടായ ശക്തമായ പ്രചോദനത്തെ തടഞ്ഞു നിർത്തുവാൻ സിസ്റ്ററിനായില്ല. ഹൈസ്ക്കൂളിൽ പഠിപ്പിച്ചുകൊണ്ട് ഇരുന്നപ്പോൾ പോലും വൈകുന്നേരം ക്ലാസ് കഴിഞ്ഞു സിസ്റ്റർ ഓടി ആശുപത്രിയിലെത്തും. ആതുരരെ ശുശ്രൂഷിക്കുക എന്നത് സിസ്റ്ററിന്റെ ദിനചര്യയായി മാറി.
പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു അവസരവും ഈ സന്യാസിനി പാഴാക്കിയില്ല. ഒരു പുതിയ മനസും ഹൃദയവും ദൈവം നൽകുകയായിരുന്നു എന്ന് സിസ്റ്റർ പറയുന്നു.ദുർഗന്ധം നിറഞ്ഞതും വൃണങ്ങൾ ബാധിച്ചതുമായ മുറിവുകളും സാഹചര്യങ്ങളും സാധാരണ മനുഷ്യരെപ്പോലെ തന്നെ സിസ്റ്ററിനും ബുദ്ധിമുട്ടേറിയതാണ്. എന്നാൽ, ആവശ്യമുള്ള ആൾക്കാരെ കൺമുൻപിൽ കാണുന്ന ആ നിമിഷം ആ ബുദ്ധിമുട്ട് അപ്രത്യക്ഷമാകും. അതിനായി ദൈവം തന്നെ ഈ സന്യാസിനിയെ ഒരുക്കി. മൂത്രത്തിൽ കുളിച്ചും മുഷിഞ്ഞും ദുർഗന്ധം വമിച്ചും കിടക്കുന്ന ആളുകളെ കേൾക്കാനും മനസിലാക്കുവാനും വൃത്തിയാക്കുവാനും റിഹബിലിറ്റേഷൻ സെന്ററിൽ എത്തിക്കേണ്ടവരെ അവിടെ എത്തിക്കാനും ശ്രമിക്കുന്നു.
അതിനായുള്ള ഒരു ഹൃദയം ദൈവം തന്നെയാണ് ഈ സിസ്റ്ററിനു നൽകുന്നത്.ആശുപത്രിക്കുള്ളിൽ പൂർണ്ണ സ്വാതന്ത്ര്യം മാനന്തവാടി ജില്ലാ ആശുപത്രിയിൽ സി. സെലിന് പൂർണ്ണ സ്വതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. ഏത് സമയത്ത് കയറി ചെല്ലുവാനും ശുശ്രൂഷകൾ ചെയ്യുവാനുമുള്ള സ്വാതന്ത്ര്യം അവിടെയുള്ള അധികാരികളും ഡോക്ടർമാരും ഈ സന്യാസിനിക്ക് നൽകി. രാവിലെ വന്നാൽ, വൈകുന്നേരം വരെ സിസ്റ്റർ ഉണ്ട് ഈ ആശുപത്രിയിൽ. ചിലപ്പോൾ അതിലും കൂടുതൽ സമയം ആവശ്യമായി വരുമെന്നും ഈ സമർപ്പിത പറയുന്നു.
മഴയോ, വെയിലോ മഞ്ഞോ ഒന്നും സിസ്റ്ററിനു തടസമല്ല. ആരുമില്ലാത്തവരുടെ അമ്മയായി 24 വർഷമായി ഈ സിസ്റ്റർ ഇവരുടെ കൂടെയുണ്ട്.
“ഞാനൊരു ടീച്ചർ ആണ്. ആയതിനാൽ നേഴ്‌സിങ് സംബന്ധമായ ജോലികൾ അത്ര വശമില്ലായിരുന്നു. ഷേവ് ചെയ്യാനുള്ള സാഹചര്യമൊക്കെ വന്നപ്പോൾ ഈശോ തന്നെ എല്ലാം എനിക്ക് പഠിപ്പിച്ചു തന്നു. പ്രാർത്ഥിച്ചുകൊണ്ടാണ് ഞാൻ ഒരോ ശുശ്രൂഷയും ചെയ്യുന്നത്. അങ്ങനെ ഒരു ബാർബർ ചെയ്യേണ്ട ജോലി ചെയ്യാനും ഞാൻ പഠിച്ചു. ഈ ഒരു മേഖലയിൽ ഈശോയ്ക്ക് എന്നെക്കൊണ്ട് ആവശ്യമുണ്ട് എന്നാണ് ഞാൻ ഇതിൽ നിന്നെല്ലാം മനസിലാക്കുന്നത്” – സിസ്റ്റർ പറയുന്നു.ദൈവം പ്രേരിപ്പിക്കുന്ന ഒരു കാര്യവും ഈ സിസ്റ്റർ ചെയ്യാതിരിക്കാറില്ല. ഈശോ ആഗ്രഹിക്കുന്ന ഒന്നിനോടും ‘നോ’ എന്ന് പറയാറുമില്ല. ദൈവവിളിയോടുള്ള വിശ്വസ്ത മരണം വരെ തുടരാനുള്ള പ്രാർത്ഥനയിലാണ് ഈ സന്യാസിനി.
ജാതി-മത ഭേദമന്യേ എല്ലാവരിലേക്കുംആയിരത്തോളം രോഗികൾ ഉണ്ട് ജില്ലാ ആശുപത്രിയിൽ. സിസ്റ്ററിന്റെ സേവനം കണ്ടവരും അനുഭവിച്ചവരും ആയ ധാരാളം പേരുണ്ട് ഇവിടെ. അത് കണ്ട അക്രൈസ്തവരായ ആളുകൾ തന്നെയാണ് സിസ്റ്ററിനെ ‘കൺകണ്ട മാലാഖ’, ‘വയനാട്ടിലെ മദർ തെരേസ’ എന്നീ പേരുകളിൽ വിളിക്കുവാൻ തുടങ്ങിയത്. അത് ജാതിക്കും മതത്തിനും അപ്പുറത്തേയ്ക്ക് നീളുന്ന സേവന സന്നദ്ധതയും പ്രതിജ്ഞാബദ്ധതയും സിസ്റ്റർ തന്റെ ജീവിതത്തിൽ പുലർത്തിയത് കൊണ്ടുതന്നെയാണ്. ഈ അമ്മയ്ക്ക് ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും ആരെയും മാറ്റി നിർത്തുവാൻ സാധിക്കുകയില്ല. ഹിന്ദുവെന്നോ മുസ്ലീമെന്നോ യാതൊരു തരംതിരിവുമില്ലാതെയാണ് ദൈവത്തിന് വേണ്ടി ഈ സന്യാസിനി ശുശ്രൂഷ ചെയ്യുന്നത്. വേര്‍തിരിവുകള്‍ നടത്തിയുള്ള പ്രവർത്തനങ്ങളിൽ ഈ സിസ്റ്റർ ഏർപ്പെടാറില്ല. കാരുണ്യം എന്നത് മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അതീതമാണ് എന്ന് സിസ്റ്റർ ഓർമ്മപ്പെടുത്തുന്നു.ആരാധനാ മഠത്തിലെ സഭാധികാരികളും എല്ലാവിധ പ്രോത്സാഹനങ്ങളും സിസ്റ്ററിനു നൽകി വരുന്നു. മാനന്തവാടി പയ്യമ്പിള്ളി ആരാധനാ മഠത്തിലുള്ള സിസ്റ്റർ ഒരു ധ്യാനഗുരുവും കൂടിയാണ്.
എല്ലാദിവസവും രാവിലെ ദിവ്യകാരുണ്യ ആരാധനയ്‌ക്കും പ്രാർത്ഥനകൾക്കും ശേഷം സിസ്റ്റർ തന്റെ കർമ്മമണ്ഡലത്തിലേക്ക് ഇറങ്ങുകയായി. ദിവ്യകാരുണ്യ അനുഭവം തന്റെ ജീവിതത്തിലൂടെ പകർന്നു കൊടുക്കുവാൻ. തന്റെ അറുപത്തിമൂന്നാമത്തെ വയസിലും ക്രിസ്തുവിന്റെ സ്നേഹം പകരുവാനുള്ള തീക്ഷണയിൽ ഈ സന്യാസിനി ഓടുകയാണ് തന്റെ കർമ്മമണ്ഡലത്തിലേക്ക്…
സി. സൗമ്യ DSHJ