രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ഫാ. മൈക്കിൾ വെട്ടിക്കാട്ടിനെ നിയമിച്ചു.
2016 മുതൽ രാഷ്ട്രദീപിക ഡയറക്ടർ ബോർഡ് അംഗമായും 2019 മുതൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു വരുന്ന ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫെബ്രുവരി 11 – ന് മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കും.
കോട്ടയം ജില്ലയിലെ നീണ്ടൂർ സ്വദേശിയായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് 1993 ലാണ് കോട്ടയം അതിരൂപതാ വൈദികനായി പൗരോഹിത്യം സ്വീകരിച്ചത്. 2015 മുതൽ കോട്ടയം അതിരൂപതയുടെ പ്രൊ-പ്രോട്ടോസിഞ്ചലൂസായി സേവനം ചെയ്തുവരുന്നു.
ഡൽഹി സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സാമൂഹ്യ പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും മൈസൂർ വിനായക യൂണിവേഴ്‌സിറ്റിയിൽ നിന്നും മനഃശാസ്ത്രത്തിൽ എം.ഫിൽ ഉം നേടിയിട്ടുണ്ട്. കോട്ടയം അതിരൂപതയുടെ അജപാലനകേന്ദ്രമായ തെള്ളകം ചൈതന്യയുടെ ഡയറക്ടറായി 15 വർഷക്കാലം പ്രവർത്തിച്ച ഫാ. മൈക്കിൾ സംസ്ഥാനസർക്കാരിന്റെ പങ്കാളിത്ത അനുമതി നേടി ചൈതന്യ കാർഷികമേളയെ മദ്ധ്യകേരളത്തിലെ ജനകീയ ഉത്സവമാക്കി മാറ്റി.
അതിരൂപതയുടെ സാമൂഹ്യ സേവന പ്രസ്ഥാനങ്ങളായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ മൂന്ന് വർഷവും കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ പതിനഞ്ച് വർഷവും നേതൃത്വം നൽകിയതിനോടൊപ്പം ഹൈറേഞ്ചിന്റെ സമഗ്രവികസനത്തിനായി ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ രൂപീകരണത്തിനും നേതൃത്വം നല്കി. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയെ കേരളത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഉയർത്തുന്നതിനു നേതൃത്വം നല്കിയ അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പുരസ്‌ക്കാരങ്ങളും നിരവധി ദേശീയ അന്തർദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
അന്ധ-ബധിര പുനരധിവാസ പ്രവർത്തനങ്ങൾക്ക് സവിശേഷ പരിഗണന നല്കിയതുൾപ്പടെ ഭിന്നശേഷിക്കാരുടെ സമഗ്ര സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾക്ക് ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. സീറോ മലബാർ സഭയുടെ സാമൂഹിക സേവന ഡിപ്പാർട്ട്‌മെന്റായ സ്പന്ദന്റെ സ്ഥാപക കോർഡിനേറ്ററായും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ജോയിന്റ് സെക്രട്ടറിയായും ആറു വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം അതിരൂപതാ സോഷ്യൽ ആക്ഷൻ കമ്മീഷൻ ചെയർമാൻ, ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ, ക്‌നാനായ സമുദായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ എന്നിവയുടെ ചാപ്ലെയിൻ, കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ഡിസാസ്റ്റർ മിറ്റിഗേഷൻ ടീം അംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങളിലും ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിലവിൽ ശുശ്രൂഷ ചെയ്തുവരുന്നു