പരിശുദ്ധാൽമാവിനു ഹൃദയത്തെ തുറന്നു കൊടുക്കാതിരിക്കുമ്പോഴാണ് നന്മതിന്മകളുടെ വേർതിരിവ് നമുക്ക് നഷ്ടമാകുന്നത്. ഇങ്ങനെയുള്ള ഹൃദയങ്ങളിലാണ് പാപം ചെയ്യുന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നുള്ള ചിന്താഗതി രൂപമെടുക്കുന്നത്. ആത്മാവിന്റെ പ്രചോദനങ്ങൾ തള്ളിക്കളഞ്ഞ് മനപൂർവ്വം പാപം ചെയ്യുന്നവർ, അവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെപ്പോലും അസഹിഷ്ണുക്കളും ശത്രുക്കളുമായാണ് പരിഗണിക്കുന്നത്. പരിശുദ്ധാത്മാവിനെ തള്ളിപ്പറയുന്ന ഒരു വ്യക്തി പാപങ്ങൾ ക്ഷമിക്കുന്ന ദൈവത്തിന്റെ ക്യപയെയും കരുണയെയും സ്നേഹത്തേയും ആണ് തള്ളിപ്പറയുന്നത്.

ദൈവത്തിന്റെ ആത്മാവിനു ചെവികൊടുത്ത്‌ അതനുസരിച്ച് ജീവിക്കാൻ ശ്രമിക്കുന്നവർ, അതുമൂലം തങ്ങളെ കുറ്റംവിധിക്കാൻ ഉദ്യമിക്കുന്ന അധികാരികളുടെയും ഭരണാധിപന്മാരുടെയും മുൻപിൽ നിൽക്കേണ്ടി വരുമെന്നും ഈശോ വചനത്തിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. പാപങ്ങളെ സാമൂഹിക നിയമങ്ങളാക്കി മാറ്റി, അവയ്ക്ക് നിയമ സംരക്ഷണം നൽകുന്ന പ്രവണത നമ്മുടെ സമൂഹങ്ങളിൽ വർദ്ധിച്ചു വരികയാണ്. ദൈവത്തിന്റെ വചനം അനുസരിച്ച് ജീവിക്കാനുദ്യമിക്കുന്നവർ ദൈവസ്നേഹത്തിനു വിരുദ്ധമായ, പരിശുദ്ധാത്മാവിനെ തള്ളിപ്പറയുന്ന നിയമങ്ങൾക്ക് എതിരെ ശബ്ദമുയർത്താൻ കടപ്പെട്ടവരാണ്. അതിനുവേണ്ടുന്ന ധൈര്യം ഈശോ തന്റെ പരിശുദ്ധാത്മാവിലൂടെ നമുക്കെല്ലാവർക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.

നമ്മുടെ സമൂഹത്തിലും, കുടുംബത്തിലും, കോളേജിലും, സ്കൂളിലും, ജോലി ചെയ്യുന്നിടത്തുമൊക്കെ ദൈവത്തെ അനുഗമിക്കുന്നവരാകുമ്പോൾ മറ്റുള്ള വ്യക്തികളിൽ നിന്ന് അവഹേളനങ്ങൾ നേരിടുമ്പോൾ പരിശുദ്ധാൽമാവ് നമ്മളെ പഠിപ്പിക്കും എന്ത് പറയണം, ചെയ്യണം എന്ന്. യേശുവിൽ വിശ്വസിച്ച്, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ദൈവത്തെ സ്നേഹിക്കുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്