വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന് തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശനാണ്, കാരണം കണ്ണാടിയിൽ നിന്ന് മുഖം എടുത്തു കഴിയുമ്പോൾ, ആ മുഖം നാം മറക്കുന്നു. വചനം വായിക്കുന്ന മനുഷ്യൻ അത് പ്രവർത്തിക്കാതിരുന്നാൽ യാതൊരു ഫലവും ഇല്ല. നാം യേശുവിന്റെ സുഹൃത്താകാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവന്റെ വചനങ്ങൾ നാം അനുസരിക്കുകയും വിശ്വസ്തത പുലർത്തുകയും ചെയ്യണം. ആദിയിൽ ഉണ്ടായിരുന്നതും മാംസമായി നമ്മുടെയിടയിൽ വസിച്ചതുമായ വചനത്തെ പല സാഹചര്യങ്ങളിലും നമ്മൾ മറന്നുകളഞ്ഞു. ബൈബിൾ എല്ലാവരുടെയും വീട്ടിലുണ്ട്. നമ്മളൊക്കെ ബൈബിൾ വായിക്കുന്നുമുണ്ട്. എന്നാൽ ആദിയിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും ഇനി എന്നേയ്ക്കും നിലനിൽക്കുന്നതുമായ വചനത്തിൻറെ ശക്തി നമ്മൾ തിരിച്ചറിയുന്നുണ്ടോ?
വചനം വായിക്കാനുള്ളതല്ല, ധ്യാനിക്കാനുള്ളതും, പ്രവർത്തിക്കാനുള്ളതുമാണെന്ന് നമ്മൾ മറന്നുപോകുന്നു. വചനം ബുദ്ധി കൊണ്ട് മനസിലാക്കാനുള്ളതല്ല, ഹൃദയത്തിൽ സംഗ്രഹിക്കാനുള്ളതാണെന്നു നാം മറന്നുപോകുന്നു. നാം ഒരോരുത്തർക്കും നേരിട്ട വലിയ നഷ്ടം വചനത്തിൻറെ ശക്തി നാം തിരിച്ചറിയാതെ പോകുന്നു എന്നതാണ്. വചനത്തിനു ശക്തിയുണ്ടോ? ഉണ്ടെന്നു വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. സത്യം തന്നെയായ ഈശോമിശിഹായും അതു സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും നമുക്കു സംശയമാണ്. ‘ഉണ്ടാകട്ടെ’ എന്ന വചനം കൊണ്ടാണു ദൈവം എല്ലാം സൃഷ്ടിച്ചത്. അവസാനദിനത്തിൽ അഗ്നിയ്ക്ക് ഇരയാകേണ്ടതിനായി ഭൂമിയും ആകാശവും ഇപ്പോഴും സൂക്ഷിക്കപ്പെടുന്നതും അതേ വചനത്താൽ തന്നെയാണെന്ന്
വചനമാണു നമ്മെ ക്രിസ്തുവിൻറെ ശിഷ്യന്മാരും ക്രിസ്ത്യാനികളും ആയി രൂപാന്തരപ്പെടുത്തുന്നത്. ഒത്തിരി വലിയ കാര്യങ്ങൾ ചെയ്യുന്നതല്ല മറിച്ച് ദൈവത്തിൽ വിശ്വസികുകയും അവന്റെ വചനം കേൾക്കുകയും ചെയ്യുന്നവനാണ് നിത്യജീവൻ നേടാൻ സാധിക്കുക എന്ന് ഈശോ വചനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നു. ദൈവത്തിൽ ആഴമായി വിശ്വസിച്ചു കൊണ്ട് അവന്റെ വചനമനുസരിച്ച് ജീവിച്ച് നിത്യജീവൻ നേടുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.