കർത്താവിന്റെ വരവിനു മുന്നോടിയായി സ്നാപകയോഹന്നാൻ പറയുന്ന വാക്കുകളാണ്. നാം പാപത്തിൽ നിന്ന് അകന്നു മാറി, മാനസാരത്തോടെ കർത്താവിന് വഴിയൊരുക്കുവാൻ എന്ന്. സ്നാപകയോഹന്നാനെ വളരെ വലിയൊരു ദൗത്യവും നൽകിയാണ്‌ ദൈവം ലോകത്തിലേക്കയച്ചത്; എന്നാൽ, ഇന്നത്തെ ലോകത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം അതിലും വലുതാണ്‌. യേശുവിന്റെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിച്ച് അവിടുത്തെ വചനത്തിനു സാക്ഷ്യം നൽകാനും, യേശുവിന്റെ വഴിയെ നടന്നുകൊണ്ട് അവിടുത്തെ സ്നേഹവും, തിരുവചനവും മറ്റുള്ളവർക്ക് അനുഭവേദ്യമാക്കി കൊടുക്കാനും പരിശ്രമിക്കേണ്ടവരാണ് നമ്മൾ.

സ്നാപക യോഹന്നാന്റെ ശക്തമായ പ്രസംഗങ്ങളോ കുത്തിനോവിക്കുന്ന കുറ്റപ്പെടുത്തലുകളോ ഒന്നുമല്ല മറ്റുള്ളവരിൽ പാപബോധവും പശ്ചാത്താപവും ജനിപ്പിക്കുന്നത്. ദൈവം തന്നോട് ആവശ്യപ്പെട്ടതിൽ കൂടുതലൊന്നും സ്നാപകയോഹന്നാൻ ആരോടും പറഞ്ഞില്ല. “മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു” എന്ന വാക്കുകൾക്കു ചെവികൊടുത്തവർക്ക് പാപങ്ങൾ ഏറ്റു പറയാനുള്ള പ്രചോദനം നൽകിയത് സ്നാപക യോഹന്നാനിൽ പ്രവർത്തിച്ചിരുന്ന പരിശുദ്ധാത്മാവാണ്. മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന വേളകളിൽ ദൈവത്തിന്റെ കൃപയാണ്, അല്ലാതെ നമ്മുടെ ശക്തിയല്ല, അവരിൽ പ്രവർത്തിക്കേണ്ടത് എന്നു നമ്മൾ മറക്കരുത്.

ജനപദങ്ങളെ എളിമയിലൂടെ യേശുവിലേക്ക് നയിക്കുന്നവരായിരിക്കണം നമ്മൾ. ദൈവ രാജ്യത്തിലെ സന്തോഷവും സ്വാതന്ത്ര്യവും തിരിച്ചറിഞ്ഞ് ആനന്ദിക്കാൻ എന്നിലെ അന്ധകാരമകറ്റി, പ്രകാശത്താൽ നിറയ്ക്കാനും, അതുപോലെ രക്ഷകനും കർത്താവുമായ യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം ലോകത്തിനു മുൻപിൽ ഭയം കൂടാതെ വിളിച്ചു പറയുന്നവരാകാനും, അവിടുത്തെ സത്യത്തിന്റെ സന്ദേശവാഹകരാകാനുമുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്