ജീവിതത്തിൽ ദൈവത്തിന്റെ പ്രവർത്തികൾ താമസിക്കാറുണ്ട് എന്നു നാം പരാതി പറയാറുണ്ട്. എന്നാൽ ദൈവത്തിന്റെ പ്രവർത്തി എന്നു പറയുന്നത് തക്ക സമയത്താണ്. ആദ്യം നാം ചെയ്യേണ്ടത് ദൈവത്തിന് നാം സമയം കൊടുക്കുക എന്നുള്ളതാണ്. ദൈവത്തിന് നാം സമയം കൊടുക്കുമ്പോള്‍ നാം ദൈവത്തില്‍ വിശ്വസിക്കുക മാത്രമല്ല, അവനില്‍ ശരണപ്പെടുകകൂടെ ചെയ്യുന്നു. അതായത്, എന്‍റെ കാര്യം ദൈവം നോക്കികൊള്ളും എന്ന ശരണഭാവം. എന്‍റെ കാര്യം ദൈവം നോക്കും എന്ന ഉറപ്പില്ലെങ്കില്‍ നാം കിട്ടുന്ന വഴിയിലൂടെയെല്ലാം എടുത്തുചാടും; പ്രതികരിക്കും; നമ്മുടെ രീതിയില്‍ നീതി നടപ്പാക്കും.

നമ്മെ ഉപദ്രവിക്കുന്നവനോട് നാം ക്ഷമിക്കുമ്പോള്‍ നാം ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ സമയം കൊടുക്കുന്നു. ദൈവശരണമില്ലാത്തയാള്‍ ഉപദ്രവിക്കുന്ന വ്യക്തിയോട് ക്ഷമിക്കാതെ, ഉടനടി തിരിച്ചടിക്കും. എന്‍റെ കാര്യം ഞാനല്ലെങ്കില്‍ പിന്നെ ആര് നോക്കും എന്ന് അദ്ദേഹം ചിന്തിക്കുന്നു. ദൈവത്തിന് നാം സമയം കൊടുക്കുന്നതിന്‍റെ മറ്റൊരു പേരാണ് സ്നേഹം. നിവൃത്തികേടുകൊണ്ട് കാത്തു നില്ക്കുന്നതുപോലെയല്ല സ്നേഹം നിര്‍ബന്ധിക്കുന്ന കാത്തിരിപ്പുകള്‍. ദൈവത്തിനു മുമ്പില്‍ സ്നേഹപൂര്‍വ്വം കാത്തുനില്ക്കുന്നയാള്‍ ചെയ്യുന്ന പ്രവൃത്തിയാണ് പ്രാര്‍ത്ഥന. അതായത്, വിശ്വാസം, ശരണം, സ്നേഹം എന്നീ ദൈവിക കൃപകൾ നമ്മില്‍ വളരാന്‍ നാം ദൈവത്തിന് സമയം കൊടുത്തേ മതിയാകൂ.

കാനായിലെ വീട്ടില് ഈശോ തന്‍റെ ആദ്യത്തെ അത്ഭുതകരമായ ഇടപെടല്‍ നടത്തി, ഈശോയ്ക്ക് അത്ഭുതം പ്രവര്‍ത്തിക്കാന്‍ ആ വീട്ടില്‍ സമയം കിട്ടി എന്നത് നിര്‍ണ്ണായകമായ കാര്യമാണ്. ഈശോ അത്ഭുതം പ്രവര്‍ത്തിക്കുന്നത്, മനുഷ്യര്‍ ദൈവത്തിന് സമയം അനുവദിക്കുമ്പോഴാണ്. ദൈവത്തിന് സമയം കൊടുക്കുക എന്നുപറഞ്ഞാല്‍ നാം കാഴ്ചക്കാരായി മാറിനില്ക്കുക എന്നല്ല അര്‍ഥം. നമ്മുടെ പങ്ക് നാം നിര്‍വഹിക്കണം, അതായത് പ്രാർത്ഥനയാലും, പൂർണ്ണ വിശ്വാസത്തോടെ കർത്താവിൽ ശരണപ്പെടുകയും ചെയ്യണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

Phone 9446329343

നിങ്ങൾ വിട്ടുപോയത്