”Lord, with those who contend with me; fight against those who fight against me!“
(Psalm 35:1)
കർത്താവ് നമ്മൾക്കുവേണ്ടി പൊരുതുന്നവനാണ്. ദുഃഖത്തിന്റെയും തിന്മയുടെയും കാലഘട്ടത്തില് നിന്നു കരകയറ്റാൻ ദൈവം അയച്ച രക്ഷകനാണു യേശു ക്രിസ്തു. നമ്മുടെ ശക്തിയാൽ അല്ല ദൈവത്തിന്റെ ശക്തി നമ്മിൽ നിറയുമ്പോൾ ശത്രുവിന്റെ മുൻപിൽ വാഴുവാൻ സാധിക്കും. നാം വിശുദ്ധിയോടെ ഹൃദയത്തിന്റെ ഉള്ളിൽ കർത്താവിനെ വിളിക്കുമ്പോൾ ഏത് ഭീമമായ ഗർത്തത്തിൽ നിന്നും, രക്ഷപ്പെടാൻ കഴിയാത്ത കുഴഞ്ഞ ചേറ്റിൽ നിന്നും നമ്മെ രക്ഷിക്കും. ശത്രുവിന്റ ശക്തിയെ തോൽപിക്കാനുള്ള കൃപ നൽകുന്നത് കർത്താവാണ്. കർത്താവിന്റെ വചനം സ്വന്തമാക്കുന്തോറും നാം ദൈവശക്തി പ്രാപിച്ചുകൊണ്ടിരുന്നു.
തിരുവചനത്തിൽ ദാവീദും ഗോലിയാത്തും എന്ന രണ്ടു വ്യക്തികളെ കാണുവാൻ സാധിക്കും. ഗോലിയാത്തിനെ തിന്മയുടെ പ്രതിരൂപമായും മറിച്ച് ദാവീദിനെ നന്മയുടെ പ്രതിരൂപമായുമാണ് വചനത്തിൽ നാം കാണുന്നത്. സാത്താനുമേൽ യേശു നേടിയ വിജയത്തിനു മുമ്പ് അതിനു സമാനമായി നടന്ന തിൻന്മക്കുമേൽ നേടിയ നന്മയുടെ വിജയമായാണ് ഗോലിയാത്തിനുമേൽ ദാവീദ് നേടിയ വിജയത്തെ ക്രിസ്തീയ മതവിശ്വാസികൾ നോക്കികാണുന്നത്. ഗോലിയാത്ത് എന്ന മല്ലനെ ദാവീദ് ദൈവത്തിന്റെ ശക്തിയാൽ തകർത്ത് എറിയുന്നു. ദാവീദിന്റെ രൂപം കാണുമ്പോൾ മല്ലനായ ഗോലിയാത്തിനു വിശ്വസിക്കാൻ കഴിയുന്നില്ല. ദാവീദിനെ കൊല്ലാൻ വളരെ എളുപ്പമായിരിക്കുമെന്ന് അവൻ വിചാരിക്കുന്നു.
ദാവീദിനോട് നിന്റെ ശരീരം പക്ഷികൾക്കും മൃഗങ്ങൾക്കും ഭക്ഷിക്കാൻ കൊടുക്കും എന്ന് ഗോലിയാത്ത് പറയുന്നു. എന്നാൽ ദാവീദ് ഇങ്ങനെ പറയുന്നു: ‘നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ ദൈവത്തിന്റെ നാമത്തിൽ നിന്റെ അടുക്കൽ വരുന്നു. ദൈവം ഇന്നു നിന്നെ എന്റെ കയ്യിൽ ഏൽപ്പിക്കും; ഞാൻ നിന്നെ കൊന്നുകളയും. നമ്മൾക്ക് എതിരെ വരുന്ന തിൻമയുടെ ശക്തിയെ ദൈവകരങ്ങളിൽ സമർപ്പിക്കുക, ദൈവം നമ്മൾക്ക് വേണ്ടി പൊരുതികൊള്ളും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ട.








