ഫ്ലോറിഡ: പതിനഞ്ചു ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുന്ന ബില്ല് അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡയിലെ സെനറ്റ് പാസാക്കിയതിനെ സ്വാഗതം ചെയ്ത് മെത്രാൻ സമിതി. 15 നെതിരെ 23 വോട്ടുകൾക്കാണ് ബിൽ പാസായത്. ഫെബ്രുവരി മാസം ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. എറിൻ ഗ്രാൽ എന്ന സെനറ്ററാണ് ബില്ല് അവതരിപ്പിച്ചത്. സംസ്ഥാനത്തെ ഗവർണർ ഒപ്പിട്ടാൽ ബില്ല് നിയമമായി മാറും. എച്ച്ബി 5 എന്ന പേരിലറിയപ്പെടുന്ന ബില്ല് പാസാക്കിയതിനെ സുപ്രധാന നടപടിയെന്ന വിശേഷണമാണ് ഫ്ലോറിഡയിലെ മെത്രാൻ സമിതി നല്‍കിയത്.

ഉദരത്തിലുള്ള ജീവന്റെ പൂർണ്ണ സംരക്ഷണം നിയമനിർമാണത്തിലൂടെ പ്രാബല്യത്തിൽ വരുന്ന ദിവസം കാത്തിരിക്കുന്നത് തുടരുകയാണെന്നു മെത്രാൻ സമിതിയുടെ സോഷ്യൽ കൺസേർൺസ് ആൻഡ് റെസപെക്ട് ലൈഫിന്റെ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്ന ക്രിസ്റ്റി അർണോൾഡ് പറഞ്ഞു. എച്ച്ബി 5 ബില്ല് സ്ത്രീകളുടെയും, കുട്ടികളുടെയും മേൽ ഭ്രൂണഹത്യ വരുത്തിവെക്കുന്ന വലിയ ഉപദ്രവം തടയാൻ നിയന്ത്രണം കൊണ്ടു വരുന്നുവെന്നത് ആഹ്ലാദം നൽകുന്ന കാര്യമാണെന്നും ക്രിസ്റ്റി കൂട്ടിച്ചേര്‍ത്തു.

അതേസമയം 2020ൽ 15 ആഴ്ചയും, അതിനുശേഷവും 3,334 ഭ്രൂണഹത്യകൾ സംസ്ഥാനത്ത് നടന്നിട്ടുണ്ടെന്ന് പ്രോലൈഫ് സംഘടനയായ സൂസൻ ബി അന്റണി ലിസ്റ്റിന്റെ ഗവേഷണവിഭാഗമായ ചാർലോട്ട് ലോസിയർ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്റെ രേഖകളിൽ നിന്നാണ് കണക്കുകൾ ലഭ്യമായത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ബില്ലിന് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. ഇതിനു മുമ്പും അദ്ദേഹം പ്രോലൈഫ് ബില്ലുകളിൽ ഒപ്പുവച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഭ്രൂണഹത്യയ്ക്ക് മാതാപിതാക്കളുടെ അനുവാദം വാങ്ങണമെന്ന് നിഷ്കർഷിക്കുന്ന നിയമം 2020ൽ ഗവർണർ പാസാക്കിയപ്പോൾ മെത്രാൻസമിതി അതിനെ അഭിനന്ദിച്ചിരുന്നു.

കടപ്പാട്

നിങ്ങൾ വിട്ടുപോയത്