കാലാകാലങ്ങളായി വിദ്യാഭ്യാസ രംഗത്ത് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ടതാണ് തീവ്രരാഷ്ട്രീയ-വർഗീയ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിൽ പിടിമുറുക്കുന്നു എന്നത്.

ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പാഠപുസ്തകങ്ങളിൽ നിന്ന് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചരിത്ര സത്യങ്ങളെ ഒഴിവാക്കാനും, സത്യവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഉൾപ്പെടുത്താനുമുള്ള ശ്രമങ്ങൾ നിരന്തരം ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയവും സാമൂഹികവും മതപരവുമായ പശ്ചാത്തലങ്ങൾ ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ ഉള്ളതിനാൽ തന്നെ പാഠപുസ്തക പരിഷ്കരണ ശ്രമങ്ങൾ പലപ്പോഴും വലിയ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.


പാഠപുസ്തകങ്ങളുടെ രാഷ്ട്രീയം
ചില തീവ്രഹിന്ദുത്വ സംഘടനകളുടെ നിരന്തരമായ സ്വാധീനഫലമായി സി ബി എസ് ഇ പോലുള്ള ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ സിലബസിൽ ചരിത്ര തമസ്കരണത്തിനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുള്ളത് പലപ്പോഴായി ചർച്ചയായിട്ടുള്ളതാണ്. ക്രിസ്ത്യൻ മുസ്ലീം ചരിത്ര സംബന്ധിയായ വസ്തുതകൾ മനപ്പൂർവ്വം അവഗണിക്കുകയും, വക്രീകരിക്കുകയും ചെയ്യുന്നതായി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ഗുജറാത്ത് കലാപം പോലെയുള്ള കറുത്ത ഏടുകളുള്ള ചരിത്ര സംഭവങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നു ഒഴിവാക്കപ്പെടാൻ ചിലർ തത്രപ്പെടുകയും മറ്റും ചെയ്യുന്നതിന്‍റെ പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും മനസിലാകുന്നതുമാണ്. ഉദാഹരണമായി 2002 നവംബർ 30-ന് നടന്ന പന്ത്രണ്ടാം ക്ലാസിലെ ഒന്നാം ടേം സോഷ്യോളജി പരീക്ഷയിൽ, ഗുജറാത്തിലെ മുസ്ലീം വിരുദ്ധ ലഹളയുടെ കാലഘട്ടത്തിലെ സർക്കാർ ആരായിരുന്നു എന്ന ചോദ്യം വന്നതിനെ നിശിതമായ രീതിയിലാണ് സി ബി എസ് ഇ ബോർഡ് എതിർത്തത്. പാഠപുസ്തകത്തിലുള്ള ഒരു ഭാഗത്തെ കേന്ദ്രീകരിച്ചുതന്നെയാണ് ഈ ചോദ്യം വന്നതെങ്കിലും, പ്രസ്തുത ചോദ്യം ഇട്ടതിന്‍റെയും അതിനെതിരെ എതിർപ്പുകൾ ഉണ്ടാകുന്നതിന്‍റെയും പിന്നിലെ രാഷ്ട്രീയം നിഷ്പക്ഷമതികൾക്ക് എളുപ്പം മനസിലാക്കാവുന്നതേയുള്ളൂ. ഇന്ന് ബി ജെ പി ഭരിക്കുമ്പോൾ ഗുജറാത്ത് കലാപം പാഠപുസ്തകങ്ങളിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് എന്നതും ശ്രദ്ധേയമാണ്.


കേരളത്തിലും വെട്ടിനിരത്തൽ

അതുപോലെതന്നെ, സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങളും പ്രാദേശികമായ ചില സങ്കുചിത ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്നുണ്ട് എന്ന് നിസംശയം പറയാം. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ഇറക്കുന്ന പാഠപുസ്തകങ്ങൾ ഇതിനൊരു ഉദാഹരണമാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടനുബന്ധിച്ച് പഠനപദ്ധതിയെകുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്ന ഈ കാലയളവിൽ ഇത്തരം കാര്യങ്ങൾ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തിന് ആഘാതം ഏൽപ്പിച്ചിട്ടുള്ളത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. മതമില്ലാത്ത ജീവനെ പ്രോത്സാഹിപ്പിക്കുന്ന ആശയധാരകളുമായി കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ പാഠപുസ്തകങ്ങളിലെയും വിദ്യാഭ്യാസ സംവിധാനങ്ങളിലെയും ഇടപെടലുകൾ ആണ് ഒന്നാമത്തേതെങ്കിൽ, ഏതാനും വർഷങ്ങളായി കേരളരാഷ്ട്രീയത്തിലും അധികാരസ്ഥാനങ്ങളിലും കയറികൂടിയിരിക്കുന്ന തീവ്ര വർഗീയവാദികളുടെ ഇടപെടലുകളാണ് രണ്ടാമത്തേത്. കേരളത്തിൽ ഇപ്പോൾ നിലവിലുള്ള പാഠപുസ്തകങ്ങളിൽ വന്നിട്ടുള്ള പൊതുചരിത്ര സത്യങ്ങളുടെ തമസ്കരണവും ചില നവ ചരിത്ര സൃഷ്ടികളും ഈ അടുത്ത നാളുകളിലായി പലരും തുറന്നു കാണിക്കുകയുണ്ടായി. ഒരു പ്രധാന നിരീക്ഷണം ക്രിസ്ത്യൻ മിഷനറിമാരുടെയും മറ്റും സംഭാവനകളെ പാഠപുസ്തകങ്ങളിൽ ചിലയിടങ്ങളിൽ ഭാഗികമായും കൂടുതൽ ഇടങ്ങളിൽ പൂർണ്ണമായും വെട്ടിമാറ്റി എന്നുള്ളതാണ്. അതോടൊപ്പം തന്നെ കൃത്രിമമായ ചില ചരിത്ര നിർമ്മിതകൾ പാഠപുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കുന്നതിൽ ചിലർ വിജയിക്കുകയും ചെയ്തിട്ടുണ്ട് എന്നുള്ളതും തെളിവുകളോടെ അവതരിപ്പിക്കപ്പെടുന്ന ഒരു വസ്തുതയാണ്.

സത്യം വെളിപ്പെടുത്തുന്ന ചോദ്യങ്ങൾ
ഈ സന്ദർഭത്തിൽ ചില ചോദ്യങ്ങൾ ചോദിക്കപ്പെടേണ്ടതുണ്ട്. തമസ്കരിക്കപ്പെട്ട ചരിത്ര ഭാഗങ്ങൾ എന്തിനെകുറിച്ചായിരുന്നു? പുതിയതായി ചേർക്കപ്പെട്ട പാഠപുസ്തക ഭാഗങ്ങളുടെ പ്രതിപാദ്യം എന്താണ്?

ക്രൈസ്തവ സംഭവനകളെകുറിച്ചുള്ള വിവരങ്ങളാണ് ഭാഗികമായോ പൂർണ്ണമായോ വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ തമസ്കരിക്കപ്പെട്ടത്. അതേസമയം തന്നെ ഇസ്ലാമിക ചരിത്രത്തോടു ബന്ധപ്പെട്ട നിരവധി ഭാഗങ്ങൾ പുതിയതായി പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു.
രഹസ്യ സാന്നിദ്ധ്യമായി തീവ്രവർഗീയവാദികൾ
മതനിരപേക്ഷത നാഴികയ്ക്ക് നാല്പതു വട്ടം പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയ-സാംസ്കാരിക അന്തരീക്ഷത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ്.

ക്രൈസ്തവ സംഭാവനകളുടെ കാര്യം വരുമ്പോൾ ചിലർ കാണിക്കുന്ന മതേതര നിലപാട് എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നില്ല എന്ന് വേണം അനുമാനിക്കാൻ. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. അവിടെയാണ് മതനിരപേക്ഷതയുടെ വാദങ്ങളുയർത്തുന്നവരെപ്പോലും അതിജീവിക്കാൻ കെൽപ്പുള്ള തീവ്ര വർഗീയ നിലപാടുള്ള ഒരു സംഘടിത ശക്തിയുടെ രഹസ്യസാന്നിദ്ധ്യം നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ഉന്നത ശ്രേണികളിൽ നാം സംശയിക്കേണ്ടത്.

പാഠപുസ്തകങ്ങളിലെ ഇസ്ലാമിക ചരിത്രത്തിന്‍റെ ഉൾച്ചേർക്കലുകൾ അസ്വഭാവിക രീതിയിൽ ഒരു വശത്തും, ക്രൈസ്തവ സംഭാവനകളുടെ ബോധപൂർവകമായ തിരസ്കരണം മറുവശത്തും സംഭവിക്കുമ്പോൾ ഈ സംശയത്തിൽ യുക്തിയുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയുന്നുളളൂ.

കേരളത്തിലെ ന്യൂനപക്ഷം തങ്ങൾ മാത്രമാണെന്നുള്ള തീവ്രവർഗീയ നിലപാടുകളുള്ളവർ ഭരണകേന്ദ്രങ്ങളുടെ ഉന്നത തലങ്ങളിൽ മന്ത്രിമാരായും ഉദ്യോഗസ്ഥരായുമൊക്കെ പിടിമുറുക്കിയതിനാലാണ് മറ്റ് സമുദായങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങൾ പോലും മന:സാക്ഷിക്കുത്തില്ലാതെ നിഷേധിക്കപ്പെട്ടത്. “എന്നാ താൻ കേസ് കൊട്” എന്ന മനോഭാവത്തോടെ, ന്യായമായ അവകാശങ്ങൾക്കായി പോലും പൗരന്മാരെ കോടതിവ്യവഹാരത്തിന് പ്രേരിപ്പിക്കുന്ന വർഗീയകോമരങ്ങൾ അധികാരത്തിന്‍റെ തലപ്പത്ത് വരുന്നത് കടുത്ത ജനാധിപത്യ ലംഘനത്തിനും ഭരണാഘടനാ വിരുദ്ധതയ്ക്കും മാത്രമേ കാരണമാകൂ എന്നത് കേരളവും ഇവിടുത്തെ അഭിനവ വിദ്യാഭ്യാസ പരിഷ്കർത്താക്കളും നല്കുന്ന പാഠമാണ്.

ജാഗ്രതയോടെ


ശാസ്ത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഷയുടെയും സാമൂഹ്യ വ്യവസ്ഥിതിയുടെയുമൊക്കെ പുരോഗതിക്കും വികാസത്തിനും കാരണമായവരെ ജാതി മത വംശീയ കാഴ്ചപ്പാടുകൾക്കുപരിയായി ആദരവോടെ സമീപിക്കുന്നതിന് പകരം, തമസ്കരിച്ചും തിരസ്കരിച്ചും അവരെ പുതു തലമുറയിൽ നിന്നും ഒളിച്ചു വയ്ക്കാനും അകറ്റിനിർത്താനും വ്യഗ്രത കാണിക്കുന്നവരെ തിരിച്ചറിയാൻ കേരളത്തിലെ പ്രബുദ്ധജനം ജാഗ്രത പുലർത്തേണ്ടതുണ്ട്. മതം നോക്കി മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന രാഷ്ട്രീയ വ്യവസ്ഥിതി അപകടകരമാണ്, അതിലും ഏറെ അപകടകരമാണ് മതം നോക്കി സാമൂഹ്യ പാഠപുസ്തകങ്ങളും ചരിത്ര പുസ്തകങ്ങളും ക്രമീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരുടെ വിദ്യാഭ്യാസ വകുപ്പിലും മറ്റുമുള്ള സാന്നിദ്ധ്യവും സ്വാധീനവും.

ഡോ. മൈക്കിൾ പുളിക്കൽ

നിങ്ങൾ വിട്ടുപോയത്