മാർ ജോസഫ് പെരുന്തോട്ടം പിതാവ് ഔദ്യോഗികമായി വിരമിക്കുന്നു, പിതാവിന് പ്രാർത്ഥനാ മംഗളങ്ങൾ
50 വർഷം മിശിഹായുടെ വിശ്വസ്ത പുരോഹിതനായും, 22 വർഷം മെത്രാൻ ആയും, 17 വർഷം മെത്രാപ്പോലീത്ത ആയും ചങ്ങനാശേരി അതിരൂപതയെ വിശ്വസ്തതയോടെ നയിക്കുന്ന മാർ ജോസഫ് പെരുന്തോട്ടം പിതാവ് വിരമിക്കുന്നു എന്ന വാർത്ത സങ്കടത്തോടെയാണ് സഭാസ്നേഹികൾ മനസിലാക്കുന്നത്. എഴുപത്തിയഞ്ച് വയസ് വരെയാണ് സിറോ മലബാർ മെത്രെന്മാരുടെ വിരമിക്കൽ പ്രായം. എഴുപത്തിയഞ്ച് വയസ് തികഞ്ഞ അന്ന് തന്നെ അദേഹം സിറോ മലബാർ സിനഡിന് തന്റെ രാജിക്കത്ത് നൽകിയെന്നും ഓഗസ്റ്റ് മാസത്തിലെ സിനഡിൽ അത് അംഗീകരിച്ച് അദ്ദേഹത്തിന്റെ പകരക്കാരനെ സിനഡ് നിയമിക്കുമെന്നും മനസിലാക്കുന്നു.
കോട്ടയം പുന്നത്തുറ കോങ്ങാണ്ടൂർ പെരുന്തോട്ടം ജോസഫ് – അന്നമ്മ ദമ്പതികളുടെ പുത്രനായി ബേബിച്ചൻ എന്ന് വിളിക്കുന്ന അദേഹം ജനിച്ചത് 1948 ജൂലൈ 5 ന് ആയിരുന്നു. 1974 ൽ തിരുപ്പട്ടം സ്വീകരിച്ചു. 2002 മെയ് മാസത്തിൽ ചങ്ങനാശേരി സഹായ മെത്രാനായി. മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ പിൻഗാമിയായി 2007മാർച്ച് 19 മുതൽ ചങ്ങനാശേരി അതിരൂപതയെ സീറോ മലബാർ സഭയിലെ കരുത്തുറ്റ അതിരൂപതയായി മുന്നോട്ട് നയിച്ച അദ്ദേഹത്തിന്റെ നേതൃപാടവവും സഭാ സ്നേഹവും ചരിത്രത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഒരു താപസനെപ്പോലെ മിശിഹായെ അടുത്തനുഗമിക്കുന്ന മാർ ജോസഫ് പെരുന്തോട്ടത്തിന് അമ്മയായ സഭയാണ് എല്ലാമെല്ലാം. സഭാ സംവിധാനങ്ങൾ തീരുമാനിക്കുന്ന കാര്യങ്ങൾ അനുസരിക്കാനും അത് തന്റെ വൈദികരെയും വിശ്വാസികളെയും കൊണ്ട് അനുസരിപ്പിക്കാനും അദേഹത്തിന് സാധിച്ചു എന്നത് വലിയ കാര്യമാണ്. സഭയുടെ പാരമ്പര്യത്തെയും ആരാധനാ ക്രമത്തെയും പ്രണയിച്ച ചരിത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള പിതാവ് സിറോ മലബാർ സഭയ്ക്കും ആഗോള കത്തോലിക്കാ സഭയ്ക്കും നൽകുന്ന സംഭാവനകൾ വർണനാതീതമാണ്.
ഒരു താപസനെപ്പോലെ വിശുദ്ധ ജീവിതം നയിക്കുന്ന, സഭാ ചരിത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള, സിറോ മലബാർ സഭയുടെ കിരീടമായ മാർ ജോസഫ് പൗവത്തിൽ പിതാവിന്റെ പാത പിന്തുടർന്ന് സഭയുടെ ആരാധക്രമവും പൈതൃകവും പിഴവുകൾ കൂടാതെ പാലിക്കാൻ ചങ്ങനാശേരി അതിരൂപതയിലെ വിശ്വാസികളെ എന്നും പ്രചോദിപ്പിച്ച അഭിവന്ദ്യ പിതാവ് സിറോ മലബാർ സഭയുടെ ചെങ്കോലാണ്.
തന്റെ സഹശുശ്രൂഷകരായ പുരോഹോതരോടും സന്യസ്ഥരോടും അദേഹത്തിനുള്ള സ്നേഹ വാത്സല്യങ്ങൾ സുപ്രസിദ്ധമാണ് ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും ക്‌ളേശമനുഭവിക്കുന്ന കുട്ടനാടിനോട് അദേഹത്തിനുള്ള കരുണയും താല്പര്യവും ഹൃദയസപർശിയായാണ്. പ്രവാസികളുടെ കഷ്ടപ്പാടുകൾ നേരിട്ട് മനസിലാക്കിയ പിതാവിന് പ്രവാസികളോടുള്ള താല്പര്യവും വാത്സല്യവും നേരിട്ട് മനസിലാക്കാനും അനുഭവിക്കാനും സാധിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് നല്ല ബോധ്യമാണ് ഈ കാര്യത്തിലുള്ളത്.
വ്യക്തിപരമായി പിതാവിൽനിന്ന് ലഭിച്ച പ്രോത്സാഹങ്ങൾക്കും സ്നേഹവാത്സല്യങ്ങൾക്കും നന്ദി പ്രകാശിപ്പിക്കാൻ എന്റെ വാക്ക് ചാതുരി മതിയാവില്ല. അത്കൊണ്ട് ഔദ്യോഗിക പദവികളിൽ നിന്ന് വിരമിക്കുന്നെങ്കിലും തുടർന്നുള്ള തന്റെ ജീവിത കാലം മുഴുവൻ സഭയുടെ നന്മയ്ക്കായി ആയുരാരോഗ്യത്തോടെ പ്രവർത്തിക്കാൻ പിതാവിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നു.
ജോകാവാലം