“ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ മലയാളികളായ ക്രിസ്ത്യന്‍ ദമ്പതിമാരെ ഉത്തര്‍പ്രദേശില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിച്ച”തായി ഇന്ത്യയിലെ വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്തനംതിട്ട സ്വദേശികളായ പാസ്റ്റര്‍ ജോസ് പാപ്പച്ചന്, ഭാര്യ ഷീജ എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശിലെ പ്രത്യേക കോടതി ശിക്ഷവിധിച്ചത്. തടവിനോടൊപ്പം ഇവര്‍ 25,000 രൂപ പിഴയും അടയ്ക്കേണ്ടതുണ്ട്. ഉത്തര്‍പ്രദേശില്‍ നിലവിലുള്ള മതപരിവര്‍ത്തന നിയമപ്രകാരം ആദ്യമായി ശിക്ഷിക്കപ്പെടുന്നവരാണ് ഈ ദമ്പതികള്‍. മധ്യപ്രദേശില്‍ താമസിക്കുന്ന പാസ്റ്റര്‍ ജോസ് പാപ്പച്ചനും ഭാര്യയും ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം നടത്തിയെന്നു പറയപ്പെടുന്ന സ്ഥലത്ത് എന്തിനാണ് സന്ദര്‍ശനം നടത്തിയതെന്നു വിശദീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നും മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നു.
ലോക സുവിശേഷീകരണം:
ചില വസ്തുതകള്‍
“നേഷന്‍സ് ഔട്ട്റീച്ച്” (Nations Outreach) എന്ന ക്രിസ്റ്റ്യൻ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടു പ്രകാരം ലോകത്താകമാനം പ്രൊട്ടസ്റ്റന്റ്, പെന്തക്കൊസ്ത് വിഭാഗത്തില്‍ ഉള്‍പ്പെട്ട 4,30,000 മുഴുവന്‍ സമയ (full time missionary) ക്രിസ്റ്റ്യന്‍ മിഷനറിമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2001-ല്‍ പതിനൊന്നു ലക്ഷത്തിലേറെ (കൃത്യമായി പറഞ്ഞാല്‍ 1,135,000) മിഷനറിമാര്‍ ഉണ്ടായിരുന്നു. കാല്‍നൂറ്റാണ്ടിനു ശേഷം മിഷനറിമാരുടെ എണ്ണം നാലര ലക്ഷമായി ചുരുങ്ങിയിരിക്കുന്നു.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “ജോഷ്വാ പ്രോജക്ടി”ന്റെ (Joshua Project) കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയില്‍ 42% പേരും യേശുക്രിസ്തുവിനെക്കുറിച്ചു കേള്‍ക്കാത്തവരാണ്. ഈ ജനങ്ങളിലേക്കു സുവിശേഷസന്ദേശം എത്തിക്കുക എന്നത് ജീവിതവ്രതമായി സ്വീകരിച്ചിട്ടുള്ളവരാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്റ്റ്യന്‍ മിഷനറിമാര്‍. പലരും കുടുംബത്തോടെയാണ് മിഷൻ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. വിശ്വാസതീക്ഷണതയുടെയും ആത്മഭാരത്തിൻ്റെയും പേരിൽ എല്ലാ പ്രതിബന്ധങ്ങളെയും രാജ്യനിയമങ്ങളെപ്പോലും അതിലംഘിച്ച് സുവിശേഷം പ്രചരിപ്പിക്കണം എന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ഈ ഗണത്തില്‍ ഉള്‍പ്പെട്ട മിഷനറി ദമ്പതികളാണ് പാസ്റ്റര്‍ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുവാന്‍ “10/40 വിന്‍ഡോ” (The ten forty window) എന്ന പേരില്‍ ഒരു “രഹസ്യപദം” (code word) പ്രൊട്ടസ്റ്റന്റ്, പെന്റക്കൊസ്റ്റല്‍ മിഷന് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുണ്ട്. ഭൂമധ്യരേഖയുടെ വടക്ക് 10 ഡിഗ്രിമുതല്‍ 40 ഡിഗ്രിവരെ അക്ഷാംശരേഖ കടന്നുപോകുന്നതിന് ഇടയിലുള്ള രാജ്യങ്ങളെയാണ് ഈ രഹസ്യപദം കൊണ്ട് ഉദ്ദേശിക്കുന്നത്. (ചിത്രം 1, കമന്റ് ബോക്സ് കാണുക) സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പ്രദേശങ്ങളാണ് 10/40 വിന്‍ഡോ രാജ്യങ്ങള്‍ എന്നിവര്‍ കണക്കാക്കുന്നു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂറോപ്യൻ രാജ്യങ്ങളായ അല്‍ബേനിയ, കൊസോവോ, തുര്‍ക്കി മുതലായ രാജ്യങ്ങള്‍, ഏഷ്യയില്‍ അറേബ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ജപ്പാന് തുടങ്ങി ആക 75 ഓളം രാജ്യങ്ങള്‍ “10/40 വിന്‍ഡോ” രാജ്യങ്ങളിൽ ഉള്‍പ്പെടുന്നു. മുസ്ലിം, ഹിന്ദു, ബുദ്ധ മതസ്ഥരും മതരഹിതരുമായ അഞ്ഞൂറു കോടി ജനങ്ങൾ (ലോക ജനസംഖ്യയിലെ 65% ) ഈ രാജ്യങ്ങളിലാണ് അധിവസിക്കുന്നത്. “10/40 വിന്‍ഡോ”യിലുള്ള ഈ രാജ്യങ്ങള്‍ക്കുവേണ്ടി പ്രത്യേക സുവിശേഷീകരണ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പടിഞ്ഞാറന്‍ രാജ്യങ്ങളിൽ നിരവധി പ്രൊട്ടസ്റ്റന്റ് സംഘടനകൾ ലോകസുവിശേഷീകരണത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഇവര്‍ സ്പോണ്സര് ചെയ്തും മറ്റു പല സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയുമാണ് ”10/40 വിന്‍ഡോ” പദ്ധതിയില്‍ പല സുവിശേഷകരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്വയം പണം കണ്ടെത്തി പ്രവര്‍ത്തിക്കുന്നവരും സ്വന്തം കൈയില്‍നിന്നു മുടക്കി പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട് എന്നും വിസ്മരിക്കുന്നില്ല.
വിവിധ ടാര്‍ഗറ്റുകള്‍ (targets) മുന്നില്‍ വച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും ഇവരിലൂടെ സുവിശേഷം കേട്ടവര്‍, അത് സ്വീകരിച്ചര്‍, തങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായവര്‍ എന്നിങ്ങനെ വ്യക്തമായ പദ്ധതികൾ ആവിഷ്കരിച്ചാണ് പലരും പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കായി ഏതു വൈതരണികളും അതിജീവിച്ച് മുന്നേറാന്‍ ഈ മിഷനറിമാര്‍ തയ്യാറാവുകയും ചെയ്യും.
2024-ലെ കണക്കുകള്‍ പ്രകാരം അമേരിക്കയാണ് ലോകത്തിൽ ഏറ്റവുമധികം മിഷനറിമാരെ അയയ്ക്കുന്ന രാജ്യം (1,35,000 പേര്). രണ്ടാമത് ബ്രസീലും (40,000), മൂന്നാമത് ദക്ഷിണ കൊറിയയും (35,000 പേര്), തൊട്ടു പുറകിൽ ഫിലിപ്പൈൻസും (25,000), നൈജീരിയയുമാണ് (20,000).
പ്രവചനം പാളി; 2020 -ല്‍
ഇന്ത്യ ക്രിസ്തീയ രാജ്യമായില്ല!
എ.ഡി 2020 -ല്‍ ഇന്ത്യ ഒരു ക്രിസ്തീയ രാജ്യമാകുമെന്നും ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ആരംഭിക്കുമെന്നുമൊരു ‘വെളിപാട്’ AD 2000- ൽ പെന്തക്കൊസ്തുകാരിയായ ഒരു മാന്യവനിതയ്ക്കുണ്ടായി. ഈ വെളിപാടിനു കേരളത്തിലെ ചില സംഘടനകളും പെന്തക്കോസ്തു പ്രസംഗകരും വലിയ പ്രചാരണം നല്കി. ഈ പ്രവചന നിവൃത്തിക്കായി അനേകം വ്യക്തികള്‍ മിഷനറിമാരായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കു പോയി. വലിയ ധനസമാഹരണവും ഇതിൻ്റെ പേരിൽ നടന്നു. എന്നാല്‍ ഈ പ്രവചനം ഒരു കള്ളപ്രവചനമായി പര്യവസാനിച്ചു.
ഇപ്രകാരമുള്ള പല ദർശനങ്ങളുടെയും വെളിപാടുകളുടെയും പേരിൽ മിഷനറിമാരായി ഇറങ്ങിയവർ പലരും കേന്ദ്രസര്‍ക്കാര്‍ വിദേശ ഫണ്ട് സ്വീകരണത്തിന് ഏര്‍പ്പെടുത്തിയ കടുത്ത നിബന്ധനകൾ മൂലം വലിയ പ്രയാസം നേരിടുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ വിവിധ മത, രാഷ്ട്രീയ സംഘടനകള്‍ പ്രതിരോധം കടുപ്പിച്ചതും സംസ്ഥാനങ്ങള്‍ പലതും മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസാക്കിയതുമെല്ലാം മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്കു ഇന്നു തടസം നേരിടുന്ന സംഗതികളാണ്. എന്നാൽ പഞ്ചാബ്, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തദ്ദേശീയര്‍ നേതൃത്വം നല്കുന്ന മൂവ്മെന്റുകളിലൂടെ ശ്രദ്ധേയമായ വിധത്തില്‍ മതംമാറ്റം നടക്കുന്നുണ്ട് എന്നുള്ള വാർത്തകളുണ്ട്.
യേശുക്രിസ്തുവിന്റെ നിര്‍ദ്ദേശങ്ങള്‍
അവഗണിച്ചും സുവിശേഷീകരണം!
സുവിശേഷ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തദ്ദേശീയരില്‍നിന്നും ഭരണാധികാരികളില്‍ നിന്നും നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍ യേശുക്രിസ്തു നല്കിയ അതിപ്രധാനമായ ഒരു നിര്‍ദ്ദേശത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് പലരും പ്രവര്‍ത്തിക്കുന്നത്. “നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോസ് 16:15) എന്നാവശ്യപ്പെട്ട ക്രിസ്തു തന്നെ പറയുന്നു “ഒരു പട്ടണത്തില്‍ നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടാല്‍ മറ്റൊന്നിലേക്കു പോകുവിന്‍” (മത്തായി 10:23) എന്ന്. സുവിശേഷ പ്രവർത്തനങ്ങളിൽ പാലിക്കേണ്ട ഈ മഹത്തായ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ അവഗണിച്ചുകൊണ്ട് സമൂഹത്തില്‍ നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന സുവിശേഷീകരണ പ്രവര്‍ത്തനങ്ങളാണ് പലരും നടത്തുന്നത്. ഇത്തരം സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്.
ആരെങ്കിലും തൻ്റെ സുവിശേഷത്തെ സ്വീകരിക്കാതെ വന്നാല്‍ പാദങ്ങളിലെ പൊടി തട്ടിക്കളഞ്ഞുകൊണ്ട് ആ ഭവനം /പട്ടണം വിട്ടുപോകുവാൻ (മത്തായി 10: 14) ക്രിസ്തു ആവശ്യപ്പെട്ടിരുന്നു. സഭാചരിത്രത്തിലെ ഏറ്റവും വലിയ മിഷനറിയായിരുന്ന വിശുദ്ധ പൗലോസ് ഈ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയ നിരവധി സന്ദര്‍ഭങ്ങള്‍ അപ്പൊസ്തൊലന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാം.. എവിടെയെല്ലാം സുവിശേഷപ്രഘോഷണത്തിന് തനിക്കു തടസ്സം നേരിട്ടോ അവിടുന്നെല്ലാം അദ്ദേഹം പിന്മാറിയിരുന്നു. പൗലോസിന്റെ മിഷനറി യാത്രയില്‍ അദ്ദേഹം പിസീദിയായിലെ അന്ത്യോകായില്‍ വന്നു സുവിശേഷം പ്രസംഗിച്ചു. എന്നാല്‍, യഹൂദന്മാര് ജനങ്ങളെ ഇളക്കിവിട്ട് പൗലോസിനെയും ബാര്‍ണബാസിനെയും ആക്രമിച്ചു. “അവര്‍ തങ്ങളുടെ പാദങ്ങളിലെ പൊടി അവര്‍ക്കെതിരായി തട്ടിക്കളഞ്ഞിട്ട് ഇക്കോണിയത്തിലേക്കു പോയി” (അപ്പ പ്രവൃത്തി 13:51). ഇപ്രകാരം വേറൊരു സംഭവം അപ്പസ്തൊല പ്രവൃത്തികള്‍ 14:6 -ലും രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യനിയമങ്ങളെ ധിക്കരിച്ച്
വേണോ സുവിശേഷീകരണം?
ക്രൈസ്തവര്‍ ഓരോ രാജ്യത്തെയും നിയമങ്ങള്‍ക്ക് കീഴടങ്ങി ജീവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മാത്രം സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്ന് പൗലോസും പത്രോസും ഒരുപോലെ നിര്‍ദ്ദേശിക്കുന്നുണ്ട്. “ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന് ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന് തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും”. (റോമ 13:1,2).
മതപരിവര്‍ത്തന നിയമം ഒരു രാജ്യത്തുണ്ടെങ്കില്‍ അതിനെ ബഹുമാനിച്ചുകൊണ്ടു വേണം സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. “ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്”. ദൈവത്താല്‍ നിയുക്തരായിരിക്കുന്ന ഭരണാധികാരികള്‍ നിര്‍മ്മിച്ചിരിക്കുന്ന രാജ്യനിയമങ്ങളെ ധിക്കരിച്ച് സുവിശേഷീകരണം നടത്തുവന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവിക വ്യവസ്ഥിതിയെയാണ് അതിലംഘിക്കുന്നത്. “നിങ്ങള്‍ കര്‍ത്താവിനെപ്രതി എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍”. (1 പത്രോസ് 2:13,14). സകല മാനുഷിക അധികാരങ്ങള്‍ക്കും കീഴടങ്ങി ആയിരിക്കണം ക്രിസ്തുവിനെ ലോകത്തില്‍ വെളിപ്പെടുത്തേണ്ടത്. ഇതംഗീകരിക്കാതെ രാജ്യനിയമത്തെ വെല്ലുവിളിച്ചുകൊണ്ട് മതപരിവര്‍ത്തനം നടത്തുന്നവര്‍ സുവിശേഷത്തെയാണ് പരിഹാസ്യമാക്കുന്നത്.
ദൈവരാജ്യത്തിന് ബദലാകുമോ
ക്രൈസ്തവ സാമ്രാജ്യം ?
ഒരു സമൂഹത്തെ / രാജ്യത്തെ മുഴുവൻ ക്രൈസ്തവരാക്കണം എന്നൊരു ആശയം പ്രൊട്ടസ്റ്റൻ്റ് മിഷനറി പ്രവർത്തനങ്ങൾ വച്ചുപുലർത്തുന്നതു കാണാം. എന്നാൽ ഈ ഭൂമിയിലുള്ള സകല മനുഷ്യരെയും ക്രൈസ്തവരാക്കി ആഗോളതലത്തില്‍ പ്രബലമായൊരു “ക്രിസ്തവസാമ്രാജ്യം” (Christe Empire) സ്ഥാപിക്കുക എന്നൊരു ലക്ഷ്യം തിരുവചനം മുന്നോട്ടു വയ്ക്കുന്നില്ല. സഭയിലൂടെ ”ദൈവരാജ്യ”മാണ് (Kingdom of God) ഈശോ മശിഹാ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. “നീതിയും സമാധാനവും ദൈവികമായ സന്തോഷവും” (റോമ 14:17) നിലനില്‍ക്കുന്ന മാനവസമൂഹങ്ങളാണ് ക്രൈസ്തവസഭ മുന്നോട്ടു വയ്ക്കുന്ന ദൈവരാജ്യദര്ശനത്തിലുള്ളത്. ഈ ലക്ഷ്യത്തിന് വിരുദ്ധമാണ് “ക്രൈസ്തവ സാമ്രാജ്യം” സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനുള്ളത്.
ദൈവരാജ്യം എന്ന വിശാലലക്ഷ്യം വിസ്മരിച്ചുകൊണ്ട് ജനങ്ങളെ ബലപ്രയോഗത്തിലൂടെയും മോഹനവാഗ്ദാനങ്ങൾ നൽകിയും ഭൗതിക നേട്ടങ്ങളും അത്ഭുതരോഗസൗഖ്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടും ക്രൈസ്തവ ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയല്ല സുവിശേഷീകരണം. “മനുഷ്യനെ കൂടുതല്‍ മനുഷ്യത്വമുള്ളവനായി” രൂപാന്തരപ്പെടുത്തുന്ന ലോകക്രമത്തിന്റെ നിര്‍മ്മിതിയാണ് സഭയിലൂടെ ക്രിസ്തു നിര്‍വ്വഹിക്കുന്നത്. സഭ ക്രിസ്തുവിനു താഴ്മയോടെ വിധേയപ്പെടുന്നതിലൂടെയാണ് യഥാര്‍ത്ഥ സുവിശേഷീകരണം സംഭവിക്കുന്നത്. മതപരിവര്‍ത്തനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവർ വിസ്മരിക്കുന്നത് ഈ വസ്തുതകളാണ്.
“ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്നാണ് യേശുക്രിസ്തു ആവശ്യപ്പെട്ടത് (മര്‍ക്കോസ് 16:15). സുവിശേഷത്തിലൂടെ ഈ ലോകത്തിലുള്ള സകലസൃഷ്ടികളുടെയും ക്ഷേമം ഉറപ്പുവരുത്തുവാന്‍ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഭാരത സംസ്കാരത്തെ ബഹുമാനിച്ചുകൊണ്ട് എല്ലാ നിലയിലും രാജ്യത്തിന്റെ സാംസ്കാരിക തനിമ നിലനിര്‍ത്തി, രാജ്യനിയമങ്ങളോടു ഏറെ വിധേയത്വമുള്ളവരായി നിന്നുവേണം ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാന്‍. ”നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്” (എഫേ 2:1 0) തങ്ങളെന്ന അവബോധമായിരിക്കണം സുവിശേഷീകരണത്തിന് ആധാരമായിരിക്കേണ്ടത്. ഓരോ ദേശത്തും ചെയ്തുതീർക്കാൻ വ്യത്യസ്തമായ സത്പ്രവൃത്തികളാണ് ദൈവം മുന്‍കൂട്ടി ഒരുക്കിവച്ചിരിക്കുന്നത്. ആ സത്പ്രവൃത്തികള്‍ എന്തെന്നു തിരിച്ചറിഞ്ഞ് അതു ചെയ്യുക എന്നതാണ് സഭയുടെ എക്കാലത്തെയും പ്രധാനപ്പെട്ട സുവിശേഷാധിഷ്ഠിത ദൗത്യം.
എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി പാശ്ചാത്യ മിഷനറി മൂവ്മെന്റുകളുടെ പിന്തുണയോടെ മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് വിവിധ സംഘടനകള്‍ പതിറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം മതപരിവര്‍ത്തന പ്രവര്‍ത്തകര്‍ ഇന്ന് വലിയ പ്രതികൂലങ്ങളാണ് എല്ലാ രാജ്യങ്ങളിലും നേരിടുന്നത്. ഇഷ്ടമുള്ള മതത്തിൽ വിശ്വാസിക്കാനും അത് പ്രചാരിപ്പിക്കാനും ഭാരതത്തിൽ മൗലീകാവകാശം നിലനിൽക്കുമ്പോഴും അതിനെ കാലികമായി വ്യാഖ്യാനിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഭരണാധികാരികള്‍ രാജ്യത്തു പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നു. അതനുസരിക്കാനും ക്രൈസ്തവര്‍ക്ക് കടമയുണ്ട് എന്ന് മറക്കരുത്. “എല്ലാ മാനുഷികാധികാരങ്ങള്‍ക്കും വിധേയരായിരിക്കുവിന്‍” എന്നതാണല്ലോ പ്രമാണം. അടിസ്ഥാന പ്രമാണങ്ങളെ തള്ളിക്കളഞ്ഞ് മതപരിവർത്തന അജണ്ട നടപ്പാക്കുന്നവർ ദൈവരാജ്യമല്ല, സുവിശേഷത്തെ ഉപയോഗിച്ച് മറ്റൊരു മതത്തെയാണ് പണിയുന്നത്.
മാത്യൂ ചെമ്പുകണ്ടത്തിൽ