ആമുഖം
ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു കരുണപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന് വിട്ടുകൊടുക്കുന്നതോ ആയ പ്രവര്‍ത്തിയാണ്. ദയാവധം എന്നു പറയുന്നത്
രണ്ടുതരമുണ്ട്: 1) നേരിട്ടുള്ള ദയാവധം (direct euthanasia); 2) നേരിട്ടല്ലാത്ത ദയാവധം (indirect euthanasia). നേരിട്ടുള്ള ദയാവധം എന്ന് പറയുന്നത്, രോഗി മരിക്കുവാനായി മരണത്തിന് കാരണമാകുന്ന വിഷം കുത്തിവെച്ച് രോഗിയെ കൊല്ലുന്നതാണ്. നേരിട്ടല്ലാത്ത ദയാവധം എന്നുപറയുന്നത് രോഗിയുടെ മേല്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികള്‍, രോഗിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന മരുന്ന്, ഭക്ഷണം എന്നിവ പിന്‍വലിച്ചാല്‍ രോഗി മരിക്കുമെന്നറി റിയാമായിട്ടും അവ പിന്‍വലിക്കുന്നതാണ്.
ഈ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ഈ വിഷയത്തില്‍ പുറപ്പെടുവിച്ച ഒരു തീരുമാനവും അതിനെപ്പറ്റി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും പലരുടെയും തെറ്റിദ്ധാരണകള്‍ക്ക് കാരണമാവുകയും ഇന്ത്യയില്‍ ദയാവധം സുപ്രീംകോടതി നിയമവിധേയമാക്കുകയും ചെയ്തു എന്ന ചിന്ത പരക്കുവാന്‍ കാരണമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ആ തീരുമാനത്തിന്‍റെ (order) അന്തസത്തയും ദയാവധത്തിന്‍റെ ധാര്‍മ്മികതയും ചുരുക്കമായി വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തില്‍.
- ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി
ദയാവധസംബന്ധിയായി ഇന്ത്യയിലെ സുപ്രീം കോടതി പലതവണ പ്രസക്തമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിലേറ്റവും അവസാനത്തേതാണ് 2024 ഓഗസ്റ്റ് 20-ാം തീയതി ചീഫ് ജസ്റ്റീസിന്‍റെ മൂന്നംഗ ബെഞ്ചിന്‍റെ വിധി (Harish Rana vs Union of India & Others). ഇവിടെ സൂചിപ്പിച്ചിട്ടുള്ള ഹരീഷ് റാണ 30 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. തന്‍റെ 19-ാം വയസ്സില്‍ ഒരു നാലുനില കെട്ടിടത്തില്‍ നിന്ന് വീണ് ദേഹമാസകലം തളര്‍ന്ന് 11 വര്‍ഷമായി ജൈവാവസ്ഥയില്‍ (vegetative state) ശയ്യാവലംബിയായി കിടക്കുന്ന അദ്ദേഹം ജീവിതകാലം മുഴുവനും ആ അവസ്ഥയില്‍ത്തന്നെ തുടരേണ്ടി വരുമെന്ന് വൈദ്യശാസ്ത്രം വിലയിരുത്തിയ ആളുമായതിനാല്‍, അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത അപേക്ഷ പ്രസ്തുത കോടതി തള്ളിക്കളഞ്ഞ പശ്ചാത്തലത്തിലാണ് പ്രസ്തുത കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ഹരീഷ് ജീവന്‍ നിലനിര്‍ത്തുന്നത് യന്ത്രസാമഗ്രികളുടെ സഹായത്താ(life support)ലല്ല എന്നും അതിനാല്‍ത്തന്നെ, അദ്ദേഹത്തിന് നേരിട്ടല്ലാത്ത ദയാവധം സാധ്യമല്ലെന്നും നേരിട്ടുള്ള ദയാവധം എന്നുപറയുന്നത് വിഷം കുത്തിവെച്ചുള്ള കൊലപാതകത്തിന് തുല്യമായതിനാല്‍ അനുവദിക്കുവാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കുകയായിരുന്നു ഈ സുപ്രീം കോടതി വിധി. എന്നാല്‍, ഹരീഷിന്‍റെ മാതാപിതാക്കളുടെ വാദം അവര്‍ പ്രായാധിക്യത്താല്‍ മകനെ നോക്കുവാനുള്ള അവസ്ഥയിലല്ല എന്നും, അതിനാല്‍ അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശം (right to live with dignity) ഹരീഷിന് സാധ്യമല്ലാത്തതിനാല്‍, അന്തസ്സോടെ മരിക്കുവാന്‍ അദ്ദേഹത്തെ അനുവദിക്കണമെന്നുമായിരുന്നു. എന്നാല്‍, സുപ്രീം കോടതി പറഞ്ഞത് ഹരീഷിന് യന്ത്രസഹായമി ല്ലാതെ ജീവിക്കാമെന്നതിനാല്‍, അയാളെ ദയാവധത്തിന് വിട്ടുകൊടുക്കുവാനാവില്ല എന്നും മാതാപിതാക്കള്‍ക്ക് ഹരീഷിനെ നോക്കുവാന്‍ സാധിക്കില്ലെങ്കില്‍ മറ്റു പോംവഴികള്‍ നോക്കുവാന്‍ ഗവണ്‍മെന്‍റ് ഇടപെടണമെന്നുമായിരുന്നു. ഇവിടെ ഹൈക്കോടതിയും സുപ്രീം കോടതിയും ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യം ഹരീഷ് ജീവന്‍ നിലനിര്‍ത്തുന്നത് യന്ത്രസാമഗ്രികളുടെ സഹായത്താലല്ല എന്നതിനാല്‍ ഈ അപേക്ഷ അനുവദിക്കാനാവില്ല എന്നതായിരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, യന്ത്രസാമഗ്രികളുടെ സഹായത്താല്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്ന ഒരു സാഹചര്യത്തില്‍, ആ യന്ത്രസാമഗ്രികള്‍ എടുത്തു മാറ്റുന്നതോ അവയുടെ രോഗിയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നതോ, ആ യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതോ ആയ ഏത് പ്രവര്‍ത്തിയും, തന്മൂലം രോഗി മരിക്കുമെന്നറിഞ്ഞിട്ടും ചെയ്യുന്നത് നേരിട്ടല്ലാത്ത ദയാവധത്തിന്‍റെ പരിധിയില്‍ വരുന്നതായതിനാല്‍ ചില നിബന്ധനകള്‍ പാലിച്ചുകൊണ്ട് ഇന്ത്യയില്‍ നൈയാമികമായി നടപ്പിലാക്കാവുന്നതാണ് എന്നതുതന്നെ. അതുപോലെതന്നെ കൊടുക്കാമായിരുന്ന ചികിത്സ നല്‍കാതിരിക്കുന്നതും ഈ ഗണത്തില്‍ വരും.
നേരിട്ടല്ലാത്ത ദയാവധം ഇന്ത്യയില്‍ നിയമവിധേയം ആക്കിക്കൊണ്ടുള്ള ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി പുറത്തിറങ്ങിയത് 2018 മാര്‍ച്ച് 9-ാം തീയതിയാണ് (Common cause vs Union of India). 500 ല്‍ പരം പേജുള്ള ഈ വിധിന്യായത്തില്‍ നേരിട്ടല്ലാത്ത ദയാവധം നൈയാമികമായി നടപ്പില്‍ വരുത്തുന്നതിന് പാലിക്കേണ്ടണ്ടനടപടിക്രമങ്ങളും വിശദമായി നല്‍കിയിട്ടുണ്ട്. എന്നാല്‍ 2023 ജനുവരി 24-ാം തീയതി, സുപ്രീം കോടതിയുടെ ജസ്റ്റീസ് കെ.എം. ജോസഫിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് ഈ നടപടിക്രമങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ലഘൂകരിക്കുകയും ചെയ്തിട്ടുമുണ്ട് (MA No. 1699/2019 in WP(c) No. 215/2005). ചുരുക്കിപ്പറഞ്ഞാല്‍, നേരിട്ടുള്ള ദയാവധം നിയമവിരുദ്ധവും നരഹത്യ ( homicide) യ്ക്ക് തുല്യവുമായി കരുതുന്ന സുപ്രീം കോടതി നേരിട്ടല്ലാത്ത ദയാവധം ചില നിബന്ധനകള്‍ക്ക് വിധേയമായി അംഗീകരിച്ചിരിക്കുന്നു.
- ദയാവധം കത്തോലിക്കാസഭയുടെ പഠനങ്ങളില്‍
ജീവന്‍ ദൈവത്തിന്‍റെ ഏറ്റവും വലിയ ദാനങ്ങളിലൊന്നാണ്. സ്വന്തജീവന്‍ സംരക്ഷിക്കുവാനും പരിപാലിക്കുവാനും ഓരോ വ്യക്തിക്കും കടമയുണ്ട്. സ്വന്തജീവന്‍ സ്വയം ഉപേക്ഷിക്കുന്ന ആത്മഹത്യയും മറ്റുള്ളവരുടെ ജീവനെടുക്കുന്ന കൊലപാതക (murder)വും പാപം തന്നെയായാണ് കത്തോലിക്കാ സഭയുടെ പഠനങ്ങളില്‍. ആത്മഹത്യയിലെ പാപത്തിന്‍റെ ഗൗരവം ആളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മാത്രം. അതുപോലെ തന്നെയാണ് കൊലപാതകമല്ലാത്ത നരഹത്യകളും. നരഹത്യകളില്‍, സ്വയരക്ഷാര്‍ത്ഥമോ തന്‍റെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെട്ടവരുടെ രക്ഷാര്‍ത്ഥമോ ഉള്ള പ്രവര്‍ത്തനത്തില്‍ കൊല്ലുക എന്ന ഉദ്ദേശമില്ലാത്ത അവസരങ്ങളില്‍ പാപം ഉണ്ടാകണമെന്നില്ല. എന്നാല്‍ നരഹത്യ ശിക്ഷാര്‍ഹമായ ഒരു കുറ്റമായാണ് കാനന്‍ നിയമം പരിഗണിക്കുക. പൗരസ്ത്യ കാനോന സംഹിതയിലെ 1450-ാം കാനോനയുടെ ഒന്നാം ഖണ്ഡിക ഇങ്ങനെ അനുശാസിക്കുന്നു: “നരഹത്യ നടത്തിയിട്ടുള്ള ഒരാളെ വലിയ മഹറോന്‍ ശിക്ഷയില്‍പ്പെടുത്തേണ്ടതാണ്; ഇതിനുംപുറമെ, ഒരു വൈദിക ശുശ്രൂഷി സ്ഥാനഭ്രഷ്ടനാക്കപ്പെടല്‍പോലും ഒഴിവാക്കാതെ തന്നെ മറ്റ് ശിക്ഷകളാലും ശിക്ഷിക്കപ്പെടേണ്ടതാണ്.” എല്ലാ കൊലപാതകങ്ങളും നരഹത്യ (homicide)യാണ്. എന്നാല്‍, എല്ലാ നരഹത്യകളും കൊലപാതകങ്ങളുടെ ഗണത്തില്‍ വരില്ല. കൊലപാതകം എന്ന കുറ്റത്തില്‍ കൊല്ലുവാനോ ഉപദ്രവിക്കുവാനോ ഉള്ള ഉദ്ദേശവും അതുപോലെതന്നെ മുന്‍കൂട്ടിയുള്ള തീരുമാനവും ആസൂത്രണവും പ്രധാന ഘടകങ്ങളാണെങ്കില്‍ നരഹത്യയില്‍ ഇവയൊന്നും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും നേരിട്ടുള്ള ദയാവധം നരഹത്യയായാണ് നിയമത്തിന്‍റെ മുമ്പില്‍ കണക്കാക്കപ്പെടുക.
നേരിട്ടല്ലാത്ത ദയാവധം സംബന്ധിച്ച് കത്തോലിക്കാസഭയുടെ ധാര്‍മ്മിക ദൈവശാസ്ത്രം (moral theology) പഠിപ്പിക്കുന്നതും ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധിയിലെ വ്യവസ്ഥകളും തമ്മിലും വ്യത്യാസമുണ്ട്. കത്തോലിക്കാസഭയുടെ പഠനമനുസരിച്ച് നേരിട്ടല്ലാത്ത ദയാവധവും അനുവദനീയമല്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ഒരു വ്യക്തിക്ക് രക്ഷപ്പെടാന്‍ സാധ്യതകളൊന്നുമില്ലെങ്കില്‍ അസാധാരണ മായ വൈദ്യചികിത്സ (extra-ordinary medical treatment) നല്‍കുവാനുള്ള യാതൊരു കടമയും ബന്ധപ്പെട്ടവര്‍ക്കില്ല. അതായത്, രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗികളെ വെന്‍റിലേറ്ററില്‍ കിടത്തി യന്ത്രസാമഗ്രികള്‍ ഘടിപ്പിച്ച് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ നീട്ടിക്കൊണ്ടുപോകുവാന്‍ ധാര്‍മ്മികമോ നൈയാമികമോ ആയ യാതൊരു കടമയുമില്ല. എന്നാല്‍, അങ്ങനെയുള്ള യന്ത്രസാമഗ്രികളാല്‍ ഘടിപ്പിക്കപ്പെട്ട ഒരു രോഗിയെ, അയാളുടെ ആഗ്രഹപ്രകാരമോ അല്ലാതെയോ, അതായത് അയാള്‍ക്ക് വേണ്ടി സമ്മതപത്രം നല്‍കുവാന്‍ അധികാരപ്പെട്ട ആളുടെ സമ്മതത്തോടുകൂടിയോ, ആ യന്ത്രങ്ങളില്‍ നിന്ന് വിച്ഛേദിക്കുവാന്‍ അനുവാദമില്ല. കാരണം, അത് അറിഞ്ഞുകൊണ്ട് ഒരു മനുഷ്യജീവനെ മരണത്തിന് വിട്ടുകൊടുക്കുന്നതിന് തുല്യമാണ്. എന്നാല്‍ ഇന്ത്യന്‍ സുപ്രീംകോടതി, ഇങ്ങനെ യന്ത്രസഹായത്താല്‍ മാത്രം ജീവിക്കുന്ന രോഗിയെ യന്ത്രസഹായത്തില്‍നിന്ന് വിടുവിച്ച് മരിക്കുവാന്‍, രോഗിയോ, രോഗിയുടെ ഹിതമറിയുന്ന വ്യക്തിയോ ആഗ്രഹിക്കുമ്പോള്‍ അനുവദിക്കുന്നുണ്ട്. നേരിട്ടുള്ളതോ നേരിട്ടല്ലാത്തതോ ആയ ദയാവധം ധാര്‍മ്മികമായി തെറ്റാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുവാനുള്ള കാരണം, ദയാവധം ഏതെങ്കിലും കാരണത്താല്‍ നൈയാമികമാണെന്ന് വന്നാല്‍, രോഗിക്ക് തുടര്‍ന്നും ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും മറിച്ചൊരു തീരുമാനമെടുക്കുവാന്‍ ആളും അയാളുടെ പ്രിയപ്പെട്ടവരും നിര്‍ബന്ധിക്കപ്പെട്ടേക്കാം എന്നതുകൊണ്ട് കൂടിയാണ്.
ഉപസംഹാരം
ജീവന്‍ സംരക്ഷിക്കുക എന്നത് മനുഷ്യന്‍റെ ഒരു വലിയ ദൗത്യമാണ്. അതിനോട് ചേര്‍ന്നു പോകുന്നതാണ് അന്തസ്സോടെ ജീവിക്കുവാനും അന്തസ്സോടെ മരിക്കുവാനുമുള്ള ഓരോ വ്യക്തിയുടെയും അവകാശവും. രോഗാവസ്ഥ പരിഗണിക്കുമ്പോള്‍ യന്ത്രസാമഗ്രികളുമായി ഘടിപ്പിച്ചുള്ള ചികിത്സകൊണ്ട് രോഗിയുടെ ജീവിതദൈര്‍ഘ്യം അല്പംകൂടി കൂട്ടാമെന്നല്ലാതെ, പിന്നീട് യന്ത്രസാമഗ്രികളില്‍നിന്ന് പ്രസ്തുത രോഗിയെ വിഘടിപ്പിക്കുമ്പോള്‍ ആള്‍ മരിക്കുമെന്ന് വ്യക്തമാകുന്ന സാഹചര്യത്തില്‍, ആ ചികിത്സ അസാധാരണ വൈദ്യചികിത്സയായി കരുതി അത് ഒഴിവാക്കാവുന്നതാണ്. ഇന്നത്തെ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ വെന്‍റിലേറ്ററിലാക്കിയുള്ള പല ചികിത്സകളും ഒരുപക്ഷേ ഇങ്ങനെ ഒഴിവാക്കി രോഗിയെ വീട്ടിലേക്ക് പറഞ്ഞുവിട്ട് ഉറ്റവരുടെ സ്നേഹവലയത്തില്‍ മരിക്കുവാന്‍ അനുവദിക്കുകയോ അവര്‍ക്ക് ആശുപത്രിയില്‍ തന്നെ വേദനസംഹാരിയായ മോര്‍ഫിന്‍ തുടങ്ങിയവ കൊടുത്ത് പാലിയേറ്റീവ് കെയര്‍ നല്‍കുന്നതുമാകുമുത്തമം.
ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ