മൃതസംസ്കാര അവസരം കത്തോലിക്കാ ദൈവാലയം വെയിറ്റിങ് ഷെഡ് ആക്കരുതേ…

കഴിഞ്ഞ ദിവസം ഒരു പള്ളിയിൽ മൃതസംസ്കാരത്തിന് പോയപ്പോൾ ഉള്ളിൽ തറച്ച ഒരു അനുഭവം എഴുതുകയാണ്.

മൃതസംസ്കാര ശുശ്രുഷ സമയം അറിയിച്ചിരുന്നതിനേക്കാൾ 30 മിനിറ്റ് നേരത്തെ എത്തി. പുറത്ത് കൂട്ടം കൂടി സംസാരിക്കുന്ന ആളുകൾ. പ്രാർത്ഥിക്കാൻ കിട്ടുന്ന സമയത്ത് സന്തോഷത്തോടെ അകത്തുകയറി ഇരുന്നു. പക്ഷെ, പള്ളിയ്ക്കകത്ത് വേറൊരു ലോകം ആയിരുന്നു….. 😩

1. നിശബ്ദത നഷ്ടപ്പെട്ട ദൈവാലയം. – ഇരിക്കുന്ന പുരുഷന്മാരിൽ ഭൂരിപക്ഷവും നിശ്ശബ്ദം പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. എന്നാൽ സ്ത്രീകളിൽ പലരും 60 % ന് മേൽ നാട്ടുവിശേഷം, വീട്ടുകാര്യം എന്നിവ അൽപ്പം ഉച്ചത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നു.

2. ഈശോയെ നോക്കുക പോലുമില്ലാത്ത വരവ് – കയറിവരുന്ന പല സ്ത്രീകളും ദൈവസന്നിധിയിൽ കുമ്പിട്ട് ഈശോയെ വന്ദിക്കാതെ നേരെ പരിചയക്കാരുടെ അടുത്തേക്ക് പോയി സംസാരത്തിൽ ചേരുന്നു.

3. ഫോണിന്റെ ശബ്ദം – ഇടയ്ക്കിടെ ഫോൺ റിംഗ്. എന്റെ അടുത്തിരിക്കുന്ന ഒരാൾ ഇടയ്ക്ക് ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നു.

4. അലോരസപ്പെടുത്തുന്ന സംസാരം. എന്റെ പിന്നിൽ സംസാരം ഉച്ചത്തിലായപ്പോൾ “കുറച്ച് പതുക്കെ സംസാരിക്കാമോ” എന്ന് ചോദിക്കേണ്ടിവന്നു. തിരിഞ്ഞുനോക്കുമ്പോൾ അവരിൽ ആത്മീയ ശുശ്രുഷയിലായിരിക്കുന്ന ആളും ഉണ്ടായിരുന്നു.

5. രാഷ്ട്രീയം ദൈവാലയത്തിൽ വേണ്ട. – മൃതശരീരം എത്തിയപ്പോൾ ഒരുവശം മുഴുവൻ രാഷ്ട്രീയ നേതാക്കൾ കൈയടക്കി. വന്ന ബന്ധുക്കൾക്ക് അടുക്കാൻ പോലും സ്ഥലമില്ല.

6. മുതിർന്നവർ കാണിക്കുന്ന ദുർമാതൃക. പള്ളിയിൽ ഇരുന്ന് ഇതൊക്കെ കാണിക്കുന്നതിൽ ചെറുപ്പക്കാരെ ആരെയും കാണാനില്ലായിരുന്നു. എല്ലാം മുതിർന്നവർ കാണിക്കുന്ന ദുർമാതൃക മാത്രം.

7. ഇത് ശ്രദ്ധിക്കാം, മത്തായി 21:13 “എന്റെ ഭവനം പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും”. നമ്മെ സൃഷ്ടിച്ച ദൈവത്തെ ആരാധിക്കാൻ വന്നവർ 20% ഉണ്ടെങ്കിൽ ഭാഗ്യം.

8. മരിച്ചയാൾക്ക് വേണ്ടിയുള്ള പ്രാർത്ഥന പോലും പലരും ഉപേക്ഷിക്കുന്നു. മൃതസംസ്കാര ശുശ്രുഷയിൽ സംബന്ധിക്കുന്നവർ മരണപ്പെട്ട ആളുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിക്കാൻ പോലും ഓർക്കാറുണ്ടോ എന്ന് സംശയം ഉണ്ട്.

👉“ഇത് ദൈവത്തിന്റെ ആലയമാണ്, ഇവിടെ സംസാരം ദൈവത്തോട് മാത്രം. ” ഇത്തരം ഒരു ബോർഡ് ദൈവാലയ കവാടങ്ങളിൽ വെക്കുക. ചിലരെങ്കിലും ശ്രദ്ധിച്ചേക്കും

👉നാം ആയിരിക്കുന്ന സ്ഥലത്തെ ക്കുറിച്ചുള്ള ബോധ്യം വീണ്ടെടുക്കാം.

ദൈവാലയം നമ്മുടെ ദൈവത്തിന്റെ ആലയമാണ്.

ദൈവസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന ഇടം.

അവിടെ സക്രാരിയിലോ അൽത്താരയിലോ മാത്രമല്ല ദൈവസാന്നിധ്യം. എശയ്യയുടെ ദൈവാലയ ദർശനം : “കര്‍ത്താവ്‌ ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്‌ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്‌ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു.”

ഏശയ്യാ 6 : 1. ഞാൻ ഇരിക്കുന്ന ബെഞ്ചിലും ചുറ്റുപാടിലും ദൈവത്തിന്റെ സജീവ സാന്നിധ്യമുണ്ട്.

👉നാം ആരുടെ മുമ്പിൽ നിൽക്കുന്നു എന്ന് ഓർത്താൽ മതി, എന്റെ പെരുമാറ്റം മാറും.

“നിന്റെ സന്നിധിയിൽ വരുവാൻ ഞാൻ യോഗ്യനല്ല…” എന്ന ദൈവാലയത്തിലെ പ്രാർത്ഥനയുടെ ബോധ്യം നമുക്ക് വീണ്ടെടുക്കാം.

വിശുദ്ധ കുർബാനയിലോ മറ്റ് ആരാധനാ ശുശ്രൂഷകളിലോ ഇതുപോലുള്ള ശ്രദ്ധതിരിച്ച അനുഭവങ്ങൾ നിങ്ങളുടെ പ്രാർത്ഥനയെ എങ്ങനെയെങ്കിലും ബാധിച്ച അനുഭവം ഉണ്ടോ

ദേവാലയത്തിലെ നിശ്ശബ്ദതയുടെയും പ്രാർത്ഥനാഭാവത്തിന്റെയും പ്രാധാന്യം എല്ലാവരെയും ഓർമ്മിപ്പിക്കാൻ ഒരു സമൂഹമെന്ന നിലയിൽ എന്തെങ്കിലും പ്രായോഗിക നടപടികൾ നിർദേശിക്കാനുണ്ടോ

ശുശ്രൂഷകൾ ആരംഭിക്കുന്നതിന് മുമ്പ് പ്രത്യേക അറിയിപ്പുകളോ ബോർഡുകളോ നൽകുന്നത് കൂടുതൽ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷം പുനഃസ്ഥാപിക്കാൻ സഹായിക്കുമോ

Ave Maria Vachanabhishekam

നിങ്ങൾ വിട്ടുപോയത്