ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ!
ക്രിസ്മസ് ദിനത്തിൽ അനുസരണം കാട്ടിയവർ തുടർന്നു വരുന്ന ദിവസങ്ങളിൽ തന്നിഷ്ടം കാട്ടുന്നതിനെ ‘മനുഷ്യാവസ്ഥ’യെന്നു വിശേഷിപ്പിക്കാമെങ്കിലും, അതു കരുതിക്കൂട്ടിയുള്ള ഒരു നിലപാടാണെങ്കിൽ ‘ധിക്കാരം’ എന്നുതന്നെ വിളിക്കണം. സഭയെ ധിക്കരിച്ചുകൊണ്ട് സഭയുടെ പേരിൽ കൂദാശകൾ പരികർമ്മം ചെയ്യുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സഭ ‘നിയമവിരുദ്ധം’ എന്നു പ്രഖ്യാപിച്ചിട്ടുള്ള ആരാധനാ രീതികൾ പിൻതുടരുകയും സഭക്കുള്ളിൽ നിന്നുകൊണ്ടു ഭിന്നതയും സഭാവിരുദ്ധതയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ, അവർ ധരിച്ചിട്ടുള്ള സഭാവസ്ത്രവും സ്ഥാന ചിഹ്നങ്ങളുംകൂടി അഴിച്ചു വയ്ക്കാൻ തയ്യാറാകണം. കാരണം, കപട വേഷങ്ങൾ തെറ്റിദ്ധാരണയും പ്രകോപനവുമുണ്ടാക്കും. അതു സഭക്കുള്ളിലും സമൂഹത്തിലും ക്രമ സമാധാനത്തകർച്ചക്കും കലാപത്തിനും ഇടയാക്കുകയും ചെയ്യും.
സഭയുടെ നിയമാനുസൃതമായ അധികാര കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശങ്ങളും നിബന്ധനകളും പാലിക്കാൻ കൂട്ടാക്കാത്ത ഒരു പറ്റം ‘സഭാ പ്രവർത്തകർ’ അവരുടെ താല്പര്യങ്ങളും പദ്ധതികളും നടപ്പാക്കാൻ സഭയുടെ സംവിധാനങ്ങളെത്തന്നെ ദുരുപയോഗം ചെയ്യുകയും വിശ്വാസികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു! അവർ ചെയ്യുന്നത് തെറ്റും ധിക്കാരവും സഭയുടെ അധികാരത്തോടുള്ള വെല്ലുവിളിയുമാണ്.
ക്രിക്കറ്റ് കളിക്കണം എന്നാൽ ഫുട്ബാളിന്റെ നിയമങ്ങളനുസരിച്ചേ കളിക്കൂ എന്നു ശഠിക്കുന്നത് ശരിയാണോ? അതു ധിക്കാരമാണ്! അത്തരം ഒരു കളിയിൽ റഫറി നിസ്സഹായനാവുക സ്വഭാവികമാണ്. എന്നാൽ, അത് അംഗീകരിച്ചു കൊടുക്കുക സാധ്യമാണോ? സ്വാഭാവികമായും, വിസിലടിയും മഞ്ഞ കാർഡും ചുവപ്പു കാർഡും പുറത്താക്കലുമെല്ലാം നടക്കും! നടന്നേ പറ്റൂ. കളി ക്രിക്കറ്റാണെങ്കിൽ യഥാർത്ഥ ക്രിക്കറ്റിന്റെ നിയമങ്ങൾ പുനസ്ഥാപിക്കപ്പെടണം! അതാണ് ശരി! അതാണ് മര്യാദ!
ഇന്ത്യൻ നിയമനിർവഹണ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പാർലമെന്റ് പുതിയ നിയമ വ്യവസ്ഥകൾ പാസ്സാക്കിയിരിക്കുന്നു! പ്രതിപക്ഷ എം പി മാരിൽ പകുതിയോളം പേരെ പുറത്താക്കിയ സാഹചര്യവുമായി അതിനെ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാൽ, നിയമ വ്യവസ്ഥയുടെ പരിഷ്കാര ബില്ലുകൾ പാസാക്കപ്പെട്ട സാഹചര്യമൊന്നും പാസ്സായ ബില്ലുകളുടെ ആധികാരികതയെ ബാധിക്കില്ല! രാജ്യത്തെ മുൻസിഫ് കോടതികൾ മുതൽ സുപ്രീം കോടതിവരെയുള്ള എല്ലാ കോടതികളും പോലീസ് സംവിധാനങ്ങളും ജനങ്ങളും ഇനിമുതൽ പുതിയ നിയമ വ്യവസ്ഥയാൽ നയിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യും!
കുറ്റാന്വേഷണം നടത്തുന്ന പോലീസ് വിഭാഗങ്ങൾക്കും കേസ് വാദിക്കുന്ന വക്കീലന്മാർക്കും വിധി പറയുന്ന ജഡ്ജിമാർക്കുമെല്ലാം കൂടുതൽ പ്രയത്നവും പലവിധ അസൗകര്യങ്ങളും ഉണ്ടാക്കുന്ന മാറ്റങ്ങൾ അംഗീകരിക്കില്ല എന്ന് ഏതെങ്കിലും കോടതിയിലെ ഒരു പറ്റം വക്കീലന്മാർ വാശിപിടിച്ചാലത്തെ സ്ഥിതി എന്താവും? ജനങ്ങൾക്കു നേരിട്ട് അസൗകര്യങ്ങളില്ലെങ്കിലും, നിയമ സംവിധാനങ്ങളിലും നടപടി ക്രമങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങൾ അവരുടെ ജീവിതത്തെയും ബാധിക്കും എന്നതു വസ്തുതയാണ്. എങ്കിലും, പുതിയ നിയമ വ്യവസ്ഥ നിലവിൽ വന്നുകഴിഞ്ഞു എന്നതാണ് യാഥാർത്യം. അത് അംഗീകരിക്കുകയാണ് നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ വിവേകപൂർണ്ണമായ സമീപനം.
സമാനമായ അവസ്ഥയാണ് സീറോ മലബാർ സഭയിൽ വി. കുർബാനയുടെ അനുഷ്ഠാന ക്രമത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളോട് ചില വൈദികർക്കും അവരുടെ ഇടവകകൾക്കും ഇപ്പോഴുള്ളത്! ‘ഞങ്ങൾ ഈ രാജ്യക്കാരല്ല’ എന്ന ഭാവത്തിൽ, പഴയ രീതികളിൽ കുടുങ്ങി നിൽക്കുകയാണവർ! അവരുടെ അപ്രീതിയും അസൗകാര്യങ്ങളോടുള്ള വിമുഖതയും മാറ്റത്തോടുള്ള എതിർപ്പും താത്കാലികമായി മറ്റുള്ളവരിൽ സഹതാപം ഉണ്ടാക്കുമെങ്കിലും, അവരും യാഥാർത്യം അംഗീകരിച്ചു, മാറ്റങ്ങളെ ഉൾക്കൊണ്ട് മറ്റുള്ളവരോടൊപ്പം മുന്നേറുക എന്നതു മാത്രമാണ് കരണീയമായിട്ടുള്ളത്.
കാലം മുന്നോട്ടു പോകുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണ് എന്ന യാഥാർത്യം ഉൾക്കൊള്ളാൻ എല്ലാവരും നിർബന്ധിതരാകും! ചില വ്യക്തികൾക്ക് അവരുടെ അഭിപ്രായങ്ങളിൽനിന്നും സ്വീകരിച്ചുവന്ന ചില നിലപാടുകളിൽനിന്നും വ്യതിചലിക്കാൻ പ്രയാസം നേരിട്ടേക്കാം. അങ്ങനെയുള്ളവർക്ക് അതിനു പറ്റിയ കർത്തവ്യങ്ങളും ചുറ്റുപാടുകളും ഒരുക്കിക്കൊടുക്കുക എന്നതാണ് പ്രായോഗികമായ പരിഹാരം. സർക്കാരിൽ വോളന്റിയർ റിട്ടയർമെന്റ് ഉള്ളതുപോലെ, ചില ക്രമീകരണങ്ങൾ സഭയിലും ഉണ്ടാകുന്നത് ഇത്തരം ചില ചരിത്രപരമായ സാഹചര്യങ്ങളിൽ വളരെ പ്രയോജനപ്രദമാണ്!
സ്വയം നിർണ്ണയാവകാശമുള്ള ഒരു വ്യക്തി സഭയിൽ, എല്ലാ കാര്യങ്ങളും മാർപാപ്പാ പറയണം, അദ്ദേഹത്തിന്റെ പ്രതിനിധി നേരിട്ടു വന്നു നടപ്പാക്കണം, എന്തു വന്നാലും പ്രാദേശിക സഭയുടെ അധികാര സംവിധാനങ്ങളേയും തീരുമാനങ്ങളെയും അംഗീകരിക്കില്ല എന്ന നിലപാട്, അംഗീകരിക്കാൻ കഴിയുന്നതാണോ? കുടുംബത്തിൽ സ്വന്തം അപ്പനെ എന്നപോലെ, പ്രാദേശിക സഭയിൽ മെത്രാന്മാരെ അനുസരിക്കാൻ വൈദികർക്കു കഴിയണം. അതിൽ അഭിമാനക്ഷതം തോന്നേണ്ട കാര്യമില്ല. അത് യഥാർത്യം അംഗീകരിക്കൽ മാത്രമാണ്. പ്രാദേശിക സഭയുടെ തലവൻ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനോ വേദശാസ്ത്രജ്ഞനോ ആയതുകൊണ്ടല്ല, ദൈവം അംഗീകരിച്ച ഒരു ക്രമത്തിന്റെ ഭാഗമായി സഭയിലെ ഓരോരുത്തരും സ്വയം മനസ്സിലാക്കുന്നതുകൊണ്ടാണ്! അതിൽ അഭിമാനിക്കാൻ കഴിയണം.
സഭയിൽ തെറ്റായ പ്രവണതകൾ പരിധികണ്ടു വളരാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരോ സഭാ സമൂഹവും സ്വീകരിക്കണം. പരിധിവിട്ടുപോകുന്ന പുത്തൻ പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്താനും നിയമാനുസൃതമുള്ള ശിക്ഷണ നടപടികൾ കൈക്കൊള്ളാനും ആവശ്യമെങ്കിൽ പ്രത്യേക ട്രൈബ്യൂണലുകളും സംവിധാനങ്ങളും നടപടിക്രമങ്ങളും ഏർപ്പെടുത്തണം. ഒപ്പം, തെറ്റു തിരുത്താനും തിരിച്ചു വരാനും ആഗ്രഹിക്കുന്നവർക്കായി അതിനുള്ള വാതിൽ തുറന്നു വയ്ക്കാനും സഭക്കു കഴിയണം.
ഒരു പ്രശ്നം യാതൊരു വിധേനയും പരിഹരിക്കപ്പെടാതെ നിലനിർത്തി വിശ്വാസികളെ ചൂഷണം ചെയ്യാനും പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കിയെടുക്കാനും ആരേയും അനുവദിക്കരുത്! അതു തലമുറകളെ വഴിതെറ്റിക്കും! സഭയിൽ പരിഹരിക്കാൻ കഴിയാത്ത ഭിന്നതകളും തെറ്റായ കീഴ്വഴക്കങ്ങളും സൃഷ്ടിക്കും!
ക്രിസ്മസ് ദിനത്തിൽ തുടങ്ങിവച്ച അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും മാതൃക തുടരാനും, ദൈവിക സ്വരത്തിനു കാതോർക്കാനും ഏവർക്കും കഴിയട്ടെ! ക്രിസ്മസ് വിളക്കുകൾ അണയാതിരിക്കട്ടെ!
ഫാ. വർഗീസ് വള്ളിക്കാട്ട്