രണ്ടായിരം വർഷത്തിനുശേഷവും ക്രിസ്തുവിന്റെ സഭയിലേക്ക് സ്വർഗ്ഗീയ അംഗത്വം ലഭിക്കുന്നതിനുള്ള ഏകമാർഗ്ഗം പരിശുദ്ധാൽമാവിനെ സ്വീകരിക്കുന്നതിലൂടെയാണ്. നമ്മെ വിശുദ്ധീകരിക്കുകയും പവിത്രീകരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമ്മിൽ പ്രകടമല്ലാത്തിടത്തോളം കാലം ദൈവം ചൊരിയുന്ന കൃപകൾ നമ്മിൽ ഫലമണിയുകയില്ല. കട്ടിയേറിയ പുറംതോടിനുള്ളിൽ ഒളിച്ചിരിക്കുന്ന വിത്തുകൾ പോലെയാണ് നമ്മുടെ ഹൃദയങ്ങളിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന കൃപകൾ. വരണ്ട ഭൂമിയിൽ നിർജ്ജീവമായിക്കിടക്കുന്ന ഈ വിത്തുകൾ മുളപൊട്ടി പുറത്തുവരുന്നത്‌ ധാരാളമായി വെള്ളം കിട്ടുമ്പോഴാണ്. ഇതുപോലെതന്നെ, നമ്മിലെ ദൈവകൃപകൾ ഉജ്ജ്വലിപ്പിച്ച് നമുക്ക് പുതുജീവൻ നൽകുന്നത് പരിശുദ്ധാത്മാവിലാണ്.

ദൈവം തന്നിരിക്കുന്ന രക്ഷയുടെ മാർഗ്ഗമാണ് തിരുവചനം. ദൈവവചനത്തിനനുസരിച്ച് ജീവിത്തെ ക്രമപ്പെടുത്താതെ ഇരിക്കുമ്പോഴും, വചന വിരുദ്ധമായി ജീവിക്കുമ്പോഴും നാം പരിശുദ്ധാൽമാവിനെ ദുഃഖിപ്പിക്കുന്നു. ജഡത്തിന്റെ വ്യാപാരങ്ങളായ വ്യഭിചാരം, അശുദ്‌ധി, ദുര്‍വൃത്തി,വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വ്യർത്ഥ സംഭാഷണം, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം തുടങ്ങിയ പ്രവൃത്തികളിലേര്‍പ്പെടുന്നവർ പരിശുദ്ധാൽ മാവിനെതിരായി പാപം ചെയ്യുന്നു.

കർത്താവ് മത്തായി 12 : 31ൽ പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്‌ഷമിക്കപ്പെടും; എന്നാല്‍, ആത്‌മാവിനെതിരായ ദൂഷണം ക്‌ഷമിക്കപ്പെടുകയില്ല. നാം ജീവിതത്തിൽ ചെയ്യുന്ന ഒരോ പാപവും പരിശുദ്ധാൽമാവിന് എതിരാണ്. കർത്താവ് ഈ ലോകത്തിൽ തന്നിരിക്കുന്ന സഹായകനാണ് പരിശുദ്ധാൽമാവ്. ഒരു സുഹ്യത്തിനെ പോലെ പരിശുദ്ധാൽമാവ് നമ്മെ വഴി നടത്തുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. (1 യോഹന്നാൻ 2: 27) ആയതിനാൽ നാം ഒരോരുത്തർക്കും പരിശുദ്ധാൽമാവിനാൽ നയിക്കപ്പെടുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ

നിങ്ങൾ വിട്ടുപോയത്