സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത അവസ്ഥയെയാണ്. പക്ഷേ, അതാണോ യഥാർത്ഥത്തിൽ സമാധാനം? സമാധാനമില്ലെന്ന പരാതിയുമായി, സമാധാനം അന്വേഷിച്ച് നാമാരെയാണ് സമീപിക്കുന്നത് എന്നത് ശ്രദ്ധാപൂർവം ചിന്തിക്കേണ്ടുന്ന ഒരു വസ്തുതയാണ്. നമ്മൾ എല്ലായ്പ്പോഴും തന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന നമ്മുടെ ലോകത്തിന് സമാധാനം എന്നാൽ പുകയുന്ന അഗ്നിപർവതത്തിനു സമാനമാണ്

ലോകത്തിൽനിന്നോ, സമൂഹത്തിൽനിന്നോ, കുടുംബത്തിൽനിന്നോ അല്ല നമ്മിൽ അസമാധാനം സംജാതമാകുന്നത്; പാപങ്ങളെ താലോലിക്കുന്ന നമ്മുടെ ഹൃദയത്തിലാണ് അസമാധാനം രൂപം കൊള്ളുന്നത്‌. ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ക്രിസ്തുവിലൂടെ അവരുടെ ഹൃദയത്തിൽ സമാധാനം കണ്ടെത്തുകയാണ്. ലൗകീക വ്യഗ്രതകൾക്ക് അടിമയാകാതെ, ദൈവത്തിന്റെ നീതിയിൽ ആശ്രയിച്ച്, അവിടുത്തെ കരുണയിൽ പ്രത്യാശവച്ച്, സഹനങ്ങളിലൂടെയും പ്രായശ്ചിത്തങ്ങളിലൂടെയും ഹൃദയങ്ങളെ ദൈവത്തിന്റെ ശുദ്ധീകരണത്തിനായി തുറന്നു കൊടുക്കുമ്പോൾ മാത്രമേ നമ്മുടെ ഹൃദയം സമാധാനത്താൽ നിറയുകയുള്ളൂ. ദുരാഗ്രഹങ്ങളും മ്ലേച്ഛതയും നിറഞ്ഞ നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ ആത്മാവിന്റെ അഗ്നിയിൽ ശുദ്ധമാക്കപ്പെടുമ്പോൾ അത് നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ലോകം മുഴുവനും സമാധാനം പകർന്നു നൽകുന്നു

കർത്താവേ, നാം ഒരോരുത്തരെയും അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന് പ്രാർത്ഥിക്കാം. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും ആകുവാനുള്ള സമാധാനത്തിന്റെ ഉപകരണമാക്കി മാറ്റാൻ നമുക്കു പ്രാർത്ഥിക്കാം.

നിങ്ങൾ വിട്ടുപോയത്