സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശ്വാസി പ്രവാഹം
സ്വന്തം സഭയുടെ സ്വത്വം തേടിയുള്ള വിശ്വാസികളുടെ അന്വേഷണമാണ് സീറോ മലബാർ സഭയുടെ ആസ്ഥാനത്തേക്ക് വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിശ്വാസി പ്രവാഹം.
ഓരോ സമൂഹവും തങ്ങളുടെ സാംസ്കാരിക തനിമയുടെ നന്മകൾ തിരിച്ചറിഞ്ഞു നിലനിർത്താൻ ശ്രമിക്കുന്ന ഈ കാലത്ത് നസ്രാണി സംസ്കാരത്തോടുള്ള വിശ്വാസികളുടെ ആഗ്രഹം നസ്രാണി തനിമ വീണ്ടെടുക്കുക എന്നതാണ്.വിശുദ്ധവാര കർമ്മങ്ങളിലും മറ്റു സമയങ്ങളിലും സഭയുടെ കാക്കനാടുള്ള ആസ്ഥാനത്ത് അനുഭവപ്പെടുന്ന വിശ്വാസികളുടെ നിരന്തര സന്ദർശനങ്ങൾ തങ്ങളുടെ സഭയോടുള്ള അഭിമാനബോധത്തിന്റെ നിദർശനമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
എന്ത് കൊണ്ട് സഭാ ആസ്ഥാനത്തേക്ക് വിശ്വാസികൾ കൂട്ടമായി വന്നു കൊണ്ടിരിക്കുന്നുവെന്നത് ഇന്ന് ചോദ്യമായി ഉയരുമ്പോൾ,തങ്ങളുടെ തനിമയും വിശ്വാസവും അടിസ്ഥാനപ്പെടുത്തുന്ന സഭാ ആസ്ഥാനം തങ്ങൾക്ക് ആത്മീയമായ ഉത്കർഷം നല്കുന്നുവെന്നാണ് ഉത്തരം.
സീറോ മലബാർ സഭയുടെ ആസ്ഥാനം എറണാകുളം ടൗണിൽ നിന്ന് 12 കിലോമീറ്റർ അകലെ എറണാകുളം-കിഴക്കമ്പലം റോഡിൽ കാക്കനാടിനടുത്തുള്ള മൗണ്ട് സെന്റ് തോമസ് എന്ന ചെറിയ കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.നഗരത്തിന്റെ കോലാഹലങ്ങളൊക്കെ വിട്ട് ചെറിയ കയറ്റങ്ങളും വളവുകളുമുള്ള വഴിയിലൂടെ യാത്ര ചെയ്താൽ സ്വച്ഛസുന്ദരമായ സെന്റ് തോമസ് മൗണ്ടിലെത്താം
.
സഭയുടെ ആസ്ഥാനത്ത് വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ലഭിച്ച അവസരം മലയാറ്റൂർ തീർത്ഥാടനം പോലെ ആത്മീയമായി വിശ്വാസികൾ ഏറ്റെടുത്തിരിക്കുന്നു.സഭയുടെ ആരാധനക്രമം പരിരക്ഷിക്കുവാൻ വിശ്വാസികൾ മുന്നോട്ടു വന്നിരിക്കുന്നു.കഴിഞ്ഞ വർഷങ്ങളിലേക്കാൾ കൂടുതൽ സഭാ ആസ്ഥാനത്തു നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളിൽ പങ്കെടുക്കുന്ന അഭൂതപൂർവ്വമായ വിശ്വാസി സഞ്ചയം ഈശോയിലും അവിടുത്തെ സഭയിലുമുള്ള ഉറച്ച വിശ്വാസത്തിന്റെ ഭഹിർസ്പുരണമാണ്.
സീറോമലബാര്‍സഭയുടെ സ്വത്വം നിര്‍ണയിക്കുന്ന അടിസ്ഥാന ഘടകമാണ് സഭയുടെ ഉത്ഭവം. അപ്പസ്തോലികത സഭയുടെ പൊതുവായ സവിശേഷതയാണ്. കാരണം അപ്പസ്തോലന്മാര്‍ പ്രസംഗിച്ച വിശ്വാസമാണ് സഭ സ്വീകരിച്ചിരിക്കുന്നത്.
സീറോ മലബാര്‍ സഭയുടെ ഉറവിടം തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ നിന്നായതു കൊണ്ട് ആ അപ്പസ്തോലനോട് നേരിട്ട് ജന്മബന്ധമാണ് ഈ സഭയ്ക്കുള്ളത്.അതുകൊണ്ടുതന്നെയാണ് സഭാ ആസ്ഥാനത്തിന് വി.തോമാ ശ്ലീഹായുടെ നാമം നൽകപ്പെട്ടത്.
ഇപ്പോൾ ലോകവ്യാപകമായ സാന്നിദ്ധ്യവും പ്രവര്‍ത്തനവുമുള്ള സഭയുടെ ആസ്ഥാനം ഒരു തീർത്ഥാടനകേന്ദ്രമായും വിശ്വാസികളുടെ നിരന്തരമായ കൂടിച്ചേരലുകളുടെകേന്ദ്രസ്ഥാനമായും നിലകൊള്ളുന്നു.
ഇവിടെയുള്ള കൊച്ചു ചാപ്പലിൽ ഉൾക്കൊള്ളാനാവാത്ത വിധത്തിൽ ജനസഞ്ചയം ഒരുമിച്ചു കൂടുന്നത് ഭാവിയിൽ വലിയ ദേവാലയ നിർമ്മിതിയിലേക്ക് നയിക്കുമെന്നത് തീർച്ചയാണ്.മൗണ്ട് സെന്റ് തോമസിന്റെ പൂമുഖത്തു കാണുന്ന കല്‍ക്കുരിശ് കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൗരാണികതയെ വിളിച്ചോതുന്ന ഏറ്റവും പുരാതനമായ ഒരു തെളിവാണ്.
സെന്റ് തോമസ് ക്രിസ്ത്യൻ മ്യൂസിയം
മ്യൂസിയം സ്ഥിതി ചെയ്യുന്നത് തോമസ് കാക്കനാട് മൗണ്ട് സെന്റ് മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയുടെ അടുത്തുതന്നെയാണ്.താളിയോലകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ, ആരാധനാ വസ്തുക്കളും ഉൾപ്പെടെയുള്ള ചരിത്രപരവും സാംസ്കാരികവുമായ രേഖകളുടെയും കലാപരമായ വസ്തുക്കളുടെയും സമ്പന്നമായ ശേഖരം ഇവിടെയുണ്ട്. 1785-ൽ പാറേമാക്കൽ തോമ കത്തനാർ എഴുതിയ വർത്തമാനപുസ്‌തകത്തിന്റെ യഥാർത്ഥ കൈയെഴുത്തുപ്രതിയാണ് ഇവിടുത്തെ ഏറ്റവും വിലപ്പെട്ട ഇനം. ആരാധനക്രമ സീസണുകളിലെ പ്രധാന തിരുനാളുകളെക്കുറിച്ച് 9 ഐക്കണോഗ്രാഫിക് പെയിന്റിംഗുകളും ഉണ്ട്. സെന്റ് തോമസ് ക്രിസ്ത്യാനികളുടെ സുപ്രധാന ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കാണേണ്ടതാണ്.2001 ലാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്.നസ്രാണി തനിമയുടെ ചരിത്ര വഴികൾ ഇവിടെയെത്തുന്ന ഓരോ വിശ്വാസിക്കും ലഭിക്കുന്നു.
പാത്രിയാർക്കൽ സഭാ പദവിയിലേക്ക്
സീറോ മലബാർ സഭയെ ഒരു പാത്രിയാർക്കൽ സഭയായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇന്ന് പലരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. ഇന്ന് ഏറ്റവും കൂടുതൽ വിശ്വാസികളും വൈദികരും ബിഷപ്പുമാരും ഉള്ള 22 പൗരസ്ത്യ സഭകളിൽ ഒന്നാണ് സീറോ മലബാർ സഭ.പാത്രിയാർക്കൽ സഭ എന്ന് വിളിക്കാനുള്ള അവകാശം,അവളുടെ അതുല്യമായ ആരാധനാക്രമ പാരമ്പര്യം, പ്രത്യേകമായ കാനോനിക്കൽ അച്ചടക്കം, ദീർഘകാല പാരമ്പര്യം,അപ്പോസ്തോലികത തുടങ്ങിയവ ഈ അവകാശവാദത്തെ ന്യായീകരിക്കുന്നു.മോത്തുപ്രോപ്രിയയായ “Cleri sanctitati”യിൽ പുതിയ പാത്രിയാർക്കേറ്റുകളുടെ സ്ഥാപനം നിയമാനുസൃതമാക്കി.പൗരസ്ത്യസഭകളുടെ(OE)11-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ ഈ കാര്യം വ്യക്തമാക്കുന്നു:’പൗരസ്ത്യ സഭകളിലെ പരമ്പരാഗത ഭരണരീതിയാണ് പാത്രിയാർക്കൽ സമ്പ്രദായം എന്നതിനാൽ, ആവശ്യമുള്ളിടത്ത് പുതിയ പാത്രിയർക്കീസിനെ നിയമിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ആഗ്രഹിക്കുന്നു.
പൗര്യസ്തസഭകളുടെ OE- 2 അനുസരിച്ച്, ‘ഓരോ സഭയും ആചാരങ്ങളും അതിന്റെ പാരമ്പര്യങ്ങൾ മുഴുവനായും മുഴുവനായും നിലനിർത്തണം, അതുപോലെ തന്നെ സമയത്തിന്റെയും സ്ഥലത്തിന്റെയും വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് അതിന്റെ ജീവിതരീതിയെ പൊരുത്തപ്പെടുത്തണം എന്നത് കത്തോലിക്കാ തിരു സഭയുടെ മനസ്സാണ്’.അതിനാൽ കൗൺസിലിന്റെ മനസ്സിന് അനുസൃതമായി സീറോ മലബാർ സഭയുടെ സിനഡ് ഈ ദിശയിലേക്ക് പോകണം.ഒരു സഭയുടെ വളർച്ച പൂർണ്ണമാകുന്നതും അവളുടെ സ്വയാധികാരവും സ്വത്വവും പൂർണമായി പ്രകാശിതമാകുന്നതും അവൾ പാത്രിയർക്കാ പദവിയിൽ എത്തുമ്പോഴാണ്.സീറോ മലബാർ സഭ ഏറ്റവും കൂടുതൽ പുരോഗതി പ്രാപിച്ചത് ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ (2011- ) കാലയളവിലാണ്.
സെക്കുലറിസത്തിനും മോഡേണിസത്തിന്റെയും മറ്റ് സഭാവിരുദ്ധ മുന്നേറ്റങ്ങളുടെയും സീറോ മലബാർ സഭയിൽ പ്രതിസന്ധികൾ രൂപപ്പെട്ടുവെങ്കിലും ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ടവരുടെ ഗണമായി കത്തോലിക്കാ വിശ്വാസത്തിൽ അടിയുറച്ചുനില്‍ക്കുന്ന വിശ്വാസജനതയുടെ പിന്തുണയിൽ അവയെയെല്ലാം അതിജീവിക്കുന്നു.
ഒരു സ്വത്വസഭയായി കത്തോലിക്കാ കൂട്ടായ്മയിൽ നിലനിൽക്കുമ്പോൾ നമ്മുടെ പാരമ്പര്യപ്രകാരമുള്ള പാത്രിയർക്കീസ് പദവിയാണ് നമുക്ക് അവകാശപ്പെട്ടതും അഭിലഷണീയവും.പരിശുദ്ധ റോമാ സിംഹാസനം കാലവിളംബമില്ലാതെ നമുക്കത് സ്ഥാപിച്ച് തരുമെന്ന് പ്രതീക്ഷിക്കാം.
ഈ സഭയെ മേജർ ആർക്കി എപ്പിസ്‌കോപ്പലായി ഉയർത്തുന്നതിനുള്ള അതേ കാരണങ്ങൾ തന്നെ ഇതിനെ പാത്രിയാർക്കൽ ആയി അംഗീകരിക്കാൻ മുന്നോട്ട് വയ്ക്കാം. അതിനാൽ സീറോമലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.അതിനുവേണ്ടി വിശ്വാസികളുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയരട്ടെ.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ