‘രാജ്യത്തെക്കാളും വംശത്തേക്കാളും മഹത്തായിരുന്നു അവന്. വിപ്ലവത്തേക്കാളും വലുതായിരുന്നു.അവന് തനിച്ചായിരുന്നു. അവനൊരു ഉണര്‍വായിരുന്നു.അവന്, ചൊരിയപ്പെടാത്ത നമ്മുടെ കണ്ണുനീര് ചൊരിയുകയും നമ്മുടെ കലാപങ്ങളില്‍ ചിരിക്കുകയും ചെയ്തു.ഇതുവരെ പിറക്കാത്തവരോടൊത്തു ജനിക്കുകയെന്നതും അവരുടെ കണ്ണുകളിലൂടെയല്ല, അവന്റെ ദര്‍ശനത്താല്‍ അവരെ കാണുകയെന്നതും അവന്റെ കരുത്താണെന്നു ഞങ്ങളറിഞ്ഞു.ഭൂമിയിലെ ഒരു നവസാമ്രാജ്യത്തിന്റെ പ്രാരംഭമായിരുന്നു യേശു. ആ സാമ്രാജ്യം നിലനില്ക്കുകയും ചെയ്യും.ആത്മാവിന്റെ സാമ്രാജ്യം പണിത എല്ലാ രാജാക്കന്മാരുടെയും പുത്രനും പൗത്രനുമായിരുന്നു അവന്.ആത്മാവിന്റെ അരചന്മാര് മാത്രമേ ലോകം ഭരിച്ചിട്ടുള്ളുതാനും.'(മനുഷ്യപുത്രനായ യേശു- ഖലീല്‍ ജിബ്രാന്)
ആത്മാവിന്റെ സാമ്രാജ്യത്തിലെ അതുല്യമായ അധികാരത്തിന്, സമാനതകളില്ലാത്ത രാജത്വത്തിന് സാഘോഷം ജയ് വിളികളുയരുന്ന ഓശാന ഞായര്‍. ദിവസങ്ങള്‍ എണ്ണപ്പെട്ടവനെ നോക്കി ഓശാനപാടി വാഴ്ത്തുന്ന നിമിഷങ്ങള്‍ ബൈബിളിലെ ഏറ്റവും വൈകാരിക മുഹൂര്‍ത്തങ്ങളില്‍ ഒന്നാകുന്നു. അവര്‍ വാഴ്ത്തിപ്പാടിയ രാജാവിനു കിരീടവും ചെങ്കോലുമായിരുന്നില്ല അലങ്കാരം. വിനയത്തിന്റെ കഴുത്തപ്പുറത്തേറിയുള്ള രാജകീയ പ്രവേശനത്തിനാണു ഒരു ജനത ഓശാന പാടിയത്.
*ജയ് വിളികളുടെ കാലം*
നാടെങ്ങും ജയ് വിളികളുയരുന്ന തെരഞ്ഞെടുപ്പു പ്രചാരണകാലത്താണ് ഇക്കുറി ഓശാന. എല്ലാ നാട്ടിലും എല്ലാ പക്ഷങ്ങളും വീറും വാശിയും ആവേശവും സമം ചേര്‍ത്തു മുഷ്ടിചുരുട്ടിയുയര്ത്തിയുറക്കെ ജയ് വിളിക്കുമ്പോള്‍, അവര്‍ക്കു മധ്യത്തില്‍ നിറചിരിയുമായി കൈകള്‍ ആകാശത്തേക്കുയര്‍ത്തി സ്ഥാനാര്‍ഥിയുടെ രംഗപ്രവേശം. ജയ് വിളികളും ചിരികളുമെല്ലാം വോട്ടായി മാറുമെന്നും അതു നാളത്തെ വലിയ സന്തോഷത്തിന്റെ വിജയഭേരിയാകുമെന്നുമുള്ള പ്രത്യാശയിലാണ് മത്സരാര്ഥികളും അണികളും. നാളത്തെ ജയം തേടി ഇന്നത്തെ ജയ് വിളി.
*മരണത്തിനു മുമ്പൊരു വരവേല്പ്*
ജറുസലേമിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശത്തില്‍ ഉയര്‍ന്ന ഓശാനകളും ജയ് വിളികളും, വിജയഭേരികളുടെ വിളംബരമായിരുന്നില്ല. ദിവസങ്ങള്‍ക്കു ശേഷം കാല്‍വരിയില്‍ കുരിശേറി മരിച്ചു പൂര്‍ത്തിയാക്കാനുള്ള വലിയ നിയോഗത്തിന്റെ പെരുമ്പറമുഴക്കമായിരുന്നു. അത്യാഹ്ലാദത്തിന്റെയും ആവേശത്തിന്റെയും ആഘോഷമായിരുന്നില്ല, പീഡാനുഭവയാത്രയുടെ മുന്നൊരുക്കം ധ്യാനിച്ചുള്ള വിനീതഘോഷമായിരുന്നു ജറുസലേം വീഥി കണ്ടത്.
*പ്രവചനങ്ങളുടെ പൂര്‍ത്തീകരണം*
പ്രവാചക പ്രബോധനങ്ങളുടെ പൂര്‍ത്തീകരണ നിയോഗം ക്രിസ്തുവിന്റെ ജീവിതത്തില്‍ ഉടനീളം കാണാം. ഓശാന വഴിയിലുമുണ്ട് അതിന്റെ ഓര്‍മപ്പെടുത്തല്‍. സിയോന്‍ പുത്രിയോടു പറയുക: ഇതാ നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.’ (21.5)ഏശയ്യാ പ്രവാചകന് രാജാവ് എന്നതിനു രക്ഷ എന്നാണു പറഞ്ഞുവച്ചത്.’സിയോന്‍ പുത്രിയോടു പറയുക. ഇതാ നിന്റെ രക്ഷ വരുന്നു. ഇതാ, അവിടുത്തെ പ്രതിഫലം അവിടത്തോടുകൂടെ. സമ്മാനം അവിടുത്തെ മുമ്പിലും. (ഏശയ്യാ- 62.11). വിമോചനത്തിന്റെ സദ് വാര്‍ത്ത അറിയിക്കുന്ന ഘട്ടത്തിലാണു പ്രചാചകഗ്രന്ഥത്തിലെ രക്ഷകനെക്കുറിച്ചുള്ള ഈ വിചാരം വിവരിക്കുന്നത്. സുവിശേഷങ്ങളിലെ ഓശാനാവതരണങ്ങളില് മത്തായി സുവിശേഷകന് മാത്രം കഴുതയ്ക്കൊപ്പം കഴുതക്കുട്ടിയെയും പരാമര്‍ശിക്കുന്നതു പഠനാര്‍ഹമാണ്.കഴുതപ്പുറത്തേറിയുള്ള വരവിനു (21.5) സഖറിയായുടെ പുസ്തകത്തിലെ മുന്നാസ്വാദനവും ശ്രദ്ധേയം.’ സീയോന് പുത്രീ, അതിയായി ആനന്ദിക്കുക. ജറുസേലം പുത്രീ ആര്‍പ്പുവിളിക്കുക. ഇതാ നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന് പ്രതാപവാനും ജയശാലിയുമാണ്. അവന് കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത് കയറിവരുന്നു. (സഖ.9.9). ഓശാനഞായറിലെ വായനകളില്‍ മനോഹരമായ ഈ പ്രവാചകവാക്യങ്ങളും അനുസ്മരിക്കപ്പെടുന്നുണ്ട്. ജറുസലേം ദേവാലയത്തില്‍ ക്രിസ്തുവിന് ഓശാനയും ആര്‍പ്പുവിളികളും ഉയര്‍ത്തുന്ന കുട്ടികളെ കണ്ടു രോഷാകുലരാകുന്ന (21.15) പ്രധാന പുരോഹിതന്മാരോടും നിയമജ്ഞരോടും ക്രിസ്തു പറയുന്നതിലുമുണ്ട്, മുമ്പേ പറയപ്പെട്ടവയുടെ പൂര്‍ത്തീകരണം. ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതിയൊരുക്കി (21.16).കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് അനുഗ്രഹീതന്‍ (21.9). ഓശാന ഘോഷത്തില്‍ ജനക്കൂട്ടം വിളിച്ചുപറയുന്ന ഈ വരികളിലും സങ്കീര്‍ത്തനങ്ങളിലെ കടമെടുപ്പ് (118.25) കാണാം.
*പ്രാര്‍ഥന, ജയ് വിളി*
ഓശാന (ഹെബ്രായഭാഷയില്‍ ഹോഷിയാനാ) എന്ന പദത്തിനു ഞങ്ങളെ രക്ഷിക്കണമേ എന്നര്‍ഥം. ദൈവത്തോടുള്ള പ്രാര്‍ഥന ക്രിസ്തുവിന്റെ ജറുസലേം പ്രവേശനഘോഷയാത്രയില് തങ്ങളുടെ രക്ഷകനുള്ള ജയ് വിളികളായി മാറുകയായിരുന്നു. ഇസ്രായേല്‍ ജനം കാത്തിരുന്ന രക്ഷകനെ തിരിച്ചറിഞ്ഞ് എതിരേല്ക്കുമ്പോള് തങ്ങളുടെ പ്രാര്‍ഥനകള്‍ അവനുള്ള ആദരവും അംഗീകാരവും ആഘോഷവരവേല്പുമായി.ആവശ്യങ്ങളുടെ പട്ടികനിരത്തലുകള് സമൃദ്ധമായ എന്റെ പ്രാര്‍ഥനകളില്‍, ദൈവസ്തുതികളും കൃതജ്ഞതയും അവനുള്ള ആദരവും എത്രമേല്‍ ഉണ്ടാകും?
*ഒരുക്കം, യാത്ര*
2021 ലെ നോമ്പാചരണത്തിന് ഒരുക്കമായി ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശത്തിന്റെ തലക്കെട്ടില്‍ ഓശാനവിചാരം വായിച്ചെടുക്കാം. ‘ഇതാ നമ്മള് ജറുസലേമിലേക്കു പോകുന്നു’ എന്നതാണു പാപ്പ നല്കിയ ശീര്‍ഷകം.ഓശാന ഒരുക്കം കൂടിയാണ്. നോമ്പിന്റെ പുണ്യത്തോടെ പീഡാനുഭവ വാരത്തിലേക്കുള്ള തീക്ഷ്ണമായ ഒരുക്കം. അനന്തരം സംഭവിക്കാനിരിക്കുന്ന സുപ്രധാന സംഭവങ്ങളെ അഭിമുഖീകരിക്കാനും തന്റെ തുടര്ച്ചയാകാനും ശിഷ്യരെയും, തനിക്കു ചുറ്റുമുള്ളവരെയെല്ലാം ഒരുക്കുന്ന തീര്ഥയാത്രാനുഭവം ഓശാനയിലുണ്ട്.ക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ അനുസ്മരണ, ആചരണ ഒരുക്കങ്ങളില്‍ യാത്രകള്‍ക്കു വലിയ ഇടമുണ്ട്. നമ്മുടെ മലയാറ്റൂര്‍ തീര്‍ഥാടനവും മറ്റു കുരിശുമലകളിലേക്കുള്ള പ്രാര്‍ഥനാ പ്രയാണങ്ങളുമെല്ലാം ഒരുക്കമാണല്ലൊ. അവന്റെ കുരിശനുഭവങ്ങളുടെ സത്തയറിഞ്ഞു ധ്യാനിക്കാനുള്ള ഒരുക്കം. ഒരുക്കമുള്ള പീഡാനുഭവ യാത്രകളില്‍ നിന്നാണു പ്രത്യാശയുള്ള ഉയിര്പ്പുപുലരി പിറക്കുന്നത്.
*കുരുത്തോലകളുടെ കിന്നാരം*
ഓശാനപ്പുലരിയില് വികാരിയച്ചനില്‍ നിന്നു കുരുത്തോല വാങ്ങി പ്രദക്ഷിണമായി പള്ളിയുടെ ആനവാതില്‍ ലക്ഷ്യമാക്കിയുള്ള യാത്ര എത്രയോ ഹൃദ്യം. തങ്ങളുടെ കൈയിലെ കുരുത്തോലകളോടു കിന്നാരം പറഞ്ഞു, അതു പരസ്പരം കൂട്ടിമുട്ടിക്കുന്ന കുട്ടികള്‍. കുരുത്തോലകളുടെ കൂടിച്ചേരലില്‍ അവരുടെ മുഖത്തു വിടരുന്ന ചെറുപ്രസാദം. കുരുത്തോല തുമ്പുകള്‍ കൂട്ടിയിണക്കിയുള്ള കുരിശൊരുക്കലുകള്. പ്രദക്ഷിണവഴിയിലും പള്ളിയിലും ലാവണ്യമുള്ള കാഴ്ചകള്‍.കിന്നാരം പങ്കുവയ്ക്കുന്ന കുരുത്തോലകളുടെ കൂടിച്ചേരലുകള്‍ കണക്കു, നമ്മുടെ പ്രാര്‍ഥനകളും കൂട്ടായ്മകളും ക്രിസ്തുവിലുള്ള സമന്വയം തേടുന്നുണ്ട്.കോവിഡ് കാലം നിര്‍ബന്ധിച്ച സാമൂഹ്യ അകലത്തേക്കാള്‍, ആത്മീയതയുടെ ആഘോഷ, ആചരണ വഴികളിലും നമ്മള് എന്തെന്നില്ലാത്ത അകലം പാലിക്കുന്നുണ്ടോ? ഒരുമിച്ചു പ്രാര്‍ഥിക്കാന്‍, ഒരുമിച്ചു നീങ്ങാന്‍, ഒരുമിച്ച് ആഘോഷിക്കാന്‍ കഴിയാത്തവിധം നമുക്കിടയില്‍ അകലങ്ങള്‍ വര്‍ധിക്കുന്നുണ്ടോ? സഭയുടെ കൂട്ടായ്മയിലും ആത്മീയതയിലും അടുക്കാനാവാത്ത വിധമുള്ള അകലബലം പിടിക്കുന്നവര്‍ക്കു നേരെയും, കഴുതപ്പുറത്തേറി വന്നവന്റെ പുറത്താക്കല്‍ പ്രതീക്ഷിക്കണം.പൊരുത്തങ്ങളില്ലാതെ എന്തു പ്രാര്‍ഥനാലയം? എന്തു പ്രാര്‍ഥന?കൂടിച്ചേരലിന്റെ, സഹവര്‍ത്തിത്വത്തിന്റെ, പരസ്പരമുള്ള ഉള്‍ക്കൊള്ളലുകളുടെ ക്രിസ്തീയത ഓശാനയുടെ വിചാരങ്ങളിലുണ്ടാവട്ടെ. നമ്മുടെ കുരുന്നുകള്‍ നിഷ്കളങ്കമനസോടെ കുരുത്തോലകളോടു കിന്നാരം പറഞ്ഞ് അതു കൂട്ടിയിണക്കും പോലെ, അപരന്റെ തോളോടും ഹൃദയത്തോടും ചേര്‍ന്നിരുന്നു ഓശാന പാടിയൊരുക്കാം; ക്രിസ്തീയതയുടെ കുരുത്തോലപ്പൊരുത്തം.ആമ്മേന്‍.
*സിജോ പൈനാടത്ത്*
(ദീപികയിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമാണു ലേഖകൻ).
.സുവിശേഷ ഭാഷ്യം അത്മായ വീക്ഷണത്തിൽസഖ 9:9 – 12റോമ 11:13 – 24മത്താ 21: 1- 17
Publisher: Fr. Paul Kottackal (Sr)Email: